മതേതരത്വം ഇന്ത്യയുടെ പ്രാണവായു പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെയും രാഷ്ട്രപിതാവായ മഹാത്മജിയുടെയും ആത്മവായുവായിരുന്ന മതമൈത്രിയുടെ നിത്യ സന്ദേശമാണ് ഇന്ത്യന്‍ മതേതരത്വം ഉള്‍ക്കൊള്ളുന്നതെന്നും മഹിതമായ ആ ആശയം ദരിദ്രമാകുന്നതോടുകൂടി ഇന്ത്യയുടെ ആത്മാവ് ചോര്‍ന്നു പോവുകയാണ് ഉണ്ടാവുക എന്നും പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടന്ന എസ്.വൈ.എസ് രാഷ്ട്രരക്ഷാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹസ്രാബ്ദങ്ങളുടെ പ്രാചീനത അവകാശപ്പെടാന്‍ ആകുന്ന ഇന്ത്യക്ക് ഇന്ത്യ എന്നും ഉയര്‍ത്തിപ്പിടിച്ച സന്ദേശം പാരസ്പര്യത്തിന്റെയും മാനവ സാഹോദര്യത്തിന്റേതുമാണ്. പ്രബല മതവിഭാഗമായ ഹൈന്ദവ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതും പരസ്പര ബഹുമാനത്തിന്റേതാണ്. ശക്തമായ മാനവിക ഗുണങ്ങളായ ഇവയുടെ പ്രയോക്താവും പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയും നവഭാരതശില്‍പികളും സ്വപ്‌നം കണ്ട ഇന്ത്യ എക്കാലത്തും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെതുമാണ്. നവഭാരത ശില്പികളുടെ മഹത്തായ ഭാരതം നിലനില്‍ക്കണമെങ്കില്‍ ഇന്ത്യയുടെ മതേതര സ്വഭാവം നിലനിന്നേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.