പുരോഗമന നാട്യേന അന്ധവിശ്വാസം സൃഷ്ടിക്കരുത്: എസ്.വൈ.എസ്
പാഠ്യപദ്ധതി ചട്ടക്കൂടില്‍നിന്ന് പ്രതിഷേധാര്‍ഹമായ പല കാര്യങ്ങളും മാറ്റിവച്ചത് അഭിനന്ദനാര്‍ഹമാണെന്നും എന്നാല്‍ പുരോഗമന നാട്യേന ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന എല്‍.ജി.ബി.ടി.ക്യു.ഐ ആശയധാരയുടെ അന്ധവിശ്വാസം സൃഷ്ടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. സെക്‌സ് ജനിതകവും ജെന്‍ഡര്‍ സാമൂഹ്യനിര്‍മിതിയുമാണ്. അതിനാല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ബോധം കുട്ടികളില്‍ ബോധ്യപ്പെടുത്താന്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിയമസഭാ പ്രസംഗം ആശങ്കയോടെയാണ് സാംസ്‌കാരിക കേരളം കാണുന്നത്. ഇത്തരം പ്രതിഷേധാര്‍ഹമായ ആശയങ്ങളില്‍നിന്ന് പൂര്‍ണമായും പിന്തിരിയുന്നതു വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മതംമാറ്റ നിരോധനം വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയന്നുകയറ്റമാണെന്നും ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ‘രണഘടന നല്‍കുന്ന അവകാശമാണെന്നും അതിനെ നിയമംകൊണ്ട് തടയുന്നത് അംഗീകരിക്കാനാവില്ലെന്നും മറ്റൊരു പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിലൂടെ ഏക സിവില്‍കോഡ് ഒളിച്ചുകടത്താന്‍ ശ്രമം നടത്തുന്ന സാംസ്‌കാരിക ഫാസിസം അംഗീകരിക്കാനാവില്ല. രാഷ്ട്രത്തിന്റെ വൈവിധ്യവും ബഹുസ്വരതയും പൊളിച്ചെഴുതുന്ന ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമത്തെ എന്തുവില കൊടുത്തും ചെറുക്കാന്‍ മതേതര വിശ്വാസികള്‍ തയാറാകണമെന്നും കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ സംസാരിച്ചു.