പൂക്കോയ തങ്ങള്‍ പകര്‍ന്നുനല്‍കിയത് ആത്മീയതയുടെ യഥാര്‍ത്ഥമുഖം -ഡോ. ബഹാഉദ്ദീന്‍ നദ്‌വി
സമൂഹത്തിന്റെ നന്മയും നവോത്ഥാനവും സംസ്ഥാപിക്കുന്നതില്‍ മുന്നില്‍നിന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ആത്മീയതയുടെ യഥാര്‍ത്ഥ മുഖമാണ് സമൂഹത്തിന് പകര്‍ന്ന് നല്‍കിയതെന്നും ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിനും സംസ്‌കരണ ഉന്നമനത്തിനും തങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.
സുന്നി യുവജനസംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ പാണക്കാട് പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മജ്‌ലിസുന്നൂറിന് ജില്ലാ അമീര്‍ സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി. മഖാം സിയാറത്തിന് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.