പണ്ഡിതര്‍ പ്രശ്‌നങ്ങളെ കാലോചിതമായി സമീപിക്കണം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
പ്രശ്‌നങ്ങളെ കാലോചിതമായി സമീപിച്ച് പരിഹരിക്കുന്ന പണ്ഡിതന്മാരാണ് പുതുതലമുറയില്‍ വേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാര്‍ അതതു സമയത്തെ പ്രശ്‌നങ്ങളെ വേണ്ടതു പോലെ പരിഹരിച്ചവരായിരുന്നുവെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ വഹാബിസം, ലിബറലിസം, മതനിരാസം ക്യാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന സന്ദര്‍ശന യാത്ര നന്തി ദാറുസ്സലാമില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ എല്ലാവിധ അറിവുകളെയും കൂട്ടിയോജിപ്പിക എന്ന ദൗത്യമാണ് പണ്ഡിതന്‍മാര്‍ നിര്‍വഹിക്കേണ്ടത്. പാരമ്പര്യത്തിലധിഷ്ഠിതമായ ജീവിത വ്യവസ്ഥയാണ് കേരള മുസ്ലിം ജനത പുലര്‍ത്തിപ്പോന്നത്. യുവപണ്ഡിതര്‍ ആദര്‍ശത്തെ ശക്തിപ്പെടുത്തുകയും ആശയത്തെ പ്രചരിപ്പിക്കുകയും പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ദാറുസ്സലാം ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍ തഖിയുദ്ദീന്‍ ഹൈതമി അധ്യക്ഷനായി. ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ശുഐബുല്‍ ഹൈതമി എന്നിവര്‍ വിഷയാവതരണം നടത്തി. ടി.പി.സി തങ്ങള്‍, ജലീല്‍ ഫൈസി, അഡ്വ. ഇബ്രാഹിം സംസാരിച്ചു. തുടര്‍ന്ന് കടമേരി റഹ്മാനിയ്യ, യമാനിയ്യ കുറ്റിക്കാട്ടൂര്‍, മടവൂര്‍ അശ്അരിയ്യ കോളജുകളിലും പര്യടനം നടത്തി. വിവിധയിടങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ അഷ്‌റഫി കക്കുപടി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ഹസീബ് ഫൈസി, മുദ്ദസിര്‍ ഫൈസി എന്നവര്‍ സംസാരിച്ചു.