അലകടലായി ആദര്‍ശ സമ്മേളനം

ആദര്‍ശ പ്രതിരോധത്തിനു പടച്ചട്ടയായി പിറന്നുവീണ പ്രസ്ഥാനം വിളിച്ചു. പരലക്ഷങ്ങള്‍ പരന്നൊഴുകി. ജലസാഗരം കണ്ട ഭൂപരപ്പില്‍ പെടുന്നനെ ജനസാഗരമുയര്‍ന്നു. 2023 ജനുവരി എട്ടിനു കോഴിക്കോട്ട് നടന്ന സമസ്ത ആദര്‍ശ സമ്മേളനത്തെ വിശകലനംചെയ്യാന്‍ ഇങ്ങനെ ഒരു ആമുഖം ചേര്‍ക്കുന്നത് സത്യത്തില്‍ അതിശയോക്തിപ്രയോഗമോ അലങ്കാരവാചക വിന്യാസമോ അല്ല. സമ്മേളനം കഴിഞ്ഞ വെള്ളിയാഴ്ച ഖാളി ഉത്തരവാദിത്വമുള്ള നിലമ്പൂരില്‍ ജുമുഅക്ക് ശേഷം, സജീവ സംഘടനാ പ്രവര്‍ത്തകരൊന്നുമല്ലാത്ത ചെറുപ്പക്കാരായ രണ്ട് സുഹൃത്തുക്കള്‍, സംസാരങ്ങള്‍ക്കിടയില്‍ കോഴിക്കോട്ടെ സമ്മേളനവിശേഷവും പങ്കുവെച്ചു. രണ്ടു പേരും ഏറെ ആവേശത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് വിലയിരുത്തല്‍ നടത്തിയത്. സാധാരണയില്‍ സമ്മേളന നഗരിയിലെത്തിയാല്‍ വേദിക്കരികെ എത്താറുള്ള ഇവര്‍ക്ക് ഇത്തവണ സ്‌ക്രീനില്‍പോലും വേദി കാണാനോ പ്രധാന പ്രസംഗങ്ങള്‍ കേള്‍ക്കാന്‍പോലുമോ കഴിഞ്ഞില്ലത്രെ. അസ്വ്ര്‍ നിസ്‌കാരത്തിനു പള്ളിയില്‍ പോകാന്‍ ശഠിച്ചതിനാല്‍ തിരിച്ചുവന്നപ്പോഴേക്കുള്ള ജനബാഹുല്യത്തിലും കുത്തൊഴുക്കിലും പെട്ടതിനാലാണു പ്രതീക്ഷ തെറ്റിയതെന്നുകൂടി ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആദര്‍ശ സമ്മേളനത്തെ കുറിച്ചുള്ള ഇത്തരം അനുഭവ വിവരണങ്ങള്‍ ധാരാളമായി ഉണ്ടാകുന്നതാണ്. സമ്മേളനനഗരി പോലും വീക്ഷിക്കാനാവാതെ തിരിച്ചുപോരേണ്ടി വന്ന ഹതഭാഗ്യരും കൂട്ടത്തിലുണ്ടെന്നതാണ് വസ്തുത. നിലമ്പൂരിലെ സുഹൃത്തുക്കള്‍തന്നെ വിലയിരുത്തിയതുപോലെ, എല്ലാ പ്രദേശത്തുനിന്നും ആളുകള്‍ ചെല്ലാതെയും ചെന്നിടത്തുനിന്ന് തന്നെ ഒരു ശതമാനം പ്രാതിനിധ്യം പോലുമില്ലാതെയുമാണ് കടപ്പുറത്ത് ഈ ജനസാഗരം തിരമാല ഉയര്‍ത്തിയത്. അതും ഒരാഴ്ചക്കാലത്തെ ഉപരിതല പ്രചാരണം കൊണ്ട്! മഹല്ലുകളിലടക്കം പലയിടങ്ങളിലും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ സമസ്തയുടെ ആദര്‍ശ സമ്മേളനത്തിനു വേണ്ടി മാറ്റിവെച്ചെങ്കിലും പല കാരണങ്ങളാല്‍ മാറ്റിവെക്കാനാകാത്ത പ്രോഗ്രാമുകള്‍ എത്രയോ നടന്നിട്ടുമുണ്ട്. ചുരുക്കത്തില്‍, ആദര്‍ശ സമ്മേളനം ഒരു ചരിത്രസംഭവമായിരുന്നു. കേരള മുസ്‌ലിംകളുടെ അനുഗൃഹീതമായ ആദര്‍ശബോധത്തെ കൊച്ചാക്കുകയും പ്രാമാണികവും പരമ്പരാഗതവുമായ വിശ്വാസ സംഹിതയെ കേവലം യുക്തി കൊണ്ടും ബൗദ്ധിക സമീപനം കൊണ്ടും കുത്തിനോവിക്കാനും വികലപ്പെടുത്താനും ഒരുമ്പെട്ടാല്‍ എല്ലാ തിരക്കും മാറ്റിവെച്ച് സുന്നി കൈരളി പടയൊരുക്കത്തോടെ ഇരമ്പിയെത്തുമെന്നതിന്റെ ഏറ്റവും അവസാന സൂചന. മറ്റൊരു വിധത്തില്‍ വിശകലനംചെയ്താല്‍ ഇങ്ങനെ ഒരു ആര്‍ത്തിരമ്പലിനു സുന്നത്ത് ജമാഅത്തിന്റെ, സമസ്തയുടെ പ്രവര്‍ത്തകരുടെ ആവേശജ്വാലയില്‍ എണ്ണ പകര്‍ന്നത് നദ്‌വത്തുല്‍ മുജാഹിദീന്‍ തന്നെയാണ്. കാരണം, ഇവര്‍ സമുദായത്തിലുണ്ടാക്കുന്ന പരുക്കിന്റെ ആഘാതം എത്ര ഗുരുതരമാണെന്ന് ശരാശരി വിശ്വാസികള്‍ക്കുപോലും ബോധം നല്‍കുന്നതായിരുന്നു അവരുടെ സമ്മേളനത്തിലെ പ്രഭാഷണങ്ങള്‍. പാരമ്പര്യത്തെ നിരന്തരമായി പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന അവര്‍ക്ക് ഇസ്‌ലാമികാശയങ്ങളെ ശാസ്ത്രീയവല്‍ക്കരിക്കുന്നതിനും യുക്തിസഹമാക്കുന്നതിനും വേണ്ടി ഹദീസ് നിഷേധംപോലും പരസ്യമായി നടത്തുന്നതിന് യാതൊരു ജാള്യതയോ അങ്കലാപ്പോ ഇല്ലെന്ന് മാലോകര്‍ക്കു മൊത്തത്തില്‍ മനസ്സിലാക്കാന്‍ സമ്മേളനം കാരണമായത് അതിലെ ഒരു നിമിത്തമാണ്. ഹദീസ് നിഷേധം ഇവരെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള കാര്യമേ അല്ലെങ്കിലും ഖുര്‍ആന്‍ കഴിഞ്ഞാല്‍ പ്രാമാണികതയില്‍ രണ്ടാംസ്ഥാനം വഹിക്കുന്ന സ്വഹീഹുല്‍ ബുഖാരിയില്‍പോലും ദുര്‍ബല ഹദീസ് കണ്ടെത്തിയ റിട്ടയര്‍ ചെയ്ത ഗവേഷകന്റെ തിട്ടൂരം മറ്റൊരു ഗവേഷകപ്രഭാഷകന്‍ നിര്‍ദ്ദാക്ഷിണ്യം തിരുത്തിയെങ്കിലും, മുന്നറിയിപ്പ് ശക്തമായി നല്‍കിയില്ലെങ്കില്‍, ശാസ്ത്രീയ അടിത്തറ കണ്ടെത്താനാകാത്തതിന്റെ പേരില്‍ അടുത്ത സമ്മേളനത്തില്‍ ഖുര്‍ആനിക വചനങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക സാധാരണക്കാരായ ജനസാമാന്യത്തിനുണ്ടായി. അത്തരം പാപ്പരത്തത്തിനും അഹങ്കാരത്തിനും ഒരേസമയം സാധാരണ വിശ്വാസികള്‍ നല്‍കിയ മുന്നറിയിപ്പിന്റെ മുന്നേറ്റവിജയമായിരുന്നു ആ അര്‍ത്ഥത്തില്‍ ആദര്‍ശ സമ്മേളനത്തിന്റെ ചരിത്രക്കുതിപ്പ്. അതോടൊപ്പം, ഇവര്‍ അനാവശ്യമായി സമസ്തയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. മുജാഹിദ് വിഭാഗത്തോടുള്ള സമസ്തയുടെ എതിര്‍പ്പിനു കാരണം മുജാഹിദ് വിഭാഗത്തിലേക്കുള്ള സമസ്തക്കാരുടെ ഒഴുക്കാെണന്നായിരുന്നുവത്രെ അല്പന്മാരായ ചില ഗവേഷകരുടെ കണ്ടെത്തല്‍! എത്ര ഒഴുകിയിട്ടും കുടുംബങ്ങള്‍ ഒന്നിച്ച് സമ്മേളിച്ചിട്ടും, മലപ്പുറം ഭാഷ പ്രയോഗിച്ചാല്‍ ഒരു കാളപൂട്ട് കണ്ടം നിറയ്ക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്ന് സമസ്തയുടെ ആദര്‍ശ സമ്മേളനത്തെ താരതമ്യംചെയ്ത് ഉറപ്പായും പറയാനാകും. ഇവിടെയാണ് കേരളം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ പഠിക്കേണ്ടത്. സമസ്ത ഒരു പണ്ഡിതപ്രസ്ഥാനമാണ്. ഉഖ്‌റവിയ്യായ പണ്ഡിതന്മാരാണ് എന്നും അതിന്റെ നായകത്വംവഹിച്ചിട്ടുള്ളത്. ഇത്തരം പണ്ഡിതമാരുടെ അടയാളങ്ങളിലൊന്ന്, ഇമാം ഗസ്സാലി(റ) വിനെ പോലുള്ളവര്‍ വിവരിക്കുന്നതനുസരിച്ച്, മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുതുമകളോട് പരമാവധി അകലംപാലിക്കലാണ്. അഥവാ, പുതിയ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ യാഥാസ്ഥിതികരാണ് സമസ്തക്കാര്‍. ആ അര്‍ത്ഥത്തില്‍ സമസ്തക്കാര്‍ തനി യാഥാസ്ഥിതികരാണ്. കൂടെ, സാമ്പത്തിക ഭദ്രതയും അവര്‍ക്ക് കുറവാണ്. എങ്ങനെയെങ്കിലും പണം സ്വരൂപിക്കുന്നതിനു പകരം നിഷിദ്ധം കലരാത്തതായിരിക്കണം സമാഹരിക്കപ്പെടുന്നതെന്ന സൂക്ഷ്മത അവര്‍ പരമാവധി വച്ചുപുലര്‍ത്തുന്നു. വിദേശത്തോ സ്വദേശത്തോ നടത്തുന്ന ഫണ്ട് കലക്ഷനുകളില്‍ സകാത്ത് പോലുള്ളതിന്റെ വിഹിതം കലരരുതെന്നത് അവര്‍ക്ക് കണിശതയാണ്. ഇതുകൊണ്ടൊക്കെതന്നെ താരതമ്യേന ഭൗതിക വിഭവങ്ങളിലും മാധ്യമ സമ്പന്നതയിലും അവര്‍ പിന്നിലാണ്. പക്ഷേ, എന്നിട്ടും ജനകീയ പിന്തുണയില്‍ സമസ്ത ഇവയെല്ലാമുള്ള സര്‍വ്വതിനെയും മറികടന്ന് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. പ്രസ്തുത ഒന്നാംസ്ഥാനം വീണ്ടും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ആദര്‍ശ സമ്മേളനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശ വിശുദ്ധി തന്നെയാണ് ഈ അജയ്യതയുടെ മൂലകാരണം. പവിത്രതയുടെ കരുത്ത് അദ്വിതീയമാക്കുന്നതും സാത്വികലക്ഷങ്ങളുടെ സാന്നിധ്യവും പിന്തുണയും ഈ മുന്നേറ്റത്തിന്റെ പ്രധാന രഹസ്യമാണ്. സത്യത്തില്‍, ഈ കരുത്തിനെ ഇക്കിളിപ്പെടുത്താനോ പ്രകോപിപ്പിക്കാനോ മാത്രമാണ് ബിദഇകളുടെ അരങ്ങേറ്റം അവസരമൊരുക്കാറുള്ളത്. ആയതിനാല്‍, ഹദീസ് നിഷേധവും പൂര്‍വ്വസൂരികളെ അവഗണിക്കുന്നതും സ്വഹാബത്തിനെ തള്ളിപ്പറയുന്നതുമെല്ലാം മുജാഹിദുകളേ, നിങ്ങള്‍ തുടരണം. അതു ഞങ്ങള്‍ സമസ്തക്കാര്‍ക്കൊരു വീര്യംപകരലാണ്. അതിലേറെ സന്തോഷമുണ്ട്. എന്നാല്‍, മതഭ്രഷ്ട് പോലും പേടിക്കാതെയുള്ള പ്രമാണങ്ങളിലെ ഈ കൈയേറ്റം ബിദ്അത്തിലേക്കു മാത്രമല്ല രിദ്ദത്തിലൂടെ കുഫ്‌രിയ്യത്തിലേക്കു തന്നെ നയിക്കുന്നതാണെന്ന് ഓര്‍ക്കുമ്പോള്‍ നിങ്ങളുടെ കാര്യത്തില്‍ ആശങ്ക മാത്രമല്ല വലിയ സങ്കടവുമുണ്ട്. ഏതെങ്കിലും നിലക്ക് തെറ്റിദ്ധരിച്ചവരുണ്ടെങ്കില്‍ ശരിയുടെ പക്ഷം ചേരണമെന്നും കൂട്ടത്തിലെ പണ്ഡിതവിഭാഗത്തിലുള്ളവര്‍ മര്‍ക്കടമുഷ്ടി ഒഴിവാക്കണമെന്നുമാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. സര്‍വ്വശക്തന്‍ എല്ലാവര്‍ക്കും സല്‍ ബുദ്ധി പ്രധാനിക്കട്ടെ!