ടേക്ക് ഓഫ്-22: കര്‍മരംഗത്ത് നവീന പദ്ധതികള്‍ പ്രഖ്യാപിച്ച് എസ്.വൈ.എസ് 2023 ഏപ്രില്‍ മുതല്‍ 2024 ഏപ്രില്‍ വരെ 70ാം വാര്‍ഷികാഘോഷം

പ്രവര്‍ത്തന രംഗത്ത് നവീന പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ്.വൈ.എസ് ടേക്ക് ഓഫ്-22 സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ്. സംഘടനയെ സെമി കേഡര്‍ വല്‍ക്കരിക്കുന്നതിനും പ്രവര്‍ത്തന രംഗം വിപുലമാക്കുന്നതിനുമായി ചേര്‍ന്ന ക്യാമ്പില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ ആറു മാസത്തെ പ്രവര്‍ത്തന മേഖല നിര്‍ണയിക്കുകയും ശാഖാതലം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണ സ്വഭാവം ഉണ്ടാകാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. രാവിലെ പി.കെ ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുറഹ്മാന്‍ മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കൗണ്‍സില്‍ ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സാമുദായിക സാമൂഹിക ഐക്യത്തെ നിഗ്രഹം ചെയ്യുന്ന കാലത്ത് പ്രവര്‍ത്തകര്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും പാരമ്പര്യത്തിലധിഷ്ഠിതമായ ജീവിതക്രമം ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിര്‍മാണാത്മകായ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന് ആവശ്യം. രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച മുസ്‌ലിം ദലിത് പിന്നാക്ക വിഭാഗങ്ങളെ അരികു വല്‍ക്കരിക്കുന്ന സാഹചര്യമാണ് ഇന്നുളളത്. ഇതിനെ കൃത്യമായി അഭിസംബോധന ചെയ്ത് പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഏപ്രില്‍ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷം എസ് വൈ എസ് 70ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ പ്രഖ്യാപനവും തങ്ങള്‍ നിര്‍വ്വഹിച്ചു. പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കെ.കെ. എസ് തങ്ങള്‍ ചെയര്‍മാനും ഹംസ റഹ്മാനി കൊണ്ടി പറമ്പ് കണ്‍വീനറുമായുള്ള ആസൂത്രണ സമിതിയെ ചുമതലപ്പെടുത്തി. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. വിശ്വാസവും കര്‍മവും ഭക്ഷണവും വസ്ത്രവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അവയെ ആദര്‍ശ ഇച്ഛാശക്തി കൊണ്ട് പ്രതിരോധിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സാമുദായിക ഐക്യം ഊട്ടിയുറപ്പിച്ച് കര്‍മരംഗത്ത് സജീവമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഴിവെളിച്ചം സെഷനില്‍ വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വൈസ് പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം ഫൈസി പേരാല്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. മോയിന്‍കുട്ടി മാസ്റ്റര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് കര്‍മപദ്ധതി അവതരിപ്പിച്ചു. ട്രഷറര്‍ എ.എം. പരീത് എറണാകുളം ക്യാമ്പ് നിയന്ത്രിച്ചു. ശേഷം ഗ്രൂപ്പ് ചര്‍ച്ചയും സമര്‍പ്പണവും നടന്നു. നാസര്‍ ഫൈസി കൂടത്തായി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തിന് സംസ്ഥാന ഭാരവാഹികളായ ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബൂബക്കര്‍ ബാഖവി മലയമ്മ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കെകെ. എസ് തങ്ങള്‍ വെട്ടിച്ചിറ, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, നിസാര്‍ പറമ്പന്‍, അഹമ്മദ് ഉഖൈല്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അറിവ് ആര്‍ജിക്കുകയും അത് പ്രസരിപ്പിക്കുകയും ചെയ്യണമെന്നും പാരമ്പര്യ തനിമയയിലൂടെ മുന്‍ഗാമികള്‍ കാണിച്ച പാതയിലൂടെ സഞ്ചരിക്കണമെന്നും അദ്ദേഹം ഉദ്‌ബോധനം ചെയ്തു. സലീം എടക്കര സ്വാഗതവും സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.