മാപ്പിള നവോത്ഥാനം മതിപ്പുകള്‍ തിരിച്ചുപിടിക്കണം

പമരിശുദ്ധ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുക, പ്രസരിപ്പി ക്കുക എന്ന ധാര്‍മിക ഉത്തരവാദിത്തങ്ങളാണ് മതപാഠ ശാലകളിലൂടെ നിര്‍വഹിച്ചുപോരുന്നത്. വിജ്ഞാന വിസ്‌ഫോടനത്തിന്റെ വിശ്വരൂപമായി വര്‍ത്തിച്ച ഈ പാഠശാലകള്‍ ദീനീ ദഅ്‌വത്തിന്റെയും മതാധ്യാപനങ്ങളുടെയും ജ്ഞാനവല്ലരിയായി കാലമിത്രയും ക്ഷോഭിച്ചു എന്നതാണ് വസ്തുത. കടലിടുക്കുകളും മലമടക്കുകളും ഭേദിച്ചൊഴുകിയ ഇസ്‌ലാമിക ജ്ഞാനമധുവിനെയും വിജ്ഞാനവിശാരദരെയും ആദ്യകാലങ്ങളില്‍തന്നെ ലോകമാകമാനം ചേര്‍ത്തു പിടിച്ചതായിട്ടാണ് ചരിത്രത്തിന്റെ സംസാരം. പുണ്യനബിയുടെ അധരങ്ങളില്‍നിന്നു നിര്‍ഗളിക്കുന്ന വഹ്‌യിന്‍വെളിച്ചം വിതറുന്ന ജ്ഞാനശീലുകളെ നേരിട്ട് ഹൃദിസ്ഥമാക്കാനായി മദീനാ പള്ളിയുടെ അകത്തളങ്ങളില്‍ രൂപപ്പെട്ട സ്വഹാബാകിറാമിന്റെ അക്ഷരാന്തരീക്ഷത്തിലൂടെയാണ് മതപാഠശാലകള്‍ സമാരംഭംകുറിക്കുന്നത്. സത്യസന്ധമായ ജ്ഞാനവിശുദ്ധരുടെ കൈമാറ്റസ്രോതസ്സായി നിലകൊണ്ട ഈ ജ്ഞാനഗേഹത്തെ അഹ്‌ലുസ്സുഫ അഥവാ ചെരുവിന്റെ ആളുകളെന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. പുണ്യറസൂല്‍(സ്വ) തങ്ങള്‍ പ്രഥമ മുദരിസായും സ്വഹാബാകിറാമ് ആദ്യകാല മുതഅല്ലിമുകളുമായിട്ടാണ് പ്രസ്തുത ദര്‍സിന്റെ തുടക്കം. പ്രവാചകനില്‍നിന്നു പിറവികൊള്ളുന്ന അറിവിനുറവകളില്‍ ക്രിയാത്മകമായ ചലനാത്മകത നുണഞ്ഞ അനുചരസമൂഹം ജീവിതവ്യവഹാരങ്ങളെയെല്ലാം പള്ളി കേന്ദ്രീകൃതമാക്കുകയും പ്രവാചക സഹവാസം സജീവമാക്കിയും ദീനീ ഉലൂമിക പ്രസരണത്തിനായി ആയുസ്സ് ഇളവ് ഉപയോഗപ്പെടുത്തി എന്നതാണ് കലര്‍പ്പ് പുരളാത്ത നേര്. ഈ വിശുദ്ധികൊണ്ടുതന്നെ സമൂഹം ഇന്നും അവരെ ആത്മീയഗുരുക്കളായി ഗണിക്കുകയും ചെയ്യുന്നു. ഇത്തരം മതപാഠശാലകളില്‍നിന്നും പഠനം പൂര്‍ത്തീകരിച്ച പ്രതിഭകളാണ് കാലമിത്രയും പരിശുദ്ധ ദീനിനെ കാലോചിതമായി ഇവിടം പറഞ്ഞുവച്ചതും പ്രസരിപ്പിച്ചതും. നന്മയെയും തിന്മയെയും സഭ്യതയെയും അസഭ്യതയെയും പരസ്പരം വേര്‍തിരിച്ചു ബോധ്യപ്പെടുത്തിക്കൊടുക്കാനും ഈ പണ്ഡിതവ്യൂഹം പാകപ്പെട്ടതായിരുന്നു. പരിശുദ്ധ ദീന്‍ വരച്ചുകാണിക്കുന്ന പുണ്യകര്‍മ്മങ്ങളെ വാക്കുകളിലെ മറിമായങ്ങള്‍ക്കപ്പുറം പ്രാക്ടിക്കലായി കൊണ്ടുനടക്കാനും മതപാഠശാലകളില്‍നിന്നു പഠിച്ചു പുറത്തിറങ്ങുന്ന പണ്ഡിതധാരികള്‍ തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ആജ്ഞകളെയും സാരോപദേശങ്ങളെയും സ്വീകരിക്കാനും ബഹുമാനിക്കാനും പൊതുസമൂഹം സന്നദ്ധരായിരുന്നുതാനും. ആലിമീങ്ങള്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണെന്ന പ്രവാചകവചനത്തെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ ഈ പണ്ഡിതസമൂഹം പരിശുദ്ധമായ ഇസ്‌ലാമിന്റെ വശ്യമനോഹരമായ പ്രൗഢി നിലനിര്‍ത്താനും പാവനമായ ദീനിനെ പോറലേല്‍ക്കാതെ സൂക്ഷിക്കാനും ജാഗ്രതകാണിച്ചു. സ്വജീവിതത്തെ അരുതായ്മകളില്‍നിന്നു സ്വാംശീകരിച്ചെടുക്കുന്നതോടുകൂടെ തന്നെ പൊതുസമൂഹത്തെ കൂടി നന്മനിറഞ്ഞ നടപ്പാതയിലൂടെ ചലിപ്പിക്കാന്‍ അവര്‍ ശ്രദ്ധകാണിച്ചു. അനിസ്‌ലാമികപരമായ ചെയ്തികള്‍ ആരില്‍നിന്ന് ഉടലെടുത്താലും വിലക്കാനും ഉപദേശിക്കാനും അവര്‍ ധൈര്യം കാണിക്കുകയും പൊതുസമൂഹം അതിനെ മുഖവിലക്കെടുക്കാനും തയ്യാറായിരുന്നു. പക്ഷേ, കാലചക്രത്തിന്റെ അശ്രാന്തമായ കറങ്ങലിനിടയില്‍ മുന്‍ഗാമികളായ സച്ചരിതരായ പണ്ഡിതരുടെ പിന്‍ഗാമികളില്‍ എന്തൊക്കെയോ ചില ഇടര്‍ച്ചകള്‍ വന്നുപെട്ടിട്ടുണ്ടെന്നത് പറയാതിരിക്കാനാവില്ല. ആത്മീയ ജ്യോതിസ്സുകളായിട്ട് സമൂഹം വിലയിരുത്തിയ ഈ പണ്ഡിതവ്യൂഹത്തെ കുറിച്ച് സമൂഹം ഇപ്പോഴും അങ്ങനെത്തന്നെ വിശ്വസിക്കുന്നുവെന്ന് കണ്ണടച്ചു പറയാനാവില്ല. ആലിമീങ്ങളുടെ അധരങ്ങളില്‍നിന്നും ഉറ്റിവീഴുന്ന അറിവുകളെയും ഉപദേശങ്ങളെയും അപ്പാടെ സ്വീകരിക്കുന്ന ഒരു സമൂഹമായിട്ട് വര്‍ത്തമാനതലമുറയെ വിലയിരുത്തുന്നതും നന്നല്ല. പണ്ഡിതരുടെ വാക്കുകളെ അവസാനവാക്കായി ഗണിച്ചിരുന്ന പൂര്‍വ്വകാല ചിത്രങ്ങളില്‍നിന്ന് ഏറെ വിഭിന്നമായിട്ടാണ് വര്‍ത്തമാനസമൂഹത്തിന്റെ സഞ്ചാരമെന്നത് സുതരാം വ്യക്തം. അക്കാലഘട്ടത്തില്‍ നാട്ടിന്‍പുറങ്ങളിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം തീര്‍പ്പു കല്‍പ്പിച്ചിരുന്നതും ഇതേ പണ്ഡിതകേസരികള്‍ തന്നെയായിരുന്നു. പണ്ഡിതസമൂഹത്തിന്റെ പ്രതാപ ചിത്രങ്ങളാണ് പൂര്‍വചരിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. സകലരാലും ബഹുമാനിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ജീവിത ചുറ്റുപാടുകളായിരുന്നു ഉലമാക്കള്‍ക്ക് ഇവിടം ഉണ്ടായിരുന്നത്. പൂര്‍വ്വകാല ഉലമാക്കളും പണ്ഡിതന്മാരുമെല്ലാം സമൂഹത്തിന്റെ ആദരവില്‍ ചാലിച്ച ഈ ലാളനയേറ്റാണ് വളര്‍ന്നത്. കാരണം, അവരുടെ അസ്തിത്വബോധം അവരില്‍തന്നെ ഉണ്ടാക്കിയെടുത്തത് സര്‍വരാലും അംഗീകരിക്കപ്പെടുന്ന ഒരു പ്രാകൃതത്തെയായിരുന്നു. പക്ഷേ, ആധുനിക പണ്ഡിതരില്‍ പലരും ഈ മേഖലയോടും അജണ്ടകളോടും അപകര്‍ഷതാബോധം പുലര്‍ത്തുന്നവരാണെന്ന യാഥാര്‍ഥ്യം ഇനിയും പറയാതിരിക്കാനാവില്ല. സ്വന്തം അസ്തിത്വത്തെ കുറിച്ചും അടിസ്ഥാനത്തെകുറിച്ചും പ്രാഥമിക വിവരങ്ങള്‍പോലും ഇല്ലാതെപോയി എന്നതാണ് ഇതിന്റെ പ്രധാന കാരണം. എത്രത്തോളമെന്നാല്‍, പ്രവാചകര്‍(സ്വ) തങ്ങള്‍ സുന്നത്തെന്നു വിശേഷിപ്പിച്ച വെള്ള വസ്ത്രധാരണയെ പോലും കേവല പഴഞ്ചനായും രണ്ടാംകിട വസ്ത്രമായും ചിത്രീകരിക്കാന്‍ എട്ടും പത്തും വര്‍ഷം മതപാഠശാലകളില്‍ അറിവ് നുകര്‍ന്ന ബിരുദധാരികള്‍തന്നെ തയ്യാറാവുമ്പോള്‍ സമൂഹം പിന്നെ എങ്ങനെയാണ് ആധുനിക പണ്ഡിതന്മാരെ വേണ്ടതുപോലെ പരിഗണിക്കുക. ചായക്കില്ലാത്ത ചൂട് ഗ്ലാസ്സിനുണ്ടാവില്ലെന്നതു വ്യക്തമാണല്ലോ. മതബിരുദങ്ങള്‍ കരസ്ഥമാക്കിയതിനു ശേഷവും പലരും വെള്ള വസ്ത്രത്തെ അവമതിപ്പോടെ വീക്ഷിക്കുന്നത് ഗൗരവകരവും ദയനീയവുമാണ്. പരിശുദ്ധ ദീനിന്റെ പ്രചാരകരായ പണ്ഡിതസമൂഹംതന്നെ ഇത്തരം പ്രവാചകചര്യകളോടും മുന്‍കാല ഇമാമീങ്ങളുടെ രൂപഭാവങ്ങളോടും വൈമനസ്യം കാണിക്കുന്നത് ആശങ്കയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തല മറക്കുന്നതിലും ഈ മടുപ്പു പ്രകടമാണ്. മുന്‍കാല പണ്ഡിതന്മാരുടെ വളര്‍ച്ചയുടെ പ്രധാന കാരണം വന്ദ്യരായ ഉസ്താദുമാരുടെ ഗുരുത്വ പൊരുത്തമായിരുന്നു. ഒരക്ഷരമെങ്കിലും അറിവു പകര്‍ന്നുതന്ന ഉസ്താദുമാരെ അളവറ്റ് ആദരിച്ചും സ്‌നേഹിച്ചും ജീവിച്ച അവര്‍ ഗുരുക്കന്മാരുടെ പ്രീതിക്കായി സദാ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. പല പണ്ഡിതരുടെയും ജീവിതവിജയത്തിന്റെ നിദാനമായി മാറിയതും ഉസ്താദുമാരുടെ മാനസികമായിട്ടുള്ള ഈ പ്രീതിതന്നെയായിരുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ മാതൃകകളാണ് മുന്‍കാല പണ്ഡിതരുടെ ചരിതങ്ങളില്‍ പ്രോജ്വലിച്ചുനില്‍ക്കുന്നത്. പ്രഥമ മുദരിസ്സായ നബി(സ്വ) തങ്ങളെ അവിടുത്തെ ശിഷ്യസമൂഹം ബഹുമാനിച്ചതിന്റെയും ആദരിച്ചതിന്റെയും സുന്ദരചിത്രങ്ങള്‍ ഇപ്പോഴും ചരിത്രങ്ങളില്‍ മായാതെ കിടക്കുന്നുണ്ട്. പിന്‍ഗാമികളായ ഇമാമീങ്ങളെയും അവരുടെ ശിഷ്യന്മാര്‍ നോക്കിക്കണ്ടിരുന്നത് വളരെ ആദരവോടെയായിരുന്നു. എന്നാല്‍, പാരമ്പര്യമായിട്ടുള്ള ഈ രീതികളില്‍നിന്നെല്ലാം വ്യതിചലിച്ചിട്ടാണ് ആധുനിക പണ്ഡിതരുടെ ഇടപെടലുകള്‍. ഇതിന്റെയെല്ലാം ബാക്കി പത്രമായിുവേണം പണ്ഡിതരോടുള്ള സമൂഹത്തിന്റെ അവമതിപ്പിനെ വിലയിരുത്താന്‍. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് മര്‍മ്മപ്രധാനമാണ്. കേവല വാചകക്കസര്‍ത്തുകള്‍ക്കപ്പുറം വാമൊഴികളെ പ്രാക്ടിക്കലായി ബോധ്യപ്പെടുത്തുന്നവരാണ് ആത്മാര്‍ത്ഥതയുള്ള ഗുരുക്കള്‍. ചെയ്യുന്ന വൃത്തിയില്‍ ആത്മസംതൃപ്തനായിരിക്കലും വിജയത്തിന്റെ അടിസ്ഥാനമാണ്. ലാഭനഷ്ടങ്ങള്‍ക്കപ്പുറം പരിശുദ്ധ ദീനിന്റെ പ്രചാരകനാണെന്ന ഉത്തമബോധ്യമാണ് ഓരോ പണ്ഡിതനെയും വഴിനടത്തേണ്ടത്. കുറഞ്ഞ വേതനത്തിനു ജോലിചെയ്യുമ്പോഴും പാരത്രിക വിജയമെന്ന ശുഭപ്രതീക്ഷ ഇന്ധനമായി പ്രോജ്വലിക്കണം. പഠനവഴികളില്‍ വെളിച്ചംവിതറിയ ഉസ്താദുമാരും ആദരപ്രധാനികളും കിതാബുകളും എന്നും ബഹുമാനിക്കപ്പെടേണ്ടതുതന്നെയാണ്. ആത്മജ്ഞാനികളായ പണ്ഡിതര്‍ രേഖപ്പെടുത്തിയതും അതുതന്നെയാണല്ലോ. ആദരിക്കപ്പെടേണ്ടതിനെ ആദരിച്ചിട്ടല്ലാതെ ആരുംതന്നെ വിജയിച്ചിട്ടില്ല. എന്നാല്‍, ബഹുമാനിക്കപ്പെടേണ്ടതിനെ നിസ്സാരവല്‍കരിച്ചിട്ടല്ലാതെ ആരും പരാജയപ്പെട്ടിട്ടുമില്ല. എത്രമാത്രം ബോധ്യം പകരുന്നതാണ് ഈ വാക്യം....! ചരിത്രപരമായി മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തെയും ജീവിതനാടുകളെയും ക്രമങ്ങളെയും പരിശോധിക്കുകയാണെങ്കില്‍ വിദ്യകൊണ്ട് വിപ്ലവംതീര്‍ത്ത സുന്ദരചിത്രങ്ങളാണു കാണാന്‍ കഴിയുന്നത്. അക്ഷരവിദ്യാഭ്യാസം കൊണ്ട് സമുദായത്തെ ഉല്‍ബുദ്ധരാക്കുകയെന്ന ധാര്‍മിക ബാധ്യതയാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. ഈ ഉത്തരവാദിത്തനിര്‍വഹണത്തില്‍ ചടുലമായ ചുവടുവയ്പ്പുകള്‍ കാഴ്ചവച്ച പ്രസിദ്ധമായ ദേശങ്ങളാണ് സമര്‍ഖന്ദും ബുഖാറയും കൊര്‍ദോവയും സ്‌പെയിനുമെല്ലാം. മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വിദ്യ വിളമ്പിയ ഈ നാടുകളെല്ലാം ദൗര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് ചരിത്രത്തിന്റെ ഭാഗമായി എന്നതാണ് വാസ്തവം. അറിവ് നേടുക എന്നത് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കാര്യമാണ്. പ്രവാചകതിരുമേനി(സ) തങ്ങള്‍ പറഞ്ഞുവച്ചത് ഇപ്രകാരമാണല്ലോ. അറിവു പഠിക്കുക എന്നത് ഒരോ വിശ്വാസിയുടെയും ബാധ്യതയാണ്.’ മുന്‍കാല പണ്ഡിതന്മാര്‍ ബോധ്യപ്പെടുത്തിയത് പ്രകാരം അറിവില്‍ ഏറ്റവും ശ്രേഷ്ഠതയാര്‍ന്നത് സന്ദര്‍ഭോചിതമായ ജ്ഞാനമാണെന്ന മൊഴി വളരെ പ്രസിദ്ധവുമാണ്. ഇത്രത്തോളം ജ്ഞാനാര്‍ജ്ജനത്തിനു വിലകല്‍പ്പിക്കുന്ന ഇസ്‌ലാമിക തത്വസംഹിതയുടെ വക്താക്കള്‍ പുരോഗതി കണ്ടെത്തിയതും ചരിത്രത്തില്‍ ശോഭനമായ അടയാളങ്ങളെ വരച്ചുവച്ചതും വിജ്ഞാനവിസ്‌ഫോടനങ്ങളിലൂടെതന്നെയായിരുന്നു. എന്നാല്‍, കേരള പരിസരത്തില്‍ ഈ സുന്ദരമായ സാമൂഹിക ബാധ്യതക്ക് ചുക്കാന്‍ പിടിക്കുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പണ്ഡിതവ്യൂഹമാണ്. പ്രവാചകര്‍(സ്വ) തങ്ങളും അനുചരരും വരച്ചുവച്ച ദീനീ സീമക്കുള്ളില്‍ പരിശുദ്ധി ചോരാതെ സമൂഹത്തെ വഴിനടത്തിയ ഈ പണ്ഡിതസംഘം ധാര്‍മികപരമായിട്ടുള്ള സമൂഹത്തിന്റെ ബാധ്യതകളെ നിറവേറ്റുന്നതില്‍ അവിസ്മരണീയമാംവിധം മുന്നില്‍നിന്ന് നേതൃത്വംനല്‍കിയിട്ടുണ്ട്. അക്ഷരവിദ്യാഭ്യാസ മേഖലയില്‍ അസൂയാവഹമായ നേട്ടം കൊയ്ത ഈ സംഘ ശക്തിയെ കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ജ്ഞാനഗുരു എന്നുതന്നെ അക്ഷരംതെറ്റാതെ വിളിക്കാം. ഇതര വിഭാഗങ്ങളുടെയും സംഘടനകളുടെയും വിദ്യാഭ്യാസ മേഖലയിലെ മാതൃകപോലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നത് അവിതര്‍ക്കിതമായ വിഷയമാണ്. പരിശുദ്ധ ദീനിന്റെ പരിമളത്തെ തനിമ ചോരാതെ കുഞ്ഞുഹൃദയങ്ങളിലേക്ക് പകര്‍ന്നുകൊടുക്കുന്ന പതിനായിരക്കണക്കിന് മദ്രസകളാണ് സമസ്തയുടെ മേല്‍നോട്ടത്തില്‍ കേരളത്തിനകത്തും ഇതര സ്‌റ്റേറ്റുകളിലും വിദേശത്തുമായി ഇന്നും നിലനില്‍ക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിനെ ആര്‍ജ്ജവത്തോടെ സമൂഹത്തിനു സമര്‍പ്പിക്കാന്‍ പാകത്തിലുള്ള പണ്ഡിതവ്യൂഹത്തെ ആദ്യമായി നിര്‍മ്മിച്ചെടുത്ത ഉമ്മുല്‍മദാരിസ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയും വളര്‍ന്നതും പടര്‍ന്നതും സമസ്തയുടെ തണലിലാണ്. അഹദവന്റെ തൗഫീഖ് കൊണ്ട് അറുപത്തഞ്ചോളം ജൂനിയര്‍ കോളേജുകളുടെ മാതാവ് കൂടിയാണ് ജാമിഅഃ ഇന്ന്. നന്തി ദാറുസ്സലാം അറബിക് കോളേജും, ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും, കടമേരി റഹ്മാനിയ അറബിക് കോളേജും, പൊട്ടച്ചിറ അന്‍വരിയ്യയും, കുറ്റിക്കാട്ടൂര്‍ യമാനിയ്യയും, മടവൂര്‍ അശ്അരിയ്യയും ഇവകളുടെതന്നെ ജൂനിയര്‍ സ്ഥാപനങ്ങളും ഇതര മതവിദ്യാഭ്യാസ കേന്ദ്രങ്ങളുമെല്ലാം സമസ്ത സാധ്യമാക്കിയ വൈജ്ഞാനിക വിസ്‌ഫോടനത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്. ഫാളിലാ, ഫളീല, സഹ്‌റവിയ്യ ഇതര സ്ത്രീ ബിരുദ സ്ഥാപനങ്ങളും ഇന്നും കേരളത്തില്‍ തലയെടുപ്പോടെതന്നെ നിലനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നല്‍കപ്പെടുന്ന മത കോഴ്‌സുകളും ഏറെയുണ്ട്. ഇത്രത്തോളം പ്രശോഭിതമായ മത വൈജ്ഞാനിക മേഖലയില്‍ മറ്റൊരു ചടുലമായ നീക്കമാണ് എസ്.എന്‍. ഇ.സി യിലൂടെ സമസ്ത സാധ്യമാക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസാന്തരീക്ഷം ഇതര നാടുകളിലും കാര്യക്ഷമമാക്കുന്നതിനും കേരളത്തിലെ വൈജ്ഞാനിക കുതിപ്പ് താരതമ്യേന മെച്ചപ്പെടുത്തുന്നതിനും വേണ്ടി സമസ്തയുടെ സച്ചരിതരായ പണ്ഡിതര്‍ സ്വീകരിച്ച ദേശീയ വിദ്യാഭ്യാസനയം തികച്ചും കാലോചിതവും വര്‍ത്തമാനാന്തരീക്ഷത്തിന്റെ ആവശ്യകതയുമാണെന്ന് നിസ്സംശയം പറയാം. മറ്റൊരു രൂപത്തില്‍ ഇതിനെ വിലയിരുത്തുകയാണെങ്കില്‍ കാലം ഉതിര്‍ത്തുവച്ച വിഘ്‌നങ്ങള്‍ക്കുള്ള മറുപടിയാണ് എസ്.എന്‍.ഇ.സി എന്നുതന്നെ പറയാം. കാരണം ധാര്‍മികബോധം വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതോടൊപ്പംതന്നെ ഭൗതിക വിദ്യാഭ്യാസവും സമന്വയിച്ചു പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. അദബും അച്ചടക്കവും ദീനീബോധവും കാര്യനിര്‍വ്വഹണവും ധാര്‍മികമൂല്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എസ്.എന്‍.ഇ.സിയുടെ ചട്ടക്കൂട് എന്നത് പ്രസ്തുത സംരംഭത്തിനു കൂടുതല്‍ മാറ്റ് പകരുന്നുണ്ട്. സമൂഹത്തിലെ ആവശ്യമാകുന്ന എല്ലാ മേഖലകളും എസ്.എന്‍. ഇ.സിയുടെ വിദ്യാഭൂപടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പാരമ്പര്യ കിതാബുകളുടെ കൂടെ ഭൗതിക വിദ്യാഭ്യാസവും ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ശരീഅ: സ്ട്രീം. എന്നാല്‍, കിതാബോത്തിന് കോട്ടംതട്ടാത്ത രൂപത്തില്‍ ഭൗതിക ബിരുദം ലക്ഷ്യം വെക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഷീ’വിദ്യാഭ്യാസ സംരംഭവും. ഉന്നത ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അവരുടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യവല്‍ക്കരിക്കുന്നതോടൊപ്പംതന്നെ ഇലാഹിയായ ചിന്തകളാല്‍ ജീവിതത്തെ പാകപ്പെടുത്തിയെടുക്കുന്ന ലൈഫ്’പദ്ധതി. ഉന്നത നിലവാരവും അതിലേറെ അദബും തര്‍ബിയത്തും സമ്മേളിച്ച നൂതന വിദ്യാഭ്യാസ പദ്ധതി പുതുതലമുറയുടെ ഭാവി ഭാസുരമാക്കാന്‍ കനപ്പെട്ടതാണെന്നുതന്നെ വിശ്വസിക്കാം. പുത്തന്‍ ചുവടുവയ്പ്പായി എസ്.എന്‍.ഇ.സി ഈ മേഖലയില്‍ ശോഭിക്കുമ്പോള്‍ സാമൂഹിക സമുദ്ധാരണത്തിന്റെ സകല മേഖലകളും സമസ്തയുടെ മേല്‍നോട്ടത്തില്‍ ദീപാലംകൃത്വത്തോടെ സജീവമാവുകയും ചെയ്യും. കാരണം, കേവല ഭൗതിക വിദ്യാഭ്യാസം മാത്രമല്ല എസ്.എന്‍.ഇ.സി മുന്നോട്ടുവെക്കുന്നത് എന്ന് പറഞ്ഞുവല്ലോ. മറിച്ച്, ഭൗതിക വിദ്യാഭ്യാസത്തിന് ഒട്ടും കുറവ് വരുത്താത്ത എന്നാല്‍, ആത്മീയ ബോധങ്ങള്‍ക്ക് വിരിപ്പൊരുക്കുന്ന മതജ്ഞാനങ്ങളാല്‍ സമ്പുഷ്ടമാണ് എസ്. എന്‍.ഇ.സിയുടെ കരിക്കുല സംവിധാനം. ശരീഅ: സ്ട്രീമും, ഷീയും, ലൈഫും ആത്മീയാവബോധത്തിന്റെ വിഷയത്തില്‍ ഒരുപോലെ ഭാഗവാക്കാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യതയും എസ്.എന്‍. ഇ.സിയുടെ കാലോചിതമായ സിലബസും ആകര്‍ഷണീയമായ സ്‌കോളര്‍ഷിപ്പുകളും ഫില്ലോഷിപ്പുകളുമാണ് സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ ഇത്രത്തോളം ആകര്‍ഷണീയവും ജനകീയവുമാക്കിയെടുത്തത്. പ്രസ്തുത വിദ്യാഭ്യാസ സംരംഭം സമുദായത്തിന്റെ പുരോഗതിക്കുള്ള കുറുക്കുവഴിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.