ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ഇസ്‌ലാമും

പുരുഷനും സ്ത്രീയും രണ്ടു ഭിന്ന ലിംഗങ്ങളാണ്. ചിന്ത, വികാരം, വസ്ത്രം, ശരീരം തുടങ്ങിയവയിലെല്ലാം സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'ആണ് പെണ്ണിനെപ്പോലെയല്ല.' (ഖുര്‍ആന്‍: 3/36) അല്ലാഹു നിശ്ചയിച്ച പൗരുഷം പുരുഷനും സ്‌ത്രൈണത സ്ത്രീയും കാത്തുസൂക്ഷിക്കലാണ് പ്രകൃതി. അതുമൂലമാണ് ജനജീവിതം നേരെ ചൊവ്വേ നിലനില്‍ക്കുന്നത്. ആണ് പെണ്ണിനോടും പെണ്ണ് ആണിനോടും കോലപ്പെടുത്തല്‍ പ്രകൃതിവിരുദ്ധമാണെന്നു മാത്രമല്ല അതുമുഖേന കുഴപ്പങ്ങളുടെ കവാടങ്ങള്‍ മലര്‍ക്കെ തുറയ്ക്കപ്പെടാനും സാമൂഹ്യശൈഥല്യങ്ങള്‍ വ്യാപകമാവാനും കാരണമാകും. ഇബ്‌നു അബ്ബാസ്(റ)വില്‍നിന്ന് നിവേദനം: 'പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളോട് സാദൃശ്യപ്പെടുന്നവരെയും, സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരോട് സാദൃശ്യപ്പെടുന്നവരെയും നബി(സ്വ) ശപിച്ചിരിക്കുന്നു.' (അബൂദാവൂദ്: 4097) ഇബ്‌നു അബ്ബാസ്(റ)വില്‍നിന്ന് നിവേദനം- ബഹുമാനപ്പെട്ടവര്‍ പറഞ്ഞു: 'നബി(സ്വ) സ്‌ത്രൈണത പ്രകടിപ്പിക്കുന്ന പുരുഷന്മാരെയും, പൗരുഷം പ്രകടിപ്പിക്കുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു.' അവിടുന്ന് പറഞ്ഞു: 'അവരെ നിങ്ങളുടെ വീടുകളില്‍നിന്ന് പുറത്താക്കുക. നബി(സ്വ) അത്തരം ഒരാളെ പുറത്താക്കി. ഉമര്‍(റ)വും ഒരാളെ പുറത്താക്കി.' (ബുഖാരി: 5886) സാലിമുബ്‌നു അബ്ദില്ല(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു- നബി(സ്വ) പറഞ്ഞു: 'മൂന്നു വിഭാഗം ആളുകളോട് അല്ലാഹു അന്ത്യദിനത്തില്‍ സംസാരിക്കുകയില്ല. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവര്‍, പുരുഷന്‍മാരോട് സാദൃശ്യരായി ആണ്‍കോലം കെട്ടുന്ന സ്ത്രീകള്‍, സ്വന്തം സംരക്ഷണത്തിലുള്ള സ്ത്രീകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നവര്‍ എന്നിവരാണവര്‍.' (നസാഇ: 2562) മുകളില്‍ പറഞ്ഞ ചില ഹദീസുകളെ വ്യാഖ്യാനിച്ച് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു: 'പ്രസ്തുത ഹദീസിലുള്ള ആക്ഷേപത്തിനര്‍ഹര്‍ സ്ത്രീകളോട് അവരുടെ ചലനത്തിനും സംസാരത്തിലും സാമ്യത പുലര്‍ത്തുന്ന പുരുഷന്മാരെകുറിച്ചും പുരുഷന്മാരോട് അവരുടെ ചലനത്തിലും സംസാരത്തിലും സാമ്യത പുലര്‍ത്തുന്ന സ്ത്രീകളുമാണ്. പ്രസ്തുത സാദൃശ്യതകള്‍ സൃഷ്ടിപരം തന്നെയാണെങ്കില്‍ അതിന്റെമേല്‍ ആക്ഷേപമില്ലെങ്കിലും അതിനെ നീക്കാന്‍ നിര്‍ബന്ധിക്കപ്പെടും. കാലം നീണ്ടുപോയിട്ടും അതു മാറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ പ്രസ്തുത വ്യക്തി ആക്ഷേപാര്‍ഹനായിത്തീരും. മനപ്പൂര്‍വ്വം അത്തരം സാദൃശ്യങ്ങള്‍ ഉണ്ടാക്കുന്നവരും ആക്ഷേപാര്‍ഹര്‍ തന്നെ.' (ദലീലുല്‍ ഫാലിഹീന്‍: 4/353) ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നു- ഇമാം ത്വബരി(റ) പറയുന്നു: 'പുരുഷന്മാര്‍ക്ക് സ്ത്രീകളുമായും സ്ത്രീകള്‍ക്ക് പുരുഷന്മാരുമായും അവരുമായി പ്രത്യേകമാക്കപ്പെട്ട വസ്ത്രധാരണത്തില്‍ സാദൃശ്യമാവലാണ് ഹദീസില്‍ നബിതങ്ങളുടെ ശാപത്തിനു പാത്രമായത്.' ഇബ്‌നു അബീജംറത്ത് എന്നവര്‍ പറയുന്നു: 'ഈ ഹദീസിന്റെ പ്രകടാര്‍ത്ഥം മുഴുവന്‍ വിഷയങ്ങളിലെ സാദൃശ്യതയും ഉള്‍ക്കൊള്ളിക്കുന്നുണ്ടെങ്കിലും മറ്റുചില തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ശാപം വസ്ത്രം, ചില പ്രത്യേക വിശേഷണങ്ങള്‍, ചലനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാദൃശ്യതയാണ്. അല്ലാതെ, നന്മയുടെ കാര്യത്തിലുള്ള സാദൃശ്യതയല്ല. ഹദീസിലെ ശാപം, പുരുഷന്മാര്‍ സ്ത്രീകളോട് സാദൃശ്യം പുലര്‍ത്തുന്നതും സ്ത്രീകള്‍ പുരുഷന്‍മാരോട് സാദൃശ്യം പുലര്‍ത്തുന്നതും വന്‍ദോശമാണെന്നതിന്റെ മേല്‍ അറിയിക്കുന്നു.' (ദലീലുല്‍ ഫാലിഹീന്‍: 4/354). 'സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും വസ്ത്രത്തില്‍ തുല്ല്യമാവല്‍ ഹറാമാണ്.' (തുഹ്ഫ: 3/33)