സഫറേ സാദാത്ത് ത്യാഗ തീക്ഷ്ണതയേറിയ ആഗ്രഹസാഫല്യം

അമീര്‍ അഹ്മദ് അലവിയുടെ സഫറേ സാദാത്ത് എന്ന കൃതിയെ ആസ്പദമാക്കി ഹജ്ജ് യാത്രാനുഭവം... പരിശുദ്ധ ദീനിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. വിശ്വാസീ ഹൃദയാന്തരങ്ങളില്‍ ആത്മീയാനന്ദത്തിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിക്കുന്ന പുണ്യകര്‍മത്തെ ആയുസ്സളവില്‍ ഒരൊറ്റ പ്രാവശ്യമെങ്കിലും ചെയ്തുതീര്‍ക്കാനുള്ള ആത്മാഭിലാഷത്തിന്റെ പേരില്‍ സദാ സമയവും അഹദവനിലേക്ക് കരങ്ങള്‍ ഉയര്‍ത്തുന്നവരാണ് വിശ്വാസികളിലഖിലവും. പരിശുദ്ധ കര്‍മ്മത്തിനായി തരപ്പെടുന്ന സുവര്‍ണ്ണാവസരങ്ങളൊന്നും നഷ്ടപ്പെടുത്താതെ ഉള്ളകം വിങ്ങുന്ന ആത്മദാഹത്തിന്റെ ശമനത്തിനായി പുണ്യം പുഷ്‌കലിച്ച മണ്ണിലൊരു സ്പര്‍ശമെങ്കിലും സാധ്യമാക്കുന്നവരാണ് വിശ്വാസീവൃന്ദം. ഇത്തരുണത്തില്‍ ഖല്‍ബകം മന്ത്രിക്കുന്ന ആദ്ധ്യാത്മിക തേട്ടത്തിന്റെ സാഫല്യരൂപമാണ് സഫറേ സാദാത്തിന്റെ അക്ഷരബലം. കണ്ണകം കുളിര്‍ക്കുന്ന കഅ്ബാലയത്തിന്റെ നയനമനോഹരിതയെ കണ്ടാസ്വദിച്ച് സ്രഷ്ടാവിന്റെ പ്രീതിയും പ്രതീക്ഷിച്ച് ഇലാഹിലലിയാനായി കടലിനക്കരെയെത്തിയ ബ്രിട്ടീഷിന്ത്യക്കാരന്റെ ഹൃദയം പിടക്കുന്ന കഥ. കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍പാമ്പ് വരെയുള്ള മലപോലെ കുതിച്ചുയര്‍ന്ന നൂറായിരം പ്രതിബന്ധങ്ങള്‍ മഞ്ഞുപോലെ ഉരുകിയൊലിച്ചുപോയ ആത്മത്യാഗത്തിന്റെ നിറംപകര്‍ന്ന അക്ഷരക്കൂട്ടങ്ങളാണ് സഫറേ സാദാത്തിന്റെ ഇതിവൃത്തം. ബ്രിട്ടീഷ് കാപാലികരുടെ കരാള ഹസ്തങ്ങളില്‍ എരിഞ്ഞമര്‍ന്ന ഇന്ത്യാ രാജ്യത്തിന്റെ ഹൃദയഭൂമികയായ ലഖ്‌നൗവില്‍നിന്നും 1929ല്‍ അചഞ്ചലമായ ഏകദൈവ വിശ്വാസത്തിന്റെ ഉള്‍ക്കരുത്തില്‍ പ്രയാസങ്ങളും പേറി പുറപ്പെട്ട ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന അമീര്‍ അഹ്മദ് അലവി (1879-1952) എന്ന ഇന്ത്യന്‍ മുസല്‍മാന്റെ ദുരിതംനിറഞ്ഞ ഹജ്ജ് യാത്രയുടെ വഴിക്കുറിപ്പുകളാണ് സഫറേ സാദാത്തിന്റെ ഇതളുകള്‍ക്ക് മനോഹാരിത നല്‍കുന്നത്. 1879ല്‍ ലഖ്‌നൗവിനടുത്തുള്ള കക്കോരിയെന്ന ദേശത്തെ പുരാതന അലവി കുടുംബത്തിലാണ് സ്മര്യപുരുഷന്‍ ജനിക്കുന്നത്. പ്രമുഖ കവിയും അറബി മുന്‍ഷി കൂടിയായിരുന്ന സക്കാവുദ്ദീന്‍ അലവി ബാരിസ്റ്റര്‍ എന്നവരായിരുന്നു പിതാവ്. ബ്രിട്ടീഷ് നരനായാട്ടുകള്‍ പൂര്‍വോര്‍ജം പ്രാപിച്ച കാലഘട്ടത്തിലായിരുന്നു അമീര്‍ അഹ്മദ് മൗലവിയുടെ ജനനം. യൗവ്വനത്തിന്റെ ചുറുചുറുക്കിലധികവും അധിനിവേശ ശക്തികള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കായി ചെലവഴിച്ച അദ്ദേഹത്തിന്റെ ചിരകാല സ്വപ്‌നമായിരുന്നു ഹജ്ജ് തീര്‍ത്ഥാടനമെന്നത്. അതുകൊണ്ടുതന്നെ രൗദ്രഭാവം പൂണ്ട എല്ലാവിധ തടസ്സങ്ങളെയും നിഷ്പ്രയാസം നേരിടാന്‍ അദ്ദേഹത്തിന്റെ മനക്കരുത്ത് പാകപ്പെട്ടിരുന്നുവെന്നു വേണം വിലയിരുത്താന്‍. ഇടുങ്ങിനിറഞ്ഞ ട്രെയിനിലും ആടിയുലയുന്ന കപ്പലിലുമായി മക്കാ മരുപ്പച്ചയിലേക്ക് യാത്രതിരിച്ച ആ ധീരയോദ്ധാവിന്റെ അചഞ്ചലമായ ഈമാനികാവേശത്തിനു മുമ്പില്‍ യാത്രാക്ലേശങ്ങളെല്ലാം നിര്‍ജ്ജീവ വസ്തുക്കളോട് സാമ്യപ്പെട്ടുപോയി. ഒരു തരി കമ്പിളിപോലും കൈയ്യിലില്ലാതെ തണുത്തുറച്ച രാത്രികാല ട്രെയിന്‍ യാത്രകളെയും പരസസ്പരം പരിചിതമില്ലാത്ത വിവിധ ഭാഷ ദേശക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞ കപ്പല്‍ യാത്രകളും ആധുനികന്റെ ചിന്താതുരക്ക് പോലും അലോസരം സൃഷ്ടിക്കുമെന്നതാണ് കലര്‍പ്പില്ലാത്ത നേര്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്കെന്ന തല്‍ബിയ്യത്തിന്റെ അമരശബ്ദം ഹൃദയാന്തരങ്ങള്‍ക്കുള്ളില്‍ സൃഷ്ട്ടിച്ച ആന്തോളനുകളുടെ മധുരനുരകളില്‍ ലയിച്ച് പുണ്യപ്രവാചകരുടെ പാദം പതിഞ്ഞ പരിശുദ്ധ മണ്ണിലേക്ക് എത്തിച്ചേരണമെന്ന അതിയായ ആഗ്രഹമെന്ന നൗകയില്‍ കഅ്ബാലയത്തിന്റെ ചാരത്തെത്തിയ സ്മര്യ പുരുഷന്‍ തിക്കിലും തിരക്കിലുമായി പുണ്യകര്‍മം ചെയ്തുതീര്‍ത്ത് ആത്മശുദ്ധികലശംവരുത്തി കാലങ്ങളായുള്ള ആത്മദാഹത്തിനു ശമനംവരുത്തുന്ന സുന്ദരചിത്രങ്ങളെ അക്ഷരവല്‍ക്കരിച്ച ഇതളിന്‍ഭാഗങ്ങള്‍ അനുവാചക ഹൃദയങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതും പുണ്യകര്‍മ്മത്തിനായി ആഗ്രഹം ജനിപ്പിക്കുന്നതുമാണ്. വിശാലമായ അറഫയുടെ ഓര്‍മകള്‍ പെയ്യുന്ന മൈതാനിയിലൂടെ അമീര്‍ അഹ്മദ് അലവിയെന്ന വിശ്രുത പുരുഷന്‍ നടന്നുനീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ബോധമണ്ഡലങ്ങളില്‍ നുരഞ്ഞുപൊങ്ങിയ വിശ്വപ്രസിദ്ധമായ പ്രവാചകന്റെ വിടവാങ്ങല്‍പ്രസംഗം. അടുത്ത വര്‍ഷം ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാവുമോ എന്ന് എനിക്കറിയില്ല, വിശുദ്ധ ഖുര്‍ആനും ഹദീസും നിങ്ങളുടെ ജീവിതധാരക്ക് കരുത്തു പകരണം. നിങ്ങളാരെയും ആക്രമിക്കരുത്. ആരുടെയും അഭിമാനം നഷ്ടപ്പെടുത്താന്‍ നിങ്ങള്‍ കാരണമാവരുത്. ഇങ്ങനെ തുടങ്ങി. നിങ്ങള്‍ ഇവിടെ ഹാജര്‍ ഉള്ളവര്‍ ഇവിടം വന്നിട്ടില്ലാത്ത ആളുകള്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കണേയെന്നും പറഞ്ഞ് അവസാനിക്കുന്ന ആ സുപ്രസിദ്ധ പ്രഭാഷണം വായനക്കാരുടെ നയനങ്ങള്‍ നനക്കുന്നതാണ്. അക്കാലഘട്ടത്തിലെ അറേബ്യന്‍ ജീവിതരീതിയെല്ലാം കണ്ടറിഞ്ഞ അദ്ദേഹം വിവരിക്കുന്നുണ്ട്. അന്ന് അറേബ്യ എണ്ണപ്പാടമായി പെട്രോഡോളര്‍ ഊറ്റിയെടുക്കുന്ന സ്ഥലമല്ലായിരുന്നു. ദാരിദ്ര്യത്തിന്റെ തപ്തസാഗരത്തില്‍ നീരാട്ട് നടത്തുകയായിരുന്നു. പക്ഷേ, ഇന്നു പഴയകാല ഹിജാസും അവിടുത്തെ ജീവിതരീതികളുമെല്ലാം പുരോഗമനത്തിന്റെ പട്ടുമെത്തയിലാണ്. 1929ല്‍ അമീര്‍ അഹ്മദ് അലവിയെന്ന ബ്രിട്ടീഷ് ഇന്ത്യയിലെ അഭ്യസ്തവിദ്യനായ ഒരു മുസല്‍മാന്‍ നടത്തിയ ഹജ്ജ് യാത്രയുടെ സ്മൃതിരേഖകള്‍ ആണ് സഫറേ സാദാത്ത് എന്ന് പറഞ്ഞുവച്ചല്ലോ. ഹിന്ദുസ്ഥാനീ ഭാഷയില്‍ രചിക്കപ്പെട്ട ഈ ചെറുഗ്രന്ഥം വായനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. സഫറേ സാദാത്ത് എന്ന ഈ മൂലകൃതിയെ 1931ല്‍ ലഖ്‌നൗവിലെ അല്‍നാസിര്‍ പ്രസ്സാണ് പ്രസിദ്ധീകരിച്ചത്. ഹൃദയഹാരിയായ ഈ ഗ്രന്ഥത്തെ ഭാഷാന്തരംചെയ്ത് അമീര്‍ അഹ്മദ് അലവി ഹജ്ജ് യാത്രയുടെ പുണ്യപാതയില്‍ എന്ന സുന്ദരമായ തലവാചകത്തിലൂടെ മലയാളികളുടെ പുസ്തകപ്പുരയിലെത്തിച്ചത് ചരിത്രഗവേഷകനായ വി.പി. യാസിറാണ്. മലപ്പുറം പൊന്നാനിയാണ് ദേശം. ഡി.സി ബുക്‌സാണ് മലയാള വിവര്‍ത്തനത്തിന്റെ പ്രസാധകര്‍.