പെരുന്നാളിന്റെ കാലമാറ്റങ്ങള്‍
.jpg)
കുട്ടിക്കാലത്ത് പെരുന്നാളിനു മാത്രം കാണുന്ന, കിട്ടുന്ന അപൂര്‍വത കള്‍ ഏറെയുണ്ട്. അതിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. വീടിനു പുറത്തേക്ക് പോകുന്നത് ചോദ്യംചെയ്യപ്പെടാത്ത ദിവസം പെരുന്നാളിനായിരുന്നു. അയല്‍പക്കത്തേക്കും കുടുംബങ്ങളിലേക്കും പോകാന്‍ കഴിയും. രണ്ടാമത്തേത് വസ്ത്രമാണ്. ജീവിതത്തില്‍ പുത്തന്‍ കുപ്പായം കിട്ടുന്നത് പെരുന്നാളിനാണ്. നാട്ടിലുള്ള മിക്കവരുടെയും അവസ്ഥ ഒന്നുതന്നെയാണ്. പെരുന്നാളിന് വിളമ്പുന്ന ഭക്ഷണമാണ് മറ്റൊരു പ്രത്യേകത. പട്ടിണിയായാലും പൊരിച്ചതും കരിച്ചതുമായി പെരുന്നാള്‍ ചോറ് എല്ലാവരും കൊശിയാക്കും. ഇതില്‍ മുന്തിയ പരിഗണന ഇറച്ചിക്കു തന്നെയാണ്. -കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളില്‍ ഒരാളായ കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ പെരുന്നാള്‍ ഓര്‍മകളില്‍നിന്നുള്ള വരികളാണിത്. പോയകാലത്തെ പെരുന്നാള്‍ദിനങ്ങളെ പറ്റി പറയുമ്പോള്‍ ഒരു ശരാശരി മലയാളി മുസ്‌ലിമിന് ഇതൊന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് കട്ടായം. ഇല്ലായ്മയുടെ ഉമ്മറത്തേക്ക് വിരുന്നെത്തുന്ന പെരുന്നാള്‍ സുദിനങ്ങള്‍ക്ക് സന്തോഷം ശതഗുണീഭവിച്ചിരുന്നത് അങ്ങനെയൊക്കെയാണ്. എന്നാല്‍, ഇന്ന് സ്ഥിതി അതല്ല. സാഹചര്യങ്ങള്‍ മാറി. ഇല്ലായ്മയുടെ കഥകള്‍ ഇല്ലാതായി. ആഘോഷങ്ങളിലെ പുതുമ കെട്ടു. വിഭവങ്ങള്‍ സമൃദ്ധമായി. പുതുവസ്ത്രങ്ങള്‍ക്ക് പഞ്ഞമില്ലാതായി. എന്നും പെരുന്നാളായി...! എന്തും ആഘോഷമാക്കുക എന്നത് പുതിയ തലമുറയുടെ ട്രന്റായി മാറിയിരിക്കുന്നു. കൂടാനും ചെലവ്‌ചെയ്യാനും അടിച്ചുപൊളിക്കാനുമുള്ള കാരണങ്ങളും ന്യായങ്ങളും ഗവേഷണം ചെയ്തു കണ്ടെത്തി നിരന്തരം സജീവമാക്കിക്കൊണ്ടിരിക്കുകയാണ് അവര്‍. ഒരല്‍പം മുമ്പുവരെ മാമൂലുകളെപ്പറ്റി മാത്രമാണ് ഈ അര്‍ത്ഥത്തില്‍ നമുക്ക് വിചാരപ്പെടേണ്ടിയിരുന്നത്. കാലവും കാലാവസ്ഥയും നാടും നാട്ടതിരും മാറുന്നതിനനുസരിച്ച് രൂപഭേദങ്ങളും ഭാവവ്യത്യാസങ്ങളും കാണപ്പെടാറുള്ള അത്തരം നാട്ടാചാരങ്ങള്‍ക്ക് പലപ്പോഴും മതാചാരങ്ങളുമായി നൂലിഴബന്ധം പോലും ഉണ്ടാകാറില്ല എന്നത് നേരാണ്. പലപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും ഇണക്കപ്പിണക്കങ്ങള്‍ക്ക് അവ നിദാനമാകാറുണ്ടായിരുന്നുവെന്ന കാര്യവും വിസ്മരിക്കാനാവില്ല. എങ്കിലും, ധാര്‍മികതയുടെയും ധൂര്‍ത്തിന്റെയും സീമകളെപ്പറ്റി ജാഗ്രത വളര്‍ത്തിയും പ്രമാണങ്ങളുടെ മാപിനികളിലൂടെ ശരിതെറ്റുകള്‍ അളന്നുനോക്കിയുമാണ് അവ തലമുറകളിലേക്കു കൈമാറ്റംചെയ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ, അനാചാരങ്ങള്‍ ആക്ഷേപിക്കപ്പെടുകയും അതിരുകവിയലുകള്‍ ആത്മവിമര്‍ശനത്തെ ഉല്‍പാദിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ കാലത്തിന്റെയും തലമുറയുടെയും കാര്യം അതല്ല. മതവ്യക്തിത്വത്തിന്റെ ആത്മപ്രകാശനമായിരുന്ന ആഘോഷങ്ങള്‍ പോലും മതരഹിത സ്വത്വത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വേദികളും സന്ദര്‍ഭങ്ങളുമായി പരിണമിച്ചത് ആ തലമുറമാറ്റ(Generation gap)ത്തോടൊപ്പം സന്നിവേശിപ്പിക്കപ്പെട്ട ഉദാരബോധ(Liberal thought)ത്തിന്റെ ആസൂത്രണത്തികവാണ് അടയാളപ്പെടുത്തുന്നത്. വിശ്വാസികള്‍ എന്ന നിലയില്‍ രണ്ടു പെരുന്നാള്‍ ദിനങ്ങളാണ് മുസ്‌ലിംകളുടെ ആഘോഷവേളകള്‍. ഹിജ്‌റാനന്തരം മദീനയിലെ രണ്ട് ആഘോഷദിനങ്ങള്‍ ശ്രദ്ധയില്‍പെട്ട തിരുനബി(സ്വ) അവയെ നിരുത്സാഹപ്പെടുത്തുകയുംപകരം രണ്ടു പെരുന്നാള്‍ ദിനങ്ങള്‍ അവര്‍ക്ക് അനുവദിച്ചുകൊടുക്കുകയുമാണുണ്ടായത്. (മിര്‍ഖാത്ത്) ആധുനിക സങ്കല്‍പ്പത്തിലെ ആഘോഷത്തില്‍ നിന്നും വളരെ വ്യത്യസ്തവും വ്യതിരിക്തവുമാണ് ഇസ്‌ലാമിലെ ആഘോഷം. മനുഷ്യ സൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും ലക്ഷ്യമായി ഇസ്‌ലാം പഠിപ്പിക്കുന്ന ആരാധന (ഖുര്‍ആന്‍: 51/56) ആഘോഷത്തിലും പ്രകടമാണ്. ആഘോഷ ദിവസങ്ങളായതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ വ്രതം നിഷിദ്ധമാക്കപ്പെടുകയും അല്‍പസ്വല്‍പം വിനോദങ്ങള്‍ അനുവദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അശ്ലീലകാര്യങ്ങളോ അധാര്‍മ്മികവൃത്തിയോ ദുര്‍വ്യയമോ പരോപദ്രവകരമായ വിനോദങ്ങളോ ഒരു ആഘോഷത്തിലും ഇസ്‌ലാം അനുവദിക്കുന്നില്ല. തക്ബീര്‍, പ്രാര്‍ത്ഥന, നിസ്‌കാരം, ദാനധര്‍മം, കുടുംബ സന്ദര്‍ശനം തുടങ്ങിയവയാണ് ആഘോഷത്തിലെ പ്രധാന ചടങ്ങുകള്‍. ഇങ്ങനെയുള്ള ആത്മാവും ആന്തരാര്‍ത്ഥങ്ങളുമാണ് ആഘോഷങ്ങളുടെ ഇസ്‌ലാമികത നിശ്ചയിക്കുന്നത്. ഏക ദൈവ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനും മതവ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും ഉതകുന്ന ആഘോഷങ്ങള്‍ക്കു മാത്രമേ അനുമതിയുള്ളൂ എന്നര്‍ത്ഥം. ബഹുദൈവ സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റു സമുദായങ്ങളുടെ മിക്ക ആഘോഷങ്ങളും. ഒരു വിശ്വാസി അതില്‍ ആഘോഷപൂര്‍വ്വം പങ്കുചേരുന്നു എന്നതിന്റെ അര്‍ത്ഥം അവരുടെ ഇലാഹീ സങ്കല്‍പത്തോടും ആചാരരീതികളോടും താത്വികമായി യോജിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ അത്തരമൊരു ഉദാര സമീപനം അപകടംചെയ്യും എന്നുറപ്പാണ്. കുട്ടികളുടെ ഒരു സന്തോഷത്തിന് എന്ന സാമാന്യവല്‍ക്കരണംകൊണ്ടു മാത്രം കുടുംബസംഗമങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതായി മാറിക്കൊണ്ടിരിക്കുന്ന കേക്ക് മുറിയും മെഴുകുതിരി ഊത്തുമെല്ലാം ഇത്തരുണത്തില്‍ ചിന്തനീയമാണ്. മറ്റു മതവിശ്വാസികളോട് സാദൃശ്യപ്പെടുന്നത് തിരുനബി(സ്വ) അതിശ്ശക്തമായി വിലക്കിയ കാര്യമാണ്. മറ്റു മതവിഭാഗങ്ങളോട് സാദൃശ്യംപുലര്‍ത്തുന്നവന്‍ അവരില്‍ പെട്ടവനാണ് (അബൂദാവൂദ്) എന്നാണ് അവിടുന്ന് വ്യക്തമാക്കിയിട്ടുള്ളത്. നിസ്‌കാരസമയമറിയിക്കാനുള്ള മാര്‍ഗങ്ങളന്വേഷിച്ചപ്പോഴും മുഹര്‍റം ഒമ്പതിനുകൂടി നോമ്പനുഷ്ഠിക്കല്‍ സുന്നത്താക്കിയപ്പോഴുമെല്ലാം ഇതര മതങ്ങളോട് സാദൃശ്യപ്പെടുന്നതിനെ പഴുതടച്ച് പ്രതിരോധിക്കുകയായിരുന്നു തിരുമേനി(സ്വ). കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി ഗൗരവത്തില്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ആചാരങ്ങളും വേഷഭൂഷാദികളും സ്വീകരിക്കുന്നത് മതഭ്രഷ്ട് (രിദ്ദത്ത്) സംഭവിക്കാനുള്ള കാരണമായാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. (തുഹ്ഫ, ഫത്ഹുല്‍ മുഈന്‍). പരിഷ്‌കാരങ്ങളുടെ പേരില്‍ പലതും വാരിപ്പുണരുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെ നാം അറിയാതെ പോവുകയാണ്. അവസാനകാലത്ത് ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങള്‍ ജൂത-ക്രിസ്ത്യാനികളെ പിന്തുടരുമെന്ന പ്രവാചകമുന്നറിയിപ്പിന്റെ നേര്‍ക്കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം പരകായപ്രവേശങ്ങളെ അത്യന്തം മൂര്‍ച്ചയുള്ളൊരു ചോദ്യമാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട് മഹാനായ അബൂഹസന്‍ അലി ഹസ്സന്‍ നദ്‌വി(ന:മ) ഒരു സന്ദര്‍ഭത്തില്‍.’മുസ്‌ലിം ഭവനങ്ങളിലും ഓഫീസുകളിലും പ്രദര്‍ശിപ്പിക്കാനായി ഒരു ബോര്‍ഡ് സമര്‍പ്പിക്കാന്‍ ആരെങ്കിലും എന്നോടാവശ്യപ്പെട്ടാല്‍ എന്റെ കാലശേഷം ആരെയാണ് നിങ്ങളാരാധിക്കുകയെന്ന (വിശുദ്ധ ഖുര്‍ആന്‍: 2/133) ഖുര്‍ആന്‍ വചനമാണ് ഞാന്‍ നിര്‍ദ്ദേശിക്കുക എന്ന് അേദ്ദഹം തന്റെ സ്‌നേഹജനങ്ങളോട് ഉണര്‍ത്തിയിരുന്നുവത്രെ! മരണാസന്നനായ യഅ്ഖൂബ് നബി(അ) ചുറ്റും കൂടിയ മക്കളോട് ചോദിക്കുന്ന ആദര്‍ശപരവും പ്രത്യയശാസ്ത്രപരവുമായ ചോദ്യത്തിന്റെ ഖുര്‍ആനികാവിഷ്‌കാരം പുതിയകാലത്തിന്റെ മുസ്‌ലിം ജീവിതപരിസരങ്ങളിലേക്കു പറിച്ചുനടുകയായിരുന്നു മഹാനായ അലിമിയാന്‍ ഇവിടെ. സ്വന്തം മതവ്യക്തിത്വവും സാമുദായിക സ്വത്വവും ചോര്‍ന്നുപോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്ന ഒരുകാലത്ത് ഓരോരുത്തരും സ്വന്തത്തോട് ആവര്‍ത്തിച്ചു ചോദിക്കേണ്ട ചോദ്യങ്ങളിലൊന്നാണിത്. നിങ്ങളെല്ലാം ഭരണാധികാരികളും നിങ്ങള്‍ക്കു കീഴിലുള്ളവരെപ്പറ്റി ചോദ്യംചെയ്യപ്പെടുന്നവരുമാണ് എന്ന പ്രവാചകവചനം അതീവ പ്രഹരശേഷിയുള്ള ഉദ്‌ബോധനമാണ്. നേതാവ്അണികളെക്കുറിച്ചും കുടുംബനായകന്‍ കുടുംബത്തെ കുറിച്ചും ഗൃഹനായിക വീടിനകത്തെ കാര്യങ്ങളെ കുറിച്ചും യജമാനധനത്തിന്റെ ഉത്തരവാദിത്തമേല്‍പ്പിക്കപ്പെട്ട ഭൃത്യന്‍ തനിക്കു കീഴിലുള്ളവരെ കുറിച്ചുമെല്ലാം ചോദ്യംചെയ്യപ്പെടുമെന്നു വ്യക്തമാക്കിയ തിരുമേനി(സ്വ) ഉത്തരവാദിത്തത്തിന്റെ വ്യാപ്തിയെയാണ് വിവരിച്ചുതരുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ ഇബാദുര്‍റഹ്മാനെ (കാരുണ്യവാന്റെ ഇഷ്ടദാസന്‍മാര്‍) പരിചയപ്പെടുത്തുന്നിടത്ത് നാഥാ, സ്വന്തം സഹധര്‍മിണിമാരിലും സന്താനങ്ങളിലുംനിന്ന് ഞങ്ങള്‍ക്കു നീ ആനന്ദംനല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയുംചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് അവര്‍ (ഫുര്‍ഖാന്‍: 74) എന്നു കാണാം. ഇതിലെ മുത്തഖീങ്ങള്‍ക്ക് ഇമാമാേക്കണമേ (സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്കു ഞങ്ങളെ മാതൃകയാേക്കണമേ) എന്ന പ്രയോഗത്തില്‍ അടങ്ങിയിരിക്കുന്ന പാരസ്പര്യം പണ്ഡിതന്‍മാര്‍ വിശകലനംചെയ്തിട്ടുണ്ട്. വ്യക്തി സ്വയം മാതൃകയാവുകയും മാതൃകായോഗ്യനായിത്തീരുകയും ചെയ്യുന്നേടത്തു മാത്രമേ ഈ പ്രാര്‍ത്ഥനക്ക് പുലര്‍ച്ചയുണ്ടാകുന്നുള്ളൂ എന്നാണ് അത്തരം വിശദീകരണങ്ങളുടെ ആകെത്തുക. വിശ്വാസികള്‍ എന്ന നിലയില്‍ ഓരോരുത്തരും മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഇടപെടുന്ന മേഖല വിസ്തൃതമാകുംതോറും ഉത്തരവാദിത്തം വര്‍ധിക്കുകയാണ് ചെയ്യുക. അതേസമയം, ഏറ്റവും ചുരുങ്ങിയത് താനൊരു കുടുംബനാഥനാണെന്ന കാര്യമോ ഗൃഹനായികയാണെന്ന യാഥാര്‍ത്ഥ്യമോ ഒരിക്കലും വിസ്മരിച്ചുകൂടാ. മതാചരണത്തില്‍ കഴിവിന്റെ പരമാവധി ജാഗ്രതപുലര്‍ത്തി മാതൃകാപുരുഷനും മാതൃകാവനിതയുമായി മാറിക്കൊണ്ടു മാത്രമേ അതു സാധ്യമാവുകയുള്ളൂ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.