Sunni Afkaar Weekly

Pages

Search

Search Previous Issue

ബഹുസ്വരതയുടെ നിരാകരണമാണ്

പി.കെ. സഈദ് പൂനൂര്‍
  ബഹുസ്വരതയുടെ  നിരാകരണമാണ്

ഭരണഘടനയുടെ മതാധിഷ്ഠിത വൈവിധ്യ സങ്കല്‍പങ്ങളുടെ നിരാസമാണ് യൂണിഫോം സിവില്‍ കോഡ്. ന്യൂനപക്ഷങ്ങള്‍, വ്യക്തിനിയമത്തിന്റെ പിന്‍ബലത്തില്‍ അനുഭവിക്കുന്ന സവിശേഷ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്നു വരുത്തിത്തീര്‍ത്ത് ഭൂരിപക്ഷ സമുദായത്തിന്റെ പ്രീതി നേടലാണ് ഇതിലെ ലാക്ക്. ഒപ്പം മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമവും സാമുദായികതനിമയും നിലനിര്‍ത്താന്‍ ന്യൂനപക്ഷങ്ങളെ അനുവദിക്കാതിരിക്കലും. വ്യക്തിനിയമങ്ങളില്‍ മാത്രമല്ല, ക്രിമിനല്‍ നിയമങ്ങളില്‍തന്നെ യൂനിയന്‍ നിയമത്തിനു താഴെ വരുന്ന വ്യവസ്ഥകളില്‍ പലതും സംസ്ഥാനങ്ങള്‍ വ്യതിരിക്ത രീതികളിലാണ് നടപ്പാക്കുന്നത്. നൂറിലധികം ഭേദഗതികള്‍ കാരണം സംസ്ഥാനങ്ങളിലെ ക്രിമിനല്‍ നിയമങ്ങള്‍ തമ്മില്‍ ഭിന്നതകളുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള വ്യവസ്ഥകളും പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ഇതൊക്കെ ഫെഡറല്‍ വ്യവസ്ഥയില്‍ സ്വാഭാവികമായ അനിവാര്യതകളാണ്. അതുകൊണ്ടാണ് വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ സമാവര്‍ത്തിപ്പട്ടിക പ്രതിപാദിക്കുന്ന അഞ്ചാം ഖണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും. ഭൂമിശാസ്ത്രപരമായ ഇത്തരം ഭിന്നതകള്‍പോലെ തന്നെയാണ് വിശ്വാസാധിഷ്ഠിതമായ വ്യക്തിനിയമങ്ങളും. മുസ്‌ലിംകള്‍ക്കിടയില്‍തന്നെ 1937ലെ ശരീഅത്ത് ആക്ട് അല്ല ജമ്മുകശ്മീരില്‍ പ്രാബല്യത്തിലുള്ളത്; പ്രാദേശിക പാരമ്പര്യമനുസരിച്ച നിയമങ്ങളാണ്. ഗോവയിലെ ഏക സിവില്‍കോഡ് ഒരു പ്രായോഗിക മാതൃകയായി ഉയര്‍ത്തപ്പെടാറുണ്ടെങ്കിലും അത് 1867ലെ പോര്‍ചുഗീസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. ആ പൊതുസിവില്‍കോഡ്’മാതൃക എകീകൃത സിവില്‍ കോഡിന്റേതല്ല. വിശാലാര്‍ഥത്തില്‍ ഹിന്ദു ദ്വിഭാര്യത്വവും ഹിന്ദു ദത്തും മാത്രം അനുവദിക്കുന്ന, മറ്റു മതസ്ഥര്‍ക്ക് അതനുവദിക്കാത്ത, ഹിന്ദുക്കള്‍ക്ക് വിവാഹമോചനത്തിനു പരപുരുഷഗമനമല്ലാത്ത ഒന്നുമനുവദിക്കാത്ത നിയമം എങ്ങനെയാണ് ഏകീകൃത കോഡാവുക? ഹിന്ദു, ക്രിസ്ത്യന്‍, പൊതു വിഭാഗങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ വ്യത്യസ്ത നിയമമാണ് ഗോവന്‍ സിവില്‍ കോഡില്‍. യു.സി.സിക്ക് മാതൃക ഗോവയാണെങ്കില്‍ അത് ഏകീകൃതമല്ലെന്ന് ആര്‍ക്കാണറിയാത്തത്? ഉദ്ധൃത രീതിശാസ്ത്ര പ്രകാരം ഏക സിവില്‍കോഡിന്റെ മെറിറ്റ് വിശകലനവിധേയമാക്കിയാല്‍ വിശദമായ പഠനശേഷം ഉരുത്തിരിഞ്ഞ ആശയമല്ലെന്നു കാണാം. വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്‍പികള്‍ക്കും ബോധ്യപ്പെട്ടിരുന്നതുകൊണ്ടാണ്, വ്യക്തിനിയമങ്ങളെ കണ്‍കറന്റ് ലിസ്റ്റില്‍ പെടുത്തിയത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കില്‍ യൂനിയന്‍ ലിസ്റ്റില്‍ ചേര്‍ത്താല്‍ മതിയായിരുന്നു. കണ്‍കറന്റ് (concurrent list) ലിസ്റ്റില്‍ സംസ്ഥാനങ്ങള്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കാം. ഇപ്പോള്‍, വിവിധ സംസ്ഥാനങ്ങളില്‍ വ്യതിരിക്തങ്ങളായ വ്യക്തിനിയമങ്ങളുണ്ട്. പുതുച്ചേരിയില്‍ ഇന്നും ഫ്രഞ്ച് നിയമമാണ്. സ്‌പെഷല്‍ മതാധിഷ്ടിത വ്യക്തിനിയമങ്ങള്‍ കൊണ്ട് മുസ്‌ലിങ്ങള്‍ക്കു മാത്രമാണ് ഗുണം എന്ന മിഥ്യാധാരണ നിലവില്‍ വ്യാപകമാണ്. മുസ്‌ലിംകള്‍ക്കു മാത്രമാണ് കോഡ് ഏകീകരണത്തില്‍ പ്രശ്‌നമെന്ന മിഥ്യാധാരണ ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. തങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കമായി മുസ്‌ലിംകള്‍ സ്വയം മനസ്സിലാക്കുന്നുവെന്ന പ്രശ്‌നവുമുണ്ട്. 2018ല്‍ നിയമ കമ്മീഷന്‍ അനാവശ്യമെന്നും അപ്രായോഗികമെന്നും വിശേഷിപ്പിച്ച ഒരു ആശയം 2023ല്‍ വീണ്ടുമെടുത്തിടുന്നത് 2024ന് വേണ്ടിയാണെന്ന് മനസ്സിലാക്കി മാത്രമേ ഈ വിഷയത്തില്‍ പ്രതികരണത്തിന്റെ രീതിശാസ്ത്രം രൂപപ്പെടുത്താവൂ. സിവില്‍ കോഡും മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നു മാത്രമല്ല, ഏക സിവില്‍കോഡില്ലാത്ത ഏകരാജ്യം ഇന്ത്യ മാത്രമാണെന്നും തെറ്റിദ്ധരിക്കുകയും വേണ്ട. പാകിസ്താനെയും ഈജിപ്തിനെയും ചൂണ്ടിപ്പറയുന്നവര്‍ ബോധപൂര്‍വം ഇന്ത്യ മതേതര രാജ്യമാണെന്നു മറക്കുകയാണ്. 1835ലെ രണ്ടാം നിയമ കമ്മീഷന്റെ കാലം മുതല്‍ക്ക് ചര്‍ച്ചാവിഷയമാണ് രാജ്യത്തെ നിയമങ്ങളുടെ ഏകീകരണം. ക്രിമിനല്‍, തെളിവ് നിയമങ്ങള്‍ ഏകീകരിക്കാമെന്നല്ലാതെ വ്യക്തിനിയമങ്ങള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ അവയുടെ ഏകാത്മകത സാധ്യമല്ലെന്നാണ് അന്നുതൊട്ട് ഇന്നേവരെയുള്ള എല്ലാ നിയമ കമ്മീഷനും അഭിപ്രായപ്പെട്ടത്. കോഡ് ഏകീകരണത്തില്‍ പ്രശ്‌നവത്കരിക്കപ്പെടുന്നത് മുസ്‌ലിംകള്‍ മാത്രമാെണന്ന നിരര്‍ത്ഥകതയില്‍ ആശ്വസിക്കുന്നവര്‍ ഹിന്ദു കോഡ് ഏകീകരണ ശ്രമങ്ങളുടെ ചരിത്രസംഹിതകളെ ബോധപൂര്‍വ്വം മറക്കുകയാണ്. തുല്യനീതി, സ്ത്രീപുരുഷ സമത്വം തുടങ്ങി ആകര്‍ഷകമായ ആശയങ്ങളാണ് ഏക സിവില്‍ കോഡിന്റെ വിവക്ഷയെന്നാണ് സര്‍ക്കാര്‍ വാദം. അഥവാ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം ബാധകമാകുന്ന ഒരു ഏകീകൃത നിയമം. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് ഡോ. ബി ആര്‍ അംബേദ്കര്‍ കൊണ്ടുവന്ന ഹിന്ദു കോഡ് ബില്ലിനോടുള്ള ഹിന്ദുത്വരുടെ പ്രതികരണവും അനുബന്ധ ചരിത്രവും വിശകലനവിധേയമാക്കിയാല്‍തന്നെ ഈ വാദത്തിന്റെ പൊള്ളത്തരം ബോധ്യപ്പെടും. ഹൈന്ദവ സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശത്തില്‍ തുല്യ അവകാശം, ബഹുഭാര്യത്വം നിര്‍ത്തലാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ ബില്ലിനോട് കടുത്ത എതിര്‍പ്പാണ് അന്ന് ഹിന്ദുത്വര്‍ പ്രകടിപ്പിച്ചത്. കൂടാതെ, ഏകീകൃത സിവില്‍ കോഡിനെച്ചൊല്ലി ഭരണഘടന നിര്‍മാണസമിതിയില്‍ നേരിട്ടതിനെക്കാള്‍ കടുത്ത എതിര്‍പ്പാണ് ഈ വിഷയത്തില്‍ അംബേദ്കര്‍ അനുഭവിച്ചതും. 1946ല്‍ കോഡിഫിക്കേഷനായി ബ്രിട്ടീഷുകാര്‍ ടെക്സ്റ്റ് തയ്യാറാക്കിയിരുന്നു. 1948ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഈ ടെക്സ്റ്റ് അടിമുടി പരിഷ്‌കരിക്കാനും മനുസ്മൃതിയില്‍നിന്നും ഹിന്ദു നാട്ടുനടപ്പുകളില്‍നിന്നും സ്വാംശീകരിച്ച എല്ലാ സ്ത്രീവിരുദ്ധ അംശങ്ങളും നീക്കംചെയ്ത് ഏകീകൃത ഹിന്ദു കോഡ് രൂപവത്കരിക്കാനുമായി ഡോ. അംബേദ്കറിന്റെ അധ്യക്ഷതയില്‍ സമിതിയെ വെച്ചു. പക്ഷേ, സമിതി മുന്നോട്ടുവെച്ച കരടിനെതിരേ രൂക്ഷമായ ആക്രമണമാണ് ഹിന്ദു പണ്ഡിതരില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും ഹിന്ദു മഹാസഭയില്‍ നിന്നും ബ്രാഹ്മണ മേധാവികളില്‍നിന്നുമുണ്ടായത്. ഭരണഘടനാ നിര്‍മാണസമിതിയുടെ പ്രസിഡന്റും പിന്നീട് ഇന്ത്യന്‍ റിപബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റുമായ ഡോ. രാജേന്ദ്രപ്രസാദ്, ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ബില്ലിനെ ശക്തിയുക്തം എതിര്‍ത്തു. അതോടെ ആദ്യത്തെ കരട് ലാപ്‌സായി. ഒടുവില്‍ സമവായത്തിനിറങ്ങിയ നെഹ്‌റുവാണ് ഹിന്ദു കോഡ് ബില്ല് നാല് ആക്ടുകളുടെ സമുച്ചയമാക്കിയത്. (ഹിന്ദു മാര്യേജ് ആക്ട്, ഹിന്ദു സക്‌സഷന്‍ ആക്ട്, ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട്, ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട്) 1951 സെപ്തംബര്‍ 21ന് അംബേദ്കര്‍ നടത്തിയ പ്രസംഗം പ്രശസ്തമാണ്. ഹിന്ദു കോഡ് ബില്ല് ഇന്നും ഏകീകൃതമല്ല. അതിന്റെ കോഡിഫിക്കേഷന്‍ നടന്നുകഴിഞ്ഞിട്ടുമില്ല. ഹിന്ദു ആചാരങ്ങളും കീഴ്‌വഴക്കങ്ങളും നാട്ടുവഴക്കങ്ങളും തന്നെയാണ് അതിന്റെ അടിസ്ഥാനം. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ജൈനരെയും സിഖുകാരെയും ഹിന്ദു കോഡിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് വലിയ വിശേഷമായി കൊണ്ടാടപ്പെടുന്നത്. എന്നാല്‍, ഈ വിഭാഗങ്ങളുടെയെല്ലാം ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കി തന്നെയാണ് വ്യവസ്ഥകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന് സിഖുകാര്‍ക്കിടയിലെ ആനന്ദ് വിവാഹങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ട്. ഹിന്ദു എന്നത് ഇന്നും കൃത്യമായ വ്യാഖ്യാനമില്ലാതെ നില്‍ക്കുകയാണ്. അതുകൊണ്ട് ഏകവത്കരണവും അസാധ്യമാകുന്നു. ക്രിസ്ത്യന്‍ കോഡും മതാധിഷ്ഠിതമായ നിയമങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തിയവയാണ്. ക്രിസ്ത്യന്‍ മാര്യേജ് ആക്ട് 1872, ദി ഇന്ത്യന്‍ ഡിവോഴ്‌സ് ആക്ട് 1869, മാര്യേജ് ഡിസൊല്യൂഷന്‍ ആക്ട് 1936 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ക്രിസ്ത്യന്‍ വ്യക്തിനിയമങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച, ദത്ത് തുടങ്ങിയ വിഷയങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ചര്‍ച്ചിന് ഈ നിയമങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് ക്രിസ്ത്യന്‍ വ്യക്തിനിയമത്തില്‍ വ്യതിരിക്തതകളുമുണ്ട്. ഉദാഹരണത്തിന് പഴയ തിരുവിതാംകൂര്‍ മേഖലയില്‍ ക്രിസ്ത്യന്‍ വിവാഹനിയമത്തിനു പകരം കാനോണ്‍ നിയമങ്ങളാണ് ബാധകം. ഗോവയിലും നില വ്യത്യാസമാണ്. മൗലിക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്താതെ നിര്‍ദേശക തത്ത്വങ്ങളിലാണ് പൊതു കോഡിനെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതേക്കുറിച്ച് ടി.എം.എ പൈ ഫൗണ്ടേഷന്‍ കേസില്‍ സുപ്രീം കോടതി വിശദീകരിച്ചതിങ്ങനെയാണ് ജാതി, മത, ഭാഷാ, വിശ്വാസ ഭേദങ്ങളെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ഈ വൈജാത്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവരെയും ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തസ്സത്ത. വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞു വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന തരത്തിലാണ് ഭരണഘടന നമ്മുടെ ജനാധിപത്യത്തെ വിഭാവനംചെയ്യുന്നത് എത്ര പരമാര്‍ത്ഥമാണിത്.

Other Post