Sunni Afkaar Weekly

Pages

Search

Search Previous Issue

പരീക്ഷാ പേടി ഇല്ലാതാക്കാം

കെ.എച്ച്. കോട്ടപ്പുഴ
പരീക്ഷാ പേടി ഇല്ലാതാക്കാം

ഇനി പരീക്ഷയുടെ നാളുകളാണ് ആഗതമാകുന്നത്. സ്‌കൂളുകളിലും മദ്‌റസകളിലും നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കു സമയസാരിണി നല്‍കപ്പെട്ടുകഴിഞ്ഞു. പഠനപരിശീലനങ്ങള്‍ കഴിഞ്ഞ വിഷയങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും ആവര്‍ത്തനം ത്വരിതപ്പെടുത്താനും പരീക്ഷ സഹായകമാണ്. തുടര്‍പഠനത്തിനു പഠിതാവ് യോഗ്യനാണോ എന്ന് മനസ്സിലാക്കാന്‍ പരീക്ഷയാണ് അവലംബമാക്കുന്നത്. വിഷയങ്ങള്‍ നന്നായി മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ചിലപ്പോള്‍ പരീക്ഷാവേളയില്‍ പരിഭ്രമമുണ്ടാകാറുണ്ട്. അതിനു പരീക്ഷാപേടി എന്നാണ് പൊതുവെ പറഞ്ഞുവരുന്നത്. മിതമായ തോതില്‍ ഉത്കണ്ഠയുണ്ടാക്കുന്നത് എല്ലാ കാര്യത്തിലുമെന്നപോലെ പരീക്ഷക്കു ഗുണമാണ്. ഉതകണ്ഠയാണ് കാര്യക്ഷമതയുണ്ടാകാന്‍ സഹായകമാകുന്നത്. അപരിചിതമായ സ്ഥലത്ത് എത്തിച്ചേരുമ്പോഴും എന്തെങ്കിലും ജോലി ആരംഭിക്കുമ്പോഴുമുണ്ടാകുന്ന പരിഭ്രമമാണ് ആംഗ്‌സൈറ്റി കൊണ്ട് ഉദ്ദേശ്യമാക്കുന്നത്. എന്നാല്‍, പരീക്ഷാ കാരണമുണ്ടാകുന്ന ഉത്കണ്ഠ അധികമാകുന്നത് പരീക്ഷയുടെ റിസള്‍ട്ടിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷാപേടി ഒഴിവാക്കാനും പരീക്ഷയെ സധൈര്യം നേരിടാനും കഴിയുന്നതാണ്. വായന അറിവിന്റെ വിസ്മയലോകത്തേക്കു വ്യക്തിയെ ആനയിക്കുന്ന പ്രക്രിയയാണ് വായന. അടുക്കും ചിട്ടയുമുള്ള വായനകൊണ്ട് മാത്രമേ പ്രയോജനമുണ്ടാവുകയുള്ളൂ. സാധാരണയായി നാലു തരത്തിലുള്ള വായന മനുഷ്യര്‍ നടത്താറുണ്ട്. ഓടിച്ചുള്ള (Skimming) വായനയാണ് അവയില്‍ ഒന്ന്. കാര്യങ്ങള്‍ വ്യക്തമായി ഉള്‍ക്കൊള്ളാത്ത കേവല വായനയാണ് ഇത്. രണ്ടാമത്തേത് ആവശ്യമായത് തെരഞ്ഞെടുത്തുള്ള (Scaning) വായനയാണ്. പത്രവായന ഇതിന് ഉദാഹരണമാണ്. ആശയഗ്രഹണത്തോടെയുള്ള(Intensive) വായനയാണ് മൂന്നാമത്തെ ഇനം. പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഈ വായനയാണ് ആവശ്യം. ശ്രദ്ധാപൂര്‍വം വായിച്ചു ഗ്രഹിക്കുകയും ഒരാശയം ഗ്രഹിച്ചുകഴിഞ്ഞാല്‍ കണ്ണുകളടച്ച് അത് ഓര്‍മയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത് ഫലപ്രദമാണ്. നാലാമത്തെ ഇനം ആസ്വാദന (Extensive) വായനാണ്. കഥകള്‍, നോവലുകള്‍ തുടങ്ങിയവയുടെ വായന ഉദാഹരണം. ആശയഗ്രഹണത്തിനുള്ള വായനയില്‍ അഭിരുചിക്കനുസരിച്ചുള്ള രീതികള്‍ സ്വീകരിക്കാവുന്നതാണ്. ചിലരുടെ താല്‍പര്യം മൗനവായനയായിരിക്കും. എന്നാല്‍, മറ്റു ചിലര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രാവ്യവായന ആവശ്യമായിവരും. ഏകാഗ്രത ആശയഗ്രഹത്തിന് അത്യാവശ്യമായതിനാല്‍ പഠനമുറിയില്‍ പുസ്തകങ്ങളല്ലാത്തവ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വായിക്കുമ്പോള്‍ പ്രധാനപോയിന്റുകളില്‍ അടിവര നല്‍കുകയോ നോട്ട്ബുക്കിലേക്ക് പകര്‍ത്തിയെഴുതുകയോ ചെയ്യുന്നത് ഓര്‍മയെ സഹായിക്കുന്ന പ്രക്രിയയാണ്. വായന ഒരു സമയം നാല്‍പത് മിനുട്ട് വരെ തുടരാവുന്നതാണ്. അതു കഴിഞ്ഞാല്‍ അഞ്ചുമിനിറ്റ് വിശ്രമം നല്‍കണം. കണ്ണുകളടച്ചിരിക്കുകയോ അല്‍പം നടക്കുകയോ ചെയ്യാം. വായനാദിശ ഏതു ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് വായിക്കുന്നതാണ് ഫലപ്രദമാകുന്നത്. പഠനത്തിനു ദിശ പരിഗണനീയമാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഭൂമിയെപ്പോലെ മനുഷ്യശരീരത്തിലും ഇലക്‌ട്രോമാഗ്‌നറ്റിക് സംവിധാനമുണ്ട്. ഭൂമിയുടെ കാന്തിക ഉത്തരധ്രുവം തെക്ക് ഭാഗത്തും കാന്തിക ദക്ഷിണധ്രുവം വടക്കുഭാഗത്തുമായാണ് നിലകൊള്ളുന്നത് എന്നാണ് ഭൗമശാസ്ത്രസിദ്ധാന്തം. മനുഷ്യമസ്തിഷ്‌കത്തില്‍ ഉത്തരധ്രുവം നെറ്റിത്തടത്തിനു മദ്ധ്യേയും ദക്ഷിണധ്രുവം മസ്തിഷ്‌കത്തിന്റെ എതിര്‍വശത്തുമാണ്. സജാതീയ ധ്രുവങ്ങള്‍ തമ്മില്‍ വികര്‍ശിക്കുമ്പോള്‍ വിജാതീയതയാണ് ആകര്‍ഷിക്കുന്നത്. അക്കാരണത്താല്‍തന്നെ, പടിഞ്ഞാര്‍ ഭാഗത്തേക്കോ കിഴക്കു ഭാഗത്തേക്കോ തിരിഞ്ഞിരുന്നു പഠിക്കുമ്പോള്‍ ഏകാഗ്രത ലഭിക്കുകയും പഠനത്തില്‍ താല്‍പര്യമുണ്ടാവുകയും ചെയ്യുന്നു. നമ്മുടെ പഠനദിശ ഖിബ്‌ലക്കു നേരെയാകാന്‍ ശ്രദ്ധിച്ചാല്‍ ഈ ഗുണങ്ങള്‍ ലഭിക്കുന്നു എന്നു മാത്രമല്ല അതൊരു പുണ്യവുംകൂടിയാകുന്നതാണ്. പഠനസമയം പഠനത്തിന് സമയം വളരെ പ്രധാനപ്പെട്ടതാണ്. ബ്രാഹ്മ മുഹൂര്‍ത്തമാണ് പഠനത്തിന് ഏറ്റവും അനുയോജ്യമായത്. സൂര്യോദയത്തിന് ഏഴര നാഴിക മുമ്പുള്ള സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. ഒരു നാഴിക ഇരുപത്തിനാലു മിനുട്ടാണ്. അപ്പോള്‍ 170 മിനുട്ട് അഥവാ രണ്ടു മണിക്കൂര്‍ മുമ്പ് എഴുന്നേറ്റ് പഠനത്തില്‍ മുഴുകണം. സുബ്ഹി വാങ്കിന്റെ അല്‍പം മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കാരവും അല്‍പമസയത്തെ ഖുര്‍ആന്‍ പാരായണവും കഴിഞ്ഞ് സുബ്ഹ് നിസ്‌കാരാനന്തരം പഠിക്കുന്നതായാല്‍ വിജയം ഉറപ്പിക്കാവുന്നതാണ്. ഉറക്കമൊഴിച്ചുള്ള പഠനം തീരേ ഗുണംചെയ്യുകയില്ല. വായിക്കുന്നത് സ്വീകരിക്കുന്നതും തള്ളിക്കളയുന്നതും തലച്ചോറാണല്ലോ. തലച്ചോര്‍ സജ്ജീവമാകുന്നത് ഉറക്കം മൂലമാണ്. തലച്ചോറിനു വേണ്ടി തലച്ചോര്‍ ചെയ്യുന്ന പരിപാലനമാണ് ഉറക്കമെന്ന് പറയാറുണ്ട്. ഉറക്കം കുറയുന്നതും സമയം തെറ്റുന്നതും ഓര്‍മശക്തിയെ ദുര്‍ബലപ്പെടുത്തും. മനുഷ്യന്റെ ഉറക്കസമയം രാത്രിയിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. രാത്രി എന്നാല്‍, പത്ത് മണി മുതല്‍ നാലു മണിവരെയുള്ള ആറു മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. ഓര്‍മശക്തിയും ബുദ്ധിശക്തിയും താളംതെറ്റാതിരിക്കാന്‍ അതത്യാവശ്യമാണ്. രാത്രി സുഖമായി ഉറങ്ങി പുലര്‍ക്കാലം എഴുന്നേറ്റ് ലഘുഭക്ഷണം കഴിച്ചാണ് പഠനത്തില്‍ മുഴുകേണ്ടത്. പ്രഭാതഭക്ഷണം തലച്ചോറിനുള്ളതാണ്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ തലച്ചോറിന് ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഭക്ഷണം ശരീരത്തിന്റെ ആരോഗ്യത്തിനെന്നപോലെ മാനസികാരോഗ്യത്തിനും നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങള്‍ ഓര്‍മശക്തിയെ വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആഹാരം മിതവും ഹിതവുമായിരിക്കണം. വയറ് നിറയെ ആഹാരം കഴിച്ചാല്‍ ക്ഷീണവും ആലസ്യവും പിടികൂന്നതിനാല്‍ വായിക്കാനോ വിഷയത്തില്‍ ശ്രദ്ധിക്കാനോ കഴിയുകയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഒക്‌സിജനും അതുപോലെത്തന്നെ ഊര്‍ജ്ജവും ആവശ്യമാണ്. നമുക്ക് ഊര്‍ജ്ജം ലഭിക്കുന്നത് ആഹാരത്തില്‍നിന്നാണ്. ഓര്‍മശക്തിയ നിലനിര്‍ത്താന്‍ കുറഞ്ഞ കലോറി നല്‍കുന്ന ആഹാരമാണു കഴിക്കേണ്ടത്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് പോലെയുള്ളവ ഉയര്‍ന്ന കലോറിയുള്ളവയാണ്. അവ ശരീരത്തെ ഉര്‍ജ്ജസ്വലമാക്കിയേക്കാം. എന്നാല്‍, ബുദ്ധിയെ ഉത്തേജിപ്പിക്കുന്നില്ല. ഹിതാഹാരമാകുന്നില്ല എന്നതാണു കാരണം. ശുദ്ധമായ തേന്‍ ബുദ്ധിശക്തിയെയും ഓര്‍മശക്തിയെയും വളര്‍ത്തുന്നവയാണ്. പരീക്ഷാ ദിവസം കാലത്ത് അല്‍പം തേന്‍ കഴിക്കുന്നത് മാനസികോര്‍ജ്ജത്തിന് സഹായകമാകുന്നു. ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുപയര്‍ എന്നിവയും ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ പര്യാപ്തമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഭക്ഷണത്തിന്റെ 60 ശതമാനമെങ്കിലും സസ്യാഹാരമായിരിക്കലാണ് ആരോഗ്യദായകം. അപ്രകാരംതന്നെ പഴങ്ങളും ചെറുമത്സ്യവും ആരോഗ്യത്തിന് ആവശ്യമാണ്. ഓരോ പ്രദേശത്തും ഉണ്ടാകുന്ന പഴങ്ങളും പച്ചക്കറികളുമാണ് ആ പ്രദേശത്തുകാര്‍ക്ക് അനുയോജ്യമായത്. വിനോദം കുറയ്ക്കുക പഠനത്തിന് ആവശ്യമായതാണ് ഏകാഗ്രത. മൊബൈല്‍ ഫോണ്‍, ടാബ്, ഐപ്പാട് പോലെയുള്ള ഡിവൈസുകളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തേണ്ടത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ ആവശ്യമാണ്. പഠനമുറിയില്‍ ഇവയൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. നന്നായി പഠിച്ചു വിജയകരമായി പരീക്ഷയെ നേരിടുന്നത് മനസ്സില്‍ കാണുകയും ചെയ്യണം. മനസ്സില്‍ കാണുന്നതാണ് പ്രവൃത്തിയില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഒരു കാര്യം മനസ്സില്‍ സ്ഥാനംപിടിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചുവരുന്നു. അതു വിജയത്തിന്റെ ചവിട്ടുപടിയായി മാറുകയും ചെയ്യുന്നു.

Other Post