ലഹരി പുകയുന്ന കലാലയ കൗമാരം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാം പാന്റ്‌സും ഷര്‍ട്ടും നിര്‍ബന്ധമാക്കി നടത്തിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ പ്രഖ്യാപന പശ്ചാത്തലത്തില്‍ അവര്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു സമൂഹത്തിന്റെ എതിര്‍ലിംഗ വര്‍ഗത്തോടുള്ള കാമാതുരത സ്വാഭാവികമായി കാണുന്ന പൊതുബോധത്തിന്റെ (Heteron ormative) പ്രതീക്ഷകളുടെ ഭാരത്താല്‍ തടസപ്പെടാത്ത ഒരു സ്വതന്ത്രാന്തരീക്ഷത്തില്‍ നല്‍കപ്പെടുന്ന വിദ്യാഭ്യാസത്തിനുള്ള അവസരം നമ്മുടെ വിദ്യാര്‍ഥികള്‍ക്കുണ്ടാവണം. അതിലൂടെ ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഔദ്യോഗിക-അനൗദ്യോഗിക വൃത്തങ്ങള്‍..... പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടും നിര്‍ബന്ധമാക്കി ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കാനുള്ള നീക്കം തീര്‍ത്തും സ്ത്രീവിരുദ്ധവും കണ്‍സെന്റ് മാനിപുലേഷനും പുരുഷാധിപത്യം നടപ്പാക്കാനുള്ള ശ്രമവുമാണെന്ന് പടിഞ്ഞാറന്‍ തത്വസംഹിതകള്‍ക്കു മുമ്പില്‍ ആശയം പണയംവെക്കാത്ത എല്ലാവര്‍ക്കും മനസ്സിലാവുന്നതാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത യൂനിഫോം എന്നതിനപ്പുറം അത്തരമൊരാശയത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കൃത്യമായ ലിബറല്‍ ചിന്തകളാണ്. സ്‌കൂള്‍ യൂനിഫോമിലേക്ക് ജെന്റര്‍ ന്യൂട്രാലിറ്റിയെ തിരുകിക്കയറ്റിയതിനു പുറമെ കേരള പാഠ്യപദ്ധതിയുടെ ചട്ടക്കൂടുകളിലേക്കും അതു പടര്‍ത്തിവെക്കുകയാണ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം (2020) പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്ന ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പശ്ചാത്തലത്തിലായിരുന്നു കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) വികസിപ്പിച്ചത്. ഇതില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താതെയാണ് 2007ലും 2013 ലും പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരിഷ്‌കരണത്തിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. പുതിയ പാഠ്യപദ്ധതിയില്‍ ലിംഗനീതി എന്നതിനു പുറമെ ലിംഗസമത്വം എന്ന് പ്രത്യേക പ്രാധാന്യത്തോടെ വേര്‍തിരിച്ചു പഠിപ്പിക്കണമെന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. ചട്ടക്കൂടിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന വേളയില്‍ അഞ്ചാമത്തെ പേജില്‍ പത്താം നമ്പറായി നിവിലുള്ള കാഴ്ചപ്പാട് തീര്‍ത്തും പുതുക്കിപ്പണിയണമെന്നു പറയുന്നുണ്ട്. അതിപ്രകാരം വായിക്കാം. വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിനു ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനില്‍ക്കുന്നു. ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉളവാകാന്‍ ആവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയില്‍ വലിയതോതില്‍ ഉണ്ടാകേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് പരിഹാരമെന്ന തലതിരിഞ്ഞ ആശയവും പാഠ്യപദ്ധതി പങ്കുവെക്കുന്നുണ്ട്. എഴുതിവെച്ചത് നോക്കൂ. തുല്ല്യതയും സമത്വവും ലക്ഷ്യംവെക്കുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ജെന്‍ഡര്‍ സെന്‍സിറ്റീവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയര്‍ന്ന മാനവികതാബോധം കൊണ്ട് പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇവിടെയാണ് പാഠ്യപദ്ധതിയുടെ ഊന്നല്‍ മേഖലകളില്‍ പുനരാലോചന ആവശ്യമായിവന്നത്. വിമര്‍ശന ചിന്തയും സര്‍ഗാത്മകതയും യുക്തിചിന്തയും സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിപ്പിക്കപ്പെടണം. ലിംഗതുല്ല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമര്‍ശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ത്രീധന കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിട്ടുണ്ട്. ജെന്‍ഡര്‍ സ്‌പെക്ട്രത്തെ കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല. ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തില്‍ ഏറ്റവുംകൂടുതല്‍ സമയം ചെലവിടുന്നത് സ്‌കൂള്‍ കാമ്പസിലാണ്. ലിംഗനീതി, ലിംഗതുല്ല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളില്‍ വളര്‍ത്താന്‍ സ്‌കൂള്‍ വിഭ്യാസത്തിലെ പരിമിതികള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പുതിയ പാഠ്യപദ്ധതി എല്ലാത്തിനെയും വിമര്‍ശനാത്മകമായി ചോദ്യംചെയ്യാന്‍ പാകത്തില്‍ ഒരു ലിബറല്‍ സമൂഹമായി പുതുതലമുറയെ മാറ്റിയെടുക്കണമെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. തത്വത്തില്‍, മതരഹിത സമൂഹത്തിന്റെ നിര്‍മിതിയാണ് അതിന്റെ ലക്ഷ്യമെന്നര്‍ഥം. എല്ലാ കുട്ടികളും ഒരേ തലത്തിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് തനി ലിബറലിസം വിളമ്പി വിതരണം ചെയ്യുകയാണിവര്‍. ജന്‍ഡര്‍ ന്യൂട്രല്‍ (Gender Netural ലിംഗ നിഷ്പക്ഷത) ആണിനെയും പെണ്ണിനെയും ഒന്നായി കാണാനാണു പറയുന്നത്. വസ്ത്രത്തിലേക്കു വരെ അതു പടര്‍ന്നുകയറിയിട്ടുണ്ട്. ആണിനും പെണ്ണിനും ഒരേ രീതിയിലുള്ള വസ്ത്രം വേണംപോല്‍. ഞങ്ങള്‍ ഇതുവരെ ധരിച്ചതും ഞങ്ങളുടെ വസ്ത്രം തീരെ കംഫര്‍ട്ടബിള്‍ അല്ലെന്ന മനോഭാവം പെണ്‍കുട്ടികളില്‍/സ്ത്രീകളില്‍ വളര്‍ത്തി മാനസികമായി അവരെ പിന്നോട്ട് നയിക്കുന്നതാണ് ഈ അപരിഷ്‌കൃത വിഡ്ഢിത്തം. സ്‌കൂള്‍ യൂനിഫോമില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളുടെ വേഷം വേണമെന്നും പെണ്‍കുട്ടികളുടെ പാവാട’അവര്‍ക്ക് പല ഇനങ്ങളിലുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വിഘാതമാവുന്നുണ്ടെന്നുമുള്ള വാദത്തിനുപിന്നില്‍ പതിഞ്ഞിരിക്കുന്നത് അപകടകരമായ വസ്തുതകളാണ്. സ്ത്രീ പുരുഷ സമത്വത്തിന്റെ ചിറകിലേറിവരുന്ന പ്രസ്തുത വാദത്തെ പലരും ഏറ്റുപിടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണു വഴിയൊരുക്കുക. ചില മുത്തശ്ശി പത്രങ്ങള്‍കൂടി പ്രസ്തുത വാദത്തെ ഉയര്‍ത്തിപ്പിടിച്ച് മാറ്റത്തിന്റെ മാറാപ്പുകള്‍ ഏന്തിപ്പിടിച്ചു നടക്കുന്നത് കാണുമ്പോള്‍ ഖേദം തോന്നുന്നു. പട്ടില്‍ പൊതിഞ്ഞ പാഷാണമാണ് ആധുനികതയുടെ മുഖംമൂടിയണിഞ്ഞ മുത്തശ്ശികള്‍ സമൂഹത്തിനു നല്‍കുന്നത്. സ്വതന്ത്ര ചിന്ത, ലിബറലിസം, യുക്തിവാദം, ഫെമിനിസം, മതനിരാസം തുടങ്ങിയവ യുവസമൂഹത്തില്‍ ബോധപൂര്‍വം കുത്തിവെച്ചതിന്റെ പരിണിതഫലമായാണ് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വികലമായ ചിന്താധാരകള്‍ രൂപപ്പെട്ടിട്ടുള്ളത്. സ്ത്രീയുടെ വ്യക്തിത്വത്തോട് അപകര്‍ഷത ഉണ്ടാക്കുകയാണ് ഫെമിനിസം ചെയ്യുന്നത്. സ്ത്രീയുടെ അസ്തിത്വത്തെ തന്നെ നിരാകരിച്ച് അവളോട് പുരുഷനെപ്പോലെയാകാന്‍ പ്രേരിപ്പിക്കുകയാണ് ഫെമിനിസം ചെയ്യുന്നത്. സ്ത്രീകള്‍ ചരക്കുവല്‍ക്കരിക്കപ്പെട്ടുവെന്നതാണ് ആധുനിക കാലഘട്ടത്തിലെ ദുരന്തം. ആ ദുരന്തത്തിന് ഊക്ക് നല്‍കിയത് ഫെമിനിസമാണ്. പുരുഷ സങ്കല്‍പ്പത്തെ തൃപ്തിപ്പെടുത്തുന്ന സൗന്ദര്യ സ്ത്രീരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ തീപ്പെട്ടിക്കോല്‍ മുതല്‍ തീവണ്ടി വരെ വിറ്റഴിക്കപ്പെടില്ലെന്നതാണ് പുതിയകാല തത്വം. ആണും പെണ്ണും വ്യത്യസ്തരാെണന്ന ബോധനിര്‍മിതിയെ ഉടച്ചുകളയാനും, അവര്‍ തമ്മില്‍ സമമാണെന്ന ബോധനിര്‍മിതി സാധ്യമാക്കാനുമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം നിര്‍ദേശിക്കപ്പെടുന്നത്. പെണ്‍കുട്ടി പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നു. അപ്പോള്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്ന ആണ്‍കുട്ടിക്ക് ഞങ്ങള്‍ സമമാണെന്ന് തോന്നുകയും അല്ലെങ്കില്‍ ക്രമേണ ആ ബോധം നിര്‍മിക്കപ്പെടുകയുംചെയ്യുന്നു. അതോടെ പെണ്ണിനെതിരേയുള്ള പീഡനങ്ങളും ചൂഷണവും അവസാനിക്കുന്നുവെന്നതാണ് മാസങ്ങള്‍ക്ക് മുമ്പ് ബാലുശ്ശേരിയിലെ പി.ടി.എയും അധ്യാപകരും നിര്‍ദ്ദേശിച്ച സമത്വത്തിന്റെ തത്വം! അങ്ങനെയാണെങ്കില്‍, ലിംഗബോധ നിര്‍മിതി കൂടുതല്‍ സമത്വസുന്ദരമാക്കാന്‍ ആണ്‍കുട്ടികള്‍ ചുരിദാര്‍ ഇടുന്നതല്ലേ നല്ലത്? ഉദ്ഘാടനത്തിനു വരുന്ന എംഎല്‍എ സാരി ഉടുത്തു വന്നുകൊണ്ട് പിന്തുണ നല്‍കുകയല്ലേ വേണ്ടത്? സ്ത്രീയുടെയും പുരുഷന്റെയും ധര്‍മ്മങ്ങള്‍ സമൂഹത്തില്‍ വ്യത്യസ്തമാണ്. പുരുഷന്റെ ധര്‍മ്മം താന്‍ നിര്‍വഹിക്കുമെന്ന് ധരിക്കുന്ന സ്ത്രീയും സ്ത്രീയുടെ ധര്‍മ്മം താന്‍ നിര്‍വഹിക്കുമെന്ന് ധരിക്കുന്ന പുരുഷനും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഋതുമതിയാവലും പ്രസവിക്കലും മുലയൂട്ടലും സ്ത്രീയുടെ ധര്‍മ്മങ്ങളാണെങ്കില്‍ ഇവയൊന്നും പുരുഷനില്‍ ഇല്ലതന്നെ. സ്ത്രീക്ക് അവളുടെ സ്ത്രീത്വം സഫലമാവുന്നതുതന്നെ പുരുഷന്റെ സാന്നിധ്യവും സഹവാസവും കൊണ്ടാണ്. ആണും പെണ്ണും സത്തയില്‍ വ്യത്യസ്തരാണ്. തുല്യമായവയെ വ്യത്യസ്തമായി കാണാതിരിക്കലാണു നീതി എന്നതുപോലെ വ്യത്യസ്തമായവയെ വ്യത്യസ്തമായിത്തന്നെ കാണുന്നതാണു നീതി. ആണും പെണ്ണും തമ്മില്‍ വ്യത്യസ്തരാെണന്ന ബോധം പെണ്ണിനെ ആണിന്റെ വസ്ത്രം ധരിപ്പിച്ചാല്‍ മാറുന്നതല്ല. ഒരു മാങ്ങയും ഒരോറഞ്ചും കൈയ്യിലെടുത്ത് ഓറഞ്ചിന് മാങ്ങയുടെ നിറം പൂശിയാല്‍ ഓറഞ്ച് ഓറഞ്ചല്ലാതാകുമോ? സത്തയില്‍ തങ്ങള്‍ വ്യത്യസ്തരാെണന്ന് ആണിനും പെണ്ണിനുമറിയാം. ഒരു പെണ്ണ് സത്താപരമായി പെണ്ണാണെന്ന് ഒരാണ് തിരിച്ചറിയുന്നതോടെതന്നെ അവളോടുള്ള ലൈംഗിക ആകര്‍ഷണം പ്രകൃതിപരമായ ഒരു സാധ്യതയാണ്. പാന്റ്‌സ് ധരിച്ചാലും ചുരിദാര്‍ ധരിച്ചാലുമൊക്കെ അതുതന്നെയാണ് അവസ്ഥ. സത്താപരമായ വ്യത്യാസം പരസ്പരം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ബാഹ്യമായ ഏതു ഫീച്ചറുകള്‍ക്കും അവിടെ സാധ്യതയില്ലെന്നതു മനസ്സിലാക്കാനുള്ള ബോധംകൂടി നവറിബലുകള്‍ക്കില്ലേ?! ആണും പെണ്ണും ഒരിക്കലും തുല്ല്യരല്ല, പരസ്പരം പൂരിപ്പിക്കുന്ന പാതികളാണ്. പരസ്പര വ്യത്യാസങ്ങളോടുള്ള ആദരവാണ് അവര്‍ക്കിടയില്‍ സംഭവിക്കേണ്ടത്, അല്ലാതെ, ഒരാള്‍ മറ്റൊരാളെപ്പോലെ ആവാനുള്ള മത്സരമല്ല. ആണും പെണ്ണും ഒരേ വസ്ത്രം ധരിച്ചാല്‍ ലിംഗസമത്വം സാധ്യമാകുമോ? മനുഷ്യനിലെ ജൈവികമായ വ്യത്യാസങ്ങളെ വസ്ത്രംകൊണ്ട് മൂടിവെക്കാന്‍ കഴിയുമോ? സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ ആത്യന്തികമായി വേണ്ടത് തുല്ല്യതയാണെന്ന് ആരാണു കണ്ടെത്തിയത്? എടാ, എടീ എന്ന് വേര്‍തിരിച്ചു വിളിക്കുന്നതും വെവ്വേറെ ഹോസ്റ്റലുകളും ബാത്ത് റൂമുകളും സംവിധാനിക്കുന്നതുമൊക്കെ നിങ്ങള്‍ പറയുന്ന അര്‍ത്ഥത്തില്‍ തുല്ല്യതക്കെതിരല്ലേ? വസ്ത്രമഴിച്ചാല്‍ ഒരുപോലെ അല്ലാത്തവര്‍ വസ്ത്രം ധരിച്ചാല്‍ ഒരുപോലെയാകുമോ? ആണ്‍ പെണ്‍ വേര്‍തിരിവ് ഒരു യാഥാര്‍ത്ഥ്യമാണ്. ആണിനും പെണ്ണിനും പ്രകൃത്യാ തന്നെ ശാരീരികവും മാനസികവും സാമൂഹികവുമായ ഒരുപാട് സവിശേഷതകളുണ്ട്. ഇവ മാനിച്ചാണ് അവരവര്‍ നിര്‍വഹിക്കേണ്ട റോളുകള്‍ രൂപപ്പെടുന്നത്. വസ്ത്രത്തിലെ വൈവിധ്യവും അതിന്റെ ഭാഗമാണ്. അതൊരിക്കലും വിവേചനത്തിനുള്ള ലൈസന്‍സല്ല. ലിംഗസമത്വമെന്നത് പ്രകൃതിവിരുദ്ധമാണ്; സ്ത്രീവിരുദ്ധവും ബുദ്ധിശൂന്യവും യുക്തിരഹിതവും ഒരിക്കലും നടക്കാത്തതുമാണ്. സാമ്പത്തിക സമത്വം അസാധ്യമാണെന്നപോലെ ലിംഗസമത്വവും അസംഭവ്യമാണ്. ഭാവന മാത്രമാണത്. ലോകത്ത് എല്ലാവരും പണക്കാരായാല്‍ ലോകത്തിനു നിലനില്‍ക്കാനാവില്ലെന്നതു പോലെ ആണും പെണ്ണും കൂടി ആണാപെണ്ണായാല്‍ ലോകത്തിനു നിലനില്‍ക്കാനാവുമോ? സൂര്യനും ചന്ദ്രനും തുല്ല്യമല്ലാത്തതുപോലെ ആണും പെണ്ണും തുല്ല്യമല്ല. രണ്ടിനും അതിന്റേതായ വ്യത്യസ്ത ധര്‍മ്മവും ചന്തവുമുണ്ടാകും. അത് ഒരേ സ്‌കെയില്‍ വെച്ച് അളക്കുന്നത് മണ്ടത്തരമാണ്. കരുത്തരായ പുരുഷന്റെ തണലിലും സംരക്ഷണയിലുമാണ് സ്ത്രീ വളരേണ്ടത്. കാരണം, സ്ത്രീ പ്രകൃത്യാ അബലയാണ്. അതുകൊണ്ടാണ് അവള്‍ക്ക് ബസ്സിലും ട്രെയിനിലുമെല്ലാം സീറ്റ് സംവരണംചെയ്യേണ്ടിവരുന്നത്. പുരുഷനെപ്പോലെ അവള്‍ക്കും കരുത്തുണ്ടായിരുന്നെങ്കില്‍ അവിടെയൊന്നും സംവരണത്തിന്റെ പ്രശ്‌നമേ ഉദിക്കില്ലല്ലോ! സ്ത്രീക്കുവേണ്ടത് സ്വാതന്ത്ര്യമാണോ, അതോ സുരക്ഷയാണോ എന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചുനോക്കൂ. വീട്ടമ്മക്കു പകരം വീട്ടച്ഛനോ വീട്ടപ്പനോ ഇല്ലാത്ത അവസ്ഥയെന്ന് ആലോചിച്ചുനോക്കൂ. ചെയര്‍മാനു പകരം ചെയര്‍വുമണും പുരുഷനു പകരം പുരുഷത്തിയും മനുഷ്യനു പകരം മനുഷ്യത്തിയുമില്ലാത്ത ദുരന്തപൂരിതമാര്‍ന്ന നാടിന്റെ അവസ്ഥയെ ഒന്നാലോചിച്ചുനോക്കൂ. ഗര്‍ഭനും വിധവനും എങ്ങനെയാണീ നാട്ടില്‍ ഉണ്ടാവുക? ലിംഗസമത്വമല്ല ഇവിടെ ആവശ്യം, ലിംഗ നീതിയാണു വേണ്ടത്. അപ്പോഴേ സ്ത്രീക്ക് അവള്‍ക്കാവശ്യമായ നീതിയും പരിരക്ഷയും ലഭിക്കുകയുള്ളൂ. ജെന്റര്‍ ന്യൂട്രാലിറ്റിക്കുള്ളില്‍ തുന്നിവച്ച അപകടകരമായ രാഷ്ട്രീയമുണ്ട്. ഇന്ന് എന്തിനാണ് രണ്ടു രീതിയിലുള്ള വസ്ത്രമെന്ന് ചോദിക്കുന്നു. നാളെ അവര്‍ തന്നെ എന്തിനാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വ്യത്യസ്ത ബെഞ്ചുകളില്‍ ഇരുത്തുന്നതെന്ന ചോദ്യവുമായി വരും. പിന്നീട് ഹോസ്റ്റലുകളിലുള്ള പുരുഷ-സ്ത്രീ സപ്പറേഷനെ അവര്‍ ചോദ്യംചെയ്യും. അതിനു ശേഷം വിവാഹത്തെയും കുടുംബ പദ്ധതികളെയും അവര്‍ ചോദ്യംചെയ്യും. അല്ലെങ്കിലും പെണ്‍കുട്ടികള്‍ ആണ്‍വേഷം കെട്ടുമ്പോള്‍ മാത്രമാണോ സമത്വം ഉണ്ടായിത്തീരുക? ആണ്‍കുട്ടികള്‍ പാവാട ഉടുത്താല്‍ സമത്വം വരില്ലേ..? ഇനിമുതല്‍ പുരുഷ അദ്ധ്യാപകന്മാര്‍ സാരി ഉടുക്കുമോ..? പതിയിരിക്കുന്ന അപകടങ്ങള്‍ ബലാല്‍സംഗം ചെയ്ത ഒരു പതിനഞ്ചുകാരനെ കുടുംബങ്ങളുടെ ഉത്തരവാദിത്തത്തില്‍ മോചിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ജഡ്ജി ആര്‍ച്ചി സൈമന്‍ പറഞ്ഞു: 'സ്ത്രീകള്‍ മറയ്‌ക്കേണ്ടതൊക്കെ തുറന്നുകാണിക്കുമ്പോള്‍ കുട്ടികള്‍ സ്വാഭാവികമായും പ്രതികരിക്കുന്നു എന്നു മാത്രം.' മനശ്ശാസ്ത്രവിദഗ്ധയായ അന്നാവര്‍ഗീസിന്റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നതും അതിലേക്കു തന്നെയാണ്. കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം. മറയ്‌ക്കേണ്ട ശരീരഭാഗങ്ങള്‍ അനാവൃതമാക്കികൊണ്ടുള്ള വസ്ത്രങ്ങളും തീരേ കനം കുറഞ്ഞ വേഷങ്ങളും അവരെ ധരിപ്പിക്കരുത്. അശ്ലീല പ്രവൃത്തിയില്‍ പിടിക്കപ്പെട്ട ഒരു അമേരിക്കക്കാരന്‍ കൗമാരക്കാരന്‍ പോലീസിനോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: 'വിശന്നു വലഞ്ഞവന്റെ മുന്നിലേക്ക് വലിച്ചെറിയപ്പെടുന്ന ഭക്ഷണപ്പൊതി പോലെയാണ് ലൈംഗിക ദാഹത്താല്‍ വീര്‍പ്പുമുട്ടിയവന്റെ മുന്‍പിലേക്ക് പ്രത്യക്ഷപ്പെടുന്ന അര്‍ദ്ധനഗ്‌നയായ സ്ത്രീ.' നാം കഴിക്കുന്ന ഭക്ഷണം ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നതുപോലെ വേഷം സ്വഭാവത്തെയും പ്രകൃതത്തെയും സാരമായി ബാധിക്കും. ജൈവികമായി ഹോര്‍മോണുകളിലും വലിയ വ്യത്യാസം വരുമെന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവരും ഓര്‍മിപ്പിക്കുന്നുണ്ട്. സ്ത്രീയും പുരുഷനുമല്ലാത്ത മാനസികാവസ്ഥ അത്തരക്കാര്‍ക്ക് രൂപപ്പെടുമത്രെ! സ്ത്രീ പുരുഷ സമത്വം വിളമ്പുന്ന നവലിബറലുകള്‍ക്ക് ഒരു നിര്‍ദ്ദേശംകൂടി നല്‍കി അവസാനിപ്പിക്കാം- സ്ത്രീ പ്രസവം അവസാനിപ്പിക്കുക. അഥവാ, പ്രസവിച്ചു പോയാല്‍തന്നെ മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തുക. ശാരീരികമായ വ്യത്യാസങ്ങള്‍ ശസ്ത്രക്രിയ ചെയ്‌തോ മറ്റോ മാറ്റിയെടുക്കുക. തലമുടി മൊട്ടയടിക്കുകയോ ചെറുതാക്കുകയോ ചെയ്യുക. കമ്മല്‍, മാല, വള തുടങ്ങിയ ആഭരണം ധരിക്കുന്നത് നിര്‍ത്തലാക്കുക, ബസ്സുകളിലെ സ്ത്രീ സീറ്റുകള്‍ എടുത്തുകളയുക, ട്രൈനിലെ ലേഡീസ് കംപാര്‍ട്‌മെന്റ് എടുത്തുകളയുക. അങ്ങനെ സമത്വത്തിന്റെ പട്ടിക നീളട്ടെ. അതിനെ ഇതുപോലെയാക്കുക”എന്നതിനെ സമത്വമെന്നും പറഞ്ഞ് തുള്ളിച്ചാടുന്നവര്‍ ഏതു സ്വര്‍ഗത്തിലാണ്? സ്ത്രീയെ പുരുഷനെപ്പോലെ ആക്കലാണോ സ്വാതന്ത്ര്യം? 1980ലെ അറബിഭാഷാ നിരോധനവും 2008ലെ സ്‌കൂള്‍ പാഠപുസ്തകത്തിലെ മതമില്ലാത്ത ജീവനുമൊക്കെ പോലെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവരുടെ കാപട്യം കരുതിയിരിക്കുക.