Sunni Afkaar Weekly

Pages

Search

Search Previous Issue

കര്‍ണാടക വഴി ഡല്‍ഹിയിലേക്ക്...

ഇ.കെ. മിന്‍ഹാജ് ചാഴിയോട്
 കര്‍ണാടക വഴി  ഡല്‍ഹിയിലേക്ക്...

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച് രാജ്യമൊന്നടങ്കം കണ്ണും കാതും കൂര്‍പ്പിച്ച് വീക്ഷിച്ച കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടും കുരവയുമെടുത്ത് കൊട്ടിഘോഷിച്ച് പ്രചാരണ മുന്നേറ്റങ്ങളുടെ നാളുകളില്‍ ആവേശത്തിന്റെയും ആരവങ്ങളുടെ അലമാലകള്‍ നിലയ്ക്കാതെ പെയ്തിറങ്ങിയെങ്കിലും അന്ത്യമവിജയം കോണ്‍ഗ്രസിനൊപ്പം നിന്നത് തീര്‍ത്തും പ്രതീക്ഷാവഹമാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ പ്രതീക്ഷയെന്നതിലപ്പുറം ജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവിന്റെ സാധ്യതകള്‍ തെളിഞ്ഞുകാണുന്നുവെന്നതാണ് കന്നഡിയന്‍ തിരഞ്ഞെടുപ്പ് ഫലത്തെ കണ്ണു ചിമ്മാതെ വിലയിരുത്തുന്നത്. മതേതരത്വത്തിന്റെ മേല്‍വിലാസത്തില്‍ തീവ്രമതത്വം വിളമ്പി ഇതര സാമുദായിക ജനതയെ അരികുവത്കരിക്കുന്ന താമര രാഷ്ട്രീയത്തെ കര്‍ണാടക പറിച്ചെറിയുകയായിരുന്നുവെന്നത് തെറ്റാവില്ല. വര്‍ഗീയത വിളമ്പി സാമുദായിക ഭിന്നിപ്പ് സാക്ഷാത്കാരമാക്കിയെടുത്ത് അധികാരക്കുപ്പായം കിനാവ് കണ്ട കാവിരാഷ്ട്രീയത്തിന്റെ കപടമുഖം കാലത്തിന്റെ കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുകയായിരുന്നു കര്‍ണാടകന്‍ ജനത. വികസനമുന്നേറ്റങ്ങളുടെ വസന്തവര്‍ത്തമാനങ്ങളും ജനാധിപത്യ മൂല്യകാഴ്ചപ്പാടുകളും നൈതിക രാഷ്ട്രീയ ബോധ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം വര്‍ഗീയതയുടെ വിഷം വിളമ്പിയ വെറുപ്പിന്റെ ഹോള്‍സെയില്‍ വിതരണങ്ങളായിരുന്നു പ്രചാരണകാലത്ത് പോലും ബി.ജെ.പി ക്യാമ്പുകളില്‍ ഇടതടവില്ലാതെ തുടര്‍ന്നത്. കെട്ടിയിറക്കിയ ഗീബല്‍സിയന്‍ പ്രൊപഗണ്ടകളും കൊട്ടിഘോഷിച്ച മോദി പ്രഭാവവും വര്‍ഗീയ ധ്രുവീകരണത്തിന്റെ ഹിംസാത്മക നിര്‍വചനങ്ങളും ജനം ചെവിക്കൊണ്ടില്ലെന്നതാണ് ഫലപ്രഖ്യാപനാനന്തര വിശേഷണങ്ങളിലെ കലര്‍പ്പില്ലാത്ത നേര്. വരിഞ്ഞുമുറുക്കിയ ഫാഷിസത്തിന്റെ അധീശത്വ മനോഭാവങ്ങള്‍ക്കിടയില്‍ കിടന്ന് ശ്വാസംമുട്ടിയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കുന്ന മനോഹര കാഴ്ചയാണ് കന്നഡ ഭൂമികയില്‍ നടമാടിയത്. ഉറങ്ങിക്കിടന്നിരുന്ന കോണ്‍ഗ്രസിനു നവോന്മേഷം പകരാനും ശക്തമായ പ്രതിപക്ഷ ഐക്യം സാധ്യമാക്കിയെടുത്ത് മോദി സര്‍ക്കാരിനെ താഴെയിറക്കുന്ന ദിനവും അതിവിദൂര സ്വപ്‌നമല്ലെന്നാണ് കര്‍ണാടക വിളിച്ചുപറയുന്നത്. ബഹുസ്വരതയുടെ കളിത്തൊട്ടിലായ ഭാരതീയ പരിസരത്ത് സ്‌നേഹത്തിന്റെയും പരസ്പരം ഐക്യത്തിന്റെയും നൈതിക രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് തക്കതായ പ്രസക്തിയുണ്ടെന്നതും തെരഞ്ഞെടുപ്പ് ഫലം വിളിച്ചുപറഞ്ഞ പരസ്യമായ രഹസ്യമാണ്. സംഘപരിവാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ സപ്ലൈ ചെയ്യുന്ന തീവ്രഹിന്ദുത്വ ആശയനിലപാടുകളുടെ പരീക്ഷണശാലയാണ് കര്‍ണാടക. നിരവധി ഹിന്ദുത്വ സംഘടനകളുടെ വേരുറപ്പുള്ള കന്നഡിയന്‍ ഭൂമിക മുസ്‌ലിം സാമുദായിക വിരോധത്തിന്റെ വിളനിലം കൂടിയാണ്. തന്മൂലംതന്നെ, ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചക്കു വേണ്ടി ആവനാഴിയിലെ പതിനെട്ടടവും പയറ്റിയാണ് ബി.ജെ.പി പ്രചാരണരംഗങ്ങള്‍ കൊഴുപ്പിച്ചത്. ഹിന്ദു സമൂഹത്തെ അരക്ഷിതാവസ്ഥയുടെ ഭീതിനിറഞ്ഞ പ്രൊഫൈലില്‍ പ്രതിഷ്ഠിച്ചും മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ ദൃഷ്ടിയില്‍ നിരീക്ഷിച്ചു പാര്‍ശ്വവത്ക്കരിച്ചും വോട്ടുറപ്പിക്കാമെന്ന പ്രതിലോമശക്തികളുടെ പേക്കിനാവുകള്‍ ഫലപ്രഖ്യാപനത്തോടെ തകര്‍ന്നടിയുകയായിരുന്നു. ഭാരതീയ ചരിത്രത്തിലിന്നോളം സാക്ഷ്യംവഹിക്കാത്ത പ്രചാരണമാണ് ബി.ജെ.പിയുടെ ലേബലില്‍ ഇക്കുറി കര്‍ണ്ണാടകയില്‍ നടന്നത്. ഏഴു ദിവസം നീണ്ട പ്രചാരണ പരിപാടിയില്‍ മോദിയെന്ന ബി.ജെ.പിയുടെ മേല്‍വിലാസം മാത്രം 19 ജാഥകളിലും 6 റോഡ് ഷോകളിലും അണിഞ്ഞൊരുങ്ങി അഭിവാദ്യംചെയ്തു. സംഘപരിവാറിന്റെ ബുദ്ധികേന്ദ്രമായ അമിത്ഷാ ദിവസങ്ങളോളം തമ്പടിച്ച് ബുദ്ധി പ്രയോഗിച്ചു. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ അനുസ്യൂതമായ ഒഴുക്കുകള്‍ പ്രചാരണങ്ങള്‍ക്ക് ശക്തിപകര്‍ന്നു. ഇത്തരത്തിലുള്ള ചരിത്രതുല്ല്യമായ പ്രചാരണങ്ങള്‍ക്കിടയിലും വികസനത്തെ കുറിച്ചോ, ജനക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ കമ മിണ്ടിയില്ല. ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ചരിത്രവ്യഭിചാരവും ലൗജിഹാദിന്റെ നുണക്കഥകളും ശിരോവസ്ത്ര നിരോധനവും ഹനുമാന് വിലകല്‍പ്പിക്കുന്നില്ലെന്ന മേല്‍വിലാസത്തിലുള്ള മുതലക്കണ്ണീരുമാണ് പ്രചാരണരംഗത്തെ സംഘപരിവാറിന്റെ പതിവായ സംവേദങ്ങള്‍. ഹിന്ദുത്വ രാഷ്ട്രം കിനാവുകണ്ട് അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടകളെ വലിച്ചെറിയുന്നതായിരുന്നു 84 ശതമാനം ഹിന്ദുക്കള്‍ വസിക്കുന്ന കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍. ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ഹിന്ദു ജനത പോലും തിരസ്‌കരിക്കുന്നുവെന്ന് ചുരുക്കം. നാളിതുവരെയുള്ള ഭാരതീയ പാരമ്പര്യത്തിനു കടകവിരുദ്ധമായ വര്‍ഗീയ രാഷ്ട്രീയത്തിന് ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നു കര്‍ണാടക തിരഞ്ഞെടുപ്പിലൂടെ ഒരു ജനത ഒന്നടങ്കം പ്രഖ്യാപിക്കുകയായിരുന്നു. അധികാരത്തിന്റെ അരമനയില്‍ ബി.ജെ.പിയുടെ കുത്തക ഭൂമിയായി സംഘപരിവാര്‍ സ്വപ്‌നംകണ്ട കര്‍ണാടക ബി.ജെ.പിയെ കൈയ്യൊഴിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടാകുന്ന പ്രതീക്ഷകള്‍ ചെറുതാവില്ല. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആസ്ഥാനത്തെ ഒന്നാമത്തെ പാഠം കര്‍ണാടക തന്നെയായിരിക്കുമെന്ന് തീര്‍ച്ച. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം തുടങ്ങേണ്ടതല്ല പ്രചാരണങ്ങളെന്ന ഉദാത്ത ബോധ്യത്തില്‍നിന്നും മാസങ്ങള്‍ക്കു മുമ്പെ തുടങ്ങിവച്ച കൃത്യമായ പ്ലാനിങുകളാണ് കോണ്‍ഗ്രസിന്റെ ചരിത്രവിജയത്തിനു വഴിയൊരുക്കിയതെന്നത് നഗ്‌നസത്യം. തീര്‍ത്തും പതിവിനു വിരുദ്ധമായി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ക്കു പകരം ജനസ്വീകാര്യതയുടെ മുഖങ്ങളെ അവതരിപ്പിച്ചു. വൈയക്തിക വികസനങ്ങള്‍ക്കപ്പുറത്ത് പാര്‍ട്ടിയുടെ പുരോഗതി സ്വപ്‌നംകണ്ട് പതിവില്ലാത്ത ഒരുമയോടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കളംനിറഞ്ഞു പ്രവര്‍ത്തിച്ചു. കേന്ദ്രതലത്തില്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളും പ്രശ്‌നങ്ങളും ജനസമക്ഷം അവതരിപ്പിക്കുമ്പോള്‍ തന്നെ, അതിലേറെ പ്രാമുഖ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി, പാചകവാതക വിലക്കയറ്റം, കാര്‍ഷിക പ്രശ്‌നം, കൈക്കൂലി കേസുകള്‍ തുടങ്ങിയവയെല്ലാം സാമൂഹികമധ്യേ തുറന്നുകാട്ടി സംഘപരിവാര്‍ സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കി. ഓരോ സമയത്തും ജനസമക്ഷത്തേക്ക് എത്തിച്ച വാഗ്ദാനങ്ങള്‍ പോലും തീര്‍ത്തും ജനകീയ പദ്ധതികളായിരുന്നു. സാമൂഹിക വ്യവസ്ഥയിലെ അടിസ്ഥാനവിഭാഗങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം പരിഗണിച്ച പദ്ധതികള്‍, 200 യൂനിറ്റ് വൈദ്യുതി സൗജന്യം, വീട്ടമ്മമാര്‍ക്കായി 2000 രൂപയുടെ പ്രതിമാസ ഗൃഹലക്ഷ്മി പദ്ധതി, തൊഴില്‍ രഹിതരെ സഹായിക്കാനുള്ള 4500 രൂപയുടെ യുവനിധി പദ്ധതി, ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ സൗജന്യ അരി, സര്‍ക്കാര്‍ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്നിങ്ങനെയുള്ള തീര്‍ത്തും ആശ്വാസകരവും പ്രതീക്ഷയുമുള്ള വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് ജനസമക്ഷം സമര്‍പ്പിച്ചത് വൃഥാവിലായില്ല എന്നതു സത്യം. കൈക്കൂലി കേസില്‍ ബി.ജെ.പി എം.എല്‍.എ പിടിയിലായതും പാചകവാതക സിലണ്ടറിന്റെ വിലവര്‍ധനവുമുള്‍പ്പെടുന്ന ബൊമ്മെ സര്‍ക്കാരിന്റെ ജനവിരുദ്ധ പദ്ധതികളെല്ലാം തുറന്നുകാട്ടിയത് കോണ്‍ഗ്രസിന്റെ വിജയത്തിനു വലിയ നിമിത്തങ്ങളാവുകയായിരുന്നു. മുസ്‌ലിം സംവരണമടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തിയതും കലാലയങ്ങളിലെ ഹിജാബ് നിരോധന നിയമങ്ങളിലെ കോണ്‍ഗ്രസ് നിലപാടുകളും ലൗ ജിഹാദിന്റെ നുണനിറച്ച പൈങ്കിളിക്കഥകള്‍ തൂക്കിയെറിഞ്ഞതും ന്യൂനപക്ഷ മതേതര വോട്ടുകള്‍ കോണ്‍ഗ്രസ് പെട്ടിയില്‍ ഉറപ്പിക്കുകയായിരുന്നു. ഉപരിപ്ലവമായ ജനകീയ യാത്രകള്‍ക്കു പകരം ജനഹൃദയം തൊട്ടറിഞ്ഞ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയും കന്നഡ മണ്ണിലെ കോണ്‍ഗ്രസ് വിജയത്തിന്റെ അനിഷേധ്യ നിദാനമാണ്. യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ 90 ശതമാനം മണ്ഡലങ്ങളും കോണ്‍ഗ്രസിനോടൊപ്പം നിന്നതുതന്നെ അത്തരമൊരു വായനക്കാണ് അടിവരയിടുന്നത്. വര്‍ഗീയതയും വിഭാഗീയതയും മതകീയ വിരോധവും നിര്‍മ്മിച്ചെടുത്ത് ബി.ജെ.പി മുതലെടുപ്പിനുള്ള അവസരങ്ങള്‍ക്കു തക്കംപാര്‍ത്തിരുന്നപ്പോള്‍ രാഹുല്‍ഗാന്ധി സ്‌നേഹ സൗഹാര്‍ദ്ദത്തിന്റെ ചേര്‍ത്തുനില്‍പിലൂടെ വിജയഗീതം രചിക്കുകയായിരുന്നു. അക്ഷീണ യത്‌നത്തിലൂടെ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രാഹുല്‍ഗാന്ധി എന്ന യഥാര്‍ത്ഥ മതേതര ജനാധിപത്യ ചുവടുകള്‍ക്ക് കരുത്തു പകര്‍ന്നപ്പോള്‍ കന്നഡ ഭൂമികയില്‍ പ്രതീക്ഷയുടെ പുതിയ പ്രഭാതം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഫാഷിസത്തിന്റെ നീരാളിപ്പിടുത്തങ്ങള്‍ക്കിടയില്‍ വരിഞ്ഞുമുറുക്കിയ ഭയാനകതയുടെ ഭാരതീയ പരിസരത്തെ ആശ്വാസത്തിന്റെ വര്‍ത്തമാനമാണ്. ഉറങ്ങിക്കിടന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉണര്‍ത്തുഗീതമാണ്. പ്രതിപക്ഷ ഐക്യത്തിനുള്ള കരുത്തും പ്രചോദനവുമാണ്. വര്‍ഗീയ ധ്രുവീകരണത്തിന്റെ വെറുപ്പുല്‍പാദകര്‍ക്കുള്ള കനത്ത തിരിച്ചടിയാണ്. സ്‌നേഹവും സൗഹാര്‍ദ്ദവും സന്തോഷവും നിറഞ്ഞ ഭാരതത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ തേട്ടമാണ്. കന്നഡ മണ്ണിലെ മതേതരശക്തികളുടെ അക്ഷീണ യത്‌നത്തിന്റെ വിജയമാണ്. സംഘപരിവാറിന്റെ നിരന്തരമായ വെറുപ്പുല്‍പാദനത്തെ വെറുത്ത ഒരു ജനതയുടെ വിജയമാണ്. ഈയൊരു വിജയം നല്‍കിയ ആത്മനിര്‍വൃതിയും സന്തോഷവും ആവേശവും അണയാതെ, കൂടുതല്‍ ക്രിയാത്മക കാഴ്ചപ്പാടോടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനായാല്‍ സംഘപരിവാറിനെ വലിച്ചെറിയാന്‍ ഭാരത ജനതക്ക് സാധിക്കുമെന്നു തീര്‍ച്ച.

Other Post