സകാത്ത് ഇസ്‌ലാം നിര്‍മിക്കുന്ന സാമൂഹികത

ചൂഷണാത്മകമായ സാമ്പത്തിക നയങ്ങളിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥിതിയാണ് സാമൂഹിക ആഘാതങ്ങള്‍ക്ക് ഹേതുവാകുന്നത്. സാമ്പത്തിക നീതി, ദാരിദ്ര്യനിര്‍മാര്‍ജനം, സന്തുലിതമായ സാമൂഹിക വളര്‍ച്ച, പണമിടപാടുകളിലെ സുതാര്യത തുടങ്ങിയവയാണ് സുഭദ്രമായ സമൂഹത്തിന്റെ നിര്‍മിതിയിലെ നിര്‍ണായക ഘടകങ്ങള്‍. അവ അനിയന്ത്രിതമായി താളംതെറ്റുമ്പോള്‍ നിര്‍മ്മാണാത്മകമായ സാമൂഹിക പരിതസ്ഥിതി സാധ്യമല്ലാതാവും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളോടെ വരുംതലമുറകളെ പോലും അതു ബാധിക്കുകയും ചെയ്യും. സ്വാഭാവികമായും സാമ്പത്തിക വിതാനങ്ങള്‍ക്ക് സുതാര്യവും സമഗ്രവുമായ സിസ്റ്റം അനിവാര്യമാകും. അതു മനുഷ്യാതീത അതിഭൗതിക (Metaphysical) വിഭാവനമാവുമ്പോഴാണ് പഴുതുകളില്ലാതെ സമ്പൂര്‍ണമാവുക. ഇസ്‌ലാമിലെ സകാത്ത് സിസ്റ്റം അതാണ്. മാനവസമൂഹം ഇതഃപര്യന്തം പരീക്ഷിച്ച സാമ്പത്തിക വ്യവസ്ഥകളില്‍ മികച്ചുനില്‍ക്കുന്നത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയാണ്. ഉല്‍പാദനം, വിതരണം, ഉപഭോഗം എന്നീ മേഖലകളിലെല്ലാം അന്യൂനമായ നിയമങ്ങളാണ് സ്രഷ്ടാവിന്റെ ഈ വ്യവസ്ഥയിലുള്ളത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാണ്. സമ്പത്ത് അല്ലാഹുവിന്റേതാണ്. മനുഷ്യന്‍ സമ്പത്തിന്റെ ഉടമസ്ഥനല്ല, കൈവശക്കാരനാണ്. മാറിമാറി വരുന്ന കൈവശക്കാര്‍ സമ്പത്ത് എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഉടമസ്ഥനായ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്. മുസ്‌ലിംകളോട് യുദ്ധം പ്രഖ്യാപിച്ച അവിശ്വാസികള്‍ ശത്രുത ഉപേക്ഷിച്ച് ഖേദിച്ചുമടങ്ങി എന്ന് ബോധ്യമാവണമെങ്കില്‍ അവര്‍ നിസ്‌കാരവും സകാത്തും നിര്‍വ്വഹിക്കുന്നവരാകണമെന്ന ഖുര്‍ആനികാധ്യാപനം കര്‍ശനമാണ്. 'ഇനി അവര്‍ (യുദ്ധം അവസാനിപ്പിച്ച്) പശ്ചാത്തപിക്കുകയും നിസ്‌കാരം ക്രമപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക.' (ഖുര്‍ആന്‍: 9/5) 'എന്നാല്‍, അവര്‍ പശ്ചാത്തപിക്കുകയും നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു.' (ഖുര്‍ആന്‍: 9/11) നിസ്‌കാരത്തെയും സകാത്തിനെയും ചേര്‍ത്തിക്കൊണ്ട് 27 ഇടങ്ങളില്‍ സകാത്ത് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഒന്ന് ആത്മാവിന്റെ ശുദ്ധീകരണവും മറ്റൊന്ന് സമ്പത്തിന്റെ ശുദ്ധീകരണവുമാണ്. നിസ്‌കാരം എങ്ങനെ നമ്മുടെ മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കുന്നുവോ അതുപോലെയാണ് സമ്പത്തിന് സകാത്ത്. നിക്ഷേപത്തിനുള്ള ഒരു പ്രചോദനംകൂടിയാണ് സകാത്ത് (Zakat is an incent for investment). പണമുള്ളവന്‍ അവന്റെ പണം കൂട്ടിവച്ചിരുന്നാല്‍ സകാത്ത് നല്‍കേണ്ടിവരുമെന്നുള്ളതുകൊണ്ട് അത് കുറഞ്ഞുവരും. അതുകൊണ്ട് ഉല്‍പ്പാദക രംഗം സജീവമാകുന്നു. സകാത്ത് ലഭിച്ചവനും കിട്ടിയ പണം കൊണ്ട് ഉല്‍പ്പാദനരംഗം സജീവമാക്കുന്നു; സമൂഹത്തിലാകമാനം ഐശ്വര്യം വളരുന്നു. സാമൂഹിക ഘടന കൂടുതല്‍ സുശക്തമാവുകയും ചെയ്യും. സകാത്ത് സമ്പന്നരുടെ ഔദാര്യമല്ല ദരിദ്രരുടെ അവകാശമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. (മആരിജ്: 24). സകാത്ത് അടക്കം ദീനുല്‍ ഇസ്‌ലാമിലെ കര്‍മങ്ങളുടെ അന്തസത്ത പ്രാഥമികമായി തഅബ്ബുദിയ്യാണ്. ഭൗതിക കാര്യകാരണങ്ങള്‍ അതിന്റെ ഹിക്മത്തുകളായി ഉണ്ടായേക്കാം. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അശരണരും ആലംബഹീനരുമായ ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും ഇത്രമേല്‍ ഗുണപ്രദവും പ്രായോഗികവുമായ മറ്റൊരു വ്യവസ്ഥിതിയോ സംവിധാനമോ നിലവിലില്ല. ഉള്ളവന്‍ ഇല്ലാത്തവനു നല്‍കുന്ന ഈ വ്യവസ്ഥയാണ് ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും പ്രോജ്വലിച്ചു നില്‍ക്കുന്നത്. നിര്‍ബന്ധമാക്കിയതിലൂടെ പ്രധാനമായും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും സമ്പത്ത് ഒരിടത്ത് കുന്നുകൂടാതെ അര്‍ഹതപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും കൈകളിലെത്തിക്കുകയും ചെയ്യുകയാണ്. കൂടാതെ, സകാത്ത് ഒരിക്കലും സമ്പന്നന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചോദിച്ച് വരുന്നവര്‍ക്കും ദരിദ്രര്‍ക്കുമുള്ള അവകാശം. അഥവാ, അല്ലാഹുവിന്റെ സമ്പത്ത് കൈവശംവച്ച് യഥേഷ്ടം ഉപയോഗിക്കുന്നവന്‍ ഈ കൈവശാവകാശത്തിനു പകരമായി അല്ലാഹുവിനു നല്‍കേണ്ട വിഹിതമാണ് സകാത്ത്. ഇത് സമൂഹത്തിന്റെ പൊതുധാരയില്‍നിന്ന് ഒറ്റപ്പെട്ടു കഴിയുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന നിശ്ചിത വിഭാഗങ്ങളുടെ കൈയ്യിലേല്‍പ്പിക്കാനാണ് ഉടമസ്ഥനായ അല്ലാഹുവിന്റെ കല്‍പ്പന. ഉടമസ്ഥന്റെ നിര്‍ദേശം ലംഘിക്കുന്ന കൈവശക്കാരനെ നിയമലംഘകനായി ഗണിക്കുകയും ശിക്ഷ നല്‍കുമെന്നും ഉടമസ്ഥന്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്ന രീതിയില്‍ സര്‍വ്വ സമ്പന്നരും സകാത്ത് നല്‍കിയാല്‍ സാമൂഹിക ഘടന സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. ഖലീഫ ഉമറുബ്‌നു അബ്ദുല്‍അസീസ്(റ)വിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ സകാത്തിന്റെ അവകാശികളായി ആരും ഉണ്ടായിരുന്നില്ലെന്ന വസ്തുത ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. ഭരണാധികാരിയുടെ കൃത്യമായ സകാത്ത് ശേഖരണവും യുക്തിഭദ്രമായ വിതരണരീതിയുമാണ് അദ്ദേഹത്തിന്റെ അനുയായികളില്‍ സകാത്തിന്റെ അവകാശികളായിരുന്നവര്‍പോലും സകാത്ത് കൊടുക്കുന്നവരായി മാറാന്‍ ഹേതുവായത്. ഇരു ധ്രുവങ്ങളിലായി സ്ഥിതി ചെയ്യുന്ന രണ്ടു സാമ്പത്തിക വീക്ഷണങ്ങളാണ് ലോകത്ത് പ്രചരിച്ചിട്ടുള്ളത്- മുതലാളിത്ത വ്യവസ്ഥിതിയും സ്ഥിതിസമത്വ വ്യവസ്ഥിതിയും. ഇവ രണ്ടും നടപ്പിലാക്കിയ സമൂഹങ്ങളില്‍ മനുഷ്യന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ ബാക്കിയായി. അതിന്റെ കാരണം മേല്‍സൂചിപ്പിച്ച വീക്ഷണവൈകല്യമാണ്. സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഉടമാവകാശം, ഉല്‍പാദനം, മാനവവിഭവശേഷി എന്നീ ഘടകങ്ങളെ കുറിച്ച് വ്യത്യസ്ത രീതിയില്‍ ചിന്തിച്ചപ്പോഴാണ് ഈ ധ്രുവീകരണമുണ്ടായത്. എന്നാല്‍, രണ്ട് സിദ്ധാന്തങ്ങളും നടപ്പാക്കിയ ഭൂപ്രദേശങ്ങളില്‍ ദരിദ്രരും ആവശ്യക്കാരും പെരുകുകയായിരുന്നു. സമൂഹത്തിലെ ക്രീമിലെയര്‍ ആഢംബരത്തിലും ക്ഷേമത്തിലും കഴിയുമ്പോള്‍ ദാരിദ്ര്യരേഖയുടെ താഴെ കഴിയുന്ന ലക്ഷക്കണക്കിനു സഹജീവികളെ കാണാതെപോകുന്നു. തങ്ങളുടെ സാന്നിധ്യം സമൂഹത്തെ അറിയിക്കാന്‍ ആധുനിക സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താന്‍ ദരിദ്രര്‍ക്ക് അവസരമുണ്ടായപ്പോഴാണ് സമ്പന്ന രാജ്യങ്ങളിലെ ദരിദ്രരുടെ അനുപാതം ലോകത്തെ അസ്വസ്ഥമാക്കിയത്. ഇല്ലാത്തവരെയും അദ്ധ്വാനിക്കുന്ന ജനകോടികളെയും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഉയര്‍ന്നുവന്ന സ്ഥിതിസമത്വവാദം ലക്ഷ്യംകണ്ടിെല്ലന്നു മാത്രമല്ല, അതു നടപ്പാക്കിയ രാഷ്ട്രങ്ങള്‍ പലതും പ്രത്യയശാസ്ത്രപരമായ പശ്ചാത്താപം നടത്തുന്നതാണ് ലോകം കണ്ടത്. സ്ഥിതിസമത്വവാദം ഉദാത്തമായ ഒരാശയമാണ്. എന്നാല്‍, അതു പ്രാവര്‍ത്തികമാക്കാനുള്ള രാജവീഥി വെട്ടിത്തെളിയിക്കാനാവശ്യമായ ഉപാധികള്‍ അതിന്റെ വക്താക്കള്‍ക്ക് അന്യമാണ്. അതിനാല്‍, ദരിദ്രരില്ലാത്ത രാഷ്ട്രം എന്നത് അവരുടെ ഒരു മധുരസ്വപ്‌നമായി അവശേഷിച്ചു. മുതലാളിത്ത ശക്തികളെ വെല്ലാന്‍ പോന്ന ആയുധശേഷി നേടിയെടുത്ത സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ പൗരന്മാരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നതില്‍പോലും പരാജയപ്പെട്ടത് ലോകം കണ്ടു. ഇനി കമ്മ്യൂണിസത്തിലും മുതലാളിത്തത്തിലും അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ന്നതിന്റെ ഹേതു മറ്റൊന്നുമല്ല. മുതലാളിത്തം എല്ലാവിധ നിയന്ത്രണങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് വളരെ ഉദാരമായ സാമ്പത്തിക വ്യവസ്ഥയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. വ്യക്തിയുടെ അധികാരത്തിന്‍മേല്‍ യാതൊരുവിധത്തിലുള്ള അധികാരവും കൈക്കടത്താത്ത ഒരു സാമ്പത്തിക ക്രമീകരണമാണത്. ഈ സാമ്പത്തിക വ്യവസ്ഥയിലാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം രൂക്ഷമാവുക. ഇനി കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലാണെങ്കില്‍ വ്യക്തിക്കു പകരം രാഷ്ട്രമാണ് സമ്പത്ത് നിയന്ത്രിക്കുക. അഥവാ, രാഷ്ട്രം ഭരിക്കുന്ന അധികാരികളാകും അതു തീരുമാനിക്കുക. വ്യക്തിസ്വത്ത് എന്നത് അവിടെ ഉണ്ടാവില്ല. രാഷ്ട്രമാണ് ഉല്‍പ്പാദിപ്പിക്കുകയും വിതരണംചെയ്യുകയുമൊക്കെ ചെയ്യുക. എന്നാല്‍, ഈ രണ്ടു സാമ്പത്തിക വ്യവസ്ഥയില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒരു സാമ്പത്തിക ക്രമമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടനുസരിച്ച് സ്രഷ്ടാവിനാണ് സമ്പത്തിനുമേല്‍ അടിസ്ഥാനപരമായി അധികാരമുള്ളത്, വ്യക്തിക്കോ രാഷ്ട്രത്തിനോ അല്ല. സ്രഷ്ടാവാണ് മനുഷ്യന്‍ സമ്പത്ത് എങ്ങനെ ചെലവഴിക്കണമെന്നു തീരുമാനിക്കുന്നത്. മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനു വേണ്ടിയുള്ള സാമ്പത്തിക ജീവിതമാണ് ഇസ്‌ലാം വിഭാവനംചെയ്യുന്നത്. അവിടെ മുതലാളിയോ തൊഴിലാളിയോ വെളുത്തവനോ കറുത്തവനോ ഇല്ല. അതോടൊപ്പം ഇതര വ്യവസ്ഥകളില്‍നിന്നു വ്യത്യസ്തമായി സമ്പത്തിന്റെ അനുസ്യൂതമായ ഒഴുക്ക് ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. സകാത്ത് എന്ന വ്യവസ്ഥ അതിനാണ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. അതു മനുഷ്യന്റെ ആത്മീയതയെയും സാമൂഹികതയെയും ഒരുപോലെ പരിശുദ്ധമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പരിഹരിക്കപ്പെടുകയും ചെയ്യും. ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാകുകയും ഇല്ലാത്തവന്‍ പരമദരിദ്രനാകുകയും ചെയ്യുന്ന പലിശാധിഷ്ഠിത വ്യവസ്ഥിതി കാലം തള്ളിക്കളഞ്ഞതാണെന്നും ഇതിനോട് ചേര്‍ത്തുവായിക്കണം. സകാത്ത് അടക്കമുള്ള സാമ്പത്തിക വ്യവഹാരങ്ങളില്‍ വിശദമായ വീക്ഷണം ഇസ്‌ലാം സമൂഹത്തിനു മുന്നില്‍ വെക്കുന്നുണ്ട്. അല്ലാഹുവിന്റെ ശാസനക്കു വിധേയമായി മാത്രമേ സാമ്പത്തിക കാര്യങ്ങളുടെ വിനിയോഗം പാടുള്ളൂ എന്ന് ഇസ്‌ലാമിനു നിശ്കര്‍ഷതയുണ്ട്. എല്ലാതരം സമ്പത്തിലും ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നില്ല. നബി(സ്വ) പറയുന്നു: 'ഒരു വിശ്വാസിക്ക് തന്റെ കുതിരകളിലോ അടിമകളിലോ സകാത്തില്ല.' (ബുഖാരി) തിരുനബിയുടെ കാലത്തെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തായിരുന്നു കുതിരകളും അടിമകളും. ഇവയില്‍ സകാത്തില്ലെന്നു വ്യക്തമായതിലൂടെ എല്ലാ സമ്പത്തിനും സകാത്ത് വാങ്ങുക എന്നതല്ല, ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും മറിച്ച് പാവപ്പെട്ടവന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചില പ്രത്യേക മുതലുകള്‍ക്കാണ് സകാത്ത് ഈടാക്കുന്നതെന്നും സ്പഷ്ടമായി. സകാത്തിന്റെ സാമൂഹിക പങ്ക് മനസ്സിലാക്കുന്നിടത്ത് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. മുസ്‌ലിം സമൂഹം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് ദാനധര്‍മ്മ രംഗത്ത് വളരെ മുന്‍പന്തിയിലാണെന്ന കാര്യത്തില്‍ സംശയമില്ല. കുറി, പയറ്റ്, പരസ്പരസഹായ നിധി തുടങ്ങിയ നാടന്‍ സംവിധാനങ്ങളും രാജ്യത്തുള്ള അനേകായിരം മസ്ജിദുകളും, മദ്‌റസകളും, മറ്റു മതസ്ഥാപനങ്ങളും, മതപ്രവര്‍ത്തനങ്ങളും മഹാ സമ്മേളനങ്ങളും പൊതുപ്രവര്‍ത്തനങ്ങളും റിലീഫുകളും എല്ലാമായി കോടികളുടെ സാമ്പത്തികവിന്യാസം സമൂഹത്തില്‍ നടക്കുന്നുമുണ്ട്. ഇവയില്‍ പലതും ബാധ്യതപ്പെട്ട സകാത്തിന്റെ സമ്പത്ത് തന്നെയാണ് കൊടുക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കളും കുറെയേറെ സകാത്തിന്റെ അവകാശികള്‍തന്നെയാണ്. എന്നാല്‍, ഇസ്‌ലാം സകാത്ത് പഠിപ്പിച്ചപ്പോള്‍ അത് ആര്, എത്ര, ആര്‍ക്ക് കൊടുക്കണം എന്നു നിര്‍ണയിച്ചിട്ടുണ്ട്. കൃത്യമായ കണക്കും നിര്‍ണയവും വിവരിച്ചിട്ടുമുണ്ട്. ഇതിനു പുറമെ സകാത്തിന്റെ ഗുണഭോക്താക്കളെ ഇസ്‌ലാം കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ആ നിര്‍ണയമനുസരിച്ചാവുമ്പോഴാണ് സകാത്ത് പൂര്‍ണാര്‍ത്ഥത്തില്‍ നിറവേറ്റാനാകൂ. പ്രത്യക്ഷത്തില്‍ സാമ്പത്തിക വിനിമയം വിശദീകരിക്കുന്ന നിയമാവലിയാണ് സകാത്ത് വ്യവസ്ഥ എന്ന ധാരണ സ്വാഭാവികമാണ്. എന്നാല്‍, വിശദമായ നിരീക്ഷണത്തില്‍ സമ്പത്തിന്റെ വളര്‍ച്ചക്കും പോഷണത്തിനും അനിവാര്യമായ സുപ്രധാന നിര്‍ദേശങ്ങള്‍ ഈ നിയമങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി കാണാം. സമ്പത്ത് സ്രഷ്ടാവിന്റെ പ്രീതിക്കൊത്ത് ചെലവഴിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം, കൂടുതല്‍ സമ്പാദിക്കാനും സമൂഹത്തിനാകെ സാമ്പത്തിക സുസ്ഥിതി കൈവരിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. സകാത്ത് കൊടുക്കുന്നത് സമ്പത്തിന്റെ പോഷണത്തിനും വര്‍ധനവിനും സഹായകമാവുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ജനങ്ങളുടെ സമ്പത്ത് വളരാനായി നിങ്ങള്‍ നല്‍കുന്ന പലിശ അല്ലാഹുവിങ്കല്‍ വളരുന്നില്ല. 'എന്നാല്‍, ദൈവപ്രീതി കാംക്ഷിച്ച് നിങ്ങള്‍ നല്‍കുന്ന സകാത്ത് നല്‍കുന്നവരുടെ സമ്പത്തിനെ ഇരട്ടിയാക്കുന്നു' (30:39). ഈ ഖുര്‍ആന്‍ സൂക്തത്തില്‍ പാരത്രിക പ്രതിഫലം ഇരട്ടിയിരട്ടിയായി ലഭിക്കുമെന്ന് നേര്‍ക്കുനേരെ പഠിപ്പിക്കുന്നതോടൊപ്പം ഭൗതിക ലോകത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാവുമെന്നും സൂചനയുണ്ട്. പലിശ ഭൗതികമായിത്തന്നെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമാകുമെന്ന് ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ലോകം ഗ്രഹിച്ചിട്ടുള്ളതുമാണ്. സമഗ്രമായ സാമൂഹിക പദ്ധതിയായതുകൊണ്ടാണ് ഇസ്‌ലാം സകാത്ത് നിശ്കര്‍ഷിച്ചത്. സകാത്ത് നല്‍കാന്‍ വിസമ്മതിച്ചതിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതും അതിനാലാണ്. സകാത്ത് നല്‍കാന്‍ വിസമ്മതിച്ചവരോട് ഞാനത് പിടിച്ചുവാങ്ങുമെന്ന് നബി(സ്വ) താക്കീത് നല്‍കിയത് കാണാം. അബൂബക്കര്‍(റ) ഖലീഫയായി അധികാരമേറ്റ ശേഷം, സകാത്ത് നല്‍കുകയില്ലെന്നു പറഞ്ഞ ഒരു വിഭാഗം ജനങ്ങളോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചതും ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. സകാത്ത് കൊടുക്കാതെ, ദരിദ്രരുടെ അവകാശം തന്റെ മറ്റു സമ്പത്തുമായി കൂടിക്കലര്‍ന്നാല്‍ മൊത്തം സമ്പത്തും നശിക്കുമെന്നും നിഷിദ്ധമായ സമ്പത്ത് കൊണ്ട് ഭക്ഷിക്കുകയും ധരിക്കുകയും ചെയ്തവന്‍ എത്ര പ്രാര്‍ഥിച്ചാലും അല്ലാഹു ഉത്തരം നല്‍കുകയില്ലെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സകാത്ത് നല്‍കാത്ത സമൂഹത്തെ അല്ലാഹു ക്ഷാമംകൊണ്ട് പരീക്ഷിക്കുമെന്നും, അത്തരം സമൂഹത്തില്‍ മഴ ലഭിക്കുകയില്ലെന്നും വേറെയും ഹദീസുകളില്‍ കാണാം. ഇതിനുപുറമെ പരലോകശിക്ഷ വേറെയുമുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹു അവന്റെ അനുഗ്രഹത്തില്‍നിന്നു നിങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്കു ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസം അവര്‍ക്കു മാല ചാര്‍ത്തപ്പെടും. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.' (ഖുര്‍ആന്‍: 3/180) നബി(സ്വ) പറഞ്ഞു: 'ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കിയിട്ടുണ്ട്. അതിന്റെ സകാത്ത് നല്‍കിയില്ലെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസം അയാളുടെ മുമ്പില്‍ ഒരു ഭീകരസര്‍പ്പം പ്രത്യക്ഷപ്പെടും. അതിന് ഉണങ്ങിയ മുന്തിരി പോലെയുള്ള രണ്ടു കണ്ണുകളുണ്ടായിരിക്കും. ആ സര്‍പ്പം അവന്റെ കഴുത്തില്‍ ചുറ്റി അണപ്പല്ലുകൊണ്ട് അവനെ കൊത്തിക്കൊണ്ടിരിക്കുകയും ഞാന്‍ നിന്റെ ധനമാണ്, ഞാന്‍ നിന്റെ ശേഖരനിധിയാണ് എന്നത് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.' (ബുഖാരി)