രാജകീയമായ സമസ്ത സരണി
കേരളക്കരയിലെ ആധികാരിക പരമോന്നത മതപണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോടുള്ള അനുപമമായ സ്‌നേഹത്തിന്റെയും അനിര്‍വചനീയമായ ആത്മാര്‍ത്ഥതയുടെയും അതിന്റെ അധ്യക്ഷനായ സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളോടുള്ള അഭേദ്യമായ ഹൃദയബന്ധത്തിന്റെയും പ്രതിഫലനമായിട്ടുവേണം സമസ്ത ആദര്‍ശ സമ്മേളനത്തിലെ ജനസഞ്ചയത്തെ വിവക്ഷിക്കാന്‍. പ്രവാചകര്‍(സ്വ) തങ്ങളും അവിടത്തെ സ്വഹാബത്തും താബിഉകളും വരച്ചു കാണിച്ച സല്‍സരണിയെ വികൃതമാക്കാന്‍ ഒരു പുത്തന്‍വാദിയെയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കടലല കണക്കെയുള്ള ആദര്‍ശ സമ്മേളനത്തില്‍നിന്നും ഉയര്‍ന്നുകേള്‍ക്കാനാകുന്നത്. സാമൂഹിക ചിത്രങ്ങളെ കളങ്കപ്പെടുത്തിയും മതേതര സംഹിതകള്‍ക്ക് തലതിരിഞ്ഞ നിര്‍വചനങ്ങള്‍ കുത്തിവെച്ചും വികലമാക്കിയതിനെതിരേയുള്ള ചികിത്സകൂടി സാധ്യമാക്കുന്നതാണ് കോഴിക്കോട് കടപ്പുറത്തെ മനുഷ്യക്കടല്‍. 2022 ഡിസംബര്‍ 29,30,31, 2023 ജനുവരി 1 ദിവസങ്ങളിലായി മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നടന്നു. പരിശുദ്ധമാക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശധാര പിഴച്ചതാണെന്ന് പറഞ്ഞുവെക്കാനുള്ള അവരുടെ പെടാപ്പാടും മതേതരത്വ മൂല്യങ്ങള്‍ക്ക് വിശാലമുഖം പകരാനായി അവര്‍ സമീപിച്ച കുറുക്കുവഴികളും എത്രമാത്രം നീചമായിരുന്നു. ശുദ്ധ വിഡ്ഢിത്തമെന്നല്ലാതെ മറ്റെന്തു പറയും. എന്നാല്‍, ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇവിടെ വിഭാവനംചെയ്യുന്നത് പുണ്യപ്രവാചകര്‍(സ്വ) തങ്ങളും അവിടുത്തെ അനുചരരും ജീവിതകാലയളവിനെ പ്രശോഭിതമാക്കിയ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ രാജകീയ വീഥികളെയാണ്. ഈ ആദര്‍ശ സംഹിതയെ സംരക്ഷിക്കുക എന്ന ഉത്തമ ബോധ്യത്തിന്റെ പിന്നാമ്പുറങ്ങളില്‍നിന്നാണ് സമസ്ത എന്ന സല്‍സരണി ആവിര്‍ഭവിക്കുന്നത്. ആ ആശയ സംരക്ഷണത്തിനുവേണ്ടി തന്നെയാണ് ഒമ്പതര പതിറ്റാണ്ടുകാലം എണ്ണയിട്ട യന്ത്രംപോലെ കേരളത്തിനകത്തും പുറത്തും സമസ്ത പ്രവര്‍ത്തിച്ചതും. വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും മതപരമായും ഔന്നത്യത്തിന്റെ ഉത്തുംഗതിയില്‍ വിരാജിക്കുന്ന ഈ പണ്ഡിതസംഘടന ഇന്നും അസൂയാവഹമായ വളര്‍ച്ചയിലാണ്. ലക്ഷക്കണക്കിനുവരുന്ന മുസ്‌ലിം ഉമ്മത്തിന്റെ ഈമാനിനെ കോട്ടകെട്ടി സംരക്ഷിക്കാനും പുത്തനാശയക്കാരുടെ വിതണ്ഡവാദങ്ങളെ തച്ചുകെടുത്താനും ഈ സംഘശക്തിക്കായി എന്നതു നിറംപകരുന്ന ഓര്‍മയാണ്. ഇത്രത്തോളം രാജകീയമായ വളര്‍ച്ചയും ഉയര്‍ച്ചയും വേരുറപ്പും സാധ്യമാക്കിയ ഈ സംഘശക്തിയുടെ ബലക്ഷയത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരുണ്ട് എന്നതാണ് ആഗോള തമാശ. ഇത്തരം ഉല്‍പതിഷ്ണുക്കള്‍ക്ക് കണ്ണുണ്ടെങ്കില്‍ സമസ്ത ആദര്‍ശ സമ്മേളനത്തിലെ ജനസാഗരത്തെ ഒന്നു നോക്കികാണണം. എണ്ണാനറിയുമെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന ഈ സുന്നി മക്കളെയൊന്ന് എണ്ണി തിട്ടപ്പെടുത്തണം. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയസംഹിത ശാസ്ത്രീയപരമാണ്. സ്ഥിരപ്രതിഷ്ഠ കൈവരിച്ചതുമാണ്. നബികരീം(സ്വ) തങ്ങള്‍ സമ്മാനിച്ചതും സ്വഹാബാകിറാം കാണിച്ചുതന്നതുമായ ജീവിതപദ്ധതിയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ. നവോത്ഥാനത്തിന്റെയും അക്ഷരവിദ്യാഭ്യാസത്തിന്റെയും വിത്തുകള്‍ പിറവികൊണ്ടതും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ നടുമുറ്റത്തുനിന്നായിരുന്നു. എന്നാല്‍, നവോത്ഥാനത്തിന്റെ വക്താക്കളാന്നെന്നു നിരന്തരം സ്റ്റേജിലും പേജിലും അവകാശപ്പെടുന്ന ഒരുപറ്റം അല്‍പന്മാരുണ്ടിവിടെ. നവോത്ഥാനത്തിന്റെ ഹോള്‍സെയില്‍ വക്താക്കളായി ചമയലാണ് ഇവരുടെ സ്ഥിരം പരിപാടി. നവോത്ഥാനത്തിന്റെ നിര്‍വചനംപോലും വശമില്ലാത്ത ഇവര്‍ പുരോഗമനത്തിന്റെ ലേബലില്‍ ഇവിടം വിളമ്പിയതും കാണിച്ചുകൂട്ടിയതുമായ വിവരക്കേടുകള്‍ക്ക് കാലം സാക്ഷിയാണ്. യഥാര്‍ത്ഥത്തില്‍ നവോത്ഥാനത്തിന്റെ പേരില്‍ ബിദഇകള്‍ ഇവിടെ ചെയ്തുവച്ചത് എന്താണ്...? മുജാഹിദ് വിഭാഗത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന സി.എന്‍. അഹ്മദ് മൗലവി പറഞ്ഞു. കണ്ടം ടൗസറിട്ട് നിസ്‌കരിക്കാം...! വിചിത്രമായ മസ്അല... വിവരക്കേടിന്റെ അങ്ങേയറ്റം... ഇതല്ലേ ബിദഈ കക്ഷികള്‍ ഇവിടെ നട്ടുവളര്‍ത്തിയ നവോത്ഥാനം. അമ്പിയാക്കളുടെയും മഹാന്മാരുടെയും മുഅ്ജിസത്തുകളെയും കറാമത്തുകളെയും വിലകുറച്ച് അവതരിപ്പിക്കുന്നതിനെയാണോ നവോത്ഥാനമെന്നു പേരിട്ടു വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നവോത്ഥാനത്തിന്റെ ബാലപാഠങ്ങള്‍പോലും ഗ്രഹിക്കാത്ത ഇവരുടെ നവോത്ഥാനാവകാശവാദത്തിന്റെ ഉദ്ദേശ്യശുദ്ധി പകല്‍പോലെ വ്യക്തമാണ്. എന്നാല്‍, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പണ്ഡിതവരേണ്യരിലൂടെ സമൂഹം സാധ്യമാക്കിയത് നവോത്ഥാനത്തിന്റെ കാലാനുസൃത മാനങ്ങളെയായിരുന്നു. സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതികള്‍ക്ക് നിദാനമായി അവതരിച്ചത് പുണ്യറസൂല്‍(സ) തങ്ങളും സ്വഹാബത്തുമായിരുന്നു. ആ പ്രവാചകരുടെയും അനുയായികളുടെയും ജീവിതധാരയെ അനുധാവനംചെയ്യുന്നതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ വഴി. ഇതേ മാര്‍ഗത്തില്‍തന്നെ നവോത്ഥാനത്തിന്റെ ശിലയൊരുക്കുകയായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയുടെ സുന്ദരമായ ആശയസംഹിതയെ പഴഞ്ചനായും അപരിഷ്‌കൃതമായും വികൃതമായും ചിത്രീകരിക്കുന്ന പുത്തനാശയക്കാര്‍ ഇന്നും ഈ തത്വസംഹിതയെ വികലമാക്കി അവതരിപ്പിക്കുന്നതിനു വേണ്ടി സ്വപ്‌ന സമ്മേളനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോഴും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉമ്മത്തിന്റെ ഉത്ഥാനത്തിന് ഊര്‍ജംപകരാവുന്ന പുതിയ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. പുണ്യറസൂല്‍(സ്വ) തങ്ങള്‍ പറഞ്ഞുവല്ലോ... എന്റെ ഉമ്മത്ത് 73 വിഭാഗങ്ങളായി ചിന്നിച്ചിതറും. അതില്‍ ഒന്നു മാത്രമാണ് സ്വാര്‍ഗീയ സൗരഭ്യം നുകരുക. ഇതു കേട്ട അനുചരസമൂഹം ചോദിച്ചു: നബിയേ, ഏതാണ് ആ വിഭാഗം? പ്രവാചകര്‍(സ്വ) തങ്ങള്‍ പറഞ്ഞു: ഞാനും എന്റെ സ്വഹാബത്തും നിലനില്‍ക്കുന്ന ഈ വഴിയില്‍ കാലുറപ്പിച്ചവരാണവര്‍. പുണ്യ റസൂല്‍(സ്വ) തങ്ങളുടെയും അവിടുത്തെ അനുചരവ്യന്ദത്തിന്റെയും ജീവിത ചിത്രങ്ങളാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ റൂട്ട് മാപ്പ്. യമനീ നേതൃഗരിമയിലൂടെയും ഇമാമീങ്ങളുടെ കാലോചിത ഇടപെടലുകളിലൂടെയും മഖ്ദൂമീ പണ്ഡിതന്മാരുടെ സജീവ സാന്നിധ്യത്തിലൂടെയും പൂര്‍വ്വോര്‍ജംകൈവരിച്ച അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ സംഘടിതരൂപമാണ് വരക്കല്‍ തങ്ങളിലൂടെ ലോകം ദര്‍ശിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. എന്നാല്‍, ഈ സംഘശക്തിയെ വികലമാക്കി ചിത്രീകരിക്കുന്ന പുത്തനാശയക്കാര്‍ നവോത്ഥാനം ചമയുന്നതോടുകൂടെ ഇസ്‌ലാംമതത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും എതിര്‍ക്കാന്‍ രംഗത്തുവരികയുണ്ടായി. കളവു പറയാത്ത പുണ്യനബി(സ)യുടെ അധരങ്ങളില്‍നിന്നും നിര്‍ഗളിച്ച സത്യ സന്ദേശങ്ങളെ കളവാക്കി അവതരിപ്പിച്ചും സ്വഹാബാകിറാമിന് അര്‍ഹിച്ച വില കല്‍പ്പിക്കാതെയും രംഗം സജീവമാക്കിയ ഇവര്‍ പരസ്യമായി സ്വഹാബത്തിനെ തള്ളിപ്പറയുകയും ചെയ്തു. മുജാഹിദ് നേതൃത്വത്തില്‍ പ്രധാനിയായിരുന്നു വെളിയങ്കോട് ഉമര്‍. തറാവീഹിന്റെ ഏറ്റക്കുറച്ചിലുകളില്‍ അദ്ദേഹം പ്രതികരിക്കുകയുണ്ടായി- മക്കത്തെ ഉമര്‍ അങ്ങനെ പറഞ്ഞെങ്കില്‍ വെളിയങ്കോട്ടെ ഉമര്‍ അതിനെ മാറ്റിപ്പറയുന്നു. എത്രത്തോളം അപഹാസ്യമാണ്...! ഇതാണുപോലും നവോത്ഥാനം. സമുദായപുരോഗതിയുടെ വാക്താക്കള്‍ ഞങ്ങളാണെന്നു നായികക്ക് നാല്‍പതു വട്ടം വിളിച്ചുപറയുന്ന ഈ സ്വപ്രഖ്യാപിത നവോത്ഥാന നായകന്മാര്‍ ഒരുവേള ചരിത്രവിശകലനം നടത്തുന്നത് നല്ലതാണ്. മഹത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മൗലാന അബ്ദുല്‍കലാം ആസാദിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ജനത ബ്രിട്ടീഷ് അധിനിവേശ ശക്തികളെ ചെറുത്തുതോല്‍പ്പിച്ച സാഹചര്യം. മതവിദ്യാഭ്യാസ മേഖല കുഞ്ഞുടുപ്പ് പോലും ധരിക്കാത്ത സന്ദര്‍ഭം. സ്‌കൂളുകളില്‍ നിലനിന്നിരുന്ന മതപഠന വാതായനങ്ങളാവട്ടെ അതിനു താഴ് വീണിരിക്കുന്നു. ഈ സാഹചര്യത്തില്‍ മതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രസക്തിയും മനസ്സിലാക്കി ഇവിടെ മദ്‌റസാ സംവിധാനം സാധ്യമാക്കിയത് സമസ്തയായിരുന്നു. അഹദവന്റെ അനുഗ്രഹത്താല്‍ ഇന്ന് പതിനായിരത്തിലേറെ മദ്‌റസകളിലായി പത്തു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ആയിരക്കണക്കിന് മുഅല്ലിമുകളുമായി നവോത്ഥാനത്തിന്റെ കാലോചിത ചുവടായി ഇതു പരിവര്‍ത്തനപ്പെട്ടു. ഇവരെ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതിനുമായി നിലകൊള്ളുന്നു സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. അറേബ്യന്‍ നാടുകളില്‍പോലുമില്ലാത്ത നീക്കങ്ങളാണ് വിദ്യാഭ്യാസ ബോര്‍ഡിലൂടെ സാധ്യമാകുന്നത്. പിഞ്ചു മക്കളുടെ നിഷ്‌കളങ്ക ഹൃദയങ്ങളിലേക്ക് പരിശുദ്ധ ഖുര്‍ആന്റെ വചനാമൃതങ്ങള്‍ മനസ്സിലാക്കികൊടുക്കുന്ന അറബി ഭാഷയെ സരളമായി പഠിപ്പിക്കുന്ന ഈ വിദ്യാഭ്യാസ സംവിധാനം ഇന്നും പുരോഗതിയുടെ പച്ചപ്പാടങ്ങളിലേക്കുള്ള പുരോപ്രയാണത്തിലാണ്. നവോത്ഥാന വക്താക്കളായി ചമയുന്ന പലരും ഹര്‍ക്കത്തില്ലാത്ത അറബി അക്ഷരങ്ങളെ ചേര്‍ത്തുവായിക്കാന്‍ കഴിയാതെ നിന്നു കുഴങ്ങുന്ന രംഗങ്ങളാണ് പലപ്പോഴും കാണാറുള്ളത്. ഒരുകാലത്തെ ബിദഈ പണ്ഡിതന്‍മാര്‍ക്ക് അറബി കിതാബ് വായിക്കാനെങ്കിലും കഴിഞ്ഞിരുന്നു. കാരണം, അവര്‍ പഠിച്ചതും ഭാഷയെ മനസ്സിലാക്കിയതും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ പണ്ഡിതകേസരികളുടെ നേതൃത്വത്തില്‍ സജീവമായിരുന്ന പള്ളി കേന്ദ്രീകരിച്ചുള്ള പാഠശാലകളില്‍നിന്നായിരുന്നു. ഇത്തരം സംവിധാനങ്ങളില്‍നിന്നാണ് പുത്തനാശയക്കാരുടെ തലതൊട്ടപ്പന്മാരായ കെ.എം. മൗലവിയും അബൂ സബാഹ് മൗലവിയും അടക്കമുള്ള ബിദഈ നേതാക്കള്‍ വളര്‍ന്നുവന്നത്. എന്നാല്‍, പള്ളിദര്‍സുകളെ പഴഞ്ചനായും അപരിഷ്‌കൃതമായും ചിത്രീകരിക്കുന്ന വര്‍ത്തമാന ബിദഈ നേതാക്കളിലധികവും രണ്ട് അക്ഷരങ്ങളെ ചേര്‍ത്തുവയ്ക്കുമ്പോഴേക്ക് നിന്നു വിറക്കുന്നവരാണെന്നത് നര്‍മംനിറഞ്ഞ സത്യമാണ്. ഇന്നും കേരളത്തിന്റെ നാനാതുറകളിലായി 1500ലധികം ദര്‍സുകള്‍ നിലനില്‍ക്കുന്നുണ്ട്. 10,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് അവിടങ്ങളില്‍ വിദ്യ നുകര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്രത്തോളം വിശാലമായ ഈ വിദ്യാഭ്യാസ ശൃംഖലയോട് വൈമനസ്യം പുലര്‍ത്തുന്നവരുടെ ഹൃദയങ്ങളില്‍ ലോകവിവരങ്ങള്‍ കുടികൊള്ളുന്നില്ല എന്നുവേണം കരുതാന്‍. പരിശുദ്ധമായ മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും ഇന്നും ദര്‍സീ സംവിധാനങ്ങള്‍ ചടുലമായ ചുവടുവയ്പ്പുകളോടെ ചലിക്കുന്നുണ്ട്. നവോത്ഥാന വാദികളുടെ പ്രവര്‍ത്തനങ്ങളെ കേവല പ്രഹസനമായിട്ടാണ് ചരിത്രം വിശദമാക്കുന്നതെങ്കില്‍ സമസ്ത ഇവിടം സംസ്ഥാപിച്ച നവോത്ഥാനം കാലോചിതവും ഏറെ ആകര്‍ഷണീയവുമാണ്. ശംസുല്‍ ഉലമ ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍ ഇവിടെ കൊളുത്തിവച്ചത് ബദലുകളില്ലാത്ത നവോത്ഥാന ദീപങ്ങളായിരുന്നു. ക്രൈസ്തവ മിഷണറിമാര്‍ ഇസ്‌ലാമിനെ തള്ളിപ്പറയുകയും പരസ്യമായി വികൃതമാക്കി അവതരിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവരോട് എതിരിടാനായി ഇസ്‌ലാമിക പക്ഷത്തുനിന്ന് ശൈഖുനാ ശംസുല്‍ ഉലമ രംഗത്തുവരണമെന്ന് ആവശ്യപ്പെട്ടത് ഇവിടുത്തെ ബിദഈ നേതാക്കളായിരുന്നു. ഇത്രത്തോളം എതിര്‍കക്ഷികള്‍പോലും നവോത്ഥാന പരിഷ്‌കര്‍ത്താവായി അംഗീകരിച്ച ശൈഖുനാ ശംസുല്‍ ഉലമ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദരണീയനായ ദീര്‍ഘകാല സെക്രട്ടറിയാണ് താനും. ഇങ്ങനെയുള്ള ആദര പ്രധാനികളായ പണ്ഡിതരുടെ തൃക്കരങ്ങളാലാണ് സമസ്ത വളര്‍ന്നതും നവോത്ഥാനത്തെ വളര്‍ത്തിയതും. അല്ലാഹു ഇനിയും ഉത്തരോത്തരം വളര്‍ത്തട്ടെ!