തസ്വവ്വുഫിന്റെ ജീവിത സൗന്ദര്യം
ആധ്യാത്മിക രംഗത്തെ പ്രകാശ ഗോപുരവും അനേകായിരങ്ങളുടെ മനസ്സകങ്ങളിലേക്ക് സത്യ ദര്‍ശനം പകര്‍ന്ന് നല്‍കുകയും ചെയ്ത ആധ്യാത്മിക നായകനും പണ്ഡിത കുലപതിയും മാതൃകാ പ്രബോധകനുമായിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി). യുടെ സിര്‍റുല്‍ അസ്‌റാറിലൂടെ ഒരു ആത്മീയ സഞ്ചാരത്തിന് സുന്നി അഫ്ക്കാര്‍ വഴിയൊരുക്കുകയാണ്. സഞ്ചാരം ആരംഭിക്കുന്നതിന് മുമ്പ് ശൈഖവര്‍കളെ ലഘുവായൊന്ന് പരിചയപ്പെടാം. എ.ഡി 1077 (ഹി : 470) ല്‍ ജീലാന്‍ പ്രവിശ്യയിലെ നയീഫില്‍ റ: ആഖിര്‍ 11 നാണ് ശൈഖവര്‍കള്‍ ജനിച്ചത്. ജീലാനിലെ പ്രധാന പണ്ഡിതനായിരുന്ന സ്വാലിഹ് എന്നിവരാണ് പിതാവ്, ജംഗിദോസ്ത് പിതാമഹനും ലോക പ്രശസ്ത ആധ്യാത്മിക നേതാവ് അബൂ അബ്ദില്ലാഹില്‍ അസ്മഇ (ഖു.സി) യുടെ പുത്രി ഫാത്വിമ ഉമ്മുല്‍ ഖൈറാണ് മാതാവ്. വളരെയേറെ സൂക്ഷ്മ ജീവിതം നയിച്ചിരുന്ന മാതാ പിതാക്കള്‍ അതേപാതയിലാണ് മകനെയും വളര്‍ത്തിയെടുത്തത്. വിശുദ്ധിയും പാണ്ഡിത്യവും ആധ്യാത്മികതയും സമ്മേളിച്ച ഗൃഹാന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹത്തിന്റെ കുടുംബ വേര് ഇമാം ഹസന്‍(റ)വിലൂടെ പ്രവാചക തിരുമേനി മുഹമ്മദ് നബി(സ്വ) യിലേക്ക് എത്തിച്ചേരുന്നു. തന്റെ മാതാപിതാക്കള്‍, മാതൃപിതാവ് ഇമാം അബ്ദില്ലാഹി സൗമഈ എന്നിവരില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നുകര്‍ന്ന അദ്ദേഹം പത്താമത്തെ വയസ്സില്‍ ഖൈല്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന മതവിദ്യാലയത്തില്‍ ചേര്‍ന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കുകയുണ്ടായി. അബുല്‍ വഫ അലിയ്യുബിന്‍ അഖീല്‍, അബുല്‍ ഖത്താബ് മഹ്ഫൂളുല്‍ കില്‍ദാനി, തുടങ്ങിയ മഹാപണ്ഡിതരുടെ ശിക്ഷണത്തിലാണ് അവിടെ വിദ്യ അഭ്യസിച്ചത്. പതിനെട്ടാം വയസ്സില്‍ ഉപരി പഠനാര്‍ഥം ബാഗ്ദാദിലേക്ക് പുറപ്പെടുകയും പഠനം, അധ്യാപനം ആധ്യാത്മിക പരിശീലനം, പ്രഭാഷണം, ഗ്രന്ഥ രചന തുടങ്ങി മുഴുസമയ പ്രബോധകനായി ആയുഷ്‌കാലം മുഴുവന്‍ അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. ഹിജ്‌റ: 488 ലായിരുന്നു അദ്ദേഹത്തിന്റെ ബഗ്ദാദ് യാത്ര. ജീവിതത്തില്‍ ഒരിക്കലും കളവ് പറയരുതെന്ന മാതാവിന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് തന്റെ കൈവശമുള്ള പണത്തെ ക്കുറിച്ച് കൊള്ളക്കാര്‍ ചോദിച്ചപ്പോള്‍ സത്യം തുറന്ന് പറയുകയും അത് കൊള്ളക്കാരുടെ മാനസാന്തരത്തിന് വഴിയൊരുക്കുകയും അവരെല്ലാവരും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്ത പ്രസിദ്ധമായ സംഭവം നടന്നത് ഈ യാത്രയിലായിരുന്നു. വിജ്ഞാനത്തിന്റെ പറുദീസയായി അറിയപ്പെട്ടിരുന്ന ബാഗ്ദാദില്‍വച്ച് മഹാശ്രേഷ്ടരായ ഗുരുവര്യരില്‍നിന്ന് വിവിധ വിജ്ഞാന ശാഖകളില്‍ അദ്ദേഹം അവഗാഹം നേടുകയുണ്ടായി. ശൈഖ് അബൂ മുഹമ്മദ് ജഅഫര്‍ ബിന്‍ ഹസന്‍, ശൈഖ് അബൂ ഗാലിബ് മുഹമ്മദ് ബിന്‍ ഹസന്‍ ബാഖില്ലാനി തുടങ്ങയ പണ്ഡിത കുലപതികളില്‍നിന്നാണ് ഹദീസ് പഠനം നടത്തിയത്. അബൂ സഈദുല്‍ മഖ്‌റമിയുടെ ശിഷ്യത്വത്തിലാണ് ഫിഖ്ഹ് പഠിച്ചത്. ശൈഖ് മഖ്‌റമിയുടെ കീഴിലായി ദീര്‍ഘകാലം ആധ്യാത്മിക പരിശീലനത്തില്‍ മുഴുകുകയും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി അവസാനം ഖിര്‍ഖ(സ്ഥാനവസ്ത്രം) സമ്പാധിക്കുകയും ചെയ്തു. പിന്നീട് ആത്മീയ ലോകത്ത് ഖാദിരിയ്യ സരണിയുടെ തലവനായി മാറിയ അദ്ദേഹം വിശ്വ പ്രശസ്തരായ നാലു ഖുത്വുബുകളില്‍ അതിപ്രധാനിയായി വിശേഷിപ്പിക്കപ്പെടുകയുണ്ടായി. പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും ആ മഹല്‍ ജീവിതം ഉണ്ടാക്കിയ അന്തസ്സും അഭിമാനവും ഊര്‍ജ്ജ ശക്തിയും പരിഗണിച്ച് മുഹ്‌യിദ്ദീന്‍(മതത്തിന് സജീവത പകര്‍ന്നവര്‍) എന്ന അപര നാമം നല്‍കി സമൂഹം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഭാഷ, സാഹിത്യം എന്നിവയിലും അദ്ദേഹം ഏറെ വ്യുല്‍പത്തി നേടുകയുണ്ടായി, അബൂസകരിയ്യ യഹ്‌യബിന്‍ അലിയ്യുത്തബ്‌രീസി, ഹമ്മാദു ദബാസി എന്നിവരായിരുന്നു ഗുരു പ്രമുഖര്‍. സാഹിത്യത്തിലെ ഗുരുവായ ഹമാദുദബാസിയില്‍നിന്ന് ത്വരീഖത്തിന്റെ പാഠങ്ങളും അദ്ദേഹം പഠിക്കുകയുണ്ടായി. പഠന ശേഷം ദീര്‍ഘ കാലം അല്‍മഖ്‌റമി കലാലയത്തിലും നിളാമിയ്യ സര്‍വ്വ കലാശാലയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം ദിവസവും ഉച്ച വരെ ദര്‍സീ ക്ലാസുകള്‍ എടുക്കുകയും ഉച്ചയ്ക്ക് ശേഷം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും മായിരുന്നു പതിവ്. 1521 മുതല്‍ 1561ല്‍ മരിക്കും വരെ ദീര്‍ഘമായ 40 വര്‍ഷക്കാലം മതോപദേശവും ആധ്യാത്മിക പ്രഭാഷണവുമായി കഴിച്ചു കൂട്ടുകയായിരുന്നു. പ്രധാന ഗുരുനാഥന്‍ അബൂ സഈദുല്‍ മഖ്‌റമിയുടെ പേരില്‍ ബാഗ്ദാദിലെ ബാബുല്‍ അസജ്ജില്‍ താന്‍ സ്ഥാപിച്ച സ്ഥിതി മത കലാലയത്തിലായിരുന്നു പ്രഭാഷണ പരിപാടിയിക്ക് ആരംഭം കുറിച്ചത്. പ്രഭാസണം വളരെ പെട്ടെന്ന് നാടാകെ പ്രചുര പ്രചാരം നേടുകയും നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും ജനങ്ങള്‍ ആവേശത്തോടെ ഒഴുകിയെത്താന്‍ തുടങ്ങുകയും ചെയ്തു. ജനബാഹുല്യം കാരണം സ്ഥാപനം വീര്‍പ്പുമുട്ടി. ശ്രോതാക്കളുടെ സൗകര്യം പരിഗണിച്ച് ബഗ്ദാദിന് പുറത്തേക്ക് പ്രഭാഷണവേദി മാറ്റേണ്ടി വന്നു. ജൂതരും കൃസ്തീയരു മടക്കം എഴുപതിനായിരത്തിലേറെ ആളുകള്‍ സ്ഥിരമായി ആ സദസ്സില്‍ സംബന്ധിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പ്രഭാഷണം ശ്രവിച്ച അനേകായിരം ആളുകളിലേക്ക് സത്യദര്‍ശനത്തിന്റെ വെളിച്ചം പ്രസരിക്കുകയും അവരെല്ലാം പരിശുദ്ധ ഇസ്‌ലാമിലേക്ക് കടന്നുവരുന്ന കാഴ്ച കണ്ട് ലോകം അത്ഭുതം കൂറുകയുണ്ടായി. അതോടൊപ്പം പ്രമുഖരും പ്രഗത്ഭരുമായ ഒട്ടേറെ പണ്ഡിത ശ്രേഷ്ടര്‍ ആധ്യാത്മിക രംഗത്തേക്ക് കടന്നു വരാനും ഈ പ്രഭാഷണങ്ങള്‍കാരണമാവുകയുണ്ടായി. ശൈഖുല്‍ ഇറാഖ് അബൂ അലിയ്യുബിന്‍ ഹസനുല്‍ മുസല്ലം, അബൂ അബ്ദുല്ല മുഹമ്മദ് ബിന്‍ അബ്ദുല്‍ മആലി അബ്ദുല്‍മലിക് ബിന്‍ ഈസാ, അബൂ മുഹമ്മദ് അബ്ദുല്‍ ഗനി അബ്ദുല്ലാഹി തുടങ്ങിയ പ്രമുഖര്‍ അവരില്‍ ചിലര്‍ മാത്രം. 1528 മുതല്‍ മരണം വരെ 33 വര്‍ഷക്കാലം നിളാമിയ്യ സര്‍വ്വ കലാശാലയിലും അല്‍ മഖ്‌റമി കലാലയത്തിലും അധ്യാപനം നടത്തുകയും ചെയ്തു. അതോടൊപ്പം വിവിധ വിഷയങ്ങളില്‍ നിരവധി ബൃഹദ് ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. അടിസ്ഥാന ശാസ്ത്രം, ശാഖാ ശാസ്ത്രം, ആധ്യാത്മികത, സാഹിത്യം, തുടങ്ങിയ വിഷയങ്ങളിലെല്ലാം ഗഹനമായ കൃതികള്‍ അദ്ദേഹത്തില്‍നിന്ന് വിരചിതമായിട്ടുണ്ട്. പതിമൂന്ന് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്ന ശൈഖവര്‍കള്‍ പണ്ഡിത ലോകത്തെ പൊന്‍താരം തന്നെയായിരുന്നു. ഹമ്പലീ മദ്ഹബിലും ശാഫിഈ മദ്ഹബിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം രണ്ട് മദ്ഹബുകളനുസരിച്ചും മതവിധികള്‍ പുറപ്പെടുവിക്കുകയുണ്ടായി. ഇറാഖിലെ പണ്ഡിത കുലപതികളെയെല്ലാം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ മത വിധികള്‍. ഇസ്ലാമിക വിജ്ഞാനവും സാഹിത്യ ശാഖകളും വളര്‍ന്ന് പന്തലിച്ച് പൂത്തുലഞ്ഞു നില്‍ക്കുന്ന കാലഘട്ടമായാണ് ഹിജ്‌റ അഞ്ച്, ആറ് നൂറ്റാണ്ടുകള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഗഹനവും ബൃഹത്തുമായ അനേകായിരം ഗ്രന്ഥങ്ങള്‍ വിവിധ വിഷയങ്ങളിലായി ഈ കാലഘട്ടത്തില്‍ വിരചിതമായിട്ടുണ്ട്. അബൂ ഇസ്ഹാഖ് ശീറാസി, അബൂഹാമിദുല്‍ ഗസ്സാലി, ഇബ്‌നു ഉഖൈല്‍, അബ്ദുല്‍ ഖാഹിറുല്‍ ജുര്‍ജാനി, അബൂസകരിയ്യാ തബ്‌രീസി,അബൂ ഖാസിമുല്‍ ഹരീരി, ഇമാം സമക് ശരി, ഖാളി ഇയാള് തുടങ്ങിയ മഹാ പണ്ഡിതര്‍ ഈ കാലഘട്ടത്തിലാണ് ജീവിച്ചത്. ബാഗ്ദാദ് പട്ടണം അന്ന് വിജ്ഞാനത്തിന്റെ ഹബ്ബായി മാറിയെങ്കില്‍ അതില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പങ്ക് നിസ്തുലമാണ്. ആത്മജ്ഞാനികളുടെ പ്രകാശ ഗോപുരമായി അറിയപ്പെടുന്ന അദ്ദേഹം ഗൗസുല്‍ അഅളം, ഖുതുബുല്‍ അഖ്താബ്, സുല്‍ത്വാനുല്‍ ഔലിയ തുടങ്ങി ഒട്ടേറെ സ്ഥാനപ്പേരുകളില്‍ അറിയപ്പെടുന്നു. വര്‍ഷങ്ങളോളമുള്ള ഏകാന്ത വാസവും നിരന്തര ഇബാദത്തും ദേശാടനവും മുറാഖബയും നടത്തിയാണ് ഈദവികളിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. അബൂ സഈദുല്‍ മഖ്‌റമിയുടെയും ശൈഖ് ദബാസിയുടെയും ഉപദേശം നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ട് സഹനവും ത്യാഗവും നിറഞ്ഞ തീവ്രമായ പരിശീലനത്തിലൂടെ നേടിയെടുത്ത ആത്മ സംസ്‌കരണം അദ്ദേഹത്തെ ഔലിയാക്കളുടെ സുല്‍ത്താനാക്കി മാറ്റുകയുണ്ടായി. ജുനൈദുല്‍ ബഗ്ദാദിയുടെ സൂഫീ പരമ്പരയിലൂടെ മുന്നോട്ട് ഗമിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ദീര്‍ഘ നാളത്തെ പരിശീലന കാലഘട്ടം കഴിഞ്ഞ് ബാഗ്ദാദില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രഭാഷണ രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചത്. ആര്‍ക്കും നിഷേധിക്കാനാവാത്ത വിധം പ്രചുര പ്രചാരം നേടിയ ഒട്ടേറെ കറാമത്തുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തലുണ്ടായിട്ടുണ്ട്. യാതൊരുവിധ ശങ്കക്കും അവസരമില്ലാത്തവിധം വിശ്വ പ്രശസ്തരായ പണ്ഡിത മഹാന്മാര്‍ സാക്ഷ്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്ത പ്രസ്തുത കറാമത്തുകളില്‍ ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ മാത്രം താഴെ കൊടുക്കുന്നു. ശൈഖ് ഇസ്സുദ്ദീന്‍ ബിന്‍ അബ്ദുസ്സലാം(റ) സാക്ഷ്യപ്പെടുത്തുന്ന സംഭവം കാണുക. ശൈഖ് ജീലാനി (ഖു.സി) യുടെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും മതപരമായ സംശയങ്ങള്‍ തീര്‍ക്കാനുള്ള ആധികാരിക കേന്ദ്രമായി അദ്ദേഹം മാറുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അറിവിനെ പരീക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ബാഗ്ദാദിലെ വളരെ പ്രമുഖമായ 100 പണ്ഡിതന്മാര്‍ ശൈഖിനെ ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. അവരോരുത്തരും ഓരോ ചോദ്യം വീതം വിത്യസ്ത വിഷയങ്ങളിലായി 100 ചോദ്യങ്ങള്‍ ശൈഖിനോട് ചോദിക്കാന്‍ പ്ലാനിട്ടു. പരസ്പരം ബന്ധമില്ലാത്ത ചോദ്യങ്ങളെ ഒന്നിച്ചു നേരിടേണ്ടി വരുമ്പോള്‍ ശൈഖ് ഉത്തരം മുട്ടുമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടല്‍. അവരെല്ലാവരും തികഞ്ഞ ആസൂത്രണത്തോടെ ശൈഖിന്റെ പ്രഭാഷണം വേദിയിലെത്തി ശ്രദ്ധേയമായ ഇടങ്ങളില്‍ സ്ഥാനം പിടിച്ചു. ശൈഖ് വേദിയിലേക്ക് കടന്നുവന്നു. വരുന്ന സമയത്ത് തന്നെ ശൈഖിന്റെ ഹൃദയ ഭാഗത്ത് നിന്നും ഒരു പ്രകാശം പുറപ്പെടുകയും മേല്‍പറഞ്ഞ 100 പേരിലൂടെ അത് കടന്ന് പോവുകയും ചെയ്യുന്ന കാഴ്ച അവരും മറ്റ് പലരും കാണുന്നു. ആ നൂറ് പേരും അവരവരുടെ ഇരിപ്പിടത്തില്‍ നിന്നും താഴെ വീഴുകയും ഒരു തരം വിറയല്‍ അവരെ പിടികൂടുകയും ആര്‍ത്തട്ടഹാസവുമാണ് പിന്നീടവിടെ കാണുന്നത്. തുടര്‍ന്ന് അവരോരുത്തരും ഇരിപ്പിടത്തിലേക്ക് തന്നെ മടങ്ങി ശരസ്സുകള്‍ ശൈഖിന്റെ കാല്‍പാദത്തോട് ചേര്‍ത്ത് വെക്കുയുണ്ടായി.ശൈഖ അവരെ ഓരോരുത്തരേയും എഴുന്നേല്‍പ്പിച്ച് തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും അവരോരുത്തരും ശൈഖിനെ ഉത്തരം മുട്ടിക്കാനായി മനസ്സില്‍ കരുതിയിരുന്ന ചോദ്യവും അതിനുള്ള മറുപടിയും ശൈഖ് അവരോരുത്തരോടും പറയുകയും ചെയ്തു. അതോണ്ട് കൂടി എല്ലാവരും പൂര്‍വ്വ സ്ഥിതിയിലേക്ക് വരികയുമുണ്ടായി. സദസ്സലുണ്ടായിരുന്ന മുഫ്രിജ് ബിന്‍ നബ്ഹാന്‍ അവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. തങ്ങള്‍ അങ്ങോട്ട് വന്നതിന്റെ ഉദ്ദേശ വെളിപ്പെടുത്തിയ അവര്‍ ശൈഖില്‍നിന്നും പ്രവഹിച്ച പ്രകാശം ഞങ്ങളെ സ്പര്‍ശിച്ചതോട് കൂടി ഞങ്ങളിലുണ്ടായിരുന്ന മുഴുവന്‍ അറിവുകളും മനസ്സില്‍നിന്ന് മാഞ്ഞ് പോവുകയുണ്ടായി, ശൈഖ് ഞങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ശേഷമാണ് അവ തിരിച്ചു കിട്ടിയത്, അവര്‍ അനുഭവം വിവരിച്ചു. പരിശുദ്ധ ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായി യാതൊരു നീക്കവും ശൈഖവര്‍കളുടെ ആധ്യാത്മിക ജീവിതത്തില്‍ ഉണ്ടായിട്ടില്ല.ശരീഅത്തും ത്വരീഖത്തും ഹഖീഖത്തും പരസപര പൂരകങ്ങളായുള്ള ജീവിതം സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നല്‍കിയത്. ഖുര്‍ആനിന്റെയും ഹദീസിന്റെയും ചിറകിലൂടെ പിറന്നാല്‍ മാത്രമെ അല്ലാഹുവിലേക്ക് പറന്നെത്താന്‍ കഴിയുകയുള്ളുവെന്ന് പ്രഭാഷണങ്ങളില്‍ അദ്ദേഹം പറയാറുണ്ടായിരുന്നു. ഒരു സംഭവം കാണുക. പതിവ് പോലെ ഏകാഗ്രതക്കുവേണ്ടി മരുഭൂമിയിലൂടെയുള്ള ഒരു യാത്രയിലാണ് ശൈഖ്. നാലഞ്ച് ദിവസമായി യാത്ര തുടങ്ങിയിട്ട്, കൂടെ കരുതിയിരുന്ന ഭക്ഷണവും വെളവുമെല്ലാം തീര്‍ന്നുപോയിട്ടുണ്ട്. ദാഹജലം പോലുമില്ലാതെ ദിനരാത്രങ്ങള്‍ വീണ്ടും കടന്നുപോയി. കടുത്ത ക്ഷീണത്തിന്റെ പിടിയിലമര്‍ന്നു. ജലപാനമില്ലാതെ ഇനി ഒരടി മുന്നോട്ട് നീങ്ങാനാവത്ത അവസ്ഥയിലെത്തി. ആ ഘട്ടത്തില്‍ ആകാശത്ത് കാര്‍മേഘകൂട്ടം രൂപപ്പെടുന്നത് ശ്രദ്ധയില്‍പെട്ടു. അല്‍പ സമയത്തിനകം മഴപെയ്യാന്‍ തുടങ്ങി. മതിവരുവോളം ജലപാനം. നടത്തി. തുടര്‍ന്ന് ആകാശത്തുനിന്നും വെളുത്ത ഒരു പ്രകാശവും അതില്‍ ഒരു പ്രത്യേക രൂപവും പ്രത്യക്ഷപ്പെടുന്ന ദൃശ്യം ശ്രദ്ധയില്‍ പെട്ടു. സാല്‍ഭുതം അങ്ങോട്ട് നോക്കിയപ്പോള്‍ ഒരു വിളിയാളം കേട്ടു ഓ, അബ്ദുല്‍ ഖാദിര്‍, ഞാന്‍ നിന്റെ റബ്ബാണ്, എല്ലാ നിഷിദ്ധ കാര്യങ്ങളും ഇന്നത്തോടെ നിനക്ക് ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു. ഇത് കേട്ട ശൈഖ് ഉടനെ തന്നെ പിശാചില്‍ നിന്നും അഭയം തേടുന്ന ദിക്ര്‍ ഉച്ചത്തില്‍ ഉരുവിട്ടു, അതോടെ വെളുത്ത പ്രകാശം കറുത്ത പൂകയായി മാറുന്ന കാഴ്ചയാണ് കണ്ടത്. വീണ്ടും വിളിയാളം പുറത്തു വന്നു, ഓ, അബ്ദുല്‍ ഖാദിര്‍, നിന്നിലുള്ള ആഴമേറിയ അറിവും ഉറച്ച വിശ്വാസവും നിന്നെ എന്നില്‍നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നു’. ഇതേ വിദ്യ പ്രയോഗിച്ചു കൊണ്ട് എഴുപതിലധികം സൂഫികളെ ഇതിനകം ഞാന്‍ വഴി പിഴപ്പിച്ചിട്ടുണ്ട്. സദസ്സിലുള്ള ഒരാള്‍ ശൈഖിനോട് ചോദിച്ചു. ആ വിളിയാളംപിശാചില്‍ നിന്നാണെന്ന് താങ്കള്‍ക്ക് എങ്ങനെയാണ് മനസ്സിലായത്? പ്രവാചക തിരുമേനി(സ്വ)ക്കുപോലും അല്ലാഹു നിഷിദ്ധങ്ങളെ അനുവദനീയമാക്കി നല്‍കിയിട്ടില്ല, എങ്കില്‍ എനിക്ക് ആ ആനുകൂല്യം വെച്ചു നീട്ടുന്നവന്‍ പിശാചല്ലാതെ ആരാണ്? നവതി പൂര്‍ത്തിയാക്കിയ തന്റെ ജീവിതത്തിന്റെ ആദ്യ പകുതി മുഴുവന്‍ അറിവ് സമ്പാദനത്തിനും ആധ്യാത്മിക പരിശീലനത്തിനുമായി വിനിയോഗിച്ച ശൈഖവര്‍കള്‍ രണ്ടാം പകുതി മുഴുവന്‍ ചെലവഴിച്ചത് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയായിരുന്നു. വന്‍ജനാവലിയുടെ മുന്നില്‍ നാലുപതിറ്റാണ്ടുകാലം നീണ്ടുനിന്ന ആധ്യാത്മിക പ്രഭാഷണങ്ങള്‍, വിവിധ വിഷയങ്ങളില്‍ കനപ്പെട്ട ഗ്രന്ഥ രചനകള്‍, പ്രശസ്ത സ്ഥാപനങ്ങളില്‍ ദീര്‍ഘ കാലത്തെ അധ്യാപനം എന്നിവയിലൂടെയും മറ്റും സുകൃത ജീവിതം മാത്രം നയിച്ച ആ പുണ്യപൂമാന്‍ ഹിജ്‌റ: 561 റബീഉല്‍ ആഖിര്‍ 11ന് സ്രഷ്ടാവിലേക്ക് മടങ്ങി. തന്റെ പ്രധാന ഗുരുനാഥന്റെ പേരില്‍ ബഗ്ദാദിലെ ബാബുല്‍ അസജ്ജില്‍ താന്‍ സ്ഥാപിച്ച കലാലയ മുറ്റത്താണ് ശൈഖവര്‍കള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്.