Sunni Afkaar Weekly

Pages

Search

Search Previous Issue

തവക്കുലിന്റെ പങ്കായമേന്തിയ ഹജ്ജ് പെട്ടകങ്ങള്‍

ഇ.കെ. ഇബ്‌നു അഹ്മദ്
 തവക്കുലിന്റെ പങ്കായമേന്തിയ  ഹജ്ജ് പെട്ടകങ്ങള്‍

ഒഴുകിപ്പരക്കുന്ന കടലലകളിലൂടെ മലയാളക്കരയില്‍നിന്നും മക്കാ മണ്ണിലേക്ക് ആത്മസ്‌നേഹത്തിന്റെ പങ്കായവുമേന്തി തുഴഞ്ഞുപോയ മഹബ്ബത്തിന്റെ നൗകകള്‍ക്ക് കൈയ്യും കണക്കുമില്ല. സമുദ്രപരപ്പിന്റെ വിജനത വരച്ചുവച്ച ഭീതിയുടെ കനലുകളെയെല്ലാം അവര്‍ അനുരാഗത്തിന്റെ സ്‌നേഹപാനംകൊണ്ട് തുടച്ചുനീക്കിയാണ് മുന്നേറിയത്. താപോന്മുഖമായ സൈകതഭൂമിയിലേക്കുള്ള പ്രയാണമാണെന്നറിഞ്ഞിട്ടും പരശ്ശതങ്ങളുടെ മനസ്സകങ്ങളില്‍ സന്തോഷനിര്‍വൃതിയുടെ തുശാരബിന്ദുക്കള്‍ കുളിര്‍തെന്നലായി പരന്നൊഴുകുകയായിരുന്നു. കാത്തിരുന്ന കിനാവിന്റെ സാക്ഷാത്കാരമായി വിശുദ്ധ ഭൂമികയുടെ ഹജ്ജാജിമാരെന്ന മേല്‍വിലാസത്തിലെ വെണ്മയിലലിഞ്ഞപ്പോള്‍ സിരയിലും ധമനിയിലും തളംകെട്ടുന്ന ആത്മസായൂജ്യത്തിന്റെ മേഘാവൃതാന്തരീക്ഷങ്ങള്‍ ശുക്‌റലകളുടെ ചുടുഭാഷ്പങ്ങളായി തോരാതിറങ്ങിക്കൊണ്ടിരുന്നു. ഹജ്ജ് തയ്യാറെടുപ്പുകളും യാത്രകളുമെല്ലാം ആത്മനിര്‍വൃതിയുടെ അനാവരണമാണെങ്കിലും പതിറ്റാണ്ടുകളുടെ പഴക്കമുള്ള കപ്പല്‍മാര്‍ഗമായ ഹജ്ജ് യാത്രയുടെ പഴങ്കഥകള്‍ പകര്‍ന്ന ഈമാനികാവേശവും പ്രവാചകാനുരാഗവും വേറെ തന്നെയാണ്. ഹജ്ജോര്‍മകളുടെ ആര്‍ദ്രതയുള്ള അനുഭവങ്ങള്‍ ആത്മഹര്‍ഷത്തിന്റെ ആന്ദോളനങ്ങളായി പെയ്തിറങ്ങുമ്പോള്‍ ഹൃദയംകൊണ്ട് പരിശുദ്ധ ഭൂമിയിലേക്കെത്തിയതായി അനുഭവപ്പെടുമെന്ന് തീര്‍ച്ച. കാലത്തിന്റെ മാറാലകള്‍ക്കിടയില്‍നിന്നും പൊടിതട്ടിയെടുത്ത പ്രയാസം താണ്ടിയുള്ള ഹജ്ജോര്‍മ്മകള്‍ അനുഭവവേദ്യമാം വിധം മലയാളിയുടെ മനസ്സകങ്ങളില്‍ പരുവപ്പെടുത്തിയെടുത്ത പൂര്‍വികരുടെ ചരിത്രാവതരണവും അനുഭവപ്പറച്ചിലുകളും അപാരമെന്നതില്‍ തര്‍ക്കമില്ല. ജീവിതയാത്രയുടെ മരുപ്പച്ചയില്‍ സ്വപ്‌നങ്ങളുടെ വഞ്ചി തുഴഞ്ഞ് ഹജ്ജ് സാക്ഷാത്കാരത്തിന്റെ അറേബ്യന്‍ ഭൂമികയിലെത്തിയ ജീവിതങ്ങള്‍ എത്രയധികം സൗഭാഗ്യരാണ്. അത്തരമൊരു ഹൃദയവികാരത്തിന്റെ സന്തോഷനിര്‍ഭരമായ സാക്ഷാത്കാരത്തിനു പടച്ചറബ്ബ് സൗഭാഗ്യമേകിയവരില്‍ ബഹുമാന്യരും പ്രിയങ്കരരുമായിരുന്ന മര്‍ഹൂം കെ.ടി ഉസ്താദുമുണ്ടായിരുന്നു. കോഴിക്കോടിന്റെ വിദൂരതയില്‍നിന്നും പങ്കായമേന്തിത്തുടങ്ങി കിലോമീറ്ററുകള്‍ താണ്ടിയും കടവുകള്‍ കടന്നും കടല്‍കാറ്റേറ്റും സ്വപ്‌നഭൂമിയിലെത്തിയ അനുഭവത്തിന്റെ നേര്‍സാക്ഷ്യങ്ങളെ സായൂജ്യത്തിന്റെ വാക്കുകള്‍കൊണ്ട് ഉസ്താദ് പലരോടും പലപ്പോഴും പങ്കുവെക്കുമായിരുന്നു. അനുരാഗം നിറച്ചുവച്ച് നനഞ്ഞുറച്ച ഹജ്ജോര്‍മ്മകളെ ഹൃദയംകൊണ്ട് പറഞ്ഞു പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും ഉസ്താദിനുള്ളിലെ സ്‌നേഹമനസ്സ് ശ്രമിച്ചുകൊണ്ടേയിരുന്നു. സ്വതസിദ്ധമായ, തനിമയൊത്ത മാപ്പിളപ്പാട്ടിന്റെ വരികളിലും അനുഭവങ്ങളുടെ അക്ഷരക്കൂട്ടങ്ങളിലും ശാന്തമായി ഒഴുകിപ്പരക്കുന്ന കാട്ടരുവിയുടെ കാനനഭംഗിയോടെ ഉസ്താദ് തന്റെ ഹൃദ്യമായ ഹജ്ജോര്‍മ്മകളെ രേഖപ്പെടുത്തിയതായി കാണാം. പുരോഗമന വിസ്‌ഫോടനങ്ങളുടെ വര്‍ത്തമാനത്തിന്റെ ചുമര്‍മാറിലിരുന്ന് നാലു പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ കെ.ടി ഉസ്താദിന്റെ ഹജ്ജ് യാത്രയുടെ അക്ഷരക്കൂട്ടങ്ങളെ അനുഭവങ്ങള്‍ കൂട്ടിയിട്ടു കത്തിച്ച വെളിച്ചത്തില്‍ വായിച്ചുതീര്‍ക്കുമ്പോള്‍ ഉടലാകെ വിശ്വാസാവേശത്തിന്റെ വെളിച്ചവും നിഴലും പടരുമെന്നത് സത്യം. ചരിത്രത്തിന്റെ വെളിച്ചവും അനുഭവങ്ങളുടെ തീക്ഷ്ണതയുമാണ് ഓര്‍മ്മകളുടെ ഓളങ്ങളില്‍ അടുക്കിവച്ച വരികള്‍ക്കു ജീവന്‍നല്‍കുന്നത്. നിഷ്‌കളങ്കമായ അനുരാഗിയുടെ ആത്മസായൂജ്യത്തിന്റെ ഹൃദയാന്തരങ്ങളില്‍നിന്നും അനുവാചക സമക്ഷത്തിങ്കലേക്ക് പരന്നൊഴുകിയ വരികളുടെ വശ്യത അനിഷേധ്യംതന്നെ. 1968ലാണ് ഉസ്താദ് കെ.ടി. മാനു മുസ്‌ലിയാര്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം ഹജ്ജിന് അപേക്ഷിക്കുന്നത്. 1968 ആഗസ്റ്റ് മൂന്നിന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ സമീപിച്ച് ആവശ്യമായ ഫോറങ്ങള്‍ വാങ്ങിവെച്ചു. ആഗസ്റ്റ് 13ന് ഫോറങ്ങള്‍ പൂരിപ്പിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും ശെരിപ്പെടുത്തി ഡക്ക് ക്ലാസിക്കിനുള്ള 745 രൂപയുടെ ഡ്രാഫ്‌റ്റോടു കൂടി അപേക്ഷകളയച്ചു. കേരളത്തില്‍നിന്നുള്ള ക്വാട്ട കുറവായിരുന്നതിനാല്‍ കോയമ്പത്തൂരില്‍നിന്നാണ് അപേക്ഷകളയച്ചത്. വി. കുഞ്ഞാപ്പു ഹാജി കണ്ണത്ത്, ടി. നാണി ഹാജി കണ്ണത്ത്, ടി. കുഞ്ഞിമുഹമ്മദ് ഹാജി പുല്‍വെട്ട, വി. മൂസഹാജി ഇരിങ്ങാട്ടിരി, സി. കുഞ്ഞമ്മു ഹാജി ഇരിങ്ങാട്ടിരി, ആര്യാടന്‍ മുഹമ്മദ് ഹാജി തരിശ്, സി.കെ. മുഹമ്മദ് മുസ്‌ലിയാര്‍ അരിപ്ര എന്നിവരും ഉസ്താദിന്റെ ഭാര്യാമാതാവ്, സി.കെ. മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യാമാതാവ്, ആര്യാടന്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ എന്നിങ്ങനെ മൂന്ന് സ്ത്രീകളുമടങ്ങുന്നതായിരുന്നു ഉസ്താദിന്റെ ഹജ്ജ് സംഘം. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നീണ്ട ആഴ്ചകള്‍ കാത്തിരിപ്പിന്റെ ദിനരാത്രങ്ങളായിരുന്നു. അതിനിടയിലാണ് നറുക്കെടുപ്പില്‍ നിങ്ങളുടെ അപേക്ഷകള്‍ കിട്ടിയിരിക്കുന്നു. യാത്ര റംസാനിനു ശേഷം, വിശദവിവരത്തിന് ബി. ഫോറം പ്രതീക്ഷിക്കുക എന്നറിയിച്ചുകൊണ്ടുള്ള കാര്‍ഡ് സെപ്തംബര്‍ 29ന് അപേക്ഷകരിലേക്കെത്തുന്നത്. ജീവിതത്തിന്റെ ജൈത്രയാത്രയില്‍ പരിശുദ്ധമായ ഹജ്ജിന്റെ പാവനമായ സമാഗമ സംഗമത്തിന് അവസരം ലഭിച്ച സംഘം സന്തോഷത്തിന്റെ ആനന്ദക്കണ്ണീര്‍ വാര്‍ത്തു. ശരിക്കും, പിന്നീടായിരുന്നുവത്രെ കാത്തിരിപ്പിന്റെ നാളുകള്‍. പിന്നീട്, കാണുന്ന പരിചയക്കാരോടും ബന്ധുക്കളോടും സ്‌നേഹവലയങ്ങളോടുമൊക്കെ യാത്രപറഞ്ഞു മണിക്കൂറുകള്‍ കൊഴിഞ്ഞുപോയി. പലയിടങ്ങളിലും ഇഷ്ടജനങ്ങള്‍ സ്‌നേഹമസൃണമായ യാത്രയയപ്പുകള്‍ സംഘടിപ്പിച്ചു. സുന്നി യുവജനസംഘത്തിനു കീഴില്‍ ഡിസംബര്‍ 23ന് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമില്‍ നല്‍കിയ യാത്രയയപ്പാണ് ഏറ്റവും ഹൃദ്യമായിരുന്നതെന്ന് ഉസ്താദ് സന്തോഷത്തോടെ കുത്തിക്കുറിക്കാറുണ്ട്. പ്രാദേശികമായ മഹല്ല് ജമാഅത്തുകളും പ്രസ്ഥാനിക സംഘടനകളും നാടിന്റെ നായകന് ഹൃദയംകൊണ്ട് യാത്രയേകി. അതിയായ മോഹങ്ങളുടെയും നീണ്ട കാത്തിരിപ്പിന്റെയും സാക്ഷാത്കാരമെന്നോണം, 1968 ഡിസംബര്‍ 30ന് തിങ്കളാഴ്ചയുടെ പ്രഭാതത്തില്‍തന്നെ സ്‌നേഹജനങ്ങളോട് സലാം പറഞ്ഞ് കെ.ടി ഉസ്താദ് പരിശുദ്ധ ഹജ്ജ് യാത്രക്കിറങ്ങി. ആവശ്യമായ അരി, വസ്ത്രങ്ങള്‍, മറ്റു ചില്ലറ വസ്തുക്കളെല്ലാം പാഥേയമായി കൂട്ടിനുണ്ടായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് നിന്നും ബോംബേക്കുള്ള കപ്പലിലായിരുന്നു ടിക്കറ്റ് ലഭിച്ചത്. മുപ്പതിന്റെ രാത്രിയില്‍ കോഴിക്കോട് അംബാസിഡര്‍ ലോഡ്ജില്‍ താമസമാക്കി. ചൊവ്വാഴ്ച്ച ഉച്ചക്കു ശേഷം ഒരു മണിക്ക് ലോഡ്ജില്‍ നിന്നു പുറത്തിറങ്ങി കസ്റ്റംസിലെ ജോലികളെല്ലാം കഴിഞ്ഞ് കടല്‍പാലത്തിലൂടെ നടന്ന് കോണിയിറങ്ങി. മൂന്നു മണിക്കാണ് കോഴിക്കോട് നിന്നും കപ്പല്‍ പ്രയാണമാരംഭിച്ചത്. കടല്‍പാലംവരെ ബന്ധുക്കളും സ്‌നേഹിതരുമായ ഒത്തിരി പേര്‍ അനുഗമിച്ചിരുന്നുവെന്ന ഓര്‍മ്മകള്‍ ഉസ്താദ് ഹൃദ്യമായി ഓര്‍ക്കുന്നുണ്ട്. കോഴിക്കോട് നിന്നും കപ്പലില്‍ കയറിപ്പറ്റാനുള്ള സാഹസങ്ങള്‍ വളരെയധികമായിരുന്നുവത്രെ. ആദ്യം തോണിയിലേക്ക് ഇറക്കം. ശേഷം, തോണിയില്‍നിന്നും കപ്പലിലേക്കുള്ള കയറ്റം. അവിടെയെല്ലാം അനുഭവപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ തീര്‍ക്കുന്ന തിരക്കുകള്‍. എല്ലാറ്റിനുമൊടുവില്‍, പ്രയാണമാരംഭിക്കുന്നതോടെ ഉറ്റവരോടെല്ലാം പരസ്പരം കൈവീശി യാത്രപറയും. അങ്ങനെ, നീണ്ട പതിനൊന്നര മണിക്കൂറിന്റെ പ്രയാണത്തിനു ശേഷം സരസ്വതിയിലെത്തി. 1969 ജനുവരി ഒന്നിന് കാലത്ത് നാലു മണിക്കാണ് സരസ്വതി യാത്രതുടങ്ങിയത്. ഉച്ചക്ക് 12 മണിക്ക് മംഗലാപുരത്തെത്തി. അവിടെനിന്നും ഒത്തിരിയധികം ജനങ്ങള്‍ കപ്പലില്‍ ഇടംപിടിച്ചു. അതിവേഗം മുന്നേറുന്ന പ്രയാണവീഥിയില്‍ മലപ്പയും ബട്ക്കലും കാര്‍വയും കടന്ന് ബുധനാഴ്ച്ച രാവിലെ എട്ടു മണിക്ക് ഗോവ ഹാര്‍ബറിലെത്തി. വൈകുന്നേരം മൂന്നു മണിക്ക് ശേഷമേ ഗോവന്‍തീരത്തുനിന്ന് പ്രയാണമാരംഭിക്കുകയുള്ളൂ എന്നതിനാല്‍ തന്നെ പത്തു മണിക്ക് കപ്പലില്‍നിന്നിറങ്ങി സമീപത്തുള്ള വാസ്‌കോടൗണ്‍ സന്ദര്‍ശിച്ചു. വേണ്ടത്ര പരിഷ്‌കാരങ്ങള്‍ പരിചയിക്കാത്ത നഗരമാണ് വാസ്‌കോ. രണ്ടു മണിക്കൂറിന്റെ ഹ്രസ്വ സന്ദര്‍ശനത്തിനു ശേഷം 12 മണിക്ക് തന്നെ കെ.ടി ഉസ്താദും സംഘവും കപ്പലില്‍ തിരികെയെത്തി. സരസ്വതിയില്‍ കേരളീയ ഭക്ഷണം വിളമ്പുന്ന മികച്ച കാന്റീനുമുണ്ടായിരുന്നുവത്രെ. ഓരോരുത്തര്‍ക്കും ഇരിക്കുവാനും കിടക്കുവാനുമായി പ്രത്യേക സീറ്റുമൊന്നുമുണ്ടായിരുന്നില്ല. ലഭിക്കുന്ന സ്ഥലത്ത് ബെഡ് വിരിച്ച് ഇരിപ്പിടമൊരുക്കുന്നതായിരുന്നു പരിഹാരം. വൈകുന്നേരം 3.30ന് കപ്പല്‍ യാത്രതിരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ബോംബെ ഹാര്‍ബറിലെത്തി. ഹാജിമാര്‍ക്കുള്ള മുസാഫിര്‍ ഖാനയില്‍ വന്‍തിരക്കായതിനാല്‍ സത്താര്‍ ബിശി എന്ന മറ്റൊരു ലോഡ്ജില്‍ രണ്ടു ദിവസം താമസിക്കേണ്ടിവന്നു. ജനുവരി പത്തിനു വെള്ളിയാഴ്ച്ച രാവിലെ മുസഫരി എന്ന കപ്പലില്‍ ബോംബയില്‍നിന്നും യാത്രയായി. യലംലമിന്റെ നേര്‍ക്ക് കപ്പലെത്തിയപ്പോള്‍ ഒന്നാമത്തെ ഹുങ്ക മുഴങ്ങി. ഒരു മണിക്കൂറിനു ശേഷം യലംലമിന്റെ പരിധി കഴിഞ്ഞുവെന്നറിയിക്കുന്ന രണ്ടാമത്തെ ഹുങ്കയും മുഴങ്ങി. എട്ടാം ദിവസം രാവിലെ 11 മണിക്ക് തന്നെ ജിദ്ദ തുറമുഖം കണ്ടുതുടങ്ങിയിരുന്നുവെങ്കിലും 12 മാണിക്കാണ് കപ്പല്‍ ജിദ്ദയിലെത്തിയത്. അവിടെനിന്നും പുലര്‍ച്ചെ ബസ്സില്‍ രാവിലെ പത്തു മണിക്ക് പരിശുദ്ധമായ മക്കയുടെ ഭൂമികയിലെത്തി. ആ വര്‍ഷം മക്കയില്‍ പേമാരി ഉണ്ടാവുകയും തുടര്‍ന്ന് ആളപായവും നഷ്ടങ്ങളുമുണ്ടായിരുന്നു. അറഫാത്തും മസ്ജിദുന്നമിറയും മുസ്ദലിഫയും വാദീ മുഹസ്സറും മിനയും ദാറുല്‍ അര്‍ഖമുമെല്ലാം സന്ദര്‍ശിച്ചു. 1969 ഫെബ്രുവരി ആറിന് ചൊവ്വാഴ്ച്ച രാത്രി മദീനയിലെത്തി. വന്‍ജനത്തിരക്കായിരുന്നു മദീനയിലത്രെ. വീട്ടുടമകള്‍ പറയുന്ന വാടകക്ക് വാടകമുറികള്‍ ഏറ്റെടുക്കേണ്ടതായിരുന്നു സ്ഥിതി. വെള്ളിയാഴ്ച രാവിലെതന്നെ സിയാറത്തിനു പുറപ്പെട്ടു. മലയാളികളുടെ മുസ്വവ്വിറായ സയ്യിദ് ബാഫഖി തങ്ങളുടെ കൂടെയാണ് കെ.ടി ഉസ്താദും സംഘവും പുറപ്പെട്ടത്. മസ്ജിദുന്നബവിയുടെ തെക്കുകിഴക്കേ മൂലയോടടുത്ത് ബാബു ജിബ്‌രീലിലൂടെ പള്ളിയില്‍ പ്രവേശിച്ച് തഹിയ്യത്ത് നിസ്‌കരിച്ചു. ശേഷം, ജീവിതത്തിന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിലൊന്നായ പ്രവാചകപ്രഭുവിന്റെ ഖബ്‌റിന്നടുത്ത് ചെന്ന് സലാം പറഞ്ഞ് മനമുരുകി പ്രാര്‍ത്ഥിച്ചു. പിന്നീട്, സിദ്ദീഖ് തങ്ങളുടെയും ഉമര്‍ തങ്ങളുടെയും സാമീപ്യം സലാം പറഞ്ഞ് പ്രാര്‍ത്ഥിച്ചു. മദീനയിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളായ ദാര്‍ അബീ അയ്യൂബ്(റ), ജന്നത്തുല്‍ ബഖീഅ്, മസ്ജിദുഖുബാ, ബിഅ്‌റ് അസാസ്, ഉഹ്ദ്, മസ്ജിദുല്‍ ഖിബ്‌ലതൈനി അടക്കമുള്ള സുപ്രധാന കേന്ദ്രങ്ങള്‍ വഴികാട്ടിയോടൊപ്പം സന്ദര്‍ശിച്ചു. മദീനയിലെ പത്തു ദിവസത്തിന് ശേഷം ഫെബ്രുവരി 16ന് സുബ്ഹി നിസ്‌കാരാനന്തരം പ്രാതലും കഴിച്ച് മുത്തുനബി(സ്വ)യോട് യാത്രപറയാനിറങ്ങി. ഹൃദയം വിങ്ങിയ വാക്കുകളോടെ നനഞ്ഞുറച്ച കണ്ണും ഖല്‍ബുമായി തിരുനബി(സ്വ)യോട് സലാം പറഞ്ഞു. യാത്രയ്ക്കായി ഒരുക്കിയിരുന്ന വാഹനത്തില്‍ ദുല്‍ഹുലൈഫയിലെത്തി ഉംറയുടെ ഇഹ്‌റാമില്‍ പ്രവേശിച്ചതിനു ശേഷം അവിടെനിന്നും മടങ്ങി. രാത്രി എട്ടു മണിക്ക് മക്കയിലെത്തി. ഭക്ഷണവും വിശ്രമവുമെല്ലാം കഴിഞ്ഞതിനു ശേഷം ഉംറയുടെ കര്‍മങ്ങള്‍ നിര്‍വഹിച്ചു. തഹല്ലുലായതിനു ശേഷം നാളുകളെണ്ണി ഹജ്ജിനായുള്ള കാത്തിരിപ്പായിരുന്നു. ദുല്‍ഹിജ്ജ ഏഴിന് ഫൈസല്‍ രാജാവ് ഹറമിലെത്തി ത്വവാഫ് നടത്തുകയും പരിശുദ്ധമായ കഅ്ബയുടെ ഭിത്തികള്‍ കഴുകി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദുല്‍ഹിജ്ജ എട്ടിന് മക്കയില്‍നിന്നു പുറപ്പെടണം. ശേഷം, മിനായിലെത്തണം. ഒമ്പതിനു രാവിലെ ബസ്സില്‍ അറഫയിലേക്ക് തിരിച്ചു. അസ്തമന ശേഷം അറഫായില്‍നിന്നും മുസ്ദലിഫയിലേക്ക് തിരിച്ചു. അല്‍പസമയം അവിടെ രാപാര്‍ത്തും ജംറത്തുല്‍ അഖബയിലേക്ക് എറിയാനുള്ള കല്ലുകള്‍ പൊറുക്കിയതിനും ശേഷം മിനായിലേക്കു പോയി. തിരക്കു ഭയന്ന് സുരേ്യാദയത്തിനു മുമ്പ് തന്നെ കല്ലേറു നടത്തി. അനന്തരം തലമുടി നീക്കി. പതിനൊന്നിന് മക്കയില്‍ വന്ന് ത്വവാഫും സഅ്‌യും നിര്‍വഹിച്ചു. ഇങ്ങനെ, മൂന്നു ദിവസങ്ങളിലായുള്ള രാപാര്‍പ്പും നാലാം ദിവസത്തെ കല്ലേറും കഴിഞ്ഞ് ദുല്‍ഹിജ്ജ 13ന് മിനായില്‍നിന്നും കെ.ടി ഉസ്താദും സംഘവും മക്കയിലേക്ക് തിരിച്ചു. അങ്ങനെ, ഹജ്ജെന്ന ജീവിതാഭിലാഷം സാക്ഷാത്കരിച്ചു. 23നാണ് കെ.ടി ഉസ്താദും സംഘവും മക്കയില്‍നിന്നു മടങ്ങുന്നത്. 9:30നാണ് ബസ് പുറപ്പെട്ടത്. ബസ്സിന്റെ കേടുപാടുകള്‍കാരണം മൂന്നു മണിക്കൂര്‍ വഴിമധ്യേ താമസം നേരിട്ടു. രാത്രിയാണ് ജിദ്ദയിലെത്തിയത് മൂലം മദീനത്തുല്‍ ഹുജ്ജാജില്‍ വന്നു താമസിച്ചു. പിറ്റേ ദിവസം രാവിലെതന്നെ ഹവ്വാ ബീബി(റ)യുടെ മഖ്ബറ സന്ദര്‍ശിച്ചു. ഉച്ചക്ക് 1:30ന് കപ്പല്‍ തുറമുഖം വിട്ടു. ഏപ്രില്‍ രണ്ടിനു രാവിലെ 7:30ന് മുഹമ്മദീ ബോംബെ ഹാര്‍ബറിലെത്തി. അവിടെനിന്നും പിന്നെ തീവണ്ടി യാത്രയായിരുന്നു. അങ്ങനെ, ഏപ്രില്‍ ഏഴിനു കെ.ടി ഉസ്താദും സംഘവും വീട്ടില്‍ തിരിച്ചെത്തി. അങ്ങനെ, നാലു മാസത്തോളം നീണ്ടുനിന്ന കെ.ടി ഉസ്താദിന്റെയും സംഘത്തിന്റെയും ഹജ്ജ് യാത്രയ്ക്ക് സമാപ്തിയായി. സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നുമില്ലെന്ന ഹദീസ് സ്മരണീയമാണ്.

Other Post