Sunni Afkaar Weekly

Pages

Search

Search Previous Issue

പ്രണയം ശമനമാക്കി ഇമാം ബൂസ്വൂരി(റ)

കെ.ടി. അമജ്ല്‍ പാണ്ടിക്കാട്
  പ്രണയം ശമനമാക്കി ഇമാം ബൂസ്വൂരി(റ)

നിങ്ങളല്ലേ മുഹമ്മദുബ്‌നു സഈദ് ആഗതന്റെ ചോദ്യം അദ്ദേഹത്തെ തെല്ലൊന്ന് ഞെട്ടിച്ചു. ചോദ്യകര്‍ത്താവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരിടത്തും കണ്ടതായി പരിചയമില്ല; തീര്‍ത്തും അപരിചിതന്‍. ആരാണിയാള്‍...? സംശയത്തിന്റെ ചൂടേറുമ്പോഴാണ് ഓര്‍ത്തത് അഗതന്‍ തന്റെ മറുപടിക്കായി കാതോര്‍ത്തിരിക്കുകയാണെന്ന്. ഉടനെ പ്രതികരിച്ചു. അതേ ഞാന്‍ തന്നെ മുഹമ്മദുബ്‌നു സഈദ്. എന്താണ് കാര്യം...? അത്... നിങ്ങള്‍ രചിച്ച പ്രവാചക പ്രകീര്‍ത്തന കാവ്യമില്ലേ, അതെനിക്കൊന്ന് തരുമോ? ഏതു പ്രകീര്‍ത്തനകാവ്യം...? ഇന്നലെ നിങ്ങള്‍ രചിച്ച പ്രകീര്‍ത്തനകാവ്യമില്ലേ, ആമീന്‍ തദ്ക്കരു ജീറാനിന്‍’എന്നുതുടങ്ങുന്ന കാവ്യം. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ങേ.. എന്ത് ഞാന്‍ ഇന്നലെ രചിച്ച പ്രവാചക പ്രകീര്‍ത്തനമോ? അതേ... അതുതന്നെ എനിക്കൊന്ന് തരൂ.. ഞാനൊന്നാസ്വദിക്കട്ടെ. എന്തൊരു ചോദ്യം! ആരാണിയാള്‍? ആഗതന്റെ വാക്കുകള്‍ മുഹമ്മദുബ്‌നു സഈദിനെ(റ) പരിഭ്രാന്തനാക്കി. യൗവ്വനത്തിന്റെ തുടക്കകാലങ്ങളില്‍ സാഹിത്യസമ്പൂര്‍ണവും ശ്രവണസുന്ദരവുമായ കാവ്യാലാപനങ്ങളിലൂടെ കൊട്ടാരസാമാജികരുടെ മനംകവര്‍ന്ന സാഹിത്യ സാമ്രാട്ടായിരുന്നു അവിടുന്ന്. രാജകൊട്ടാരത്തിലായിരുന്നു തനിക്ക് ജോലി. രാജാവിനെ രസിപ്പിക്കുവാനും സന്തോഷിപ്പിക്കുവാനും കവിതകള്‍ രചിക്കും. ഇതായിരുന്നു ജീവിതം. പതിവുപോലെ കൊട്ടാരത്തില്‍നിന്നു മടങ്ങിവരികയായിരുന്നു. വഴിക്കു വച്ച് ഒരാളെ കാണാനിടയായി- ഒരു വലിയ പണ്ഡിതനെ. ചിന്തയെ ഉണര്‍ത്തിയ ഒരു ചോദ്യം അദ്ദേഹം തന്നിലേക്കിട്ടു: നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചിട്ടുണ്ടോ?' ഇല്ല ഞാന്‍ കണ്ടിട്ടില്ല -മറുപടി പറഞ്ഞു. ആ ചോദ്യം മനസ്സില്‍ പലതവണ അലയടിച്ചു. ആവോളം ചിന്താമണ്ഡലത്തെ പിടിച്ചു കുലുക്കി. ഹൃദ്യമായ ആ വാക്കുകള്‍ ജീവിതത്തെതന്നെ മാറ്റിമറിച്ചു. അന്നുമുതല്‍ തിരുനബി(സ)യെ സ്‌നേഹിക്കാനും തിരുമുഖമൊന്ന് ദര്‍ശിക്കുവാനും ഹൃദയം വല്ലാതെ കൊതിച്ചു. മനസ്സില്‍ ആ ഒരാഗ്രഹം മാത്രമായി. തിരുമുഖം സ്വപ്‌നത്തില്‍ ദര്‍ശിക്കുക, അതു മാത്രം. അതിനെന്താണു വഴി? അവിടുത്തോട് ആത്മബന്ധം പുലര്‍ത്തുക. ജീവിതംതന്നെ ഇതിനു വേണ്ടി നീക്കിവെക്കുക. അങ്ങനെ സാദാ സമയവും അവിടുത്തെ സ്‌നേഹിച്ചും അനവധി പ്രകീര്‍ത്തനങ്ങള്‍ പാടിയും നിരവധി സ്വലാത്തുകള്‍ ചൊല്ലിയും മുഹമ്മദുബ്‌നു സഈദ്(റ) ദിവസങ്ങള്‍ തള്ളിനീക്കി. അടക്കിനിര്‍ത്താനാവാത്ത ഈ പ്രണയദാഹമാണ് ഇമാം ബൂസ്വൂരിയുടെ(റ) പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളായ ഹംസിയ്യ, മുളരിയ്യ തുടങ്ങിയവയ്ക്ക് ഹേതുവായത്. ആയിടക്കാണ് തളര്‍വാതം പിടിപെട്ടത്. ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ന്നു ശയ്യാവലംബിയായി. സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. വൈദ്യന്മാര്‍ പലരും വന്നു. ചികിത്സകള്‍ ധാരാളം നടത്തി. പക്ഷേ, ശമനം ലഭിച്ചില്ല. ചലനമറ്റു കിടക്കുന്ന ശരീരം. സ്വന്തമായി എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥ. പക്ഷേ, അപ്പോഴും ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു. അത്രമേല്‍ അടങ്ങാത്ത പ്രവാചക സ്‌നേഹം തന്നെ കീഴ്‌പ്പെടുത്തിയിരുന്നു. ഒരിക്കലങ്ങനെയിരിക്കുമ്പോഴാണ് മനസ്സില്‍ ഒരാശയം ഓടിയെത്തിയത്. തന്റെ ശരീരം തളര്‍ന്നുകിടക്കുകയാണ്. വൈദ്യലോകം കൈയ്യൊഴിച്ചിരിക്കുന്നു. ശരീരത്തിന് സുഖം പ്രാപിക്കണം. പരസഹായമില്ലാതെ എഴുന്നേല്‍ക്കണം; നടക്കണം. ആഗ്രഹസഫലീകരണത്തിന് തിരുനബി(സ)യുടെ സ്തുതികീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാവ്യങ്ങള്‍ ആലപിക്കുക, അതുവഴി രോഗത്തിനു ശമനംലഭിക്കും. യാതൊരു സന്ദേഹവും വേണ്ട. പിന്നെ ഒട്ടും താമസിച്ചില്ല. അമാന്തിച്ചു നിന്നതുമില്ല. അഥമ്യമായ പ്രവാചകസ്‌നേഹം ഹൃത്തടത്തില്‍നിന്നും നിര്‍ഗളിക്കാന്‍ തുടങ്ങി. ചിന്തകള്‍ റൗളയിലേക്ക് തിരിഞ്ഞു. ചുണ്ടുകള്‍ വിതുമ്പി. നയനങ്ങള്‍ നിറഞ്ഞു. പ്രവാചകസ്‌നേഹത്തില്‍ കുളിരണിഞ്ഞ ഹൃദയം വിങ്ങിപ്പൊട്ടി. പ്രവാചക പ്രകീര്‍ത്തന ലഹരിയില്‍ മനസ്സ് ആര്‍ത്തുല്ലസിച്ച് നിദ്രയിലാണ്ടുപോയി. ഇനി കഥ മുഹമ്മദുബ്‌നു സഈദ്(റ) തന്നെ പറയട്ടെ: എന്റെ ഹൃദയത്തില്‍ തിരുനബി (സ്വ) പ്രത്യക്ഷപ്പെട്ടു. ഞാന്‍ ഹബീബിനെ കണ്‍കുളിര്‍ക്കെ കണ്ടു. ഞാനെന്റെ ഈരടികള്‍ തിരുമുന്നില്‍ ആലപിച്ചു കേള്‍പ്പിച്ചു. ഞാനാ മുഖത്തേക്കുതന്നെ നോക്കിനിന്നു. ആ മുഖം പ്രകാശിക്കുന്നു. പുഞ്ചിരിതൂകുന്നു. പതിനാലാം രാവിലെ പൂര്‍ണ ചന്ദ്രനെപ്പോലെ. അല്ലാ; അതിനെക്കാളേറെ. നബി(സ്വ)ക്ക് വല്ലാത്ത സന്തോഷം; ആഹ്ലാദം. തന്റെ പ്രയാസം തിരുദൂതര്‍(സ) തിരിച്ചറിഞ്ഞു. അവിടുത്തെ ശറഫാക്കപ്പെട്ട തിരുകരങ്ങള്‍ സാധുവായ തന്റെ ശരീരമാസകലം തഴുകി ത്തലോടി. ഞാനാകെ ഹര്‍ഷപുളകിതനായി. തിരുനബി(സ) ഒരു പുതപ്പെടുത്തു. കഅ്ബ്(റ)നു സമ്മാനിച്ചതുപോലെയുള്ളത്. അതെന്റെ മേല്‍ പുതച്ചു. ഉടനെ ഉറക്കില്‍നിന്നും ഞെട്ടിയുണര്‍ന്നു. ശരീരത്തിലേക്കു നോക്കി. എന്തൊരത്ഭുതം!! എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ ശരീരം തന്നെയാണോ ഇത്? ആശ്ചര്യജനകംതന്നെ! ശരീരം പൂര്‍ണമായും സുഖംപ്രാപിച്ചിരിക്കുന്നു. തിരുകരസ്പര്‍ശമേറ്റതോടെ തളര്‍വാതം പൂര്‍ണമായും മാറിയിരിക്കുന്നു. ഞാന്‍ സന്തോഷത്താല്‍ ആറാടി. റബ്ബിനെ സ്തുതിച്ചു. അല്‍ഹംദുലില്ലാഹ്... സുഖം പ്രാപിച്ചല്ലോ. ഇനിയൊന്ന് പുറത്തിറങ്ങാം. ശേഷം വീടിനു പുറത്തിറങ്ങി. നടക്കാന്‍ തീരുമാനിച്ചു. നടത്തം തുടര്‍ന്നുകൊണ്ടിരിക്കയാണ്. അപ്പോഴാണ് തന്റെ, പ്രവാചകപ്രകീര്‍ത്തന കാവ്യമന്വേഷിച്ച് അബൂറജാഹ് വരുന്നത്. നബിയെ(റ) പ്രകീര്‍ത്തിച്ച് ഞാന്‍ പല കാവ്യങ്ങളും രചിച്ചിട്ടുണ്ടല്ലോ, അവയിലേതാണ് നിങ്ങളുദ്ദേശിക്കുന്നത്?’ ആമിന്‍തദക്കുരി.. എന്നുതുടങ്ങുന്ന കാവ്യമാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇതെന്തൊരത്ഭുതം! ഈ പ്രവാചക പ്രകീര്‍ത്തനകാവ്യം അല്ലാഹുവും റസൂലും ഞാനുമല്ലാതെ മറ്റൊരാളും അറിയില്ല; സ്വന്തം വീട്ടുകാര്‍ക്ക് പോലും. താനാരെയും അറിയിച്ചിട്ടുമില്ലതാനും. പിന്നെ എങ്ങനെ മറ്റൊരാള്‍ അറിഞ്ഞു? വെമ്പല്‍ വര്‍ധിച്ചു. ആവേശപൂര്‍വ്വം ചോദിച്ചു: സഹോദരാ, ഞാനത്ഭുതപ്പെടുന്നു. നിങ്ങളെങ്ങനെയാണ് ഈ പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ പറ്റി അറിഞ്ഞത്... ഞാനക്കാര്യം ആരെയും അറിയിച്ചിട്ടില്ലല്ലോ? ഉടനെ ആഗതന്റെ മറുപടി: ഓ... അതാണോ കാര്യം. അത്, ഞാനിന്നലെ ഉറങ്ങാന്‍കിടന്ന സമയം. ഉറക്കില്‍ ഒരു സ്വപ്‌നം കാണാനിടയായി. വലിയൊരു സദസ്സ്, ധാരാളം ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. ഞാന്‍ സൂക്ഷിച്ചുനോക്കി. എന്റെ ഹബീബ് തിരുദൂതര്‍(സ്വ) ആ സദസ്സിലുണ്ട്. ചുറ്റും സ്വഹാബികളും പണ്ഡിതന്മാരും. ആ മഹനീയ സദസ്സില്‍ നിങ്ങളെയും ഞാന്‍ കണ്ടു. ഉടനെ നിങ്ങള്‍ തിരുനബി (സ)യുടെ മുന്നില്‍വെച്ച് ഒരു പ്രകീര്‍ത്തനകാവ്യം ആലപിച്ചു. തിരുനബിക്ക് വലിയ സന്തോഷമായി. ഉറക്കില്‍ നിന്നും ഉണര്‍ന്ന ഞാന്‍ ഒരു തീരുമാനമെടുത്തു. നിങ്ങളെ അന്വേഷിച്ചു കണ്ടെത്തണം. അങ്ങനെ ഞാന്‍ പലയിടത്തും അന്വേഷിച്ചു. നിരവധി അന്വേഷണത്തിനൊടുവില്‍ ഇപ്പോള്‍ ഞാന്‍ നിങ്ങളെ കണ്ടെത്തി. അല്‍ഹംദുലില്ലാ.. എവിടെ ആ കാവ്യം? അതെനിക്കൊന്ന് തരൂ! മുഹമ്മദുബ്‌നു സഈദിന് സന്തോഷമായി. പ്രകീര്‍ത്തനകാവ്യത്തിന് തിരുദൂതരില്‍നിന്നും ലഭിച്ച രണ്ട് അംഗീകാരങ്ങള്‍... അല്‍ഹംദുലില്ലാ!! മഹാന്‍ വേഗം വീട്ടിലേക്കോടി. അഗതന്റെ ആവശ്യം സഫലീകരിച്ചുകൊടുത്തു. ഈ പ്രവാചക പ്രകീര്‍ത്തന കാവ്യമാണ് ലോകാംഗീകൃതമായ ബുര്‍ദ. മുഹമ്മദുബ്‌നു സഈദ് എന്ന് പേരുള്ള ഇമാം ബൂസൂരി(റ)വിന്റെ മഹത്തായ പ്രവാചക പ്രകീര്‍ത്തന കാവ്യം. ഖസീദതുല്‍ബുര്‍ദ എന്ന നാമം ഈ പ്രകീര്‍ത്തന കാവ്യത്തിനു ലഭിക്കാനുള്ള പല കാരണങ്ങള്‍ പണ്ഡിതന്‍മാര്‍ പറയുന്നണ്ട്. ഇമാം ബൂസ്വീരിയുടെ(റ) രോഗശമനത്തിന് ഹേതുവായത് ഈ കാവ്യമാണ് എന്ന കാരണത്താല്‍ ബുര്‍അത് എന്ന് പേരുവന്നത് പിന്നീട് പരിണമിച്ചാണെന്നാണ് ഒന്ന്. ഇത് ആലപിച്ചപ്പോള്‍ തിരുനബി(സ്വ) അവിടുത്തെ പവിത്രമായ പുതപ്പ് ഇമാമിനെ പുതപ്പിച്ച കാരണത്താല്‍ ബുര്‍ദിയ്യ എന്ന് പേരു വന്നത് പിന്നീട് പരിണമിച്ചാണെന്നത്. മറ്റൊന്ന്. ഒരു പുതപ്പ് ശരീരമാസകലം മൂടുന്നതുപോലെ ഈ കാവ്യം വര്‍ണനകളാലും പ്രകീര്‍ത്തനങ്ങളാലും തിരുദൂതരെ വലയംചെയ്യുന്നു എന്നതും കാരണമായി കാണുന്നു. ബുര്‍ദയിലെ സ്വലാത്ത് ഇമാം ഗസ്‌നവി(റ) തിരുനബിയെ സ്വപ്‌നത്തില്‍ കാണാന്‍ ആഗ്രഹിച്ച് എല്ലാ രാത്രിയിലും ഖസീദതുല്‍ ബുര്‍ദ പാരായണം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, മഹാന് തിരുദര്‍ശനത്തിന് തൗഫീഖ് ലഭിക്കുന്നേയില്ല. അന്ന് ജീവിച്ചിരുന്ന മഹാനായ ഒരു ശൈഖിന്റെ സമീപംചെന്ന് ഇമാമവര്‍കള്‍ സങ്കടംപറഞ്ഞപ്പോര്‍ ശൈഖ് പറഞ്ഞു: ഖസീദ പാരായണം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പരിപൂര്‍ണമായി പാലിച്ചിരിക്കില്ല. അതുകൊണ്ടായിരിക്കും നിങ്ങള്‍ക്ക് തിരുനബിയെ സ്വപ്‌നത്തില്‍ കാണാന്‍ കഴിയാത്തത്. ഇമാം: ഇല്ല, ഞാന്‍ മര്യാദകളൊക്കെ പാലിച്ചിട്ട് തന്നെയാണ് പാരായണം ചെയ്തത്. ശൈഖവര്‍കള്‍ ഇമാം ഗസ്‌നവി(റ) പാരായണംചെയ്യുന്നത് നിരീക്ഷിച്ചു. പിന്നീട് പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് തിരുദര്‍ശനം ലഭ്യമാകാത്തതിന്റെ രഹസ്യം കണ്ടെത്തി. നിങ്ങള്‍ ഓരോ വരികള്‍ക്കു ശേഷവും ഇമാം ബൂസ്വൂരി(റ) ചൊല്ലിയ മൗലായ സ്വല്ലിവസാ എന്ന സ്വലാത്ത് ചൊല്ലുന്നില്ല. (അസ്വീദത്തു ശ്ശുഹ്ദ: 39) ഈ സ്വലാത്തിന്റെ പിന്നിലെ രഹസ്യം പല പണ്ഡിതന്മാരും രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ഖസീദതുല്‍ ബുര്‍ദയുടെ രചനാവേളയില്‍ ഫ മബ്‌ലഗുല്‍ ഇല്‍മി ഫീഹി അന്നഹു ബശറുന്‍ എന്ന വരി എത്തിയപ്പോഴേക്കും അതിന്റെ ബാക്കിഭാഗം പൂര്‍ത്തീകരിക്കാന്‍ ഇമാം ബൂസ്വീരിക്ക്(റ) കഴിയാതെവന്നു. അന്നു രാത്രി തിരുദൂതരെ സ്വപ്‌നത്തില്‍ കണ്ട ഇമാമിന് അവിടുന്ന് വഅന്നഹു ഖൈറു ഖല്‍ഖില്ലാഹി കുല്ലിഹിമി എന്ന് പൂര്‍ത്തീകരിച്ചുകൊടുത്തു. ഈ വരിയില്‍ തിരുനബി(സ്വ) തനിക്കു നല്‍കിയ വിശേഷണമാണ് മൗലായാ സ്വലാത്തില്‍ ഉള്‍ക്കൊള്ളുന്നത്. വെള്ളിയാഴ്ച രാവുകളില്‍ പതിവായി ഖസീദതുല്‍ ബുര്‍ദ ആലപിക്കുന്നവര്‍ക്ക് വിശ്വാസിയായി മരണപ്പെടാനുള്ള സൗഭാഗ്യമുണ്ടാവുമെന്ന് ശറഹുല്‍ മുഹ്തമദില്‍ രേഖപ്പെടുത്തുന്നുണ്ട്. ആലാപനമര്യാദകള്‍ പാലിക്കുമ്പോള്‍ മാത്രമാണ് ഈ നേട്ടങ്ങള്‍ പൂര്‍ണമായി ആസ്വദിക്കാനാവുക. ഇമാം ഖര്‍ഭൂതി(റ) അസ്വീദത്തു ശ്ശുഹ്ദ എന്ന ഗ്രന്ഥത്തില്‍ അവകളെണ്ണുന്നുണ്ട്: ഒന്ന്: അംഗസ്‌നാനംവരുത്തുക. രണ്ട്: ഖിബലക്ക് മുന്നിടുക. മൂന്ന്: പദങ്ങളും ചിഹ്നങ്ങളും ശരിപ്പെടുത്തുന്നതില്‍ കൃത്യത പാലിക്കുക. നാല്: പാരായണം അര്‍ഥം അറിഞ്ഞുകൊണ്ടാവുക. അഞ്ച്: കാവ്യരൂപത്തില്‍തന്നെ പാരായണം ചെയ്യുക. ആറ്: ബുര്‍ദ മനപ്പാഠമുണ്ടായിരിക്കുക. ഏഴ്: ബുര്‍ദയുടെ ഇജാസത് നല്‍കാന്‍ യോഗ്യരായവരില്‍നിന്ന് ഇജാസത് (പ്രത്യേക അനുമതി) സ്വീകരിക്കുക. എട്ട്: ഓരോ ബൈത് പൂര്‍ത്തിയാവുമ്പോഴും തിരുനബിക്ക്(സ്വ) സ്വലാത് ചൊല്ലുക. ഒമ്പത്: സ്വലാത് മൗലായാ സ്വല്ലി എന്നു തുടങ്ങുന്ന സ്വലാത് തന്നെയാവുക. ശൈഖ് സാദയും മുല്ലാ അലിയ്യുല്‍ഖാരിയും ഇങ്ങനെ രേഖപ്പെടുത്തുന്നതു കാണാം: സഅ്ദുല്‍ ഫാറൂഖിയുടെ ഇരു നയനങ്ങള്‍ക്കും ശക്തമായ ചെങ്കണ്ണ് ബാധിച്ചു. അതു വര്‍ധിച്ച് തിമിരത്തെക്കാള്‍ ഭയാനകമായി. ഒരിക്കല്‍ അദ്ദേഹം തിരുനബിയെ(സ്വ) സ്വപ്‌നത്തില്‍ കണ്ടു. തിരുദൂതര്‍ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ മന്ത്രിയുടെ അടുത്തുപോയി അദ്ദേഹത്തില്‍നിന്ന് ഖസീദതുല്‍ ബുര്‍ദ വാങ്ങി അതിനെ നിങ്ങളുടെ ഇരു നേത്രങ്ങളിലേക്കും അടുപ്പിക്കുക. മഹാനവര്‍കള്‍ അപ്രകാരം ചെയ്യുകയും സുഖപ്പെടുകയും ചെയ്തു.

Other Post