Sunni Afkaar Weekly

Pages

Search

Search Previous Issue

പരീക്ഷ, നമ്മുടെ മുന്നൊരുക്കങ്ങള്‍ എങ്ങനെ വേണം

റാഷിദ് വാഫി ഒളവട്ടൂര്‍
പരീക്ഷ, നമ്മുടെ  മുന്നൊരുക്കങ്ങള്‍ എങ്ങനെ വേണം

പരരീക്ഷാകാലം വരുന്നു. ഇനി വിദ്യാര്‍ത്ഥികള്‍ പഠന-പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ട നിമിഷങ്ങളാണ്. രക്ഷിതാക്കളിലും മക്കളുടെ എക്‌സാമുകളെ ചൊല്ലി ജാഗ്രതയുയര്‍ന്നു കാണണം. വീണ്ടുവിചാരത്തോടുകൂടി നാം കാര്യങ്ങളില്‍ കണക്കുകൂട്ടലുകള്‍ നടത്തേണ്ടതുണ്ട്. പരീക്ഷകളെ എങ്ങനെ സമീപിക്കണം, എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെ സംബന്ധിച്ച് നമുക്ക് പ്രതിപാദിക്കാം. പരീക്ഷകള്‍ പേടിക്കേണ്ട ഒന്നല്ല എന്നത് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പ്രധാനമായി ഓര്‍ക്കണം. നിങ്ങളെ അടുത്ത സ്റ്റേജിലേക്ക് കടത്തിവിടാനുള്ള ഒരു ഗേറ്റ്‌വേ മാത്രമാണ് പരീക്ഷകള്‍. പിന്നെയെന്തിന് നിങ്ങള്‍ പേടിക്കണം.!!. ആത്മവിശ്വാസത്തോടുകൂടി നേരിടുകയാണു വേണ്ടത്. ആത്മവിശ്വാസം എങ്ങനെ കൈവരിക്കാം എന്നതാണ് പറയാന്‍പോകുന്നത്. നിങ്ങള്‍ എത്രയെത്ര പരീക്ഷകള്‍ തരണംചെയ്താണ് ഇതുവരെ എത്തിയത് എന്നത് നിങ്ങളുടെ ഓര്‍മയിലുണ്ടാകണം. അതില്‍നിന്ന് അല്പം കൂടെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട പരീക്ഷകളാണ് പബ്ലിക് പരീക്ഷകളെന്ന് (എസ്.എസ്.എല്‍ .സി./സി.ബി.എസ്.ഇ, etc..) മനസ്സില്‍ കുറിച്ചിടണം. പബ്ലിക് പരീക്ഷകളിലെ റിസള്‍ട്ടുകളെ ആസ്പദമാക്കിയാണ് അടുത്ത ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ ലഭിക്കുന്നത്. നല്ല കാംപസുകളെയും കോളേജുകളെയും ലക്ഷ്യംകാണുന്നവര്‍ ആദ്യമേ തങ്ങളുടെ പഠനനിലവാരമുയര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കണം. മുന്നൊരുക്കങ്ങള്‍ ലക്ഷ്യസഫലീകരണത്തിനു ചില തയ്യാറെടുപ്പുകളെല്ലാം ആവശ്യമാണ്. എങ്കിലേ നമ്മുടെ വിജയങ്ങള്‍ക്കൊരു മാറ്റുണ്ടാകൂ. എല്ലാം വിധിപോലെ വരട്ടെ എന്ന മുരട്ടുന്യായം വിദ്യാര്‍ത്ഥികള്‍ക്ക് ഭൂഷണമല്ല. കൃത്യമായ ടൈം മാനേജ്‌മെന്റും ടൈം ഷെഡ്യൂളിംഗും നമ്മുടെ പഠനപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. പഠനമുറി ശാന്തമായി സജ്ജീകരിക്കേണ്ടത് മര്‍മ്മപ്രധാനമാണ്. ശബ്ദായമായ ഇടങ്ങള്‍ പഠനത്തിനു വേണ്ടി സജ്ജീകരിക്കുന്നത് നല്ലതല്ല. നമ്മുടെ ശ്രദ്ധ വ്യതിചലിക്കുന്നതിന് ഇടവരുത്തുമെന്നതാണ് കാരണം. സൗണ്ട് റെക്കോര്‍ഡിംഗും മ്യൂസിക്കുകളും കേട്ടുകൊണ്ടുള്ള പഠനശീലവും ഉപേക്ഷിക്കണം. അത്തരം ശീലങ്ങള്‍ ഓര്‍മ്മശക്തിയുടെ ഡ്യൂറബിലിറ്റി കുറയ്ക്കുന്നതിനിടവരുത്തുന്നതാണ്. ശാന്തമായ പഠനസാഹചര്യമെന്നതുപോലെ സമയവും അത്തരത്തിലുള്ളതായിരിക്കണം. ഉദയത്തിനുമുമ്പായുള്ള സമയം ഏറ്റവും പ്രധാനമാണ്. പ്രഭാത സമയത്തുള്ള പഠന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും ഉപേക്ഷവരുത്തരുത്. അത് മറ്റു സമയങ്ങളിലുള്ള പഠനത്തെക്കാള്‍ പതിന്മടങ്ങ് ഗുണം ചെയ്യുന്നതാണ്. പരീക്ഷാപേടി പരീക്ഷ അടുത്തുവരുന്നതോടുകൂടി സ്‌കൂളുകളില്‍ പരീക്ഷാമുന്നൊരുക്കങ്ങളും അധ്യാപകരുടെ പരിശീലനമുറകളും തകൃതിയായി നടക്കാറുണ്ട്. ഈ സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെ ചൊല്ലി ആധി ജനിക്കുന്നതിന് ഇടവരുത്തിയേക്കാം. ഇത് യാതൊരുവിധത്തിലും നിങ്ങള്‍ക്ക് ഗുണം ചെയ്യുകയില്ല. പരീക്ഷയെ ആത്മവിശ്വാസത്തോടുകൂടി ധൈര്യമായി നേരിടുകയാണു വേണ്ടത്. മുന്നൊരുക്കങ്ങള്‍ മികച്ചതാക്കുകയും പഠനവിഷയങ്ങളില്‍ ശ്രദ്ധയോടുകൂടി പഠിക്കുകയുമാണ് ഇതിനുള്ള പോംവഴി. വേണ്ടതുപോലെ പഠിക്കാനായിട്ടില്ല എന്നതായിരിക്കും മിക്കവര്‍ക്കും പരീക്ഷയെ ഭയപ്പെടാനുള്ള കാരണം. അതൊരു പ്രശ്‌നമായി കാണാതെ ഇച്ഛാശക്തികൊണ്ട് അതിനെ നേരിടണം. ഭാവിയില്‍ താനെന്താകണമെന്ന് ഇത്തരം സന്ദര്‍ഭത്തില്‍ ചിന്തിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കു ചിറകുകള്‍ നല്‍കുന്നത് തന്റെ മുന്നിലുള്ള പരീക്ഷകളാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്കപ്പോള്‍ ലഭിക്കുന്നതാണ്. അതു നിങ്ങളെ ഊര്‍ജ്ജസ്സ്വലരാക്കും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്കതിലൂടെ സാധിക്കുന്നതാണ്. പരീക്ഷ പേടിക്കേണ്ട ഒന്നല്ല, നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള കവാടമാണെന്ന ബോധ്യം വിദ്യാര്‍ത്ഥികളായ നിങ്ങളിലുണ്ടാകണം. പഠനം ശാന്തമായ അന്തരീക്ഷത്തിലാകണം പഠനം. ശബ്ദായമായ സാഹചര്യങ്ങള്‍ വെടിയണം. പരമാവധി മുന്‍പരീക്ഷാ പേപ്പറുകളുടെ അനലൈസിംഗ് വളരെയധികം ഗുണം ചെയ്യും. എങ്ങനെ പഠിക്കണമെന്നും ഏതെല്ലാം ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അതിലൂടെ നിങ്ങള്‍ക്കു മനസ്സിലാകും. വര്‍ഷങ്ങളായി പബ്ലിക് പരീക്ഷകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍ നിങ്ങള്‍ കണ്ടേക്കാം. അല്ലെങ്കില്‍, ചില യൂണിറ്റുകളുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ചോദ്യങ്ങള്‍ വന്നേക്കാം. അങ്ങനെ കണ്ടാല്‍ ആ യൂണിറ്റുകള്‍ നിങ്ങള്‍ തീര്‍ത്തും അറിഞ്ഞിരിക്കണമെന്നതാണ് അതര്‍ത്ഥമാക്കുന്നത്. പ്രസ്തുത യൂണിറ്റുകളില്‍ അല്‍പം കൂടി ശ്രദ്ധ പതിപ്പിക്കണമെന്നര്‍ത്ഥം. നേരത്തേയുള്ള പഠനാരംഭം നന്നായി ഗുണം ചെയ്യും. അതുമൂലം ആവര്‍ത്തനങ്ങള്‍ക്കും കൂടുതലായുള്ള അന്വേഷണങ്ങള്‍ക്കും സമയം ലഭിക്കുന്നതാണ്. ക്ലാസ്സ് മുറികളില്‍ ശ്രദ്ധയോടെയിരിക്കുകയും നേരത്തെ പരീക്ഷയെക്കുറിച്ച് ബോധവാനാവുകയുമാണ് വേണ്ടത്. ഇതു ക്ലാസ്സ്മുറികളില്‍ അലസമായിരിക്കുകയും പരീക്ഷ അടുത്തുവരുമ്പോള്‍ തകൃതിയായി പഠനമാരംഭിക്കുകയും ചെയ്യുന്നതിനെക്കാള്‍ നല്ലതാണ്. അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പഠിക്കുകയും കൃത്യമായ ഇടവേളകളില്‍ റീകോളിംഗ് നടത്തുകയും വേണം. ഇങ്ങനെ ചെയ്യുന്നത് പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നതിന് ഉപകരിക്കും. സ്വയംസമ്മര്‍ദ്ധങ്ങള്‍ക്കു വിധേയനായോ രക്ഷിതാക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോയുള്ള സമ്മര്‍ദ്ധങ്ങള്‍ക്കു പാത്രമായോ പഠിക്കാനിരിക്കരുത്. അങ്ങനെയുള്ള പഠനം വേണ്ടത്ര ഫലമുളവാക്കില്ലെന്നറിയണം. സമ്മര്‍ദ്ദങ്ങളില്ലാതെ പഠനം തുടരണം, അതുകൊണ്ടാണ് ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം പഠനമെന്ന് മുകളില്‍ ഊന്നിപ്പറഞ്ഞത്. നിങ്ങളുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കണം. കൂളായി പഠിച്ച് അന്തസ്സോടെ വിജയിക്കണം. മനശ്ശാസ്ത്രപരമായിരിക്കണം തീന്‍മേശയില്‍ കണ്ട ഭക്ഷണം വാരിവലിച്ച് അകത്താക്കുന്ന ഭക്ഷണപ്രിയനെപ്പോലെ ഒരു വിദ്യാര്‍ഥിയാകാന്‍ പാടില്ല. പഠനം ചിട്ടയോടെയും മനശ്ശാസ്ത്രപരവുമായിരിക്കണം. എങ്കിലേ പരീക്ഷാഹാളില്‍ വെച്ച് പഠിച്ച കാര്യങ്ങള്‍ ഉത്തരങ്ങളായി നിങ്ങളുടെ ഓര്‍മയില്‍ തെളിയൂ. ഞാന്‍ ഒരുപാട് പഠിച്ചിരുന്നു, പക്ഷേ, എനിക്കു വേണ്ടപോലെ ഉത്തരമെഴുതാനായില്ല എന്ന് പരിഭവംപറയുന്ന കൂട്ടുകാരെയും കൂട്ടുകാരികളെയും നിങ്ങള്‍ കണ്ടിരിക്കും. ഇത്തരം ശീലങ്ങള്‍ പഠനസമയത്ത് പിന്തുടര്‍ന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. അങ്ങനെയുള്ള വേവലാതി നിങ്ങള്‍ക്കില്ലാതിരിക്കണമെങ്കില്‍ നിങ്ങള്‍ ചിട്ടയോടെയും മനശ്ശാസ്ത്രപരമായും പാഠഭാഗങ്ങളെ സമീപിച്ചിരിക്കണം. ഒരു കമ്പ്യൂട്ടറിനെ ഉദാഹരണമായി പറയാം. നാം നിരന്തരം കമ്പ്യൂട്ടറുകളില്‍ ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്യുന്നതാണ്/ഫയലുകള്‍ ക്രിയേറ്റ് ചെയ്യുന്നതാണ്. ഇങ്ങനെ നാം നിര്‍മിച്ച ഫയലുകളെ കമ്പ്യൂട്ടര്‍ കൃത്യമായൊരിടത്ത് ഒരു ഫോള്‍ഡറിനകത്തായി സൂക്ഷിച്ചുവെക്കുന്നു. നമുക്കാവശ്യമുള്ള സമയത്ത് വീണ്ടും അതു തുറക്കാനും മാറ്റങ്ങള്‍വരുത്താനും ഉപയോഗിക്കാനും സാധ്യമാകുന്നു. ഇനി നിങ്ങളൊന്നാലോചിച്ചുനോക്കൂ..! കമ്പ്യൂട്ടര്‍ ഇങ്ങനെ സൂക്ഷിക്കാതിരിക്കുകയും ഫയലുകള്‍ ചിതറിക്കിടക്കുകയുമാണെന്നിരിക്കട്ടെ, കുറച്ചു കഴിഞ്ഞാണ് നമുക്കതാവശ്യംവരുന്നതെങ്കില്‍ നമുക്കെങ്ങനെയത് വീണ്ടെടുക്കാനാകും.!! ഇതേ പ്രവര്‍ത്തനമാണ് നമ്മുടെ മസ്തിഷ്‌കവും ചെയ്യുന്നത്. കൃത്യമായി അടുക്കും ചിട്ടയോടും കൂടി ബ്രെയിനിന്റെ സെല്ലുകളില്‍ പഠിച്ച കാര്യങ്ങള്‍ സൂക്ഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ശാസ്ത്രലോകം കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നത് ഒരാള്‍ക്ക് 40 മിനുട്ട് മാത്രമെ ഒരു കാര്യത്തില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാനാവുകയുള്ളൂ എന്നാണ്. പിന്നീട് വേണ്ടത്ര ശ്രദ്ധപതിപ്പിക്കാനാകില്ലെന്നര്‍ത്ഥം. അത്രയുംനേരം പഠിച്ചുകഴിഞ്ഞാല്‍ പിന്നീട് റീഫ്രഷ്‌മെന്റിനു വേണ്ടി ഒന്ന് ഫ്രീയായിരിക്കുകയോ തമാശ പറയുകയോ പാട്ട് കേള്‍ക്കുകയോ ഒക്കെയാവാം. പഠനം ഒരു മാനസികാദ്ധ്വാനമാണ് എന്നത് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണം. അദ്ധ്വാനിച്ചു കഴിഞ്ഞാല്‍ ശരീരം റിയാക്ട് ചെയ്യാന്‍ തുടങ്ങും, നമുക്ക് ക്ഷീണം ബാധിക്കാനും. അങ്ങനെയുണ്ടാകുമ്പോള്‍ ആവശ്യത്തിനു വെള്ളംകുടിക്കണം. പഠനകാലത്തു നന്നായി വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്. വിനോദങ്ങള്‍ക്ക് തല്‍ക്കാലം വിട പല വിനോദങ്ങളും നമുക്ക് ശീലമായുണ്ടാകും. തല്‍ക്കാലത്തേക്ക് അത്തരം ശീലങ്ങളോട് വിടപറയാന്‍ നമ്മള്‍ സന്നദ്ധരാകണം. ലക്ഷ്യങ്ങളെ സഫലീകരിക്കുന്നതിനു വേണ്ടി ചില ശീലങ്ങളെയും ആഗ്രഹങ്ങളെയും തല്‍ക്കാലത്തേക്ക് ത്യജിക്കേണ്ടതായിവരും. അതു വിജയതന്ത്രങ്ങളുടെ സ്വാഭാവികതയാണ്. ചിലപ്പോള്‍ വീട്ടുകാരൊന്നിച്ചുള്ള പല വിനോദങ്ങളിലും യാത്രകളിലും പരിപാടികളിലും നമുക്ക് പങ്കെടുക്കാനായെന്നു വരില്ല. സങ്കടപ്പെടേണ്ടതില്ല, അതെല്ലാം പത്തരമാറ്റോടെയുള്ള വിജയം നേടിയെടുത്ത ശേഷവുമാകാമല്ലോ. അപ്പോഴാകുമ്പോള്‍ ആനന്ദനിര്‍വൃതിയുമായോടെ മനസ്സറിഞ്ഞു പങ്കുചേരുകയുമാകാം. ഇടവേളകള്‍ കണ്ടെത്തുക തുടര്‍ച്ചയായുള്ള പഠനം നമ്മെ ക്ഷീണിപ്പിക്കുകയും മുഷിപ്പുളവാക്കുകയും ചെയ്‌തേക്കാം. അതിനാല്‍, അനായാസപൂര്‍വം പഠിക്കുന്നതിനായി ഇടക്കു ചില ഇടവേളകള്‍ ആവശ്യമാണ്. ഒന്നു പുറത്തിറങ്ങി നടക്കുകയോ ഹരിതഭംഗി ആസ്വദിക്കുകയോ ആരോടെങ്കിലും അല്‍പം സംസാരിക്കുകയോ പത്രം വായിക്കുകയോ ഒക്കെയാകാം. അല്‍പസമയത്തിനു ശേഷം വീണ്ടും പഠനത്തിലേക്ക് സജീവമായി മുന്നിട്ടിറങ്ങാന്‍ നമുക്ക് സാധിക്കണം. വിശ്രമിക്കുക/ഉറങ്ങുക വിശ്രമമില്ലാതെയും ഉറക്കമിളച്ചും പഠിക്കുന്നവരുണ്ട്. ഇത് ഗുണത്തിലേറെ ദോഷം ചെയ്യുമെന്നതാണ് വസ്തുത. കൃത്യമായ വിശ്രമവും ഉറക്കവും ലഭിക്കേണ്ടതുണ്ട്. വിശ്രമം ലഭിക്കാതെവന്നാല്‍ ശരീരത്തിനു ക്ഷീണം ബാധിക്കുന്നതാണ്. മനസ്സിരുത്തി പഠിക്കാന്‍ കഴിയാതെവരികയും പ്രധാന സമയങ്ങളിലുള്ള പഠനം തളര്‍ച്ചയും ക്ഷീണവും കാരണം തടസ്സപ്പെടലാകും ഇതിന്റെ അനന്തരഫലം. വിശ്രമമില്ലായ്മ പഠനത്തിലും പരീക്ഷയിലും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. ഉയര്‍ന്ന സ്‌കോര്‍ നേടുന്നവരുടെ വിജയമന്ത്രങ്ങള്‍ നന്നായി പഠിച്ചതിനാലും മുന്നൊരുക്കങ്ങള്‍ നടത്തിയതിനാലും നിങ്ങളില്‍ വിജയപ്രതീക്ഷ നിലനില്‍ക്കുന്നുണ്ടാകും. വിജയിച്ചാല്‍ മാത്രം മതിയോ നമുക്ക്, ഉയര്‍ന്ന മാര്‍ക്കോടുകൂടി (ശതമാനത്തോടു കൂടി) വിജയിക്കേണ്ടതില്ലേ. അതിനായി ചില വിജയമന്ത്രങ്ങള്‍ പറഞ്ഞുതരാം. നമ്മുടെ ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകന്റെ ശ്രദ്ധ ആഘര്‍ഷിക്കുന്നതിനായി നിങ്ങള്‍ ഇതു ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കൈയ്യെഴുത്ത് മനോഹരമാക്കുക എന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ഖണ്ഡികയായി ഉത്തരമെഴുതേണ്ടതില്‍ നിങ്ങള്‍ പഠിച്ചിട്ടുള്ള ഉത്തരമെന്ന് ഉറപ്പുള്ള ഭാഗങ്ങളില്‍ പെന്‍സില്‍ ഉപയോഗിച്ച് അടിവരയിടുക എന്നതാണ്. കൃത്യമായി ഉത്തര നമ്പര്‍ നല്‍കേണ്ടതും ഉത്തരങ്ങള്‍ മറ്റുള്ളവയുമായി കലരാത്തവിധം വേര്‍ത്തിരിക്കുന്ന അടയാളങ്ങള്‍ വൃത്തിയായി നല്‍കുന്നതും നല്ലതാണ്. താരതമ്യം ഒഴിവാക്കുക ഉന്മേഷഭരിതമായിട്ടു വേണം എക്‌സാം ഹാള്‍ വിടാന്‍. പിന്നീട് അടുത്ത പരീക്ഷ എങ്ങനെ മനോഹരമായി എഴുതണം എന്നതിനെക്കുറിച്ചു വേണം ചിന്തിക്കാന്‍. കഴിഞ്ഞ എക്‌സാമിനെ കൂട്ടുകാരോടൊത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് പാടേ ഉപേക്ഷിക്കണം. ഒരുവിധത്തിലും അതു നിങ്ങള്‍ക്ക് ഗുണകരമാകുകയില്ല. തനിക്കു പഠിക്കണം, വിജയിക്കണം, ഉയര്‍ന്ന മാര്‍ക്ക് നേടണം എന്ന നിലപാട് മനസ്സില്‍ രൂഢമൂലമാകുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ ശക്തിയായി സ്വാധീനംചെലുത്തും. രക്ഷിതാക്കളോട് പരീക്ഷയെ മുന്നില്‍കണ്ട് മക്കളുമായി സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും അവരെ സമ്മര്‍ദ്ധത്തിലകപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ മക്കളെ അയല്‍പക്കത്തെയും ബന്ധുക്കളിലെയും നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി താരതമ്യംചെയ്യുന്നത് കര്‍ശനമായി ഉപേക്ഷിക്കണം. നിങ്ങള്‍ നന്മ ഉദ്ദേശിച്ചായിരിക്കും പറയുന്നതെങ്കിലും മക്കളില്‍ അത് ആത്മവിശ്വാസക്കുറവുണ്ടാക്കുകയും പരീക്ഷയെ ഗൗനിക്കാതിരിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തുകയുംചെയ്യും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തുകൊണ്ടുള്ള അമിതമായ പ്രോത്സാഹനങ്ങളും അരുത്. പരീക്ഷ അവസാനത്തേതല്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. അവരെ ജീവിതത്തിന്റെ അര്‍ഥമെന്തെന്നു മനസ്സിലാക്കാനായി സ്വതന്ത്രമാക്കണം. എന്നുകരുതി തീരേ ശ്രദ്ധപതിപ്പിക്കാതിരിക്കാനും പാടില്ല. അമിതമാകുമ്പോഴാണല്ലോ ഔഷധവും വിഷമായിത്തീരുന്നത്!!

Other Post