സമസ്തയോട് ചേര്‍ന്ന് ശക്തരാവുക

വെറും നാലു ദിവസം കൊണ്ട് സംഘടിപ്പിച്ച സമ്മേളനമാണ് ഇവിടെ സാഗരംതീര്‍ത്തിരിക്കുന്നത്. കേരളീയ മുസ്‌ലിം സമൂഹത്തിന് ഇസ്‌ലാമികമായ പുരോഗതിക്കും ഉന്നതിക്കും നേതൃത്വംനല്‍കിയ മഹദ് പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് കേരളീയ മുസ്‌ലിം സമൂഹത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ മുന്നോട്ടുവന്നത് സമസ്തയാണ്. കേരളത്തിലെ ഏറ്റവും ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരാണ് അതിനു നേതൃത്വംനല്‍കിയത്. വരക്കല്‍ മുല്ലക്കോയ തങ്ങളും കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും ഉള്‍െപ്പടെയുള്ള പണ്ഡിതന്മാരും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും എന്റെ പിതാവ് പി.എം.എസ്.എ. പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ നട്ടുവളര്‍ത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ. പ്രബോധന പ്രചാരണ മേഖലയില്‍ മസ്ജിദുകളോടൊപ്പം കുരുന്നു മക്കള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാന്‍ മദ്‌റസ സ്ഥാപിച്ചുകൊണ്ട് സമസ്ത ഇവിടെ വൈജ്ഞാനിക വിപ്ലവങ്ങള്‍ക്കു നേതൃത്വംകൊടുക്കുകയുണ്ടായി. ഓരോ കാലഘട്ടത്തിലും തലമുറകളെ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ പരിശുദ്ധ ആശയങ്ങളില്‍ അടിയുറപ്പിച്ചുനിര്‍ത്താന്‍ സമസ്തക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണ് നമ്മുടെ ആത്മീയവും ഭൗതികവും സാമ്പത്തികവുമായ പുരോഗതിക്ക് ഏറ്റവും വലിയ പങ്കുവഹിക്കുന്ന പ്രസ്ഥാനം സമസ്തയാെണന്ന് പറയുന്നത്. ലോക മുസ്‌ലിംകള്‍തന്നെ ഈ മഹദ്‌സംഘടനയെ വളരെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. നമ്മുടെ ഇന്ത്യാ രാജ്യവും മുസ്‌ലിം സമൂഹവുമൊക്കെ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഇതര നാടുകളിലെ മുസ്‌ലിം പണ്ഡിതന്മാര്‍ സമസ്തയെ മുന്‍നിര്‍ത്തി സമര പരിപാടികള്‍ ആവിഷ്‌കരിച്ച് നമ്മുടെ ആത്മാഭിമാനം സംരക്ഷിക്കാറുണ്ട്. ശരീഅത്ത് സംരക്ഷണ റാലി നമുക്കറിയാമല്ലോ... അബൂഹസന്‍ അലി നദ്‌വിയും ഇബ്‌റാഹീം സുലൈമാന്‍ സേഠുവും ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ ഇവിടെ കേരളക്കരയിലെത്തി മഹാനായ ശംസുല്‍ ഉലമയെ കണ്ടുകൊണ്ട്, മഹാനെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ശരീഅത്ത് സംരക്ഷണ റാലിക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഇന്നും നിരീശ്വര നിര്‍മ്മതക്കാര്‍ ഇസ്‌ലാമിനെ തേജോവധംചെയ്യുമ്പോള്‍ അതിനെതിരേ സംവാദങ്ങളിലൂടെയും മറ്റും സമൂഹത്തിനു വെളിച്ചംപകരുന്നത് സമസ്തയുടെ സന്തതികളാണ്. അതുപോലെത്തന്നെ, കേരളത്തില്‍ ഉന്നതമായ ആത്മീയ പുരോഗതി ഭദ്രമാക്കിയതിനോടൊപ്പം വ്യത്യസ്ത മതക്കാര്‍ ഉള്‍ക്കൊള്ളുന്ന നമ്മുടെ നാട്ടില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുകയും അതിനുവേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തത് സമസ്തയാണ്. ഇന്നും മഹാനായ സയ്യിദുല്‍ ഉലമയുടെയും ശൈഖുല്‍ ജാമിഅയുടെയും മഹനീയമായ നേതൃത്വം, ഉന്നതമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നു. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആത്മാഭിമാനം നിലനിര്‍ത്തുവാനും തലമുറകളിലേക്ക് അത് പകര്‍ന്നുനല്‍കുവാനും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ വരുംതലമുറക്ക് പകര്‍ന്നുകൊടുക്കാനും സമസ്ത നേതൃത്വംനല്‍കുന്നുണ്ട്. നമ്മുടെ യുവപണ്ഡിതന്മാര്‍ കേരളത്തില്‍ മാത്രമല്ല ആഫ്രിക്കയിലും മധ്യേഷ്യയിലും മതനേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമസ്തയോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ മാത്രമാണ് നമുക്ക് നമ്മുടെ ശക്തി നിലനിര്‍ത്താനാവുക. പാണക്കാട് കുടുംബവും സമസ്തയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. സമസ്തയുടെ രൂപീകരണവേളയില്‍ നമ്മുടെ പിതൃവ്യന്‍ അഹ്മദ് ശിഹാബുദ്ദീന്‍ കോയ തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥാപനങ്ങള്‍ സമസ്തയുടേതാവുമ്പോള്‍ മാത്രമാണ് പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ അടക്കമുള്ള നമ്മുടെ പൂര്‍വ്വികര്‍ അതിനോട് ചേര്‍ന്നുനിന്നിട്ടുള്ളത്. അത് എന്നും നിലനിര്‍ത്തി നാഥന്‍ അനുഗ്രഹിക്കട്ടെ. നമ്മുടെ പുരോഗതിക്ക് അടിസ്ഥാനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്. നമ്മുടെ നേതൃത്വത്തെ ഖിയാമത്ത് നാള്‍ വരെ നിലനിര്‍ത്തിക്കൊണ്ട് ലോക മുസ്‌ലിംകള്‍ക്കുതന്നെ ആത്മീയ ചൈതന്യം പകരാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ.