Sunni Afkaar Weekly

Pages

Search

Search Previous Issue

പഠനസമീപനം രക്ഷിതാവ് അറിയേണ്ടത്

ഇ.കെ. മിന്‍ഹാജ് ചാഴിയോട്
പഠനസമീപനം  രക്ഷിതാവ്  അറിയേണ്ടത്

വേനലവധിയുടെ ബാല്യത്തിന്റെ സന്തോഷക്കാലങ്ങള്‍ക്കു വിടചൊല്ലി പുതിയ അധ്യായനവര്‍ഷം പടിവാതിലിലെത്തിയിരിക്കുകയാണ്. ചിറകുള്ളസ്വപ്‌നങ്ങളോടെയും പ്രതീക്ഷകളോടെയും പുതുവര്‍ഷപ്പുലരി സമാഗതമാവുമ്പോള്‍ അടഞ്ഞുപോയ പുസ്തകത്താളുകള്‍ പൊടിതട്ടിയെടുത്ത് വീണ്ടും മിഴിതുറയ്ക്കുകയാണ്. കളിയും ചിരിയും പഠനവും ഉല്ലാസവും നിറഞ്ഞ കലാലയമുറ്റങ്ങള്‍ ചെറിയൊരു ഇടവേളക്കു ശേഷം വീണ്ടും സജീവതയുടെ അരങ്ങിലേക്കുയരുകയാണ്. വൈജ്ഞാനിക കേരളം പ്രതീക്ഷയുടെ പുതിയ അധ്യയനവര്‍ഷപ്പുലരിയും കാത്തിരിക്കുമ്പോള്‍ ബാഗും കുഞ്ഞിക്കുടയും കൈയ്യിലേന്തി ഗ്രാമയോരങ്ങളിലൂടെ കലാലയമുറ്റത്തേക്ക് നടന്നുപോയ ഗൃഹാതുരത്വത്തിന്റെ പിരിശംപകരുന്ന സുന്ദരയോര്‍മ്മകള്‍ മനസ്സിന്റെ മാറാലയില്‍ തിരിയിളക്കിന്റെ തിരക്കുകൂട്ടലിലാണ്. വീട്ടുമുറ്റത്തെയും കലാലയമുറ്റത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ഗ്രാമീണപാതകളിലൂടെ ചീറിപ്പായുന്ന സ്‌കൂള്‍വാഹനങ്ങളില്‍ നിറഞ്ഞ ബാല്യകൗമാരങ്ങള്‍ക്കു ലഭിക്കാതെപോയ കുട്ടിത്വത്തിന്റെ സന്തോഷക്കഥകള്‍ സഹതാപത്തിന്റെ മനസ്സോടെ നോക്കിക്കാണുകയാണ്. വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍കൊണ്ട് ചരിത്രമെഴുതുന്നതാണ് സമകാലികം. സങ്കല്‍പങ്ങള്‍ക്കപ്പുറത്തുള്ള സഞ്ചാരപാതയിലൂടെ വൈജ്ഞാനിക ജ്യോതിര്‍ഗോളങ്ങള്‍ കീഴടക്കുന്നതാണ് വര്‍ത്തമാനകാല പരിസരം. സാമൂഹികതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഭീമമായ സംഖ്യ സര്‍ക്കാരുകള്‍ മാറ്റിവെക്കുന്നതിനോടൊപ്പംതന്നെ മക്കളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിക്കുമായി രക്ഷകര്‍തൃത്വവും ചെറുതല്ലാത്ത സംഖ്യകള്‍ നിത്യേന ചെലവഴിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ദൈവിക സമക്ഷത്തില്‍നിന്നും മാനുഷിക ജീവിത വ്യവഹാരങ്ങളിലേക്കുള്ള അമൂല്യമായ അനുഗ്രഹമാണ് സന്താനങ്ങള്‍. തലമുറകളെ ജീവിപ്പിക്കുന്നുവെന്നതിലുപരി ഭാസുരമായ ഭാവിജീവിതം പടുത്തുയര്‍ത്തുന്നതിലും മാനുഷിക ജീവിതവ്യവഹാരങ്ങളിലെ നിസ്തുല്യ സാന്നിധ്യങ്ങളാണ് മക്കള്‍. സ്രഷ്ടാവിന്റെ സമക്ഷത്തില്‍ നിന്നും സന്തോഷ സമ്മാനമായി പെയ്തിറങ്ങിയ മക്കളെന്ന അപാരമായ അനുഗ്രഹത്തെ വിശുദ്ധമായ വഴിയില്‍ വളര്‍ത്തലും പരിശുദ്ധമായ പാതയില്‍ പരിപാലിക്കലും രക്ഷകര്‍തൃത്വത്തിന്റെ അനിവാര്യ ചുമതലയാണ്. മക്കളുടെ ജീവിതപരിസരങ്ങളിലെ അടിസ്ഥാന വ്യവഹാരങ്ങളില്‍ ഇമ തെറ്റാതെ ശ്രദ്ധകേന്ദ്രീകരിക്കുന്നതു പോലെ മക്കളുടെ വൈജ്ഞാനിക രംഗത്തും നിതാന്ത ജാഗ്രതയോടെയുള്ള രക്ഷകര്‍തൃത്വ സമീപനങ്ങള്‍ നിര്‍ബന്ധമാണ്. മാനുഷിക വികസനത്തിനും സാമൂഹിക സംസ്‌കരണത്തിനും സഹായകമേകുന്ന അക്ഷരംതെറ്റാത്ത അറിവാര്‍ജ്ജനങ്ങള്‍ മക്കള്‍ക്കു പകര്‍ന്നേകണം. മക്കളുടെ വൈജ്ഞാനിക പുരോഗതിയും നിലവാരവും സാമൂഹിക ഗ്രാഫിലെ രക്ഷകര്‍തൃത്വത്തിന്റെ ഇസ്സത്തിന്റെ മാപിനിയായതാണ് സമകാലികം. തന്മൂലംതന്നെ, മക്കളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളും സൂക്ഷ്മ ശ്രദ്ധാലുക്കളാണെന്നത് സ്തുത്യര്‍ഹംതന്നെ..! പക്ഷേ, തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാനദണ്ഡമാക്കി പ്രതീക്ഷയും പ്രതാപവുമുള്ള കോഴ്‌സുകള്‍ നിര്‍ബന്ധപൂര്‍വ്വം മക്കളുടെ ചുമലിലേല്‍പ്പിക്കുന്ന തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന മുടന്തന്‍ സമീപനവും സമകാലിക പരിസരത്ത് വര്‍ദ്ധിച്ചുവരുന്നുവെന്നത് വേദനാജനകമാണ്. എഞ്ചിനീയറിംഗ്, ഡോക്ടറേറ്റ്, ഐ.എ.എസ് കോച്ചിംഗ് തുടങ്ങിയുള്ള സാമൂഹിക വീക്ഷണങ്ങളില്‍ മികവിന്റെ പ്രതീകമായി പ്രതിഷ്ഠിച്ച കോഴ്‌സുകളോടാണ് അഭിനവ രക്ഷിതാക്കളുടെ ഭൂരിഭാഗ താല്‍പര്യവും. എന്നാല്‍, പഠിക്കാനയക്കുന്ന മക്കളുടെ താല്‍പര്യത്തിനും ബുദ്ധിക്കും വഴങ്ങുന്നതാണോ പ്രസ്തുത കേഴ്‌സെന്ന ആലോചനകള്‍പോലും പിറവിയെടുക്കുന്നില്ലെന്നതാണ് വസ്തുത. ചെറുപ്പംമുതലേ സയന്‍സിനോട് വിരക്തി പുലര്‍ത്തിപ്പോരുന്ന മക്കളെ ഡോക്ടറെന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി സയന്‍സിന്റെ നൂലാമാലകളില്‍ നിര്‍ബന്ധപൂര്‍വ്വം തളച്ചിടുന്ന അധീശത്വ പ്രവണതയെ എങ്ങനെ ന്യായീകരിക്കാനാണ്..? പറഞ്ഞയക്കുന്നതും ഫീസടക്കുന്നതും താനാണല്ലോഎന്ന വിമര്‍ശനന്യായീകരണത്തിനപ്പുറം എന്റെ കുട്ടിയാണല്ലോയെന്ന അവന്റെ ഇഷ്ടവും സരളവുമെന്ന ഉത്തരവാദിത്ത ബോധ്യങ്ങളാണ് രക്ഷകര്‍തൃത്വ ചിന്തകളില്‍ ഉദിച്ചുയരേണ്ടത്. ഭൗതിക വിദ്യാഭ്യാസം കാര്യക്ഷമമാക്കാനുള്ള അക്ഷീണ യത്‌നങ്ങളാണ് സര്‍വ്വ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നത്. പഠനത്തിന്റെ സമസ്ത രീതികളും വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചു മക്കളെ പഠനത്തില്‍മാത്രം തളച്ചിടുന്ന അഭിനവ കാലത്തെ ഇടുങ്ങിയ പഠനസമീപനങ്ങള്‍ എത്രയധികം ഉട്ട്യോപ്യതയാണ്. രാവിലെ തുടങ്ങുന്ന ട്യൂഷന്‍ ക്ലാസ്സും വൈകുന്നേരംവരെയുള്ള സ്‌കൂള്‍ പഠനവും രാത്രിയുള്ള ഓണ്‍ലൈന്‍ ട്യൂഷനുമായി ജീവിതംതന്നെ പാഠപുസ്തകത്തിനകത്ത് തളച്ചിടുന്ന സമീപനങ്ങള്‍ എത്രയധികം പരാജയമാണ്. ബാല്യകാല ജീവിത വ്യവഹാരങ്ങളില്‍ സാമൂഹിക സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മധുരമനുഭവിക്കാന്‍ സാധിക്കാതെ, നിലയ്ക്കാതെ മുഴങ്ങുന്ന ക്ലാസ്സുകള്‍ എത്രമാത്രം മക്കള്‍ക്ക് അലോസരമായി മാറുന്നുണ്ടാവും. ഒഴിവില്ലാതെ തുടരുന്ന പഠനസമീപനങ്ങളിലുണ്ടാവുന്ന വിരക്തിയും വെറുപ്പുമാണ് പഠനരംഗത്തുനിന്നും പാടേ രാജിയാകാന്‍ മക്കളെ പ്രേരിപ്പിച്ചതെന്നത് നഗ്‌നസത്യമാണ്. സദാചാര സീമകള്‍ ലംഘിക്കാത്ത ധാര്‍മ്മികവും മതാത്മകവുമായ സുന്ദരമായ ജീവിത വ്യവസ്ഥിതിയുടെ നിര്‍മ്മാണമാണ് പഠനത്തിന്റെ ആത്യന്തികലക്ഷ്യം. സമാശ്വാസത്തിന്റെ പ്രായോഗിക ജീവിതമാണ് പഠനമെന്ന പുസ്തകത്തിന്റെ അടിസ്ഥാനപാഠമെന്നു ചുരുക്കം. കേവലം, പുസ്തകത്താളുകളില്‍ അച്ചടിച്ചുവച്ച അക്ഷരക്കൂട്ടങ്ങള്‍മാത്രം സൗഗന്ധിക ജീവിതനിര്‍മ്മാണത്തിനു നിമിത്തമാവുകയില്ല. പുസ്തകത്താളുകള്‍ക്കൊപ്പം സാമൂഹികതയുടെ അനുഭവതലങ്ങളില്‍ നിന്നും ബാല്യത്തിന്റെ പരിശീലന ക്കളരിയിലൂടെയും ചുറ്റുപാടിന്റെ ചേര്‍ത്തുനില്‍പ്പുകളിലൂടെയും സമന്വയിച്ച് സ്വായത്തമാക്കേണ്ടതാണു ജീവിതം. സ്‌നേഹവും സന്തോഷവും നിറഞ്ഞുപെയ്ത ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍ വിരിഞ്ഞ സൗഹൃദത്തിന്റെയും ഉല്ലാസക്കളികളുടെയും ബ്ലാക്ക് & വൈറ്റ് ഓര്‍മ്മച്ചിത്രങ്ങള്‍പോലും സുഭദ്രമായ സാമൂഹിക ജീവിതത്തിന്റെ പരിശീലനങ്ങളായിരുന്നുവെന്നത് സത്യസാക്ഷ്യമാണ്. പുഴയോരത്തും വയലോരത്തും പ്രകൃതിയുടെ മന്ദമാരുതനുമേറ്റ് കളിച്ചു ചിരിച്ചു നടന്ന നാളുകളാണ് ജീവിതത്തില്‍ വലിയ പാഠങ്ങള്‍ പകര്‍ന്നേകിയത്. ഗ്രാമീണയോരത്തെ കളിക്കൊഞ്ചലുകള്‍പോലും ഉല്‍കൃഷ്ട ജീവിതത്തിന്റെ സര്‍വ്വതലങ്ങളും സ്പര്‍ശിക്കുകയായിരുന്നു. സുന്ദരബാല്യങ്ങളില്‍ പക്ഷികളെയും മൃഗങ്ങളെയും ചേര്‍ത്തുപിടിച്ച് കളിക്കൂട്ടുകാരനായപ്പോഴാണ് സാമൂഹികതയുടെ വലിയ പാഠങ്ങള്‍ ജീവിതത്തോടെപ്പം ചേര്‍ന്നത്. സന്തോഷം പെയ്തിറങ്ങിയ പഴയകാല ബാല്യജീവിതങ്ങളുടെ നേര്‍പകുതി പോലും സന്തോഷവും സ്വാതന്ത്രവും ലഭിക്കാതെപോയതിന്റെ വിഷാദങ്ങള്‍ രാത്രി ഇരുട്ടുമൂടിയതിനു ശേഷം സ്‌കൂള്‍ ബാഗും ചുമന്നുവരുന്ന കൗമാരങ്ങളുടെ മുഖകമലങ്ങള്‍ മൊഴിയുന്നുണ്ടാവും. ഇടുങ്ങിയ പഠനസമീപനങ്ങള്‍ മാറ്റിനിര്‍ത്തുന്നതോടൊപ്പംതന്നെ തീര്‍ത്തും നിരീക്ഷിക്കേണ്ടത് മക്കളെ പഠിക്കാനയക്കുന്ന സ്ഥാപന സംവിധാനങ്ങളുടെ സദാചാര സാംസ്‌കാരിക മുഖങ്ങളാണ്. ഉല്‍കൃഷ്ട സാംസ്‌കാരിക വക്താവായി വളരാനും ഉയരാനുമാണല്ലോ മക്കളെ വിദ്യാപീഠങ്ങളിലേക്ക് പറഞ്ഞയക്കുന്നത്. ചീഞ്ഞുനാറുന്ന സാംസ്‌കാരിക അപചയത്തിന്റെ തീരാക്കഥകളാണ് ക്യാമ്പസിടങ്ങളിലെ നിത്യവാര്‍ത്തകള്‍. പ്രണയ ലൈംഗിക ലീലാവിലാസങ്ങളും ലഹരിമാഫിയകളും ക്യാമ്പസുകളിലെ ധാര്‍മ്മികമതിലുകള്‍ പൊളിക്കാനിരിക്കുമ്പോള്‍ ഇരുകൈയ്യും കൊട്ടി പ്രോത്സാഹനംനല്‍കുന്ന സ്ഥാപന സംവിധാനങ്ങള്‍ വിളിച്ചുവരുത്തുന്ന അപകടങ്ങള്‍ ചെറുതാവില്ല. നമ്മുടെ വിശ്വാസാദര്‍ശങ്ങള്‍ക്കും മതകീയ സംസ്‌കാരങ്ങള്‍ക്കും വിഘാതമാവാത്ത ക്യാമ്പസുകളിലേക്കാണ് നമ്മുടെ മക്കളെ പറഞ്ഞയക്കേണ്ടത്. മതകീയ വേഷവിധാനങ്ങള്‍ക്കു നിഷേധമാകാത്തതും നിസ്‌കാരംപോലുള്ള മതകീയ വ്യവഹാരങ്ങള്‍ക്ക് സൗകര്യവുമുള്ള ക്യാമ്പസുകള്‍ നമ്മുടെ സെലക്ഷനില്‍ മാനദണ്ഡമാവണം. തലമറച്ചതിന്റെ പേരില്‍മാത്രം വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ നിഷേധിച്ച സ്ഥാപനങ്ങളും പ്രബുദ്ധ കേരളത്തിന്റെ സമാധാന മലബാറില്‍പോലുമുണ്ടെന്നത് ചിന്തകളില്‍ തെളിയണം. മക്കളുടെ തുടര്‍പഠനത്തിനായി സ്ഥാപന സംവിധാനങ്ങളെ സെലക്ട് ചെയ്യുമ്പോള്‍ എല്ലാവിധ സൗകര്യങ്ങളും രക്ഷകര്‍തൃത്വം ഉറപ്പുവരുത്തണം. സ്ഥാപന അവധി ദിനങ്ങള്‍കൂടി ചോദിച്ചറിയണം. പ്രവര്‍ത്തനദിനത്തെക്കാളും സമയത്തെക്കാളും പ്രവര്‍ത്തിക്കുന്ന രീതികളെല്ലാം ട്രന്റായി മാറുന്ന കാലഘട്ടമാണ്. പഠനത്തോടൊപ്പംതന്നെ ഗ്യഹാന്തരീക്ഷത്തിലും മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങളും മുത്തശ്ശിക്കഥകളും സ്വീകരിക്കാന്‍ മക്കള്‍ക്കു സമയംലഭിക്കണം. അയല്‍പക്ക കുടുംബ ബന്ധങ്ങള്‍ ഊഷ്മളതയുടെ സൗഗന്ധിക നിലാവായി കുഞ്ഞുമനസ്സുകളില്‍ പെയ്തിറങ്ങണം. ചുരുക്കത്തില്‍, പ്രതീക്ഷയുടെ പ്രകാശവുമേന്തി പുതിയൊരു അധ്യയനവര്‍ഷത്തെ വരവേല്‍ക്കാനിരിക്കുകയാണ് വൈജ്ഞാനിക കേരളം. മക്കളുടെ തുടര്‍പഠന പ്രക്രിയകള്‍ക്കായി രക്ഷികര്‍തൃത്വവും തകൃതിയായ തെയ്യാറെടുപ്പിലാണ്. കൃത്യമായ അന്വേഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് മക്കളെ പഠിക്കാനയക്കുന്ന സ്ഥാപനങ്ങള്‍ തീരുമാനമാവേണ്ടത്. മക്കളുടെ ഇഷ്ടങ്ങളുടെയും പ്രകൃതത്തിന്റെ ചോയ്‌സുമനുസരിച്ച് തുടര്‍പഠന കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം സ്വസ്ഥതയില്ലാത്തവിധം മക്കളെ പുസ്തകത്തിനകത്ത് തളച്ചിടുന്ന സമീപനങ്ങള്‍ വിളിച്ചുവരുത്തുന്ന ഭവിഷ്യത്തുകള്‍ ചെറുതാവില്ല.

Other Post