Sunni Afkaar Weekly

Pages

Search

Search Previous Issue

നടന്നുപോയ ഹജ്ജ് യാത്രികര്‍

കെ.ടി. അജ്മല്‍ പാണ്ടിക്കാട്
 നടന്നുപോയ   ഹജ്ജ് യാത്രികര്‍

വാഹനസൗകര്യവും കടല്‍മാര്‍ഗ യാത്രയും വ്യോമ മാര്‍ഗ യാത്രയും സൗകര്യപ്പെടുന്ന കാലത്തിനു മുമ്പേ കേരളത്തില്‍നിന്ന് മക്കയിലേക്കുള്ള യാത്ര തുടങ്ങിയിട്ടുണ്ട്. കഅ്ബം കിനാകണ്ട്, കാലുകള്‍ നീട്ടിവെച്ച് ദൂരെ മക്കയിലെത്തിയ അനേകം കഥകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ചുറ്റിപ്പൊതിഞ്ഞ കറുത്ത കില്ലയെ വലയം ചെയ്ത് ആത്മനിര്‍വൃതിനേടിയ കഥകള്‍. മക്ക ഒരു വികാരമാവുമ്പോള്‍ ഉണ്ടാവുന്ന ഫലമാണത്. അല്ലെങ്കിലും കഅ്ബ കണ്ണഞ്ചിപ്പിക്കുന്നൊരു ദൃശ്യവിസ്മയമല്ലോ. അതിന്റെ മേന്മ നിര്‍മാണചാരുതയിലുമല്ലല്ലോ. അതിന് അസാധാരണമായ ആകര്‍ഷണീയത ഉണ്ട്. കാഴ്ചക്കാരിലെല്ലാം അത് കൗതുകമുണര്‍ത്തുന്നു. വിടര്‍ന്ന കണ്ണുകളോടെയല്ലാതെ ആര്‍ക്കുമത് നോക്കിനില്‍ക്കുക സാധ്യമല്ല. ഇന്ത്യയില്‍നിന്ന് കാല്‍നടയായി നല്‍പതോളം പ്രാവശ്യം ആദംനബി യാത്ര നടത്തിയിട്ടുണ്ടെന്നാണ് ചരിത്രം. തിരുനബി(സ)യുടെ പേരക്കിടാവ് മഹാനായ ഹസന്‍(റ) മദീനയില്‍നിന്നു മക്കയിലേക്ക് നടന്ന് 25 വട്ടം ഹജ്ജ് ചെയ്തിട്ടുണ്ട്. വാഹനത്തില്‍ ഹജ്ജിനു പോവുന്നതാണ് ഉത്തമം എന്നും ശാഫിഈ മദ്ഹബിലെ പ്രബലമായ വീക്ഷണം ഇതാണെന്നും തുഹ്ഫ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വാഹനസൗകര്യമില്ലാതിരുന്ന പഴയ കാലത്തെ ചരിത്രം നമ്മള്‍ വായിക്കുന്നത് നന്നാവും. പോക്കര്‍ മുസ്‌ലിയാര്‍ മക്കത്തേക്ക്, അദ്ദേഹം നടന്നുതുടങ്ങി. കഅ്ബം കണ്‍നിറയെ കണ്ടു. ഹജ്ജ് ചെയ്തു. തിരിച്ചുപോന്നു. വീണ്ടും മക്കയിലേക്കു തന്നെ. അതും കാല്‍നടയായി. അതെ, ഏഴു തവണ കാല്‍നടയായി ഹജ്ജ് ചെയ്ത മഹാനായ പണ്ഡിതനും സൂഫിയുമായിരുന്നു പോക്കര്‍ മുസ്‌ലിയാര്‍. ഹജ്ജും ചെയ്ത് ഒരിക്കലദ്ദേഹം ബഗ്ദാദിലെത്തി. ശൈഖ് ജീലാനി തങ്ങളെ സിയാറത്ത് ചെയ്തു. ഇനിയിവിടെ കഴിഞ്ഞുകൂടണം. നാട്ടിലേക്ക് തിരിച്ചു മടക്കമില്ല. ബഗ്ദാദിന്റെ തസ്വവ്വുഫുറങ്ങുന്ന മണ്ണോടലിഞ്ഞുചേരണം. മനസ്സിലതൊക്കെ വിചാരിച്ചെങ്കിലും അവിടെനിന്ന് നിര്‍ദേശം വന്നു- എടക്കുളത്തേക്ക് തിരിച്ചുപോകണം. അങ്ങനെയാണ് പോക്കര്‍ മുസ്‌ലിയാര്‍ എടക്കുളത്ത് തിരിച്ചെത്തിയത്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്നു പോക്കര്‍ മുസ്‌ലിയാര്‍. മക്കയിലേക്ക് നിരവധിതവണ നടന്നുപോയി ഹജ്ജ് ചെയ്ത മഹാനാണ് അദ്ദേഹം. ആ സംഭവമാണ് നമ്മള്‍ മുകളില്‍ കുറിച്ചത്. പല കറാമത്തുകളും അദ്ദേഹത്തില്‍നിന്നു വെളിപ്പെട്ടതായി പഴമക്കാര്‍ പറയുന്നു. ഏതാണ്ട് 110 വര്‍ഷം മുമ്പായിരുന്നു വഫാത്ത്. മയ്യിത്ത് സ്വവസതിയുടെ അടുത്തുതന്നെ മറവുചെയ്തു. ധാരാളം പേര്‍ സിയാറത്തിനെത്തുന്ന പ്രസിദ്ധമായ ജാറമാണ് ഇന്നവിടം. വളരെ പ്രസിദ്ധമായ പാറാള്‍പള്ളി റാത്തീബും കൈത്തക്കര, അനന്താവൂര്‍, എടക്കുളം എന്നിവിടങ്ങളില്‍ നടത്തിവരുന്ന റാത്തീബും അദ്ദേഹം സ്ഥാപിച്ചതാണ്. ഏകദേശം എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റാത്തീബാണത്. പാറാന്‍പള്ളി റാത്തീബ് വളരെ പ്രസിദ്ധമാണ്. പോക്കര്‍ മുസ്‌ലിയാരുടെ പേരക്കുട്ടിയാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന എടക്കുളം അബൂബക്കര്‍ മുസ്‌ലിയാര്‍. പണ്ഡിതന്‍, സൂഫി, വാഗ്മി, മുദരിസ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു മഹാന്‍. കാരാട്ടുതൊടി മുഹമ്മദ് കുട്ടി ഹാജി (നെടുംപുറത്ത് അയമുട്ടി ഹാജി) 1897ല്‍ കാരാട്ടുതൊടി മുഹമ്മദ് ഹാജിയുടെയും പാത്തോമ്മയുടെയും മകനായി പട്ടിക്കാട് ജനിച്ച മുഹമ്മദ് കുട്ടി ഹാജി എന്നവര്‍ നടന്നുപോയി ഹജ്ജ് നിര്‍വഹിച്ച പണ്ഡിതനാണ്. പട്ടിക്കാട് പള്ളിദര്‍സില്‍ അമാനത്ത് ഹസ്സന്‍കുട്ടി മുസ്‌ലിയാരുടെയും ശേഷം കരിമ്പന അഹമ്മദ് മുസ്‌ലിയാരുടെയും ശിഷ്യനായി പഠനം തുടങ്ങിയ അദ്ദേഹം പിന്നീട് അറിവിന്റെ ചക്രവാളത്തില്‍ വെള്ളിനക്ഷത്രം കണക്കെ പ്രശോഭിച്ചു. ഇസ്‌ലാമിക കര്‍മ്മങ്ങളില്‍ അതീവശ്രദ്ധ പാലിച്ചിരുന്ന അദ്ദേഹം ഇന്നത്തെപോലെ യാത്രാസൗകര്യങ്ങളില്ലാതിരുന്ന കാലത്ത്, വളരെ ചെറുപ്പത്തില്‍തന്നെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കണമെന്ന ഉദ്ദേശ്യത്തോടെ പായക്കപ്പല്‍ വഴി യമനിന്റെ തലസ്ഥാനമായിരുന്ന ഏദനില്‍ എത്തുകയും അവിടെനിന്ന് പരിശുദ്ധ മക്കയിലേക്കു കാല്‍നടയായി എത്തി ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 1921ലെ ഖിലാഫത്ത് സമരകാലത്ത് മുണ്ടത്തെപ്പടിക്കലുള്ള പാലം പൊളിച്ച സമയത്ത്, മാപ്പിളമാരുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം അമീറായി സമരപരിപാടികള്‍ക്കു നേതൃത്വംനല്‍കുകയുണ്ടായി. അതിന്റെ പേരില്‍ ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ കണ്ടാല്‍ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുകയും ചെയ്യുകയുണ്ടായി. ഇതുകേട്ടു ഭയന്ന വീട്ടുകാര്‍ അദ്ദേഹത്തെ പറളിയിലുള്ള അമ്മാവന്റെ വീട്ടിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. തുടര്‍ന്ന്, അവിടെയും വെള്ളക്കാരുടെ ശല്യമുണ്ടായപ്പോള്‍ അറവുകന്നിനെ തൊളിക്കുന്നവരുടെ വേഷത്തില്‍ കൊച്ചിയിലേക്കും അതുവഴി ആലപ്പുഴയിലും എത്തിച്ചേര്‍ന്നു. ആലപ്പുഴയില്‍ മസ്താന്‍പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന കിഴക്കേ ജുമുഅത്ത് പള്ളിയില്‍ മുസാഫിറായി എത്തിച്ചേര്‍ന്ന അദ്ദേഹത്തെ അവിടെ മുദര്‍ിസായി നിയമിച്ചു. അഞ്ചു വര്‍ഷക്കാലം പൂര്‍ത്തിയായപ്പോള്‍ അവിടെത്തന്നെയുള്ള മദ്‌റസത്തുല്‍ മുഹമ്മദിയ്യ എന്ന സ്ഥാപനത്തിലേക്കു മാറി. ആ സമയത്താണ് കണ്യാല പള്ളിയിലെ ഖാളിയായിരുന്ന കുറ്റിക്കാട്ടില്‍ അലവി മുസ്‌ല്യാരുടെ മകള്‍ ഉമ്മാച്ചു എന്നവരെ വിവാഹം കഴിച്ചത്. ശേഷം ആലപ്പുഴക്കടുത്ത് തന്നെയുള്ള പുളിമൂട്ട് തൈക്കാവ് എന്ന പള്ളിയില്‍ 21 വര്‍ഷക്കാലം മുദരിസായി സേവനമനുഷ്ഠിച്ചു. തെക്കന്‍ കേരളത്തില്‍, വിശിഷ്യാ ആലപ്പുഴയില്‍ ഹാജി ഉസ്താദ് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം തന്റെ മരണത്തിനു തൊട്ടുമമ്പുളള 11 വര്‍ഷക്കാലവും മസ്താന്‍ പള്ളിയില്‍ ജോലിനോക്കി വരികയായിരുന്നു. വാമനപുരം മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാര്‍, ആലപ്പുഴ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, ഹാജി അബ്ദുല്ല എന്ന അബ്ബാമിയ്യ സേട്ട് (ഇദ്ദേഹമാണ് പട്ടിക്കാട് ജുമാ മസ്ജിദിന്റെ പഴയ അകത്തെ പളളിയിലേക്കും മറ്റും ജനലുകള്‍ സംഭാവന ചെയ്തത്) തുടങ്ങിയ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടുന്ന നൂറുകണക്കിന് ശിഷ്യ സമ്പത്തുള്ള ഹാജി ഉസ്താദ് മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍നിന്നിരുന്ന സമയത്തല്ലാതെ മറ്റൊരിടത്തുനിന്നും തന്റെ ദീനീ സേവനത്തിന് ശമ്പളംപറ്റിയിരുന്നില്ല. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍, പ്രത്യേകിച്ച് അനന്തരാവകാശത്തില്‍ അതീവ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ അക്കാലത്തെ പല തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് ഹേതുവായിട്ടുണ്ട്. വൃക്തിജീവിതത്തില്‍ വഉരെയധികം സൂക്ഷ്മതപാലിച്ചിരുന്ന, ലളിതജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹം 1960 ജൂലൈ 25നു രാത്രി തന്റെ വീട്ടിലെത്തി നിമിഷങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു. പട്ടിക്കാട് ഖബര്‍സ്ഥാനില്‍ മറവുചെയ്യപ്പെട്ട അദ്ദേഹത്തിന് എട്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ഉണ്ണിമോയിന്‍ ഹാജി പതിനാറിന്റെ ചുറുചുറുക്കുള്ള യുവാവ്. തിളങ്ങുന്ന കണ്ണുകള്‍. ആവേശം നിറഞ്ഞ ഹൃദയകം.. ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് യാത്രതിരിക്കുകയാണ്. കാല്‍നടയാത്ര. പാക്കിസ്ഥാന്‍ വഴിയായിരുന്നു യാത്ര. ഇന്ത്യാവിഭജന കാലഘട്ടമായിരുന്നു അത്. പാക്കിസ്ഥാനിലേക്കു വണ്ടികയറുന്നവര്‍ നിരവധിയായിരുന്നു. അതിനാല്‍തന്നെ, ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് വാഹനം കയറിയ മഹാനവര്‍കള്‍ പാക്കിസ്ഥാനിലാണ് എത്തിയത്. അവിടെനിന്നങ്ങോട്ടാണ് കാല്‍നടയാത്ര നടത്തുന്നത്. പഠനതല്‍പരരായ ആ യുവാവ് ഹജ്ജ് യാത്രയില്‍ കിതാബുകളും കൂടെ കരുതിയിരുന്നു. ലക്ഷ്യപൂര്‍ത്തീകരണത്തിനു മുമ്പില്‍പിന്നെ തടസ്സങ്ങളേതുമുണ്ടായില്ല. മക്കയിലെത്തി. ഹജ്ജ് നിര്‍വഹിച്ചു; ആത്മനിര്‍വൃതി നേടി. കിതാബിന്‍ കെട്ടുമായി യാത്രപോയ ആ ജ്ഞാനപ്രേമി അന്നു വിദേശ നാടുകളിലൊന്നും കേരളത്തിലെപോലെ പാരമ്പര്യ ദര്‍സ് സംവിധാനം കാണാത്തതുകൊണ്ട് നാട്ടിലേക്കു തന്നെ മടങ്ങി. നാട്ടുകാര്‍ വിളിച്ചു തുടങ്ങി. ഹാജി... ഹാജി എന്ന്. അങ്ങനെയാണ് വലിയ പണ്ഡിതനും പ്രഗത്ഭ മുദരിസുമായിരുന്നിട്ടുകൂടി ഉണ്ണിമോയീന്‍ ഹാജി എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടത്. വലിയ പണ്ഡിതനും പ്രഗത്ഭ മുദരിസുമായിരുന്ന അദ്ദേഹം സമസ്തയുടെ കേന്ദ്ര മുശാവറ മെമ്പറായിരുന്നു. അരീക്കോട് പഴയ മുണ്ടമ്പ്ര മഹല്ലിലെ പെരുമ്പറമ്പാണ് സ്വദേശം. വളരെ ചെറുപ്പത്തില്‍തന്നെ മതപഠന രംഗത്തേക്ക് കടന്നുവന്നു. പൊന്നാനിയില്‍ ചെന്നു. സമസ്തയുടെ മുശാവറ മെമ്പറും ഫത്‌വാ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. 19.12.1970ല്‍ ചേളാരിയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍വെച്ചാണ് മുശാവറ അംഗമായി തെരഞ്ഞെടുക്കുന്നത്. കെ.ടി ഉസ്താദ്, ഇ.കെ. ഹസ്സന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരെയും ഇതേ മുശാവറയിലായിരുന്നു അംഗങ്ങളായി തെരഞ്ഞെടുത്തത്. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു അന്ന് സമസ്തയുടെ പ്രസിഡന്റ്. നീണ്ട നാല്‍പത്തിരണ്ടര വര്‍ഷം വളരെ വിപുലമായ ദര്‍സ് നടത്തിയ താന്‍ സേവനം ചെയ്ത നാടുകളിലും അരീക്കോട് പരിസര പ്രദേശങ്ങളിലും മദ്‌റസാ സംവിധാനം കെട്ടിപ്പടുക്കുന്നതില്‍ അക്ഷീണം പ്രായത്‌നിച്ചിട്ടുണ്ട്. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പാതിരാ വഅളുകള്‍ പറയുകയും ജനങ്ങള്‍ക്ക് അവശ്യസമയങ്ങളിലെല്ലാം ഉദ്‌ബോധനം നടത്തുകയും ചെയ്തിരുന്നു. 1998 ഏപ്രില്‍ 26 (മുഹര്‍റം 1) നായിരുന്നു വഫാത്ത്. അരീക്കോടിനടുത്ത് പെരുമ്പറമ്പിലെ റഹ്മനിയ്യ ജുമാമസ്ജിദ് അങ്കണത്തിലാണ് അന്ത്യവിശ്രമം.

Other Post