നബിജീവിതം മാര്‍ഗവും മാതൃകയും

ആറാം വയസ്സിന്റെ നിഷ്‌കളങ്കബാല്യം. തിഹാമയിലെ മണല്‍ക്കാറ്റുകള്‍ക്ക് വല്ലാത്ത ഇഷ്ടമാണ് ആ ബാല്യത്തോട്. സദാ സത്യം മാത്രം പറയുന്ന ബാലന്‍ എല്ലാവര്‍ക്കും അല്‍ അമീനായിരുന്നു. അനാഥയായ ആ ബാല്യം ആമിനാന്റെ കരങ്ങളില്‍ നിര്‍ഭയമായിരുന്നു. അബവാഇന്റെ വഴിയോരം. ത്വാഇഫിലേക്കുള്ള യാത്രയാണ്. മകനെയും കൂട്ടി ആമിന ധൃതിയിലാണ് നടക്കുന്നത്. പെട്ടെന്നായിരുന്നു ആ കരങ്ങള്‍ തളര്‍ന്നത്. മകനെ ചേര്‍ത്തുപിടിച്ച് നിഷ്‌കളങ്കമായ ആ നിറകണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ലോകത്തെ ഏറ്റവുംവലിയ ഭാഗ്യവതിയായ മാതാവ് ഇങ്ങനെ പറഞ്ഞുവത്രെ- കുന്‍ റജുലന്‍... ഇവിടെയാണ് പ്രവാചക വ്യക്തിത്വം വായിച്ചുതുടങ്ങേണ്ടത്. റജുല് എന്ന അറബി പദത്തിന് മനുഷ്യത്വമുള്ള ഒരു വ്യക്തി അല്ലെങ്കില്‍ പൂര്‍ണനായ വ്യക്തി എന്ന് അര്‍ത്ഥം നല്‍കിയവരുണ്ട്. മതാവായ ആമിന ബീബി(റ)യുടെ അന്ത്യോപദേശത്തിന്റെ അര്‍ത്ഥപൂര്‍ണമായിരുന്നു അവിടുത്തെ ജീവിതമെന്ന് ദര്‍ശിക്കാന്‍ സാധിക്കും. വഹ്‌യിന്റെ പൊരുളിറങ്ങിയ സമ്പൂര്‍ണ മനുഷ്യനായിരുന്നു പ്രവാചകര്‍(സ്വ). ജന്മവും ജീവിതവും മരണവും വിശുദ്ധമാവുന്നതിലൂടെയാണ് വ്യക്തിത്വം പൂര്‍ണമാവുന്നത്. പ്രവാചകജീവിതത്തെ പഠിക്കാന്‍ ശ്രമിച്ചവരെല്ലാം ആ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ലയിക്കുകയായിരുന്നു. കാരണം, ജമാലിയത്തിന്റെ പൂര്‍ണതയായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വപ്രഭാവം. മുഹമ്മദിലെ മീമ് പോലും സാരമാക്കുന്നത് അവിടുത്തെ വ്യക്തിത്വ പ്രഭാവമാണെന്നാണ് സൂഫി ദര്‍ശനങ്ങളിലെ ആന്തരികാര്‍ത്ഥം പറഞ്ഞുതരുന്നുണ്ട്. വ്യക്തിത്വം എന്നത് മനുഷ്യരില്‍ ആകമാനം ഉണ്ടാവുന്ന അവന്റെ സ്വത്വബോധമാണ്. സമ്പൂര്‍ണ മനുഷ്യനായ പ്രവാചകരിലും അത് ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാല്‍, വ്യക്തിത്വ സവിശേഷങ്ങളാല്‍ സ്വഭാവങ്ങള്‍ വ്യതിരിക്തമാകുന്നിടത്താണ് പ്രവാചക വ്യക്തിത്വത്തെ തിരിച്ചറിയേണ്ടത്. അവിടെയാണ് പ്രവാചക വ്യക്തിത്വം പ്രഭാവമാകുന്നതും. അവിടെയാണ് ആ പ്രകാശകിരണങ്ങള്‍ ഹൃദയങ്ങളില്‍ പ്രതിഫലിച്ച് പൊരുളറിയുന്നതും പ്രവാചകജീവിതത്തെ ജീവിതമായി സ്വീകരിക്കുന്നതും. മഹനീയമായ പ്രവാചക വ്യക്തിത്വമായിരുന്നു കാടത്തംനിറഞ്ഞ, സംസ്‌കാര ശൂന്യരായ ഒരു വലിയ സമൂഹത്തെ വിധേയത്വത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തില്‍ മാനവിക ദര്‍ശനത്തിന്റെ ഏറ്റവുംവലിയ മാതൃകയാവാന്‍ വഴിയൊരുക്കിയതെന്ന് സാരം. പ്രവാചക ജീവിതകാലം തൊട്ട് ആധുനികതയുടെ ചാപല്യങ്ങള്‍ ഫ്രൈം ചെയ്യപ്പെട്ട അഭിനവകാലംവരെയുള്ള വിശ്വാസി ഹൃദയങ്ങളിലെ മര്‍മ്മ മൂല്യമായ സ്പിരിറ്റും പ്രവാചക വ്യക്തിത്വമാവുന്നിടത്താണ് യുക്തിമാത്ര വാദികള്‍ അവിടുത്തെ വ്യക്തിത്വത്തെ ഉന്നംവെച്ച് ശരമെയ്യുന്നതും. ഇവിടെയാണ് പ്രവാചകജീവിതവും അവിടുത്തെ വ്യക്തിത്വവും ചര്‍ച്ചക്ക് പ്രസക്തമാകുന്നത്. പ്രവാചകര്‍(സ്വ)യുടെ ജീവിതം ദര്‍ശിച്ചവര്‍ക്ക് അവിടുത്തെ വ്യക്തിത്വം ബോധ്യപ്പെടുത്തേണ്ട ആവശ്യകതയില്ലായിരുന്നു. പ്രവാചകവൈരിയായ അബൂജഹലും ഉഖ്ബത്തുബ്‌നു മുഈത്വും പ്രവാചകരുടെ വ്യക്തിത്വത്തെ ആക്ഷേപിച്ചതായിട്ട് കാണാന്‍ സാധിക്കില്ല. പ്രവാചകനെ വധിക്കാന്‍പോലും പദ്ധതിയൊരുക്കിയവര്‍ പ്രവാചകരെ വ്യഭിചാരിയെന്നോ കള്ളനെന്നോ മുദ്രകുത്താന്‍ ശ്രമിച്ചില്ല. കാരണം, മക്കയില്‍ മുഹമ്മദ് നബി(സ്വ)യോളം പരിശുദ്ധനായ ഒരു വ്യക്തിയുമില്ലെന്ന് അവര്‍ക്ക് പൂര്‍ണ്ണ ബോധ്യമായിരുന്നു. എന്നാല്‍, പ്രവാചകനെ വിശ്വസിക്കുന്നതില്‍നിന്നും അവരെ പിന്തിരിപ്പിച്ചത് അവരുടെ ഉള്‍നാട്യമായിരുന്നു. മുഹമ്മദീയ ഹഖീഖത്തിനെ വിസ്തരിക്കുന്നിടത്ത് മൗനമാണ് യുക്തി എന്ന പ്രവാചകാദ്ധ്യാപനമാണ് ചില സൂക്ഷ്മാലുക്കളായ പണ്ഡിതര്‍ സ്വീകരിച്ചത്. അര്‍ത്ഥപൂര്‍ണമായ ഒന്നിനെ നിരര്‍ത്ഥകമായ ഒന്നുകൊണ്ട് വിശദീകരിക്കല്‍ ബുദ്ധിശൂന്യമാണെന്ന ബോധമാണത്. എങ്കിലും, ബാഹ്യാര്‍ത്ഥങ്ങളില്‍ അതു വിരാജിക്കുമ്പോള്‍ അചഞ്ചലമായ വിശ്വാസവും കടുത്ത സ്‌നേഹവും ആ വ്യക്തിത്വത്തില്‍ സാധ്യമാവുമെന്നുള്ള തിരിച്ചറിവാണ് ഇത്തരം അന്വേഷണങ്ങളുടെ ആകെത്തുക. പ്രവാചക സ്വഭാവ സവിശേഷത്തെ കുറിച്ച് ചോദിക്കപ്പെട്ട ആഗതനോട് പ്രവാചകപത്‌നിയായ ആഇശ(റ) പറയുന്നത് പ്രവാചകന്‍ (സ്വ)യുടെ സ്വഥാവം വിശുദ്ധ ഖുര്‍ആനെന്നാണ്. പരകോടി ആശയങ്ങളുടെ സംക്ഷിപ്തമായിരുന്നു ആഇശ(റ)ന്റെ മറുപടിയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ലോകര്‍ക്ക് കരുണയായിട്ടല്ലാതെ അങ്ങയെ അയച്ചിട്ടില്ല റഹ്മത്ത് എന്നതിന് കരുണ എന്ന് മലയാളത്തില്‍ വ്യാഖ്യാനിച്ചാല്‍ അര്‍ത്ഥപൂര്‍ണമാവില്ല. വിശാലമായ സ്‌നേഹത്തിന്റെ പര്യായമാണ് റഹ്മത്ത്. റഹമ് ധാതുവില്‍നിന്നാണ് റഹ്മാനും റഹീമും ഉണ്ടായിത്തീരുന്നത്. രണ്ടു നാമങ്ങള്‍ക്കും വിശാലമായ അര്‍ത്ഥങ്ങളാണ് പ്രമുഖ മുഫസ്സിരീങ്ങള്‍ രേഖപ്പെടുത്തിയതെന്നു കാണാന്‍ സാധിക്കും. പ്രവാചക നിയോഗത്തെ വിശുദ്ധ ഖുര്‍ആന്‍ നിദാനമാക്കുന്നത് റഹ്മത്തിനോടാണ്. ലോകര്‍ക്ക് മുഴുവന്‍ അങ്ങ് റഹ്മത്തായിട്ടല്ലാതെ അങ്ങയെ അയിച്ചിട്ടിെല്ലന്നു പറയുന്നതിന്റെ പൊരുളും അവിടുത്തെ സമ്പൂര്‍ണമായ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. മക്കയിലെ ദാറുന്നദ്‌വയില്‍ മുഹമ്മദിനെ വധിക്കുന്നവന് നൂറ് ഒട്ടകം ഇനാമായി വിഡ്ഢിത്വത്തിന്റെ പിതാവായ അബുല്‍ഹകം പ്രസ്താവന നടത്തിയപ്പോള്‍ അരയിലുറപ്പിച്ച വാളിന്റെ മൂര്‍ച്ചനോക്കി സധൈര്യം പുറപ്പെട്ട സുറാഖത്തിന്റെ കണ്ണുകളില്‍ തെളിവെട്ടം വീണതും തുടര്‍ന്ന് ഉമറു ബ്‌നുല്‍ഖത്താബിന്റെ(റ) ഭരണകാലത്ത് റോമിന്റെ വളയവും ചെങ്കോലും അണഞ്ഞതും തിരുദര്‍ശനത്തില്‍ നനഞ്ഞുകുതിര്‍ന്ന റഹ്മത്തായിരുന്നു. തന്റെ സഹോദരി മുസ്‌ലിമായതറിഞ്ഞ് അരിശംമൂത്ത് പ്രവാചകനെ വധിക്കാന്‍പോയ ഉമറിന്റെ ഖഡ്ഗവും വീണുപോയത് അര്‍ത്ഥപൂര്‍ണമായ റഹ്മത്തിനു മുന്നിലായിരുന്നു. മദീന ലക്ഷ്യമാക്കി പ്രവാചകനെ വധിക്കാനെന്ന ഉദ്ദേശ്യത്തില്‍ ആഗതമായ സുമാമയെ സംശയംതോന്നിയ മദീനാ പരിചാരകര്‍ വളഞ്ഞുപിടിക്കുകയും തിരുസവിധത്തില്‍ ഹാജറാക്കുകയും ചെയ്തപ്പോള്‍ പ്രവാചകര്‍(സ്വ) കാണിച്ച മാന്യതയും ഗുണപരമായ പെരുമാറ്റവും സുമാമയെ മാറ്റിച്ചിന്തിപ്പിച്ചിട്ടുണ്ടെങ്കില്‍ പ്രവാചകവ്യക്തിത്വം സുമാമയില്‍ ആകൃഷ്ടനാക്കിയത് റഹ്മത്തിന്റെ വിവക്ഷയായിരുന്നു. അങ്ങ് കഠിനഹൃദയനായിരുന്നുവെങ്കില്‍ അങ്ങയില്‍നിന്നവര്‍ അകന്നുപോകുമായിരുന്നു”എന്ന ഖുര്‍ആനിക സൂക്തവും അര്‍ത്ഥമാക്കുന്നത് പ്രവാചകവ്യക്തിത്വത്തിന്റെ പ്രഭാവത്തെയാണ്. ലഖദ് ജാഅക്കും റസൂല്‍ എന്ന് തുടങ്ങുന്ന തൗബ സൂറത്തിലെ അവസാനത്തെ രണ്ട് ആയത്തുകളെ സംബന്ധിച്ച് ഖുര്‍ആന്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയത് ഈ ആയത്തുകള്‍ വിശുദ്ധ ഖുര്‍ആനിലെ ഏറ്റവുംവലിയ പ്രവാചക പ്രകീര്‍ത്തനമാണെന്നാണ്. കാരണം, സ്രഷ്ടാവായ നാഥന്‍ അവന്റെ രണ്ടു നാമങ്ങള്‍ തന്റെ തിരു ദൂതനുംകൂടി അര്‍ഹമായി നല്‍കുകയാണ് ഇവിടെ. വിശ്വാസീ സമൂഹത്തിന് റഊഫും റഹീമുമായിട്ട് പ്രവാചകര്‍(സ്വ)യെ അല്ലാഹു ഇവിടെ പ്രകീര്‍ത്തിക്കുമ്പോള്‍ റഅ്ഫത്തും റഹ്മത്തും ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോള്‍ പ്രതിഫലിക്കുന്ന പ്രകാശകിരണങ്ങള്‍ ഒരു പ്രാദേശിക സമുദായത്തിലെന്നല്ല ലോകത്താകമാനം സര്‍വ്വ വ്യാപകമായി അനുകരണീയമായി ത്തീരുന്നുണ്ട്. തന്നിമിത്തം അവിടുന്ന് പൊഴിക്കുന്ന പുഞ്ചിരിയില്‍പോലും ശോഭിതമായിക്കൊണ്ട് വ്യക്തിത്വത്തിന്റെ തെളിച്ചം മങ്ങാതെ കിടക്കുന്നു. അനാഥ കുഞ്ഞിന്റെ മുന്നില്‍വെച്ച് ഒരു പിതാവും തന്റെ കുഞ്ഞിനെ താലോലിക്കരുതെന്നു പഠിപ്പിച്ച പ്രവാചകാധ്യാപനവും അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറയ്ക്കുന്നവന്‍ നമ്മില്‍പെട്ടവനെല്ലന്ന് പഠിപ്പിച്ചതും റഅ്ഫത്തിന്റെ സാരമോതുന്നതാണ്. റഹ്മത്തിന്റെയും റഅ്ഫത്തിന്റെയും വിശാലാര്‍ത്ഥങ്ങളില്‍തന്നെയാണ് വേടന്റെ വലയില്‍പ്പെട്ട മാന്‍പേടക്കു തന്റെ ജീവിതം പണയംവെച്ച് ജാമ്യക്കാരനായതും തന്നെ ഉപേക്ഷിക്കല്ലേയെന്ന് വിതുമ്പിക്കരഞ്ഞ ഈന്തപ്പനത്തടിയും എന്നുമാത്രമല്ല അവ പ്രവാചകവ്യക്തിത്വത്തിന്റെ സൗരഭ്യം ആവാഹിച്ചവയായിരുന്നു. നേതാവായിരുന്ന പ്രവാചകര്‍ സംസ്‌കാരശൂന്യരായ ഒരു സമൂഹത്തെ അത്യുത്തമമായ സംസ്‌കാര ദിശയിലേക്ക് ഉയരാന്‍ പ്രാപ്തമാക്കിയ ഒരു നേതാവിന്റെ നേതൃത്വയോഗ്യതയെ വിലയിരുത്തുമ്പോള്‍ സാമൂഹികമായ ഐക്യത്തെ ദൃഢപ്പെടുത്തലും മാനുഷിക സ്പര്‍ദ്ദകളെ നിര്‍മാര്‍ജനംചെയ്യലും പക്കമായ നേതൃത്വത്തിന്റെ വ്യക്തിപ്രഭാവമായിട്ടാണ് വായിക്കാനാവുന്നത്. യുദ്ധത്തിന് സന്നദ്ധരായ സേനാ നായകനോട് യുദ്ധവേളയില്‍ സ്ത്രീകളെയും കുട്ടികളെയും നോവിക്കരുതെന്ന് അരുളിയതും കറുത്തവനായ ബിലാലുബ്‌നു റബാഹ്(റ)വിനെയും വെളുത്തവനായ സല്‍മാനുല്‍ഫാരിസി(റ)വിനെയും ഒരു തളികയില്‍ ഊണൂട്ടിയതും ഒരു നേതാവിന്റെ സമ്പൂര്‍ണ വ്യക്തിത്വത്തെ വരച്ചിടുന്നതാണ്. അങ്ങാടിച്ചന്തയില്‍ കച്ചവടംചെയ്തു കൊണ്ടിരിക്കുന്ന സ്വഹാബിവര്യന്റെ പിന്നിലൂടെ ചെന്ന് വിയര്‍പ്പൊലിക്കുന്ന ആ ശരീരത്തെ ചേര്‍ത്തുപിടിച്ച് മന്‍ അന(ഞാന്‍ ആര്) എന്ന് ചോദിക്കുന്ന നേതാവിന്റെ ലാളിത്യം എത്രമേല്‍ ഉല്‍കൃഷ്ടമാണ്. അവിടത്തിലാണ് ആ പ്രഭാവലയത്തില്‍നിന്ന് പാറിപ്പോകാത്ത ഇയ്യാംപാറ്റകളായി അനുയായികള്‍ മാറുന്നതും. യോഗ്യമായ ആ നേതൃത്വത്തെ തന്നെയാണ് ലോകമാകമാനം വന്നു പോയ പ്രവാചകന്മാരിലും അല്ലാഹു നിശ്ചയിച്ചത്. അവിടെയാണ് ഇബ്‌റാഹീം നബിയുടെ(അ) ത്യാഗങ്ങളിലും പരീക്ഷണങ്ങളിലും മുഹമ്മദീയ നൂര്‍ ജ്വലിക്കുന്നതും. നേതൃത്വനിരയില്‍നിന്ന് കാര്യം നടപ്പിലാക്കി എന്നതല്ല, നേതൃസ്വരങ്ങളെ ശിരസ്സാവഹിക്കാനും അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാനും ഒരു സമൂഹത്തെ സന്നദ്ധരാക്കി എന്നതിനൊപ്പം അവരിലൊരുവനായി കൂടെ നിന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ജബലുറുമാത്തില്‍ അണിനിരത്തിയ സൈന്യം ആജ്ഞ തെറ്റിച്ച സന്ദര്‍ഭം ഉഹ്ദില്‍ സംഭവിച്ച വീഴ്ച നേതൃത്വത്തെ അനുസരിക്കാത്തതിന്റെ പാഠമായി അവിടുന്ന് ഉപദേശിക്കുന്നത് ഉത്തമരായ അനുയായികളെ വാര്‍ത്തെടുക്കുന്ന മനോഹര ചിത്രമാണ്. ഭര്‍ത്താവായിരുന്ന പ്രവാചകര്‍ നിങ്ങളില്‍ ഏറ്റവുംനല്ല സ്വഭാവ വിശേഷമുള്ളവന്‍ ഭാര്യയോട് നല്ലവണ്ണം വര്‍ത്തിക്കുന്നവനാണെന്ന പ്രവാചകാധ്യാപനത്തില്‍നിന്ന് വ്യക്തിത്വത്തിന്റെ പ്രഭാവം പ്രസരിച്ചുതുടങ്ങുന്നത് സ്വന്തം വീട്ടില്‍നിന്നാെണന്ന് ബോധ്യമാവുന്നുണ്ട്. എന്നല്ല, അതിലുപരി കൂടെ കിടക്കുന്ന ഭാര്യയോടുള്ള പെരുമാറ്റമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. സ്ത്രീത്വത്തെ മാനിക്കുന്നത് വ്യക്തിത്വ വിശേഷണമായി പഠിപ്പിക്കുകയാണ്. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞാല്‍ കുഴിമാടംവെട്ടി കാത്തിരിക്കുന്ന പിതാവിന്റെ കാടത്തത്തില്‍ നിന്നും പെണ്‍കുഞ്ഞ് പിറന്നതറിഞ്ഞാല്‍ അപഹസിക്കുന്ന ജഹാലത്തിന്റെ കരാളഹസ്തങ്ങളില്‍നിന്നും സ്ത്രീ വിമോചകരായി കടന്നുവന്ന പ്രവാചകര്‍(സ്വ) വിധവകളും കന്യകയുമായി പതിനൊന്ന് സ്ത്രീകളെയാണ് വിവാഹംകഴിച്ചത്. അത് അനന്തമായ ജ്ഞാനപാഠശാലയിലേക്ക് കൈപ്പിടിച്ചാനയിക്കലായിരുന്നു. ആ വൈജ്ഞാനിക ആനന്ദമായിരുന്നു പ്രവാചകവിയോഗത്തെ തുടര്‍ന്ന് വൈധവ്യത്തിലുള്ള ആഇശ(റ)യുടെ തുടര്‍ന്നുള്ള ജീവിതത്തിനു പ്രേരണയായത്. അവിടുത്തെ വ്യക്തിത്വപ്രഭാവവും പൂര്‍ണത പ്രാപിക്കുന്നത് വൈവാഹികജീവിതത്തിലൂടെയാണ്. ആധുനികവക്താക്കള്‍ തിരുജീവിത ദര്‍ശനങ്ങെള കളങ്കമാക്കാന്‍ നാട്ടക്കുറിയാക്കുന്നത് അവിടുത്തെ വൈവാഹിക ജീവിതത്തെ തന്നെയാണ്. നിരര്‍ത്ഥകമായ ആരോപണങ്ങളുന്നയിച്ച് തിരുജീവിതവിശുദ്ധിയെ വികൃതമാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രവാചക വിവാഹങ്ങളെ വിശാലമായി പഠിക്കേണ്ടതുണ്ട്. തന്നിമിത്തം അവിടുത്തെ വ്യക്തിത്വവും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. ഒന്‍പത് ഭാര്യമാരോടുകൂടെ ഒന്‍പത് വര്‍ഷം ജീവിച്ച പ്രവാചക(സ്വ) ജീവിതത്തില്‍ ഒന്‍പത് സൗന്ദര്യത്തര്‍ക്കങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പ്രമുഖ ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യേകം അധ്യായങ്ങളിലായിത്തന്നെ ബഹുമാനപ്പെട്ട ബുഖാരി ഇമാം(റ) അതിനെ ക്രോഡീകരിച്ചതും കാണാം. പാതിരാ നേരത്ത് ആഇശയുടെ മുറിയില്‍നിന്ന് എഴുന്നേറ്റ പ്രവാചകനെ പാതിമയക്കത്തില്‍ ആഇശ(റ) പരതിയപ്പോള്‍ അവിടുന്ന് സാഷ്ടാംഗത്തിലായിരിക്കുന്ന പ്രവാചകനെ കണ്ട് ആശ്വസിക്കുന്ന ആഇശയോട് അവിടുന്ന് ശൈത്വാന്‍ കേറിയല്ലേ ആഇശാ എന്ന് പറയുമ്പോള്‍ അമാ ലക ശൈത്വാനു യാ റസൂലല്ലാഹ് -നിങ്ങള്‍ക്കും ഇല്ലേ ശൈത്വാന്‍ എന്ന കുസൃതി നിറഞ്ഞ ആഇശ(റ)യുടെ പ്രതികരണത്തിന് സ്‌നേഹപൂര്‍വ്വം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച പ്രവാചക പെരുമാറ്റരീതി അത്യുത്കൃഷ്ടതയാണ്. തന്നോടുള്ള സ്‌നേഹത്തെ വിവരിക്കാമോ എന്ന് വാത്സല്യത്തോടെ ചോദിച്ച ആഇശ(റ)യോട് വലിച്ചാലും മുറുകുന്ന കെട്ടുപോലെ എന്ന് പ്രവാചകര്‍ ഉദാഹരിക്കുന്നത് നൈര്‍മല്യമായ സ്ത്രീമനസ്സിന് എത്രമേല്‍ സംതൃപ്തിയാണെന്ന് മനസ്സിലാക്കാന്‍ സ്‌നേഹസ്പര്‍ശമേറ്റ ഹൃദയങ്ങള്‍ക്കു സാധിക്കും. ഖദീജ(റ)നെ കുറിച്ച് അവിടുന്ന് വല്ലാതെ ഏറ്റിപ്പറഞ്ഞപ്പോള്‍ “നിങ്ങള്‍ക്കെപ്പോഴും ആ കിളവിയെ കുറിച്ചാണോ പറയാനുള്ളത് എന്ന് പറഞ്ഞ ആഇശയോട് ഇല്ല ആഇശ, നിങ്ങളാരും എന്റെ ഖദീജക്ക് പകരമാകില്ല എന്ന് തീര്‍ത്തുപറഞ്ഞതും പ്രവാചക സ്‌നേഹത്തിന്റെ അസമാനതയായിരുന്നു. മറ്റൊരിക്കല്‍ ഒരു സായാഹ്ന സമയം. പ്രവാചകര്‍ക്കരികെ കഥപറഞ്ഞിരിക്കുന്ന ആഇശ(റ) ഒരു കുസൃതി പറയുന്നുണ്ട്. ഓ പ്രവാചകരേ, അങ്ങേക്ക് എന്നോട് ഇഷ്ടമല്ലേ. പ്രവാചകര്‍ അതെ എന്ന് പ്രതിവചിച്ചു. എങ്കില്‍ മറ്റുള്ള അങ്ങയുടെ പത്‌നിമാര്‍ക്കു മുന്നില്‍വെച്ച് അത് അങ്ങ് തുറന്നു പറയണം. ചിരിച്ചുകൊണ്ട് പ്രവാചകര്‍(സ്വ) അത് സമ്മതിച്ചു. എന്നിട്ട് അവിടുന്ന് ഒരു ഈത്തപ്പഴത്തിന്റെ കുരു ആഇശയുടെ കൈയ്യില്‍ വെച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞുവത്രെ: ആരോടാണ് എനിക്ക് കൂടുതല്‍ ഇഷ്ട്ടമെന്ന് ചോദിക്കുമ്പോള്‍ കുരു കൈയ്യിലുള്ള വ്യക്തിയോട് എന്ന് പറയും. സന്തോഷപൂര്‍വ്വം ആഇശ(റ) അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പ്രവാചകര്‍(സ്വ) എല്ലാ ഭാര്യമാരുടെ കൈയ്യിലും കുരു നല്‍കിയിരുന്നുവെന്നത് അവിടുത്തെ സല്‍ഗുണമായ സ്വഭാവത്തെ പ്രകടമാക്കുന്നതാണ്. ഇത്തരം സൗരഭ്യമായ ജീവിതഗുണത്തെയും വ്യക്തിത്വത്തെയുമാണ് അനാവശ്യമായ ആരോപണങ്ങളുന്നയിച്ച് ആധുനിക ലിബറലിസ്റ്റുകള്‍ കളങ്കമാക്കാന്‍ ശ്രമിക്കുന്നത്. അത്തരം ആരോപണങ്ങളെ അവിടുത്തെ വൈവാഹിക ജീവിതത്തെ വിശാലമായി വിലയിരുത്തിക്കൊണ്ട് സന്ദേഹമില്ലാതെ തള്ളിക്കളയാന്‍ സാധ്യമാവുന്നതാണ്. എന്നു മാത്രമല്ല, വൈവാഹിക സാഹചര്യങ്ങളെ വേണ്ടവിധം മനസ്സിലാക്കാന്‍ ആരോപകര്‍ ശ്രമിക്കേണ്ടതുമാണ്.