Sunni Afkaar Weekly

Pages

Search

Search Previous Issue

പ്രവാചക സ്‌നേഹത്തിന്റെ സ്വഹാബി മാതൃക

മിദ്‌ലാജ് കാളികാവ്
 പ്രവാചക  സ്‌നേഹത്തിന്റെ സ്വഹാബി മാതൃക

കഴുമരത്തിന്റെ കുരുക്ക് വല്ലാതെ മുറുകുന്നു. ഖുബൈബ്(റ)വിനിക്ക് അസഹനീയമായ വേദനയുണ്ട്. ദീന്‍ പഠിക്കാനെന്ന വ്യാജേന ഖുബൈബടക്കമുള്ള പത്തോളം സ്വഹാബികളെ തങ്ങളുടെ പാളയത്തിലെത്തിച്ച് അരും കൊലചെയ്യാനുള്ള ഗൂഢനീക്കത്തിലാണ് ശത്രുസൈന്യം. തൂക്കുമരത്തില്‍ തൂങ്ങിക്കിടക്കുന്ന ഖുബൈബിനെ പലവിധ അടവുനയങ്ങളുമായി ശത്രുപക്ഷ നേതാക്കളും ശിങ്കിടികളും സമീപിച്ചു. തിരക്കിനിടയില്‍ പതിഞ്ഞ സ്വരത്തില്‍ ഒരാള്‍ ചോദിച്ചു: നിന്റെ സ്ഥാനത്ത് പ്രവാചകന്‍ മുഹമ്മദിനെ പ്രതിഷ്ഠിക്കാന്‍ നീ സന്നദ്ധനാണോ..? പിടക്കുന്ന ശിരസ്സും തുടിക്കുന്ന മനസ്സുമായി ഖുബൈബുബ്‌നു അദിയ്യ്(റ) പ്രതികരിച്ചു: എന്റെ അവയവങ്ങള്‍ ഒന്നൊന്നായി മുറിച്ചുമാറ്റിയാലും പുണ്യനബിയുടെ കാലില്‍ മുള്ള് തറക്കുന്നതുപോലും എനിക്ക് സഹിക്കില്ല. സരളമായ സഹസ്രാബ്ദം കൊണ്ടുതന്നെ സ്വഹാബി സ്‌നേഹ സഞ്ചയത്തെ സന്നിവേശിപ്പിച്ച നബിജീവിതത്തോടുള്ള അടങ്ങാത്ത ഖുബൈബിയ്യ സ്‌നേഹരൂഢതയുടെ ശ്ലാഘനീയ നിമിഷങ്ങളെയാണ് മുകളില്‍ കുറിച്ചത്. ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ അന്തരീക്ഷത്തെ അലട്ടിയ അരക്ഷിതാവസ്ഥക്ക് അറുതിയായി അവതരിച്ച പ്രവാചകന്‍(സ) ആത്മാനുരാഗത്തിന്റെ പറുദീസകൂടിയായിരുന്നുവെന്നതിന്റെ ചാരുതചിത്രങ്ങള്‍ ചുരുളഴിയുന്നത് സ്വഹാബാക്കളിലൂടെയാണ്. സകല ചരാചരങ്ങളെക്കാളും എന്നെ പ്രിയംവെക്കുന്നത് വരെ നിങ്ങളിലാരും പരിപൂര്‍ണ വിശ്വാസിയാവുകയില്ലെന്ന അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിനെ അന്വര്‍ത്ഥമാക്കിയ പ്രവാചകാനുചരന്മാര്‍ അവിടുത്തെ നാഡി സ്പന്ദനങ്ങളെയും ശ്വാസോച്ഛ്വാസങ്ങളെയും ഇമവെട്ടാതെ നിരീക്ഷിച്ചുപോന്നു. മുത്ത്‌റസൂലിന്റെ സന്തതസഹചാരിയായ സിദ്ദീഖുല്‍ അക്ബര്‍(റ) പ്രവാചക സ്‌നേഹത്തിന്റെ ഉത്തമ മാതൃകയാണ്. ജുഗുപ്‌സാവഹമായ അന്തരീക്ഷത്തിലും പ്രവാചകന്റെ നിഴലായി നിലകൊണ്ട സിദ്ദീഖ്(റ)വിനെ തേടി ഒരിക്കല്‍ ശത്രുപക്ഷം പുറപ്പെട്ടു. ഇന്ധനമില്ലാത്ത ഇസ്‌റാഇനെയും മാസ്മരികത നിറഞ്ഞ മിഅ്‌റാജിനെയും ഇല്ലാകഥയാക്കലായിരുന്നു അവരുടെ ആഗമനോദ്ദേശ്യം. കേള്‍ക്കേണ്ടതാമസം സിദ്ദീഖ്(റ) പ്രതികരിച്ചു: നബി(സ്വ)തങ്ങള്‍ അങ്ങനെ പറഞ്ഞുവോ...? എങ്കില്‍ ഞാനുമതിനെ ശരിവെക്കുന്നു. ഒരുവേള പോലും ശങ്കിച്ചുനില്‍ക്കാതെ ശത്രുപക്ഷത്തിന്റെ അമ്പിന്‍ മുനയൊടിച്ച സിദ്ദീഖ് തങ്ങള്‍ പ്രവാചകസ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്നു. ത്യാഗം പേറിയ ഹിജ്‌റയുടെ സന്ദര്‍ഭത്തിലും പുണ്യപ്രവാചകന് ഊന്നുവടിയായത് സിദ്ദീഖോരുടെ സ്‌നേഹത്തില്‍ ചാലിച്ച സാമീപ്യമായിരുന്നു. ജീവിതത്തിലെ സകല സൗകര്യങ്ങളെയും പ്രവാചകന്‍(സ) തങ്ങള്‍ക്കായി ത്യജിക്കാന്‍ പൂര്‍ണസജ്ജമായിരുന്നു സ്വഹാബാ സമൂഹം. പ്രവാചകസ്‌നേഹത്താല്‍ ഊഷ്മളമായ ഒരുപാട് സ്വഹാബികളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ചരിത്രം പറഞ്ഞുവെക്കുന്നുണ്ട്. ഒരുവേള മുഹമ്മദ് നബി(സ) തങ്ങള്‍ മഹാനായ റബീഅത്തുല്‍ അസ്‌ലമി(റ)വിനോട് പറഞ്ഞു: നിനക്ക് എന്തുതന്നെ വേണമെങ്കിലും എന്നോട് ആവശ്യപ്പെട്ടോളൂ.. ഇഷ്ടം ആവശ്യപ്പെടാനുള്ള സുവര്‍ണാവസരമാണെങ്കിലും മഹാനവര്‍കള്‍ക്ക് അധികം ചിന്തിക്കേണ്ടിവന്നില്ല. എനിക്ക് സ്വര്‍ഗത്തിലും അങ്ങയുടെ സാമീപ്യമാണു വേണ്ടത് നബിയേ. -അസ്‌ലമി(റ)വിന്റെ പ്രവാചകാനുരാഗം അതിര്‍ത്തി ഭേദിച്ച് പരന്നൊഴുകിയ അനര്‍ഘ നിമിഷമായിരുന്നു അത്. കളങ്കരാഹിത്യം നിറഞ്ഞുതുളുമ്പുന്ന സൗബാന്‍(റ) വിന്റെ സ്ഫടികസമാന സ്‌നേഹത്തിനു മുമ്പില്‍ മുത്തു റസൂല്‍(സ)യുടെ ഖല്‍ബിടംപോലും ഒരുവേള ഗദ്ഗദാവൃതമായിട്ടുണ്ട്. തുല്യതയില്ലാത്ത ആ സ്‌നേഹചിത്രത്തിന്റെ സാഹചര്യം ഇങ്ങനെയായിരുന്നു. കണ്ണിന്റെ കാഴ്ച കൊട്ടാരത്തില്‍നിന്നും വിദൂരതയിലേക്ക് നടന്നകന്ന പ്രവാചകനെയും പ്രതീക്ഷിച്ചുള്ള ഇരിപ്പിലാണ് സൗബാന്‍ (റ). പക്ഷേ, പ്രവാചകനെ കാണുന്നില്ല. നെഞ്ചകം നീറുന്നു; ശരീരം തളരുന്നു. സൗബാന്‍ നിരാശനാണ്. അപ്പോഴാണ് മുത്തുനബി(സ)യുടെ മാന്യദ്ദേഹം സൗബാന്‍ (റ)വിന്റെ കണ്ണുകളില്‍ ദര്‍ശിച്ചത്. വല്ലായ്മ ചുരുണ്ടു കൂടിയ സൗബാന്‍(റ)വിന്റെ മുഖത്തുനോക്കി റസൂല്‍തങ്ങള്‍ ചോദിച്ചു: എന്താണ് സൗബാനേ, പ്രശ്‌നം... വല്ലാതെ വിഷമിച്ചിട്ടുണ്ടല്ലോ? പ്രതീക്ഷാ നൗകകള്‍ തകര്‍ന്നടിഞ്ഞ മനസ്സുമായി സൗബാന്‍(റ) പ്രതിവചിച്ചു: നബിയേ അങ്ങയുടെ തിരിച്ചുവരവ് വൈകിയതില്‍ പാപിയായ ഈ സൗബാന്‍ വല്ലാതെ വിഷമിച്ചുപോയി. സദാ സമയം പ്രവാചകസാന്നിധ്യമാഗ്രഹിച്ച സ്വഹാബത്തിനു മുമ്പില്‍ അഗാധമായ പ്രവാചകസ്‌നേഹത്തെ രചിച്ചുവച്ച സൗബാന്‍(റ) മാനവരാശിയോട് പറഞ്ഞുവെക്കുന്നത് ചെറുതൊന്നുമല്ലാത്ത ഹുബ്ബിന്‍വരികളെയാണ്. ഉച്ചനീചത്വത്തിന്റെ അലോസരങ്ങളാല്‍ മേഘാവൃതമായ ഹിജാസിയ്യാന്തരീക്ഷത്തില്‍നിന്നും വര്‍ണവെറികളെയും വംശവൈരാഗ്യത്തെയും ഉന്മൂലനംചെയ്ത ലോകംകണ്ട ഏറ്റവുംവലിയ പരിഷ്‌കര്‍ത്താവായിരുന്നു നബി മുഹമ്മദ് മുസ്തഫ(സ). കറുത്തവനെയും താഴ്ന്നവനെയും പാമരനെയും പണിക്കാരനെയും അടിമയെയും രണ്ടാംകിട മഞ്ഞളിച്ച കണ്ണുകൊണ്ട് മാത്രം നോക്കിക്കണ്ട അറേബ്യന്‍ ഭൗമോപരിതലത്തിന് സാംസ്‌കാരികതയുടെ സര്‍വ്വ സന്ദേശങ്ങളും പകര്‍ന്നുനല്‍കുന്നതോടൊപ്പം വര്‍ണവ്യത്യാസം കൊണ്ട് പരസ്പരം വിദൂരത്തായ ബിലാല്‍ ഇബ്‌നു റബാഹ്(റ) വിനെയും സല്‍മാനുല്‍ ഫാരിസ്(റ)വിനെയും പരസ്പരം ചേര്‍ത്തുപിടിക്കാനും പ്രവാചകര്‍ മറന്നില്ല. ജാഹിലിയ്യത്തിന്റെ അമര്‍ഷങ്ങളിലും ആക്രോശങ്ങളിലും എരിഞ്ഞമര്‍ന്ന ബിലാല്‍(റ) മാനുഷികതയുടെ ബാലപാഠങ്ങളെപോലും പരിചയപ്പെടുന്നത് പ്രവാചക സവിധത്തില്‍നിന്നായിരുന്നു. കുഫ്‌രിയത്തിന്റെ കുടിലചിന്തകളും ഉമയ്യത്തിന്റെ ഉട്ടോപ്യനാശയങ്ങളും ബിലാലിനെതിരേ തകൃതിയായി ചീറിയടുത്തപ്പോള്‍ കാരുണാകരങ്ങളായി നിലകൊണ്ട പുണ്യപ്രവാചകര്‍ക്കു മുമ്പില്‍ ബിലാലെന്ന സ്‌നേഹസാഗരം നിറഞ്ഞൊഴുകി. പ്രവാചകപ്രേമ പാലാഴിയില്‍ പരിലസിച്ച ബിലാല്‍(റ)വിനിക്ക് പ്രവാചകരുടെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാന്‍പോലും കഴിഞ്ഞില്ല. തന്റെ സ്വഹാബാക്കള്‍ നക്ഷത്രതുല്യരാണെന്ന് മൊഴിഞ്ഞുവച്ച പുണ്യനബി സ്വഹാബാകിറാമിന്റെ മനസ്സകങ്ങളിലെ രാജകീയ സോപാനങ്ങളിലായിരുന്നു വിരാചിച്ചത്. ലോകചരിത്രത്തില്‍ അനുചരവൃന്ദത്തിന്റെ സ്‌നേഹസായൂജ്യത്തെ ഇത്രത്തോളം ആവാഹിച്ച മറ്റൊരു നേതാവില്ലെന്നതാണു നേര്. ബദ്‌റിന്റെ രണാങ്കണത്തില്‍ പുണ്യനബിയും അനുചരസമൂഹവും തമ്പടിച്ചനേരം. പ്രവാചകര്‍(സ) തങ്ങള്‍ സ്വഹാബാക്കളുടെ സ്വഫ് ശരിപ്പെടുത്തുകയാണ്. അണിയില്‍നിന്ന് അല്പം തെറ്റി നില്‍ക്കുന്ന സവാദ്(റ)വിനെ ശരിപ്പെടുത്തിയ ശേഷം പ്രവാചകന്‍ മറ്റുള്ള അനുചരിലേക്ക് ശ്രദ്ധതിരിച്ചു. അപ്പോഴേക്കും സവാദ്(റ) സ്വാഫില്‍ നിന്നും വീണ്ടും തെറ്റിനില്‍ക്കുന്നു. ഇതു കണ്ട പ്രവാചകര്‍(സ) തങ്ങള്‍ കൈയ്യിലുണ്ടായിരുന്ന കുഞ്ഞന്‍ വടികൊണ്ട് അര്‍ദ്ധനഗ്‌നനായ സവാദിന്റെ വയറ്റത്ത് ചെറുതായൊന്ന് സ്പര്‍ശിച്ചു. നഗ്‌നനായതു കൊണ്ടാവാം സവാദ്(റ)വിന്റെ രൂപഭാവങ്ങള്‍ മാറിത്തുടങ്ങി. സഹിക്കവയ്യാതെ സവാദോരുടെ ബാഷ്പതുള്ളികള്‍ ഉറ്റിവീഴുന്നു. വേദനാ വ്യുല്പത്തിയില്‍ സവാദ്(റ) ചോദിച്ചു പോയി: വേദനിപ്പിക്കാനാണോ വേദാമ്പര്‍ വന്നത്...? സവാദിനെ വേദനിപ്പിക്കാനല്ല പ്രവാചകന്‍ കുഞ്ഞന്‍വടി കൊണ്ട് ഉദരത്തിലടിച്ചത്. എങ്കിലും സവാദ്(റ)വിന്റെ നീറുന്ന നൊമ്പരങ്ങള്‍ക്കു മുമ്പില്‍ പ്രവാചകന്‍ (സ) തങ്ങള്‍ അടിമയെപ്പോലെ നിലകൊണ്ടു. കൈയ്യിലുണ്ടായിരുന്ന കുഞ്ഞന്‍വടി സവാദ്(റ)വിനിക്ക് കൈമാറി. പ്രവാചകന്‍(സ) തങ്ങള്‍ നല്‍കിയ വടിയും പിടിച്ച് തങ്ങളോരത്തേക്കടുത്ത സവാദ്(റ) പുണ്യനബി(സ) യോട് പറഞ്ഞു: നബിയേ നിങ്ങളെന്റെ ഉടുപ്പില്ലാത്ത ശരീരത്തെയാണ് നോവിച്ചത്. അതിനാല്‍, ഈ സവാദിനും അപ്രകാരം പ്രതികരിക്കണം. കണ്ടുനില്‍ക്കുന്ന സ്വഹാബി വൃന്ദത്തിന് സവാദിനെതിരേ ശബ്ദിക്കണമെന്നുണ്ട്. പക്ഷേ, പ്രവാചകസാമീപ്യത്തിലെ അപക്വത ഭയന്ന് അവരാരും ശബ്ദമനക്കിയില്ല. അഖിലലോക നേതാവായ പ്രവാചകര്‍(സ) തങ്ങള്‍ സവാദെന്ന അനുജരുടെ മുമ്പില്‍ സ്വയം ചെറുതായി. സവാദ്(റ) ആവശ്യപ്പെട്ടതുപോലെ വസ്ത്രം ഒരല്പം പൊക്കി. വെളുപ്പിന് ധവളിമ സ്ഫുരിക്കുന്ന പ്രവാചക ഉദരം വെളിവായതും പ്രതികരണമനോഭാവം നടിച്ച സവാദ്(റ) പരിസരം മറന്ന് സ്‌നേഹ ചുംബനാര്‍പ്പണം നടത്തി. പ്രവാചക സ്‌നേഹമാവാഹിക്കാനുള്ള ഒരുവേളപോലും പാഴാക്കികളയാന്‍ സവാദ്(റ) അടക്കമുള്ള സ്വഹാബീവൃന്ദം ഒരുക്കമായിരുന്നില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണിത്. പരിശുദ്ധ ഖുര്‍ആനിക സൂക്തങ്ങളിലൂടെ അല്ലാഹുവിനെ സ്‌നേഹിക്കാനുള്ള തുറന്ന കവാടമായി പ്രവാചക സ്‌നേഹത്തെ വരച്ചിടുമ്പോള്‍ പ്രസ്തുത ചിത്രത്തിന് നിറംപകരുകയായിരുന്നു സ്വഹാബീ സമൂഹം. മജ്ജയും മനസ്സുമടക്കം സകലതും പ്രവാചകസ്‌നേഹ സഞ്ചയത്തില്‍ സമര്‍പ്പിച്ച സ്വഹാബികള്‍ അവിടുത്തെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാന്‍പോലും സന്നദ്ധമായിരുന്നില്ല. പ്രവാചകാഭാവത്തെ മറികടക്കാനായി നാടുകടന്നും കാഴ്ചകളഞ്ഞും മതംമാറിയും കണ്ണീരുകൊണ്ട് രംഗം കീഴടക്കിയ സ്വഹാബത്തിനെ കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് പ്രവാചകസ്‌നേഹത്തിന്റെ വശ്യതയും വിശാലതയും വ്യക്തമാകുന്നത്. അസാധാരണമാംവിധം അണികളുടെ ഖല്‍ബിയ്യാംഗീകാരം ആവാഹിച്ച മുഹമ്മദ് നബി(സ) തങ്ങളെ കുറിച്ച് ചിരകാല ശത്രുവായിരുന്ന അബൂസുഫിയാന്‍ പോലും പറഞ്ഞുവെച്ചത് ദൈവം സത്യം..! മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നത് പോലെ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എന്നാണ്. സ്വഹാബി സമൂഹത്തിന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ചത് പോലും പ്രവാചകരായിരുന്നു. കാരണം, ഖുര്‍ആന്റെ ആജ്ഞയും അപ്രകാരമായിരുന്നുവല്ലോ. നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക, എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. ( സൂറ: ആലു ഇംറാന്‍). പ്രസ്തുത സൂക്തത്തിന്റെ സാരം സ്വഹാബാജീവിതത്തില്‍ സദാ നിഴലിക്കുമായിരുന്നു. അത്രത്തോളം അദമ്യമായിരുന്നു സ്വഹാബത്തിന്റെ പ്രവാചക സ്‌നേഹം.

Other Post