വസന്തക്കുളിരിലേക്ക് വീണ്ടും...

വീണ്ടും നാം റബീഉല്‍ അവ്വലിലെത്തിയിരിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട നബി(സ്വ)യുടെ ജന്മം അടയാളപ്പെടുത്തുവാന്‍ ഭാഗ്യം ലഭിച്ച മാസം. ഈ മാസത്തിന് ആദ്യ വസന്തം എന്നര്‍ഥമുള്ള റബീഉല്‍ അവ്വല്‍ എന്ന പേര് വീണത് മറ്റു അറബീ മാസങ്ങളുടേതുപോലെ ചെറിയ എന്തെങ്കിലും ബാന്ധവത്തിന്റെ കേവല യാദൃച്ഛികതയല്ല എന്നേ വിശ്വാസിക്ക് കരുതാനാവൂ. കാരണം, ആ പേര് വീണ കിലാബ് ബിന്‍ മുര്‍റത്തിന്റെ കാലത്ത് ലോകത്തിന് മുഴുവനും വസന്തമായി വരാനിരിക്കുന്ന ഒരു നബിയെ കുറിച്ചുളള പ്രതീക്ഷയൊന്നും ഒട്ടും തെളിഞ്ഞിട്ടില്ലായിരുന്നുവല്ലോ. അപ്പോള്‍ അതിനര്‍ഥം തന്റെ ഹബീബിനെ അയക്കാനുള്ള മാസത്തെ അല്ലാഹു ആദ്യമേ പേരിട്ടു വിളിച്ച് ഒരുക്കിവെച്ചു എന്നാണല്ലോ. ഇങ്ങനെ ചിന്തിക്കാന്‍ വേറെയും കാരണമുണ്ട്. അത് മറ്റൊന്നുമല്ല, ഇപ്രകാരം ഈ തിരുനബി വസന്തം വരാനിരിക്കുന്ന സ്ഥലവും ഒരുക്കുകയും സൂചിപ്പിക്കുകയും ചെയ്തിരുന്നുവല്ലോ. അത് ഇതിലും വ്യക്തമായിരുന്നു. ആനക്കലഹം എന്ന ഒരു അധ്യായം തന്നെ അതിനായി വിരചിതമായി. സംഭവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഖുര്‍ആനില്‍ പറഞ്ഞതുമാണ്. ആവര്‍ത്തിച്ച് വിരസത വരുത്തി വെക്കുന്നില്ല. അത്യത്ഭുതകരമായ ഈ സംഭവം വഴി അന്നത്തെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും മക്കയിലേക്ക് ക്ഷണിക്കുകയായിരുന്നു അല്ലാഹു. കാരണം, അന്നത്തെ ലോകത്തെ പ്രധാനമായും കഷണിച്ചെടുത്തിരുന്നത് പേര്‍ഷ്യയും റോമും ആയിരുന്നുവല്ലോ. അറബികളുടെ ആലയം പൊളിച്ച് തങ്ങളുടെ സാമ്രാജ്യം ആധിപത്യം സ്ഥാപിക്കുന്നതു കാണാന്‍ കാത്തിരിക്കുകയായിരുന്നു റോം. ആകാശത്തില്‍നിന്ന് ഇറങ്ങിയ മതവിശ്വാസങ്ങളുടെ മുഴുവന്‍ പിതാവായി ഗണിക്കപ്പെട്ടിരുന്ന ഇബ്‌റാഹിം നബി(അ)ന്റെ ആലയം അങ്ങനെയങ്ങ് പൊളിച്ചിടാന്‍ അബ്‌റഹത്തിന് കഴിയുമോ എന്ന ഉദ്വേഗത്തില്‍ വിജ്രംബിച്ച് നില്‍ക്കുകയായിരുന്നു പേര്‍ഷ്യക്കാര്‍. സംഭവം കഴിഞ്ഞതും ലോകം മുഴുവനും മക്കയുടെയും കഅ്ബയുടെയും മുമ്പില്‍ തല കുനിച്ചു നിന്നുപോയി. ആ വിറ മാറും മുമ്പ് അഥവാ അന്‍പത്തിയൊന്നാം ദിനമാണല്ലോ വസന്തം തുടങ്ങിയത്. ഈ രണ്ടു കാര്യങ്ങളും നബിദിനത്തിന്റെ പ്രത്യേകത കൂടി കുറിക്കുന്നുണ്ട്. ഇങ്ങനെ ഒരു പ്രത്യേകത കൂടി സ്ഥാപിച്ചതുകൊണ്ട് പ്രത്യേകത ചികയുന്നവര്‍ക്ക് മുമ്പില്‍ പ്രത്യേകിച്ചു കാര്യമൊന്നുമുണ്ടായിട്ടല്ല. അവരുടെ വിഷയം തെളിവില്ലാത്തതൊന്നും അല്ലല്ലോ. അതങ്ങ് അംഗീകരിച്ചു തരാന്‍ ഉള്ള മടിയാണ്. അല്ലെങ്കില്‍ മറ്റൊരാള്‍ വലുതാവുന്നത് അംഗീകരിച്ച് തരാന്‍ ചിലര്‍ക്ക് കഴിയില്ല. അതൊക്കെ പോകട്ടെ, നമുക്ക് ഇനി വിശ്രമമില്ലാത്ത രാപ്പകലുകളാണ്. നീതി നാടുനീങ്ങുന്ന പുതിയ സാഹചര്യത്തെ നീതിയുടെ കേതാരമായ നബി(സ്വ) തങ്ങളുടെ വഴി വിവരിച്ചുകൊടുത്ത് നമുക്ക് തിരുത്താന്‍ ശ്രമിക്കാം...