ലഹരി പരക്കുന്ന നമ്മുടെ പരിസരങ്ങള്‍

തൊടുപുഴയിലെ ലോഡ്ജില്‍നിന്ന് എം.ഡി.എം.എയുമായി പിടിയിലായ പെണ്‍കുട്ടിയുടെ അലറിക്കരച്ചില്‍ കേരളത്തിനു ചില ദുരന്തസൂചനകള്‍ നല്‍കുന്നുണ്ട്. പഠനകാലത്ത് നിരവധി സമ്മാനങ്ങള്‍ നേടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത പെണ്‍കുട്ടി പിന്നീട് പ്രണയംവഴി ലഹരിയുടെ കെണിയില്‍ പെടുകയായിരുന്നു. ലഹരി ഉപയോഗത്തിലേക്കും പിന്നീട് ലഹരിവില്‍പനയിലേക്കും നീങ്ങുന്ന യുവതീ യുവാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് കേരളത്തിലുണ്ടാകുന്നത്. സംസ്ഥാനത്ത് ലഹരിക്ക് അടിമകളായ 70 ശതമാനം പേരും 10-15 വയസ്സില്‍ ഉപയോഗം തുടങ്ങിയതാണെന്നാണ് എക്‌സൈസ് റിപ്പോര്‍ട്ട്. ഒരാളും ലഹരിപദാര്‍ത്ഥത്തിനു കീഴടങ്ങുമെന്ന് കരുതിയല്ല അതുപയോഗിച്ചുതുടങ്ങുന്നത്. ആരുമത് ആശിക്കുന്നുമില്ല. മറിച്ച്, എനിക്ക് എപ്പോഴും നിയന്ത്രണവിധേയമാക്കാനാവുമെന്ന വിശ്വാസത്തോടെയും തീരുമാനത്തോടെയും തന്നെയാണ് ഒരാള്‍ ലഹരിപദാര്‍ത്ഥം ഉപയോഗിച്ചുതുടങ്ങുന്നത്. ഉപയോഗിക്കുന്നവരില്‍ 40 ശതമാനംപേര്‍ തീര്‍ച്ചയായും ലഹരിക്ക് അടിമകളാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒറ്റത്തവണ ഉപയോഗത്തില്‍തന്നെ അടിമപ്പെടാന്‍ സാധ്യതയുള്ളവയാണ് സിന്തറ്റിക് ലഹരികള്‍. ഒരു പരീക്ഷണത്തിനോ കൗതുകത്തിനോ പോലും അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു മാനസികരോഗ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്. എന്നാല്‍, ഇതൊന്നും മുഖവിലക്കെടുക്കാതെ ഉല്ലാസമരുന്നുകള്‍ എന്ന രീതിയില്‍ ഈ ചതിക്കുഴികളില്‍ അകപ്പെടുകയാണ്. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി 5 വര്‍ഷം വരേയേ പിടിച്ചുനില്‍ക്കാനാവൂ. പിന്നെ മരണത്തിലേക്കുള്ള യാത്രയാണ്. ലഹരിയുടെ ദുരന്തയാത്ര കേരളത്തിലിന്ന് അരങ്ങേറ്റം നടത്തുകയാണ്. കഞ്ചാവ്, കൊക്കെയിന്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, എം.എ.ഡി.എം.എ തുടങ്ങിയ ലഹരിമരുന്നുകള്‍ക്ക് കുഞ്ഞുകുട്ടികള്‍ വരെ അടിമകളായി ചികിത്സതേടുന്ന ദുരവസ്ഥയിലാണിപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. 2016ല്‍ 6000 കേസ്സുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16,000 കേസ്സുകളായി. ഇതു പിടിക്കപ്പെടുന്ന കണക്കു മാത്രമാണെന്നോര്‍ക്കുക. ഓണക്കാലത്തെ വ്യാജമദ്യവും ലഹരിയും തടയാന്‍ ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പ് ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തത് 5,036 കേസ്സുകളാണ്. അറസ്റ്റിലായത് 1300 പേരും. സംസ്ഥാനത്തുനിന്ന് 2018-20 കാലയളവില്‍ പിടിച്ചെടുത്ത ലഹരിമരുന്നിന്റെ തോതില്‍ 122 ശതമാനം വര്‍ദ്ധനയുണ്ടായതാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നായി 6.130 ഗ്രാം എംഡിഎം.എയും 16,062 ഗ്രാം ഹാഷിഷ് ഓയിലും 5,632 കിലോഗ്രാം കഞ്ചാവും എക്‌സൈസ് വകുപ്പ് പിടികൂടിയിട്ടുണ്ട്. ഇതിന്റെ എത്രയോ മടങ്ങ് ലഹരിവസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ വിനിമയം ചെയ്യപ്പെടുന്നുണ്ടാകാം. ഏഴാം ക്ലാസ് കടക്കുമ്പോള്‍തന്നെ കുട്ടികളെ അതിലേക്ക് ആകര്‍ഷിച്ച് അടിപ്പെടുത്താന്‍ വലിയൊരു ഗൂഢസംഘംതന്നെ പ്രവര്‍ത്തനപഥത്തിലുണ്ട്. അവര്‍ വേറെയെവിടെനിന്നും വരുന്നവരല്ല. നമ്മുടെ പരിചയക്കാരില്‍, ബന്ധുക്കളില്‍, സഹചരില്‍, സുഹൃത്തുക്കളില്‍തന്നെ അവരുണ്ട്. അനുഭൂതിദായകമായ ലഹരി ആദ്യമൊക്കെ വളരെ സൗജന്യമായാണ് കൊടുക്കുക. നിര്‍വൃതിയുടെ നീലാകാശത്ത് എല്ലാം മറന്നു വട്ടംചുറ്റുന്ന പരുന്തു പോലെ പാറിപ്പറക്കുമ്പോള്‍ അവന്റെ സിരകളും ഞാഡി ഞരമ്പുകളും ലഹരിയുടെ ഉന്മാദം ഏറ്റുവാങ്ങാന്‍ സന്നദ്ധമാവും. ഒന്നോ രണ്ടോ ദിവസത്തെ ഉപയോഗംതന്നെ മയക്കുമരുന്ന് ഒരാളെ കീഴ്‌പ്പെടുത്തും. വെറുമൊരു തമാശക്കു വേണ്ടി ഒരിക്കല്‍മാത്രം ബ്രൗണ്‍ഷുഗറിന്റെ രുചിനോക്കാന്‍ ശ്രമിച്ചവര്‍ പിന്നീടൊരിക്കലും രക്ഷപ്പെടാനാവാതെ നശിച്ചുപോയ ധാരാളം സംഭവങ്ങളുണ്ട്. ആദ്യകാലങ്ങളില്‍ തികച്ചും സൗജന്യമായും പ്രലോഭിപ്പിച്ചും നല്‍കപ്പെടുന്ന ഈ മാരകവിഷം പിന്നീട് പണം കൊടുത്താലേ കിട്ടുകയുള്ളൂ എന്ന അവസ്ഥയില്‍ എത്തുമ്പോള്‍ എന്തു ചെയ്തും പണമുണ്ടാക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇരകള്‍ എത്തിയിട്ടുണ്ടാവും. മണം കൊണ്ട് പിടിക്കപ്പെടുമെന്ന ഭയമുള്ളവര്‍ക്കു പ്രത്യേക ഗന്ധമൊന്നുമില്ലാത്ത പല ലഹരിവസ്തുക്കളും ഇന്നു ലഭ്യമാണ്. ലഹരിക്കു വേണ്ടി ചില പശകളും പെയിന്റുകളും ഉപയോഗിക്കുന്നവരുണ്ട്. വേദനാ സംഹാരികളായ ഗുളികകള്‍ ചില പാനീയങ്ങളുമായി ചേര്‍ത്തു കഴിച്ചാല്‍പോലും ചിലര്‍ക്ക് നല്ല കിക്ക്’കിട്ടുംപോല്‍. ഗള്‍ഫ് നാടുകളിലും നമ്മുടെ നാട്ടിലും സാര്‍വത്രികമായി വില്‍ക്കപ്പെടുന്ന കസ്‌കസ്’കൊണ്ട് മയക്കുമരുന്ന് ഉണ്ടാക്കുന്നതിനാല്‍ അതു വില്‍ക്കുന്നത് കര്‍ശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു. മണവും രുചിയുമില്ലാത്ത കൊടൈക്കനാല്‍ മഷ്‌റൂം ആണ് പെണ്‍കുട്ടികള്‍ക്ക് കൊടുക്കുക. നാവിലിട്ട് അലിയിച്ചാല്‍തന്നെ ഉന്മാദത്തിന്റെ ഏഴാനാകാശത്തേക്ക് പറന്നുയരുന്ന പെണ്‍കുട്ടികള്‍ക്കു പിന്നെ ആരെന്തു ചെയ്താലും തടയാനാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കുന്ന നഗ്‌നചിത്രങ്ങള്‍ കൂടിയായാല്‍ കഥ പൂര്‍ത്തിയായി. പണമുള്ള വീട്ടിലുള്ളവര്‍ വിലകൂടിയ എല്‍.എസ്.ഡി, ഹരീശ്, കൊക്കൈന്‍, കിറ്റാമിന്‍ തുടങ്ങിയ വിലകൂടിയ മായാ മരുന്നുകള്‍ തേടിപ്പോകുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കഞ്ചാവിലും മറ്റും ലഹരി തേടുന്നു. അതിനും വഴിയില്ലാതെവരുമ്പോള്‍ മറ്റുള്ളവരെ ചതിക്കുഴിയിലേക്ക് തള്ളിയിട്ടും അതുമല്ലെങ്കില്‍ അതിന്റെ വാഹകരായും ലഹരിക്കുള്ള പണം കണ്ടെത്തുന്നു. ലഹരിയുടെ മേച്ചില്‍പുറത്ത് മേയാന്‍ കയറിയാല്‍ പിന്നെ സ്വബോധം എന്നൊന്നുണ്ടാവില്ല. ആഴക്കടലില്‍ മത്സ്യത്തെപ്പോലെ നീന്തുന്നതായും ആകാശത്തു പക്ഷികളെപ്പോലെ പറക്കുന്നതായും തോന്നും. അവര്‍ണനീയമായ മനോഹാരിത തുളുമ്പുന്ന പൂക്കളുടെയും പൂമ്പാറ്റകളുടെയുമൊക്കെ പൂന്തോട്ടം മനസ്സില്‍ വിടര്‍ന്നു പുഷ്പിക്കും. ആനന്ദത്തിന്റെ ചിറകുകളിലാണ് സഞ്ചാരമെന്നു കരുതും. എല്ലാ സ്വര്‍ഗവും ലഹരിവിട്ടൊഴിയുന്നതുവരെ മാത്രം. പിന്നെ, യാഥാര്‍ഥ്യങ്ങളിലേക്കു മുഖമടിച്ച് ഒരൊറ്റ വീഴ്ച്ചയാണ്. അസഹ്യമായ തലവേദന. തലവെട്ടിപ്പിളരുന്ന നൊമ്പരം. കൊല്ലുന്ന വിശപ്പ്. കടല്‍ കുടിച്ചു വറ്റിക്കാനുള്ള ദാഹം. ആളുകളെ കാണുന്നത് വെറുപ്പ്. ചുരുക്കത്തില്‍, ഒരിക്കല്‍ അകപ്പെട്ടു പോയാല്‍ പിന്നെ രക്ഷപ്പെടാനാവാത്തതാണ് മയക്കുമരുന്നിന്റെ ലോകം. സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ പ്രതിസ്ഥാനത്ത് മിക്കപ്പോഴും കള്ളും കഞ്ചാവുംതന്നെ. അമിതവേഗതയുടെ പ്രധാന പ്രചോദനം ലഹരിയാണ്. നമ്മള്‍ ചുറ്റുവട്ടത്തും ശ്രദ്ധിച്ചു നോക്കുക, റോഡപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വരാത്തതെന്തേ? മനസ്സിലെ ദയ വറ്റിയതും സഹാനുഭൂതി നഷ്ടപ്പെട്ടതും മാത്രമാണോ കാരണങ്ങള്‍? അല്ലെന്നാണ് കരുതേണ്ടത്. വാഹനപ്പുറത്തിരിക്കുമ്പോള്‍ വഴിയാത്രക്കാരോട് കാണിക്കുന്ന അവജ്ഞയും പുച്ഛവും ഒരളവോളം അതിനു നിമിത്തമാകുന്നുണ്ട്. അപകടത്തില്‍ പെടുന്നവര്‍ ഒരുതരം കോലംകെട്ടികള്‍ കൂടിയാവുമ്പോള്‍ സാധാരണക്കാര്‍ ആ വഴിക്കു തിരിഞ്ഞുനോക്കുക പോലുമില്ല. അപകടകാരണം ഒന്നുകില്‍ മദ്യമല്ലെങ്കില്‍ മയക്കുമരുന്ന് എന്ന ധാരണ പൊതുവെ ഉണ്ടെന്നു കൂടി ഓര്‍ക്കണം. അതുകൊണ്ട് വീടിനും നാടിനും ശല്യവും ശാപവുമായി മാറിക്കഴിഞ്ഞ നമ്മുടെ മക്കളെ, സഹോദരന്മാരെ, സ്‌നേഹിതന്മാരെ ഉപദേശിച്ചും ശാസിച്ചും നേര്‍വഴിക്കു കൊണ്ടുവരാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇത്തരം മാഹാവ്യാധികള്‍ എന്തു വിലകൊടുത്തും തുടച്ചുമാറ്റിയേ പറ്റൂ. ഒരു കുട്ടി പിഴച്ചുപോയാല്‍ അത് ആ കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെ മൊത്തം നഷ്ടമാണ്, നാശമാണ്. ഇന്ന് അടുത്ത വീട്ടിലെ കുട്ടി. നാളെ അതു നമ്മുടെ വീട്ടിലെ കുട്ടിയാവും. മാരകമായ ഈ വിപത്തിന് അടിമപ്പെടുന്നവര്‍ പരിപൂര്‍ണമായ നാശമാണ് വരുത്തിവയ്ക്കുക. മാനവസമൂഹത്തെ ഒന്നടങ്കം അശാന്തിയിലേക്കും അസ്വസ്ഥതയിലേക്കും അധാര്‍മികതയിലേക്കും തള്ളിയിട്ട് ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഒരുപറ്റമാളുകള്‍. എന്തു വിലകൊടുത്തും ഈ മാരകവിപത്തു തടഞ്ഞേപറ്റൂ. അതിനു വേണ്ടി എല്ലാ മതരാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളും ഒത്തൊരുമയോടെ, ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. ഒരു നാടിന്റെ, ഒരു ജനതയുടെ, മാനവ സംസ്‌കൃതിയുടെ രക്ഷയ്ക്കായി എല്ലാവരും മുന്നിട്ടിറങ്ങുക. ഏതായാലും, ഏറെ നിശ്ശബ്ദതയോടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മാരക വൈറസുകളില്‍നിന്ന് നമ്മുടെ മക്കള്‍ രക്ഷപ്പെടുന്നു എന്നുറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും നിതാന്തജാഗ്രതയും പുലര്‍ത്തുക. റബ്ബ് സഹായിക്കട്ടെ!