ഗ്യാന്‍വാപി മസ്ജിദ് ഫാഷിസം പുതിയ വഴി തേടുന്നു

ജര്‍മന്‍ നാസികളുടെ ജൂത ന്യൂനപക്ഷവിരുദ്ധതയുടെ പ്രത്യയശാസ്ത്ര തുടര്‍ച്ചയായാണ് ഫാഷിസം ഇന്ത്യയുടെ മണ്ണില്‍ പ്രായോഗികമാവുന്നത്. നാസി ജര്‍മനിയില്‍നിന്ന് ഹെഡ്‌ഗേവാറും ഡോ. മൂഞ്ചെയും സവര്‍ക്കറുമൊക്കെ ചേര്‍ന്ന് സംലയിപ്പിച്ച് റിക്രൂട്ട് ചെയ്ത് രൂപാന്തരപ്പെടുത്തിയ ഹിംസാത്മക ഫാഷിസ്റ്റ് ഹിന്ദുത്വം ഗ്രൗണ്ടില്‍ രൂഢമൂലമാകുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവികതയാണ് കമ്മ്യൂണല്‍ ചേരിതിരിവ് ആളിക്കത്തിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍. ആരാധനാലയങ്ങളും മതസാംസ്‌കാരിക പൈതൃക മന്ദിരങ്ങളും വര്‍ഗീയതക്ക് കോപ്പുകൂട്ടാവുന്ന വിതാനത്തിലേക്ക് രൂപാന്തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉന്മൂലന രാഷ്ട്രീയത്തെ സംബന്ധിച്ചും വംശഹത്യയുടെ ഘട്ടങ്ങളെ കുറിച്ചും ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ പറഞ്ഞതുപ്രകാരം ഹിന്ദുത്വ വലതുപക്ഷ സംഘടന വംശഹത്യയുടെ അവസാനത്തിലേക്ക് കടന്നതിന്റെ അടയാളങ്ങളാണിവ. വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവുംവലിയ വര്‍ഗീയ ചേരിതിരിവിന് വഴിമരുന്നിട്ട ചരിത്രത്തിലെ നൃശംസമായ സംഭവമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ബാബരിയുടെ മിനാരങ്ങള്‍ തച്ചുതകര്‍ത്ത ശേഷം സംഘപരിവാറും തീവ്ര ഹിന്ദുത്വ ശക്തികളും മുഴക്കിയ മുദ്രാവാക്യമായിരുന്നു അയോധ്യാ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാക്കി ഹേ (അയോധ്യ ഒരു പ്രതീകം മാത്രമാണ്, കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ). അയോധ്യ വെറുമൊരു ചെറുഭാഗം മാത്രമാണെന്നും കാശിയും മഥുരയുമാണ് പിന്നാലെ വരുന്നതെന്നായിരുന്നു സംഘ്പരിവാര്‍ മുദ്രാവാക്യം. 28 വര്‍ഷങ്ങള്‍ക്കിപ്പുറം 2020ല്‍ ബാബരി മസ്ജിദ് വിധി വന്നപ്പോഴും ഇതേ മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ സംഘപരിവാറോ ഹിന്ദുത്വ തീവ്രവാദികളോ മറന്നതുമില്ല. ബാബരി ധ്വംസനത്തിന്റെ മൂന്നു പതിറ്റാണ്ടിപ്പുറം ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും കാശിയിലെ ഗ്യാന്‍വാപി പള്ളിയും പുതിയ തര്‍ക്കമന്ദിരങ്ങളാക്കി മാറ്റാനും, അതിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും സംഘ്പരിവാറിനും ഹിന്ദുത്വ തീവ്രവാദികള്‍ക്കും സാധിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് പുതിയ സംഭവവികാസങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. തന്ത്രങ്ങളില്‍ അല്‍പം മാറ്റമുണ്ട് എന്നതൊഴിച്ചാല്‍ മറ്റൊരു തര്‍ക്കമന്ദിരം സൃഷ്ടിക്കുക, അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക, അതിലൂടെ ഹിന്ദുത്വ വികാരത്തെ ആളിക്കത്തിക്കുക, രാഷ്ട്രീയപരമായ നേട്ടം സൃഷ്ടിക്കുക എന്നതുതന്നെയാണ് ഗ്യാന്‍വാപിയിലെയും ആത്യന്തിക ലക്ഷ്യം. 1699ല്‍ ഔറംഗസീബാണ് ഗ്യാന്‍വാപി പള്ളിയും നിര്‍മിച്ചത്. ഹിന്ദുക്കള്‍ പുണ്യസ്ഥലമായി കാണുന്ന കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇത് നിലനില്‍ക്കുന്നത്. 2000 വര്‍ഷത്തിനു മുമ്പ് വിക്രമാദിത്യന്‍ നിര്‍മിച്ച ശിവക്ഷേത്രം പൊളിച്ചാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 12 ജ്യോതിര്‍ലിംഗങ്ങളുണ്ട്, അതുകൊണ്ട് ഇത് ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ വിട്ടുതരണം എന്നതാണ് സംഘപരിവാറിന്റെയും ഹിന്ദുത്വ തീവ്രവാദികളുടെയും ആവശ്യം. കാലങ്ങളായി ഈ ആരോപണവും അവകാശവാദവും സംഘപരിവാര്‍ ഉന്നയിക്കുന്നുണ്ട്. മുമ്പ് പലതവണ അവര്‍ നല്‍കിയ ഹരജികളും മറ്റും നിയമപരമായി നിലനില്‍ക്കില്ല എന്ന കാരണംപറഞ്ഞു കോടതി തള്ളിയതുമാണ്. 1991ലെ ആരാധനാലയ നിയമം തന്നെയായിരുന്നു സംഘ്പരിവാര ശക്തികളില്‍നിന്ന് ഇക്കാലമത്രയും ഗ്യാന്‍വാപി പള്ളിയെയും നിയമപരമായി സംരക്ഷിച്ചുനിര്‍ത്തിയിരുന്നത്. അതേ നിയമം ഇന്നും നിലവിലുണ്ടായിട്ടും ഗ്യാന്‍വാപിയില്‍ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് അഞ്ചു സ്ത്രീകള്‍ നല്‍കിയ ഹരജി സ്വീകരിക്കാന്‍ വാരണാസി കോടതിക്ക് യാതൊരു തടസ്സവും ഉണ്ടായില്ല എന്നത് പുതിയ ഇന്ത്യ ഏത് ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ്. ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടെന്നും ആരാധിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇത് ഉടന്‍ പരിഗണിച്ച സീനിയര്‍ ഡിവിഷന്‍ സിവില്‍ കോടതി പള്ളിയില്‍ അഭിഭാഷക കമീഷന്റെ വിഡിയോ സര്‍വേക്ക് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, സര്‍വേ പൂര്‍ത്തിയായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പേ സ്ത്രീകള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ പള്ളിയിലെ ജലധാരയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടു. തുടര്‍ന്ന് ഈ ഭാഗം മുദ്രവെച്ച് പ്രവേശനം നിഷേധിക്കാന്‍ സിവില്‍ കോടതിയുടെ ഉത്തരവുണ്ടായി. മസ്ജിദ് കമ്മിറ്റി ഇതിനെതിരേ സുപ്രീംകോടതിയിലെത്തിയപ്പോള്‍ സ്ഥലം അതേപടി സംരക്ഷിക്കാനും മുസ്‌ലിംകളുടെ പ്രാര്‍ഥന തടയരുതെന്നുമായിരുന്നു ഉത്തരവ്. 1991ലെ ആരാധനാലയ നിയമംതന്നെയായിരുന്നു സംഘ്പരിവാര ശക്തികളില്‍നിന്ന് ഇക്കാലമത്രയും ഗ്യാന്‍വാപി പള്ളിയെയും നിയമപരമായി സംരക്ഷിച്ചുനിര്‍ത്തിയിരുന്നത്. അതേ നിയമം ഇന്നും നിലവിലുണ്ടായിട്ടും ഗ്യാന്‍വാപിയില്‍ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് അഞ്ചു സ്ത്രീകള്‍ നല്‍കിയ ഹരജി സ്വീകരിക്കാന്‍ വാരണാസി കോടതിക്ക് യാതൊരു തടസ്സവും ഉണ്ടായില്ല എന്നത് പുതിയ ഇന്ത്യ ഏത് ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ്. ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ചിലര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് ഗ്യാന്‍വാപി പള്ളിക്കകത്ത് വീഡിയോഗ്രാഫി സര്‍വേ ചെയ്യാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ഉത്തരവിട്ടത്. അലഹബാദ് ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്തുവെങ്കിലും സിവില്‍ കോടതി വിധി തടയാന്‍ സുപ്രീം കോടതി തയ്യാറാവാതിരുന്നത് പ്രശ്‌നം പിന്നെയും സങ്കീര്‍ണമാക്കി. വീഡിയോഗ്രഫി സര്‍വേയില്‍ പള്ളിക്കകത്ത് ശിവലിംഗം കണ്ടെത്തിയെന്ന് വാദിച്ചുകൊണ്ട് ഹരജിക്കാര്‍ കോടതിയെ സമീപിച്ചതോടുകൂടി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വരുംമുമ്പുതന്നെ ശിവലിംഗം കണ്ടെത്തിയ ഭാഗം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. രാജ്യത്തെ ആരാധനാലയങ്ങളുടെ തദ്സ്ഥിതി സംബന്ധിച്ച സംരക്ഷണത്തിനു വേണ്ടി പാര്‍ലമെന്റ് പാസ്സാക്കിയ 1991ലെ ആരാധനാ സ്ഥല നിയമം കാശി ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് പോലെ രാജ്യത്തെ ഒരു ആരാധനാലയത്തിനുമേലും ഇതര മതസ്ഥര്‍ അവകാശവാദം ഉന്നയിക്കരുതെന്നും രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ഏതൊക്കെ ആരാധനാലയങ്ങള്‍ ആരുടെ കൈവശമാണോ ഉള്ളത് അത് അതുപോലെ നിലനിര്‍ത്തണമെന്നുമാണ് പ്രസ്തുത നിയമത്തില്‍ പറയുന്നത്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ധരിച്ച ഈ നിയമത്തെ പോലും അപ്രസക്തമാക്കിയാണ് ഗ്യാന്‍വാപി മസ്ജിദിനെ രണ്ടാം ബാബരിയാക്കാന്‍ നീതിപീഠങ്ങളെ കൂട്ടുപിടിച്ച് ഹിന്ദുത്വര്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. 1991ലെ ആരാധനാസ്ഥല നിയമപ്രകാരമുള്ള വിലക്ക് കാശിയിലെ തര്‍ക്കത്തിന് ബാധകമല്ലെന്ന് 1997ല്‍ സിവില്‍ കോടതി വിധിച്ചു. ഇതിനെതിരേയുള്ള അപ്പീല്‍ തീര്‍പ്പാക്കിയ റിവിഷനല്‍ കോടതി കക്ഷികളില്‍നിന്നു തെളിവു ശേഖരിച്ച ശേഷം മാത്രം കേസ് തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നേരിട്ടുള്ള തെളിവ് നല്‍കാന്‍ ഇരുപക്ഷത്തിനും സാധിക്കാത്ത അവസ്ഥയില്‍ സത്യം കണ്ടത്തേണ്ടത് കോടതിയുടെ ബാധ്യതയാണെന്നു വ്യക്തമാക്കിയാണ് എ.എസ്.ഐ സര്‍വേയ്ക്കു അനുമതി നല്‍കിയിരിക്കുന്നത്. പല പള്ളികളും ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിര്‍മിച്ചതാണെന്നാണ് സംഘ്പരിവാര്‍ 80കള്‍ മുതല്‍ ആരോപിക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യ ഭൂമി ഹിന്ദുക്കള്‍ക്കായി സുപ്രീം കോടതി അനുവദിച്ചപ്പോള്‍ മറ്റൊരു പള്ളിയായ മഥുരക്കെതിരെ നിലവില്‍ കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. ഹിന്ദുത്വ സംഘടനകളുടെ മുദ്രാവാക്യത്തില്‍ ഉള്‍പ്പെട്ട മൂന്നു പള്ളികളും ബി.ജെ.പി ഭരണം കൈയ്യാളുന്ന യു.പിയിലാണ്. വരാണസിയാവട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലും. കേവലം പള്ളികളില്‍ മാത്രമൊതുങ്ങുന്നതല്ല സംഘ്പരിവാര്‍ അവകാശവാദങ്ങള്‍. ഡല്‍ഹിയിലെ ഖുതുബ് മിനാറിനും ആഗ്രയിലെ താജ്മഹലും ഉള്‍പ്പെടെ ചരിത്രസ്മാരകങ്ങള്‍ക്കുമേലും അവകാശവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഗ്യാന്‍വാപി പള്ളി വിഷയം ഹിന്ദുക്കള്‍ക്ക് നിത്യപ്രാര്‍ത്ഥനക്ക് അനുമതി നല്‍കുമോ ഇല്ലയോ എന്നതില്‍ ഒതുങ്ങും. മസ്ജിദ് കോംപ്ലക്‌സിനകത്ത് ദൃശ്യവും അദൃശ്യവുമായ ദേവിമാരെ പ്രാര്‍ത്ഥിക്കാന്‍ അനുമതി വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ ഇവിടെ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതി ഉണ്ട്. ഹര്‍ജിയില്‍ വാദം കേള്‍ക്കരുതെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 1991ലെ ആരാധനാലയ നിയമത്തില്‍ ഉള്‍പ്പെടുത്തി ഹര്‍ജി തള്ളണമെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഷാഹി ഈദ്ഗാഹ് പള്ളിയിലോ ഗ്യാന്‍വാപിയിലോ നില്‍ക്കുന്നതല്ല സംഘ്പരിവാറിന്റെ പള്ളിവേട്ട. ഗുജറാത്തിലെ സിദ്ദാപൂരിലെ ജാമിഅഃ മസ്ജിദ് രുദ്രമഹാലയ ക്ഷേത്രമായിരുന്നുവെന്നും പശ്ചിമബംഗാളിലെ പാണ്ടുവയിലെ അഥീന മസ്ജിദും മധ്യപ്രദേശിലെ കമാല്‍ മൗലാ പള്ളിയും തുടങ്ങി അനവധി നിരവധി പള്ളികളുണ്ട് സംഘ്പരിവാര്‍ ലിസ്റ്റില്‍. താജ്മഹലും ഖുത്ബ് മിനാറുമടക്കം മുസ്‌ലിം പേരും രൂപവുമുള്ള പൈതൃക മന്ദിരങ്ങള്‍ പോലും സംഘ്പരിവാറിന്റെയും ഹിന്ദുത്വ ശക്തികളുടെയും വര്‍ഗീയ കണ്ണുകളില്‍നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുതന്നെയാണ് സംഘ്പരിവാറിന്റെ ഈ നീക്കങ്ങളെ ഇവിടുത്തെ മുസ്‌ലിംകളും മതേതര വിശ്വാസികളും എതിരിടുന്നത്.