നേര്‍വഴിയുടെ സഹായികളാവാം

ഇസ്‌ലാമിന്റെ നേര്‍മാര്‍ഗമാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത്. ആദം നബി(അ) മുതല്‍ ഒരു ലക്ഷത്തില്‍പരം അമ്പിയാ മുര്‍സലുകള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തതും ജീവിച്ചു കാണിച്ചതും ഈ വഴിയാണ്; സത്യത്തിന്റെ നേര്‍വരയാണത്. ആ വര തെറ്റി ആര് ചലിച്ചാലും പിഴച്ചുപോകും. വഴികേട് ഏറ്റവും പേടിക്കേണ്ട കാര്യമാണ്. ഒരു ദിവസം ഓരോ വിശ്വാസിയും പതിനേഴു പ്രാവശ്യം നിര്‍ബന്ധപൂര്‍വം അതില്‍നിന്ന് അല്ലാഹുവോട് കാവല്‍ തേടുന്നത് അതുകൊണ്ടാണ്. നിസ്‌കാരമെന്ന വിശ്വാസി ചെയ്യുന്ന മറ്റെന്തിനെക്കാളും വ്യത്യാസമുള്ള ഒഴിക്കാനാവാത്ത കര്‍മം ശരിയാവുന്നത് പോലും ഈ പ്രാര്‍ത്ഥന ഉള്‍പ്പെടുന്ന ഫാതിഹ ഓതുമ്പോള്‍ മാത്രമാണ്. ഖുര്‍ആനിലെ ഫാതിഹ അല്ലാത്ത എല്ലാം ഓതിയാലും ഫാതിഹയുടെ അഭാവംകാരണം ആ നിസ്‌കാരം സ്വീകരിക്കപ്പെടുന്നില്ല. നേര്‍മാര്‍ഗം അത്രയും പ്രധാനമാണ്. ഫാതിഹയുടെ ഉള്‍സാരം ഉള്‍ക്കൊള്ളുമ്പോള്‍ ഇതിന്റെ ഗൗരവം വ്യക്തമാകും. വഴിപിഴക്കാതെ സൂക്ഷിക്കാന്‍ പ്രാര്‍ത്ഥന ഒരു കരുതല്‍പോലെ കൂടെ എപ്പോഴും ഉണ്ടാവണമെന്നതോടൊപ്പം അതിലൂന്നിയ കര്‍മവഴികൂടി സൗകര്യപ്പെടുത്തണം. അതിനാണ് മഹത്തുക്കളായ ഇമാമുമാര്‍ ഖുര്‍ആനും ഹദീസും മനനം ചെയ്യുന്നതോടൊപ്പം സ്വഹാബിമാരുടെയും താബിഉകളുടെയും ജീവിതവും സന്ദേശവും ഉള്‍ക്കൊണ്ട് കര്‍മശാസ്ത്രം രൂപപ്പെടുത്തിയത്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസവും കര്‍മവുമാണ് നേരായ ഇസ്‌ലാം. അതില്‍ ഒട്ടും കളങ്കമില്ല; പരിക്കും പോറലുമില്ല. അത് നിലനിര്‍ത്താനും പഠിപ്പിക്കാനുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപംകൊണ്ടത്. സമസ്തയുടെ ആദര്‍ശം 1925ല്‍ പുതിയത് കണ്ടുപിടിച്ചതല്ല, നൂറ്റാണ്ടുകളായി നബിമാരും സ്വഹാബിമാരും മഹാരഥന്മാരും കാണിച്ചു മാതൃകതീര്‍ത്ത വഴിയാണത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ സമസ്തയെ നയിച്ച മഹാത്മാക്കളെല്ലാം പുണ്യനബി(സ്വ) വരച്ച ആ നേര്‍വരയില്‍ നിലയുറപ്പിച്ചവരാണ്. ഈ വഴിയും വെളിച്ചവും നാള്‍ അവസാനംവരെ കെടാതെ കേടാവാതെ ബാക്കിയാവും. അല്ലാഹു സംരക്ഷിക്കുകതന്നെ ചെയ്യും. നാം ജീവിതംകൊണ്ട് അതിന്റെ സഹായികളും സഹകാരികളുമാവുക. അല്ലാഹു എന്നെന്നും സഹായിക്കട്ടെ!