അല്ലാഹുവിലുള്ള വിശ്വാസം അനുഭവങ്ങളുടെ കരുത്തും ആത്മാവും

ബ്രസീലില്‍ ഒരാദിവാസി ഗൃഹത്തില്‍ ഗവേഷണാര്‍ഥം അതിഥിയായി താമസിക്കുകയാണ് ലെവിസ്‌ട്രോസ്. അതത് ദിവസത്തെ നിരീക്ഷണങ്ങള്‍ വൈകുന്നേരങ്ങളില്‍ കടലാസിലേക്കു പകര്‍ത്തി അതുറക്കെ വായിച്ചുനോക്കുന്ന പതിവുണ്ട് ലെവിസ്‌ട്രോസിന്. ഇത് സസൂക്ഷ്മം നോക്കി മനസ്സിലാക്കിയ വീട്ടുകാരന്‍ മേശപ്പുറത്തുനിന്നൊരു കടലാസെടുത്ത് അതിലെന്തോ കോറിവരച്ച് ലെവിസ്‌ട്രോസിനു നേരെ നീട്ടുന്നു: 'വായിച്ചുതരൂ.' ലെവിസ്‌ട്രോസ് അമ്പരക്കുന്നു: 'എനിക്ക് എഴുതിയതേ വായിക്കാനാവൂ.' ഓര്‍ക്കാപ്പുറത്താണെങ്കിലും ലെവിസ്‌ട്രോസ് പ്രതിവചിച്ചു. വളരെയേറെ വിചാരസാധ്യതയുള്ള ഈ മറുപടിയെ പ്രാപഞ്ചിക വീക്ഷണമാക്കി പരിവര്‍ത്തിപ്പിക്കാന്‍പോന്ന ഒരു കുഞ്ഞുകഥയുണ്ട്, മഹാനായ ജലാലുദ്ദീന്‍ റൂമി(റ)യാണ് കഥാകാരന്‍. കഥ ഇങ്ങനെ: കടലാസില്‍ ചലിച്ചുകൊണ്ടിരിക്കുന്ന പേനയും ആ ചലനത്തിനനുസരിച്ച് തെളിയുന്ന അക്ഷരങ്ങളും കണ്ട് ആശ്ചര്യപ്പെട്ടുകൊണ്ട് ഒരു കുഞ്ഞുറുമ്പ് അതിന്റെ ചങ്ങാതിയോട് പറഞ്ഞുവത്രെ: 'എന്തൊരതിശയം! ആ പേന വരക്കുന്ന ചിത്രങ്ങള്‍!' ചങ്ങാതി തിരുത്തി: 'പേനയില്‍നിന്നല്ല ചിത്രങ്ങളുണ്ടാകുന്നത്, പേനപിടിച്ച ആ വിരലുകളില്‍നിന്നാണ് ചിത്രങ്ങളുടെ പിറവി. പേന വെറുമൊരു ഉപകരണം മാത്രമാണ് സുഹൃത്തേ...' ഇതു കേട്ട മറ്റൊരുറുമ്പ് അതും തിരുത്തി: 'ഹേയ് വിരലുകളല്ല, അതിനു പിന്നിലെ കൈയാണ് ചിത്രംവരക്കുന്നത്.' അങ്ങനെ അവര്‍ തമ്മില്‍ തര്‍ക്കമായി. വിഷയം നേതാവിന്റെ അടുത്തെത്തി. ജ്ഞാനിയായ നേതാവ് അവര്‍ക്ക് പറഞ്ഞുകൊടുത്തു: 'ആ കൈക്കു പിന്നില്‍ ബുദ്ധിയും ഭാവനയുമുണ്ട്. അതാണ് ആ ശരീരത്തിലെ കൈയ്യിനെയും വിരലുകളെയും പേനയെയും പ്രചോദിപ്പിക്കുന്നത്. എന്നാല്‍, അതിന്റെയും പിറകില്‍ ബുദ്ധിക്ക് കണ്ടെത്താനാകാത്ത ഉന്നതനായൊരു ദൈവത്തിന്റെ സാന്നിധ്യമില്ലായിരുന്നെങ്കെില്‍ ഇവയൊന്നും ഒരിഞ്ചു ചലിക്കുമായിരുന്നില്ല. അപ്പോള്‍ എല്ലാത്തിന്റെയും പിന്നില്‍ അവനാണ്. അവനെ തിരിച്ചറിയുമ്പോഴേ എല്ലാ ചലനങ്ങളുടെയും പൊരുളറിയൂ.' 'നോക്കൂ...! അടിമക്കൊരു ഉടമയുണ്ടെന്ന, പടപ്പിനൊരു പടച്ചവനുണ്ടാവണമെന്ന പരംപൊരുളിലേക്ക് എത്ര ലളിതമായാണ് റൂമി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്!!' ജന്മനാ അന്വേഷണ തൃഷ്ണയുള്ളവനാണ് മനുഷ്യന്‍. കളിപ്പാട്ടം തല്ലിപ്പൊളിച്ച് അതിനുള്ളിലെന്താണെറിയാനുള്ള ജിജ്ഞാസ പ്രകടിപ്പിക്കുന്ന കുട്ടി ആ സഹജവാസനയുടെ ആത്മ പ്രകാശനമാണ് തന്റെ പരിധിയില്‍നിന്നുകൊണ്ട് നിര്‍വഹിക്കുന്നത്. തനിക്കൊരു സ്രഷ്ടാവുണ്ടെന്ന തിരിച്ചറിവിലേക്ക് നടന്നടുക്കുകയാണ് ആ തൃഷ്ണയുടെ ആത്യന്തികലക്ഷ്യം. പരമാണു മുതല്‍ പരകോടി നക്ഷത്രങ്ങള്‍ വരെയുള്ളവ മനുഷ്യന്റെ അന്വേഷണ വിഷയമായി മാറുന്നത് അങ്ങനെയൊരു തിരിച്ചറിവിന്റെ ആമുഖങ്ങളോ അല്ലെങ്കില്‍ അനുബന്ധങ്ങളോ മാത്രമേ ആകുന്നുള്ളൂ. എന്താണ് ഈ ജീവിതം, എന്തിനാണ് ഇങ്ങനെയൊരു ജീവിതം, ജനിമൃതികള്‍ക്കു പിന്നിലെ രഹസ്യമെന്ത്, ജനിച്ച് ജീവിച്ച് മരിച്ചുപോവുക എന്നതിനപ്പുറം മറ്റൊരര്‍ത്ഥവും ഈ ജീവിതത്തിനില്ലേ തുടങ്ങി അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടേണ്ടതുണ്ട് ഉല്‍കൃഷ്ട ജീവിയായ മനുഷ്യന്! ആ അന്വേഷണങ്ങളാണ് പ്രപഞ്ചനാഥനെന്ന പരമസത്യത്തിലേക്കവനെ കൊണ്ടെത്തിക്കുന്നത്. അത്തരമൊരു അന്വേഷണ മനോഭാവത്തെ സാമാന്യവല്‍ക്കരിച്ച്, ചിന്താശേഷിയെ മരവിപ്പിച്ചുനിര്‍ത്താനുള്ള പരിശീലനമാണ് സത്യത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട സ്വതന്ത്രചിന്ത(കമ്യൂണിസം, ലിബറലിസം)യിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. പ്രഗത്ഭനായ ഒരെഴുത്തുകാരന്റെ എത്ര ഉന്നതമായ രചനയും എഴുതാനും വായിക്കാനുമറിയാത്ത ഒരു കൊച്ചുകുട്ടിക്ക് കേവലം കുത്തിവരകളായി മാത്രമേ തോന്നുകയുള്ളൂ എന്നതുപോലെയാണ് പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവത്തെ നോക്കിക്കാണുന്ന നിരീശ്വര നിര്‍മത വാദികളുടെ കാര്യം. ഈ പ്രപഞ്ചത്തിലെ സകലതും അവര്‍ക്ക് വെറും യാദൃച്ഛികവും സ്വാഭാവികവുമായ കുറേ കാഴ്ച്ചപ്പുറങ്ങള്‍ മാത്രമായിരിക്കും. അവരുടെ മന്ദബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ അവര്‍ക്ക് വെറും മിത്തുകള്‍ മാത്രമായിരിക്കും.’എല്ലാം അറിയാമെന്ന ഭാവത്തില്‍ സ്റ്റേജിലും പേജിലും ആനയെക്കണ്ട അന്ധവിവരണം’നടത്തുന്ന പലരും ഇത്തരുണത്തില്‍ അറിയില്ല എന്ന അറിവുപോലുമില്ലാത്ത പമ്പരവിഡ്ഢികളാണെന്ന് കട്ടായം! ഒരു സ്രഷ്ടാവില്ലാതെ പ്രപഞ്ചമുണ്ടാക്കുവാനുള്ള സാധ്യത പൂജ്യമാണെന്ന് തീര്‍ത്തുപറഞ്ഞത് പ്രഗല്‍ഭ ബ്രിട്ടീഷ് ഗണിതജ്ഞനായ റോജര്‍ പെന്റോസാണ്. സംഭവ്യതാസിദ്ധാന്ത(Possibltiy theory) പ്രകാരമാണ് അദ്ദേഹം തന്റെ വാദത്തെ വിശദീകരിച്ചത്. സംഭവ്യതാ സിദ്ധാന്തത്തെ ലളിതമായി മനസ്സിലാക്കാം. പത്തു കടലാസ് തുണ്ടുകളില്‍ യഥാക്രമം ഒന്നുമുതല്‍ പത്തുവരെയുള്ള അക്കങ്ങളെഴുതി അവ മടക്കി ഒരു ബോക്‌സില്‍ നിക്ഷേപിച്ച ശേഷം ഒന്നു മുതല്‍ പത്തുവരെയുള്ള ക്രമത്തില്‍ അവ എടുക്കുവാനുള്ള സാധ്യത എത്രത്തോളമാണെന്നു പരിശോധിച്ചാല്‍ സംഭവ്യതാസിദ്ധാന്തം എളുപ്പം മനസ്സിലാകും. ആദ്യം ഒന്നു കിട്ടാനുള്ള സാധ്യത പത്തിലൊന്നാണ്. ഒന്നും രണ്ടും ക്രമത്തില്‍ കിട്ടാനുള്ള സാധ്യത നൂറിലൊന്നും, ഒന്നും രണ്ടും മൂന്നും ക്രമത്തിലാവാനുള്ള സാധ്യത ആയിരത്തിലൊന്നുമാണ്. ഇങ്ങനെ നോക്കിയാല്‍ ഒന്നുമുതല്‍ പത്തുവരെയുള്ള സംഖ്യകള്‍ ക്രമത്തില്‍ കിട്ടാനുള്ള സാധ്യത ആയിരം കോടിയില്‍ ഒന്നുമാണെന്നു കാണാനാവും. ഒരാള്‍ ഒന്നു മുതല്‍ പത്തുവരെയുള്ള സംഖ്യകള്‍ കൃത്യമായി എടുക്കുകയും തികച്ചും യാദൃച്ഛികമായാണ് തനിക്ക് അതു ലഭിച്ചതെന്നു വാദിക്കുകയും ചെയ്താല്‍ സാമാന്യബോധമുള്ളവരൊന്നും അതു അംഗീകരിക്കുകയില്ല. യാദൃച്ഛികമായി അങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെയില്ല എന്നാണ് അതിന്റെ സംഭവ്യത ആയിരം കോടിയില്‍ ഒന്നു മാത്രമാണെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം. ആയിരം കോടിയെ 123 തവണ ഗുണിച്ചാല്‍ ലഭിക്കുന്ന സംഖ്യയെ ഒന്നുകൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന സംഖ്യ എത്രയാണോ അത്രയും ചെറുതാണ് യാദൃച്ഛികമായി പ്രപഞ്ചമുണ്ടാകുവാനുള്ള സാധ്യതയെന്നാണു സംഭവ്യതാസിദ്ധാന്തം പറയുന്നത്. ഇങ്ങനെ, പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെല്ലാം അവയ്ക്കു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. യാദൃച്ഛികമായി അവയൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു പ്രദേശമായ ഭൂമിയിലെ അനുകൂലനങ്ങളെ കുറിച്ചു മാത്രം പഠിച്ചാല്‍ മതി പ്രപഞ്ചസൃഷ്ടിയിലെ ആസൂത്രണം എത്രമാത്രം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാക്കുവാന്‍. നാലു കാര്യങ്ങളെങ്കിലും പൂര്‍ണമായുണ്ടാവുമ്പോള്‍ മാത്രമാണ് ഒരു പ്രപഞ്ച പ്രദേശത്തില്‍ ജീവനു നിലനില്‍ക്കാനാവുക. ആവശ്യമായ താപം, ലഭ്യമായ ജലം, കൃത്യമായ വാതകമിശ്രിതം, നിലനില്‍ക്കാനാവുന്ന അന്തരീക്ഷം എിവയാണവ. ജീവന്‍ നിലനിര്‍ത്തുന്ന രീതിയില്‍ ഇവ നാലും ഒത്തുവരുന്നത് ഭൂമിയില്‍ മാത്രമാണ്. ജീവനു വേണ്ടി ഭൂമിയെ പ്രത്യേകം സജ്ജമാക്കിയതാണെന്നര്‍ത്ഥം. ആര്‍ക്കാണ് ഈ മഹാസംവിധാനങ്ങള്‍ക്കെല്ലാം പിന്നിലുള്ള സര്‍വശക്തനായ സ്രഷ്ടാവിനെ നിഷേധിക്കാന്‍ കഴിയുക!? അപ്പോള്‍ പിന്നെ, ഇസ്‌ലാം മുന്നോട്ടുവെക്കുന്നപോലെ ഏകത്വത്തിലധിഷ്ടിതമായിരിക്കണം ദൈവവിശ്വാസമെന്നു നിര്‍ബന്ധംപിടിക്കുന്നതെന്തിനാണെന്ന് ചോദ്യമുയരുമായിരിക്കാം. പലയിടങ്ങളിലായി പരിശുദ്ധ ഖുര്‍ആന്‍ ഇതിനു മറുപടിപറഞ്ഞിട്ടുണ്ട്. ബഹുദൈവ സങ്കല്‍പത്തിലെ നിരര്‍ത്ഥകത ലളിതവും യുക്തിഭദ്രവുമായി വിശുദ്ധ ഖുര്‍ആന്‍ സംബോധന ചെയ്തതു കാണാം. മനുഷ്യശരീരത്തിലെ ഓരോ വ്യവസ്ഥയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. വ്യത്യസ്ത ജന്തുജാലങ്ങള്‍ തമ്മിലുള്ള ബന്ധം സുവിദിതമാണല്ലോ. ചെറുതും വലുതുമായ ജന്തുക്കള്‍ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ജന്തുക്കളും സസ്യങ്ങളും സ്വന്തം നിലനില്‍പിനുവേണ്ടി പരസ്പരം ആശ്രയിക്കുന്നു. ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങള്‍ക്കോ സസ്യങ്ങളില്ലെങ്കില്‍ ജന്തുക്കള്‍ക്കോ നിലനില്‍ക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഭൂമി സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഓരോ ജീവിക്കും വ്യത്യസ്ത സ്രഷ്ടാക്കളായിരുന്നുവെങ്കില്‍ അവതമ്മിലുള്ള പാരസ്പര്യം നിലനില്‍ക്കുമായിരുന്നില്ല. സസ്യങ്ങളുടെ സ്രഷ്ടാവും ജന്തുക്കളുടെ സ്രഷ്ടാവും തങ്ങളിച്ഛിക്കുന്ന രീതിയില്‍ അവയെ നിയന്ത്രിച്ചിരുന്നുവെങ്കില്‍ ആ രണ്ടു വിഭാഗവും നിലനില്‍ക്കുമായിരുന്നില്ല. ഈ വസ്തുതയിലേക്ക് ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നത് നോക്കുക: 'അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പൊയ്ക്കളയുകയും അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതില്‍നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!' (23:91) ഈ താളക്രമം പ്രാപഞ്ചിക വ്യവസ്ഥയിലുടനീളം കാണപ്പെടുന്നുവെന്നതാണ് വസ്തുത. പദാര്‍ഥത്തിന്റെ ഏറ്റവുംചെറിയ കണമായ ആറ്റത്തിനകത്തെ ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളും മീസോണുകളും പോസിട്രോണുകളുമെല്ലാം തമ്മിലുള്ള പാരസ്പര്യം വിസ്മയാവഹമാണ്. സ്ഥൂലപ്രപഞ്ചത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. പ്രാപഞ്ചിക നിയമങ്ങളുടെ ഐക്യരൂപം അവയെയെല്ലാം സൃഷ്ടിച്ചത് ഒരേ സ്രഷ്ടാവ് തന്നെയാണെന്ന വസ്തുത വ്യക്തമാക്കുന്നു. വ്യത്യസ്ത ദൈവങ്ങളായിരുന്നു പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ക്കു പിന്നിലെങ്കില്‍ അവതമ്മില്‍ താളപ്പൊരുത്തമുണ്ടാവുന്നതെങ്ങനെയാണ്? വ്യത്യസ്ത ആകാശഗോളങ്ങള്‍ക്കു വ്യത്യസ്ത സ്രഷ്ടാക്കളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവതമ്മില്‍ കൂട്ടിയിടിച്ചു എന്നേ നശിച്ചുപോകുമായിരുന്നുവല്ലോ? പ്രപഞ്ചത്തിന്റെ ആധിപത്യത്തില്‍ ഒന്നിലേറെ ശക്തികള്‍ക്ക് പങ്കുണ്ടായിരുന്നുവെങ്കില്‍ അവരുടെ താല്‍പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനം പ്രപഞ്ചത്തിന്റെയാകെ നാശത്തിനു കാരണമാകുമായിരുന്നു. ഈ വസ്തുതയിലേക്ക് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നതിങ്ങനെയാണ്: 'ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അതു രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലൊം എത്ര പരിശുദ്ധനാകുന്നു!' (21:22) മനുഷ്യ മനസ്സാക്ഷിയുടെയും മനുഷ്യധിഷണയുടെയും ഈ മൗനാന്വേഷണങ്ങളുടെ പ്രതിഫലനമാണ് ലോകത്താകമാനം നടക്കുന്ന സത്യാന്വേഷണ പ്രവണതയും സത്യമതസ്വീകരണവും സര്‍വ്വോപരി മതപരിവര്‍ത്തനവും. മനുഷ്യന് എന്തുകൊണ്ട് മതവും ദൈവവും വേണമെന്ന ചോദ്യത്തിന്റെയും അതെന്തുകൊണ്ട് ഇസ്‌ലാമും അല്ലാഹുവുമാകണം എന്നതിന്റെയും ഉത്തരമാണത്. അല്ലാഹുവിലുള്ള വിശ്വാസം സത്യവിശ്വാസിയെ ഐശ്വര്യപൂര്‍ണമായ ഒരു ഭൗതികജീവിതത്തിനും പ്രതീക്ഷാനിര്‍ഭരമായൊരു പാരത്രിക ജിവിതത്തിനും പ്രാപ്തനാക്കുമെന്നതില്‍ സംശയമില്ല. അവിശ്വാസിയും അര്‍ദ്ധവിശ്വാസിയും ആശയക്കുഴപ്പത്തിലകപ്പെടുകയും വിശ്വാസമേ ഇല്ലാത്തവന്‍ ആശയറ്റ് അരക്ഷിതാവസ്ഥയിലാവുകയും ചെയ്തതിവിടെയാണ്. അബോധ മനസ്സില്‍ സ്രഷ്ടാവിനെ അറിയാവുന്ന മനുഷ്യന്‍ മറ്റെന്തിനെക്കാളുമേറെ അന്വേഷിക്കുന്നത് അവനിലേക്കുള്ള വഴിയാണ്. അവന്റെ നൈസര്‍ഗിക ബോധത്തിന്റെ അടിത്തട്ടിലെ ആ ചൈതന്യം പക്ഷേ, ഇതുവരെ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അപ്പോള്‍ പിന്നെ പടച്ചവനുമായി ആത്മീയമായി ബന്ധപ്പെടുക മാത്രമാണ് അവന്റെ മുമ്പിലുള്ള ഏക പോംവഴി. അതില്‍നിന്നു മാറി ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് തങ്ങളുടെ വികാരങ്ങളെ മറ്റേതെങ്കിലും വ്യാജ ദൈവത്തിനു മുമ്പില്‍ പ്രകടിപ്പിച്ച് അവര്‍ നിര്‍വൃതി തേടുന്നത്. ബഹുദൈവാരാധന മുതല്‍ ആള്‍ദൈവങ്ങള്‍ക്കു മുമ്പിലെ ആത്മസമര്‍പ്പണങ്ങള്‍വരെ അതിന്റെ വകഭേദങ്ങളാണ്. ഒരുവേള ഇത്തരം ആന്തരിക ചോദനകളെ നിരാകരിച്ച് ആത്മസംതൃപ്തിക്കുവേണ്ടി അവലംഭിക്കുന്ന മാര്‍ഗങ്ങള്‍ വേറെയുമുണ്ട്. അതുപക്ഷേ താത്ക്കാലികമായിരിക്കും എന്നുമാത്രം. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അവരത് തിരിച്ചറിയുകതന്നെ ചെയ്യും. അതുവരെ സ്വന്തം അസ്തിത്വംതന്നെ അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കിക്കൊണ്ടേയിരിക്കും! അതേസമയം, ഏതു ഘട്ടത്തിലും വിശ്വാസത്തിന്റെ വെളിച്ചത്തില്‍ സത്യവിശ്വാസിക്ക് കാലിടറാതെ മുന്നോട്ടു പോകാനാകും. അത്രയേറെ സമഗ്രതയോടെയാണ് അവന്റെ വിശ്വാസം അവനെ പൊതിഞ്ഞിരിക്കുന്നത്. പുണ്യനബി പറഞ്ഞുവെച്ചത് നോക്കൂ! ഹാ, സത്യവിശ്വാസിയുടെ കാര്യമെത്ര അത്ഭുതം! അവനെല്ലാം അനുഗുണമായേ ഭവിക്കുന്നുള്ളൂ. സത്യവിശ്വാസിക്കല്ലാതെ അതൊട്ട് ഉണ്ടാവുകയുമില്ല; സന്തോഷകരമായത് സംഭവിച്ചാല്‍ അവന്‍ അല്ലാഹുവിനു നന്ദി കാണിക്കുന്നു. അപ്പോള്‍ അതവന് ഗുണകരമായിത്തീരുന്നു. വിഷമകരമായതാണ് സംഭവിക്കുന്നതെങ്കില്‍ അതിന്റെ പേരിലവന്‍ ക്ഷമിക്കുന്നു. അപ്പോള്‍ അതുമവന് ഗുണകരമായിത്തീരുന്നു. (മുസ്‌ലിം) പരീക്ഷണങ്ങളൊന്നും പതനമേറ്റുവാങ്ങാനുള്ളതല്ലെന്നും പ്രയാസങ്ങളോരോന്നും പ്രതീക്ഷകള്‍ക്കു നിമിത്തമാകാനുള്ളതാണെന്നുമുള്ള പരന്നബോധ്യത്തിലേക്കും എടുത്തുചാട്ടത്തിനനുവദിക്കാത്ത ആത്മധൈര്യത്തിലേക്കുമാണ് സത്യവിശ്വാസിയെ അവന്റെ വിശ്വാസം മുന്നോട്ടു നയിക്കുന്നത്. പ്രതിസന്ധികള്‍ പ്രപഞ്ചനാഥന്റെ പരീക്ഷണങ്ങളുടെ ഭാഗമാണെന്നും അവ ക്ഷമകൊണ്ട് തരണംചെയ്യാനാകുന്നവര്‍ക്കാണ് ആത്യന്തിക വിജയമെന്നും പഠിപ്പിക്കപ്പെട്ടവനാണ് മുസ്‌ലിം. കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവകൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിച്ചുകൊള്‍ക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്, അവനിലേക്കുതന്നെ മടങ്ങേണ്ടവരുമാണെന്ന് പറയുന്നവരാണവര്‍ (ഖുര്‍ആന്‍: 2/155,156) ക്ഷമകെണ്ട് തരണംചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് പാപമോചനവും അതുവഴി സ്വര്‍ശലബ്ധിയുമാണ് അല്ലാഹുവിന്റെ വാഗ്ദാനം. ക്ഷീണം, രോഗം, മനപ്രയാസം, ദുഃഖം, വിഷമം, പ്രയാസം എന്നുതുടങ്ങി കാലിലൊരു മുള്ള് തറക്കുന്നതുപോലും ഒരു മുസ്‌ലിമിന് പാപമോചനത്തിനുള്ള നിമിത്തമാണെ(ബുഖാരി)ന്നാണ് നബി(സ) പഠിപ്പിച്ചത്. പ്രതിസന്ധികളില്‍ തളരാതെയും തകരാതെയും പിടിച്ചുനിര്‍ത്താനുള്ള മതത്തിന്റെ മാന്ത്രികശേഷി ഇസ്‌ലാമിക രാഷ്ട്രങ്ങളും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളും പലവുരു തെളിയിച്ചതാണ്. അതിന്റെ സൂചികകളിലൊന്നായ ആത്മഹത്യാനിരക്ക് മതബോധമുള്ള മുസ്‌ലിംകള്‍ക്കിടയില്‍ തുലോം വിരളമായി മാറുന്ന മായാജാലം ഏറ്റവുമൊടുവില്‍ പുറത്തുവന്ന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കിലും കാണാന്‍ കഴിയും. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുന്നത് കൊല്ലം ജില്ലയിലും ഏറ്റവും കുറവ് മലപ്പുറം ജില്ലയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍ പെട്ട ഏറ്റവും പുതിയ പഠനങ്ങളില്‍, ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യാനിരക്ക് വിശകലനംചെയ്തതിനു ശേഷം ഗവേഷകര്‍ എത്തിച്ചേരുന്ന നിഗമനം ഇങ്ങനെയാണ്: 'മുസ്‌ലിം രാജ്യങ്ങളിലെ ആത്മഹത്യയെ കുറിച്ചുള്ള ഗവേഷണം അവലോകനംചെയ്യുമ്പോള്‍, ഇസ്‌ലാം പ്രബലമായ രാജ്യങ്ങളില്‍ ആത്മഹത്യാ നിരക്ക് സ്ഥിരമായി കുറവാണെന്ന് കണ്ടെത്താന്‍ കഴിയും, ആത്മഹത്യയ്‌ക്കെതിരായ ഇസ്‌ലാമിന്റെ ആദര്‍ശപരമായ സംരക്ഷണം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.' (h-ttp-s://www. frontiersin.org/articles/10.3389/fspyt.2021.770252/full) അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ പ്രകടമായ പ്രകാശനമാണ് വിശ്വാസികളില്‍ കാണപ്പെടുന്ന അത്ഭുതകരമായ ആത്മധൈര്യവും ആത്മബലവും എന്നത് ഓരോ തവണത്തെയും പഠന റിപ്പോര്‍ട്ടുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ജനത മുസ്‌ലിംകളാണെന്നും നിരാശ ബാധിച്ചവര്‍ യുക്തിവാദികളാണെന്നും ജര്‍മനിയിലെ മാന്‍ഹേം യൂനിവേഴ്‌സിറ്റി നടത്തിയ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് (Muslims have the highest life satisfactionspychology of spiritualtiy and religion) ഈയിടെ പുറത്തുകൊണ്ടുവരികയുണ്ടായി. ഏകദൈവ വിശ്വാസം,‘ഭരമേല്‍പ്പിക്കാനൊരാളുണ്ടെന്ന ബോധ്യം തുടങ്ങിയവയാണ് മുസ്‌ലിങ്ങളുടെ മനഃസംതൃപ്തിയുടെ കാരണങ്ങളായി പ്രസ്തുത പഠനം ചൂണ്ടിക്കാട്ടുന്നത്. സഹനത്തോടെയും ക്ഷമയോടെയും ജീവിതപ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ മുസല്‍മാനെ പ്രാപ്തനാക്കുന്ന ഘടകങ്ങളാണവയെല്ലാം. ആഗോള വ്യാപകമായി മുസ്‌ലിംകളെല്ലാം ദുരിതക്കയത്തിലാണെന്ന പ്രചാരണങ്ങള്‍ക്കിടയിലും ആത്മസംഘര്‍ഷങ്ങളില്ലാത്ത ജനവിഭാഗമായി അവര്‍ അടയാളപ്പെടുത്തപ്പെടുന്നത് ആലോചനക്ക് വിധേയമാകുക സ്വാഭാവികമാണ്. സാമ്രാജ്യത്വവും അവര്‍ക്ക് അടിമപ്പണിചെയ്യുന്ന അന്താരാഷ്ട്ര മാധ്യമങ്ങളും ഇസ്‌ലാംപേടിയുടെ വിഷമാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് ആഞ്ഞുപടര്‍ത്താന്‍ ശ്രമിക്കുമ്പോഴും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യന്‍ രാഷ്ട്രങ്ങളിലെ ഇസ്‌ലാമിക വളര്‍ച്ച അതിശയിപ്പിക്കുന്നവിധം അഭൂതപൂര്‍വമായി ഓരോ വര്‍ഷവും സ്ഥിതിവിവരക്കണക്കുകളില്‍ ഇടംപിടിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. തനിക്കൊരു നാഥനുണ്ടെന്നും തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആ നാഥന്റെ തീരുമാനങ്ങള്‍ക്കും ഇഷ്ട്ടങ്ങള്‍ക്കുമനുസരിച്ചാണെന്നുമുള്ള തിരിച്ചറിവില്‍ എല്ലാം അല്ലാഹുവിലേല്‍പ്പിച്ചവന് ജിവിതത്തിന്റെ ഋതുഭേദങ്ങളില്‍ അടിപതറേണ്ടിവരില്ല. അങ്ങനെവരുമ്പോള്‍ ജീവിതത്തില്‍ നമ്മളാഗ്രഹിച്ച പലതും നടക്കാതെപോവുകയും ആഗ്രഹിക്കാത്ത ചിലത് സംഭവിച്ചുപോവുകയും ചെയ്യുന്നതിലെ ലളിതയുക്തി വേഗം പിടികിട്ടും. ജീവിതത്തില്‍ സംഭവിക്കുന്ന കഷ്ടതകള്‍ക്കും പ്രയാസങ്ങള്‍ക്കും പകരമായി പടച്ചവന്‍ പരലോകത്ത് ഒരുക്കിവെച്ചിട്ടുള്ള അനുഗ്രഹങ്ങളോര്‍ക്കുക കൂടി ചെയ്യുമ്പോള്‍ മനസ്സിലെ നിരാശകളൊക്കെ പാടെ പടിയിറങ്ങിപ്പോകും. തീക്ഷ്ണമായ ജീവിതയാതനകള്‍ക്കു മുമ്പിലും മുസ്‌ലിമിന് മന്ദഹസിക്കാനാവുന്നതിന്റെ വിശ്വാസപരമായ മാനമതാണ്.