യൂണിഫോം സിവില്‍ കോഡ് മൗലികാവകാശ ലംഘനം

നിരവധി മതസംഹിതകളാലും ജാതികളാലും അതിലേറെ ഉപജാതികളാലും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളാലും സമ്പന്നമാണ് ഇന്ത്യ. വൈവിധ്യങ്ങളും വൈജാത്യങ്ങളും തന്നെയാണ് ഭാരതത്തിന്റെ കാതല്‍. കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും പടിഞ്ഞാര്‍ അറബിക്കടലും വടക്ക് ഹിമാലയന്‍ പര്‍വ്വതവും തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്താലും അതിര്‍ത്തി പങ്കിടുന്ന ഇന്ത്യാ ഭൂപ്രദേശത്തെ മാലോകര്‍ക്കിടയില്‍ ഹൃദ്യമാക്കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന അനേകായിരം സംസ്‌കാരങ്ങളാണ്. അതുകൊണ്ടുതന്നെയാണല്ലേ വൈദേശികര്‍ വൈവിധ്യങ്ങളുടെ തറവാട്ടു മുറ്റമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ചതും. പെരുമയിലൊരുമ തീര്‍ത്ത് പുഷ്‌കലിച്ച സുന്ദര ചിത്രങ്ങളാണ് ഭാരതത്തിന്റെ ഇന്നലെകളെ പ്രശോഭിതമാക്കിയത്. മതേതരത്വംകൊണ്ട് തൂമന്ദഹാസം തീര്‍ക്കുന്ന ഇന്ത്യന്‍ ഭൂമിക കാക്കത്തൊള്ളായിരം മതങ്ങളാലും സംഹിതകളാലും പ്രസന്നമാണ്. പരസ്പര വൈജാത്യം പുലര്‍ത്തുന്ന ഭാഷകളാലും നിറങ്ങളാലും മതങ്ങളാലും സംസ്‌കാരങ്ങളാലും പ്രശാന്തസുന്ദരമായ ഇന്ത്യന്‍ ഭൂമിക നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മുഖമുദ്രയെ വര്‍ണ്ണാഭമാക്കിയ ചുമരടയാളങ്ങളാണ് ഇന്നലെകളെ മനോഹരമാക്കിയത്. ഇന്ത്യയെന്നത് ഒരു മതേതരത്വ രാഷ്ട്രമാണ്. രാജ്യത്തിന്റെ ചിരകാലാഭിലാഷമായിരുന്ന സ്വാതന്ത്ര്യമടക്കമുള്ള ഭാരതത്തിന്റെ നാനാ പുരോഗതിയിലും നാഴികക്കല്ലായി മാറിയത് ഇന്ത്യന്‍ മതേതരത്വമാണെന്നത് ആത്മനിര്‍വൃതിയോടെയല്ലാതെ പറയാനാവില്ല. മതേതരത്വമെന്നത് ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിന്റെ ഊന്നുവടി കൂടിയാണ്. ഇത്രത്തോളം പ്രശോഭിതമായ രാജ്യത്തിന്റെ ഭരണഘടനാപരമായ മതേതരത്വ സംവിധാനങ്ങളെ തകര്‍ക്കാനായിട്ട് ഭരണകൂട ചട്ടുകങ്ങള്‍തന്നെ ശ്രമിക്കുന്നത് മഹാപാതകമാണ്. ഒരു മതത്തോടും സംവിധാനത്തോടുമുള്ള മാനസിക വെറുപ്പില്‍ മാത്രം കണ്ണുനട്ട് രാജ്യത്തിന്റെ പാരമ്പര്യരീതികളെയും ഭരണഘടന അനുശാസകളെയും ചവറ്റുകൊട്ടയിലേക്കെറിയുന്നത് ആത്മഹത്യാപരമാണെന്നത് പറയാതിരിക്കാനാവില്ല. ഫ്രഞ്ച് ദാര്‍ശനികനായ ഴാങ്‌പോള്‍ സാര്‍ത്ര് ഫ്രാന്‍സിന്റെ അള്‍ജീരിയന്‍ അധിനിവേശത്തെ കുറിച്ച് പറഞ്ഞുവെച്ചത് ഇങ്ങനെയായിരുന്നു: ഫ്രാന്‍സ് എന്നത് ഒരു രാഷ്ട്രത്തിന്റെ പേരായിരുന്നു. പക്ഷേ, ഇന്നത് ഒരു രോഗത്തിന്റെ പേരാണ്. വംശീയതയുടെ വിഷലിപ്ത ബീജങ്ങള്‍ക്ക് ഉത്തേജനം പകര്‍ന്ന ഇതേ രോഗംതന്നെയാണ് വര്‍ത്തമാന ഇന്ത്യയിലും നടമാടിക്കൊണ്ടിരിക്കുന്നതെന്ന് സുതരാം വ്യക്തം. മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വിരോധം കാരണം ഭരണഘടനാപരമായ അവരുടെ അവകാശങ്ങളെ ധ്വംസിക്കാനും രാജ്യത്തിന്റെ മതേതര ചിഹ്നങ്ങളെ തകര്‍ക്കാനും ബഹുസ്വര സമൂഹത്തിലെ ഭരണകര്‍ത്താക്കള്‍തന്നെ രംഗത്തുവരുന്നത് വന്‍ പരാജയമാണ്. മതമുള്ളവരും മതമില്ലാത്തവരും നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യമുദ്രയില്‍ തീര്‍ത്ത പാവനവീഥികളെ സംരക്ഷിക്കല്‍ ഭാരതീയരുടെ ബാധ്യതയാണ്. പല മതങ്ങളും പല ആചാരങ്ങളും പല രൂപങ്ങളിലുമായി നിലകൊള്ളുന്ന രാജ്യവൈവിധ്യത്തെ ഏകീകരിക്കാന്‍ ശ്രമിക്കുന്ന ഭരണകര്‍ത്താക്കളുടെ കുടിലചിന്ത രാജ്യ പാരമ്പര്യത്തെയും ഭരണഘടനാ താല്‍പ്പര്യങ്ങളെയും ഹനിക്കുന്നതും രാജ്യത്ത് നിലനില്‍ക്കുന്ന വൈജാത്യങ്ങളെ നശിപ്പിക്കുന്നതുമാണ്. രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും അവര്‍ ഇഷ്ടപ്പെടുന്ന മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ അനുവര്‍ത്തിച്ചു ജീവിക്കാമെന്നത് രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണ്. ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ മതസ്വാതന്ത്ര്യാവകാശങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്. അതായത്, ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതാചാരാനുഷ്ഠാനങ്ങളെ പ്രാവര്‍ത്തികവല്‍ക്കരിക്കാനും ഭരണഘടനാപരമായ സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ഓരോ മതങ്ങളെയും അതത് മതതാല്‍പര്യങ്ങളുടെ വെളിച്ചത്തിലാണ് കാലമിത്രയും ഇന്ത്യ വഴിനടത്തിയത്. ഇസ്‌ലാമികമായ മതവീക്ഷണങ്ങളെ 1937ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരവും ക്രിസ്തീയ മതവിചാരങ്ങളെ 1872ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ട് അടിസ്ഥാനത്തിലും പാര്‍സി മതതാല്‍പ്പര്യങ്ങളെ 1936ലെ ദി പാര്‍സി മാര്യേജ് ആന്‍ഡ് ഡൈവേഴ്‌സ് ആക്ട്‌ന്റെ വെളിച്ചത്തിലുമാണ് ഭരണഘടനയുടെ പിറവി മുതല്‍ സംരക്ഷിച്ച് പോന്നത്. ഭൂരിഭാഗംവരുന്ന ഹൈന്ദവ മതവിശ്വാസികള്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു വ്യക്തിനിയമ സംഹിതി അന്ന് നിലവില്‍വന്നിരുന്നില്ല. ജാതി ഗോത്ര പ്രാദേശികാടിസ്ഥാനത്തില്‍ വ്യത്യസ്തമായിരുന്നത്. 1954ലെ ദി സ്‌പെഷ്യല്‍ മാര്യേജ് ആക്ടും 1955ലെ ഹിന്ദു മാര്യേജ് ആക്ടുമാണ് ഹൈന്ദവ മത വീക്ഷണങ്ങളുടെ ഇന്ത്യന്‍ കാതല്‍. മറ്റു മതങ്ങള്‍ക്കും അവരുടേതായ സംരക്ഷണസംഹിതകള്‍ രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. പരസ്പര വിഭിന്നമായ എന്നാല്‍ ഉരസലുകളില്ലാതെ സുതാര്യതയോടെ ചലിച്ചുകൊണ്ടിരിക്കുന്ന ഈ വൈജാത്യത്തെ ഏകീകരിക്കുന്നതാണ് കേന്ദ്ര ഭരണകൂടത്തിന്റെ തിട്ടൂരം. പല വര്‍ണങ്ങളിലൂടെ വര്‍ണാഭമായ ഈ മനോഹാരിതയെ നഷ്ടപ്പെടുത്തുന്നതാണ് യൂണിഫോം സിവില്‍ കോഡ്. രാജ്യത്തിന്റെ മതേതരത്വ സംവിധാനങ്ങളെ പൊളിച്ചെഴുതുന്നതാണ് ഈ ഹിഡന്‍ അജണ്ട. വിശിഷ്യാ ഇന്ത്യയെ പോലുള്ള പ്രവിശാലമായ രാജ്യത്ത് ജാതിമത സങ്കല്പങ്ങള്‍ക്കപ്പുറം ദേശ-ഭാഷകള്‍ക്ക് അനുസൃതമായി ഒരുപാട് സംസ്‌കാരങ്ങള്‍ രൂപാന്തരപ്പെട്ടിട്ടുണ്ട്. പല വര്‍ണങ്ങളിലുള്ള ഈ വൈജാത്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ എന്ന സങ്കല്‍പം പൂര്‍ണമാകുന്നത്. ഈ സംസ്‌കാരങ്ങളെ എല്ലാം ഏകീകരിക്കപ്പെടുന്നതായ ആ കോഡ് ഏതാണെന്നോ അതല്ലെങ്കില്‍ അതിന്റെ കരട് രൂപം പ്രസിദ്ധീകരിക്കാനോ ഇന്നുവരെ ഭരണകൂടം തയ്യാറായിട്ടില്ലായെന്നത് ദുരൂഹത ജനിപ്പിക്കുന്നതാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മതതാല്‍പര്യങ്ങളെ ന്യൂനപക്ഷങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഈ ഏകീകരണ കോഡ് സംവിധാനം. പ്രധാനമായും മുസ്‌ലിം സമുദായത്തെ ലക്ഷ്യംവെച്ചിട്ടുള്ളതാണ് ഈ ഹിഡന്‍ അജണ്ട എന്നത് പകല്‍പോലെ വ്യക്തമാണ്. നിലവില്‍ 1937ലെ ശരീഅ ആപ്ലിക്കേഷന്‍ ആക്ട് പ്രകാരമാണ് ഭാരതത്തിലെ ഇസ്‌ലാമിക കര്‍മങ്ങള്‍ താളം കണ്ടെത്തുന്നത്. അനന്തരാവകാശം, വിവാഹം, വിവാഹമോചനം, വഖഫ്, ദാനം, സംരക്ഷണം, രക്ഷാകര്‍തൃത്വം എന്നിവയില്‍ മാത്രമാണ് ശരീഅ ആക്ട് പ്രകാരം റൂള്‍സ് ഉള്ളത്. മതാചാരപരമായ ഈ കാര്യങ്ങളെല്ലാം പൊതുനിയമത്തിനു മുമ്പില്‍ കൊണ്ടുവരാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഔദ്യോഗികമായിട്ട് ഒരു മതമില്ലാത്ത ഈ രാജ്യത്ത് പൗരന്മാര്‍ക്ക് ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതത് മതാചാരങ്ങള്‍ കൊണ്ട് നടക്കാനുമാണ് ഭരണഘടന അനുശാസിക്കുന്നത്. ഭരണഘടനയുടെ ഇത്തരം താല്‍പര്യങ്ങളെ ധ്വംസിക്കുന്നതാണ് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഈ തിട്ടൂരം. ആര്‍.എസ്.എസിന്റെ നാഗ്പൂരിയന്‍ അജണ്ടകളെ ചൂടപ്പം മറിച്ചിടുംപോലെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഭരണകൂടത്തിനെതിരേ പ്രതിഷേധങ്ങള്‍ക്കു കാര്യക്ഷമമാകേണ്ടതുണ്ട്. ഒരു രാജ്യം, ഒരു നിയമം എന്ന സംഘ്പരിവാര്‍ അജണ്ടയാണ് ഈ ദുഷ്ടലാക്കിന്റെ ചേതോവികാരമെന്നത് പറയാതിരിക്കാനാവില്ല. 1985ലെ ഷാബാനു കേസിനെയും 1995ലെ സരള മുഗ്ദല്‍ കേസിനെയും 2019ലെ പൗലോ കുടിഞ്ഞോ കേസുമെല്ലാം ഊതി വീര്‍പ്പിച്ച് ആര്‍.എസ്.എസിന്റെ വര്‍ഗീയ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന ഭരണകൂടംതന്നെ 2018ല്‍ ഈ യൂണിഫോം സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ നിശ്ചയിച്ച ലോ കമ്മീഷനും ഇത്തരം കൊണ്ട് പിടിച്ച നീക്കങ്ങള്‍ രാജ്യത്തിനു ഭൂഷണമല്ലെന്ന നിഗമനത്തിലെത്തിയതും ഏറെ ശ്രദ്ധേയമാണ്.