ഹദ്‌യ, സ്വദഖ, ഹിബത്ത് ദായക്രമം ദയാമുഖം

ശൈഖ് മുതവല്ലി അശ്ശഅ്‌റാവി ഒരിക്കല്‍ പറയുകയുണ്ടായി: ഒരു വ്യക്തി ഭൗതിക തല്‍പരനാണോ പരലോക ചിന്തകനാണോ എന്ന് തിരിച്ചറിയാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി. അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് ഒരാള്‍ പണം സഹായംചോദിച്ച് അയാള്‍ക്കത് നല്‍കുന്ന ഘട്ടത്തിലാണോ അതോ മറ്റൊരു വ്യക്തി ഒരു വലിയ സംഖ്യ തനിക്ക് കൊണ്ടുവന്നു കൊടുക്കുന്ന ഘട്ടത്തിലാണോ ഏറ്റവുംകൂടുതല്‍ മാനസിക സംതൃപ്തി അനുഭവിക്കുന്നത് എന്നതിനനുസരിച്ച് അദ്ദേഹത്തിനുതന്നെ വിലയിരുത്താവുന്നതാണ്. അഥവാ, ഒരു വ്യക്തിക്കു പണം നല്‍കി സഹായിക്കുമ്പോള്‍ തനിക്കു പണം ലഭിക്കുന്നതിനെക്കാള്‍ സംതൃപ്തനാകുന്ന വ്യക്തി സ്വാഭാവികമായും അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും ചിന്ത ഉള്ളവനും ആഖിറംലോകത്തിന്റെയാളുമായിരിക്കും. അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള സമ്പത്തിന്റെ ഇടനിലക്കാരനും വിനിമയക്കാരനുമാണ് മനുഷ്യന്‍. സമ്പത്ത് അല്ലാഹു ആഗ്രഹിച്ച ആളുകള്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ നല്‍കുകയും അവര്‍ മുഖേന സമൂഹത്തിലെ പാവപ്പെട്ടവരിലേക്ക് എത്തുവാനുള്ള നിരവധി മാര്‍ഗങ്ങള്‍, ശരീഅത്ത് സംവിധാനങ്ങള്‍ ഉടമസ്ഥനായ അല്ലാഹു നിശ്ചയിക്കുകയും ചെയ്തു. സൂറത്തുല്‍ഹശ്‌റിലെ ഏഴാം സൂക്തത്തില്‍ ഫൈഅ് സമ്പാദ്യം വിഹിതം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനു ശേഷം സമ്പത്ത് ധനികര്‍ക്കിടയില്‍ മാത്രം കറങ്ങിനടക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് അല്ലാഹു പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വിവിധ നാടുകളില്‍നിന്ന് അല്ലാഹു ദൂതന് നേടിക്കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും അടുത്ത ബന്ധുക്കള്‍ക്കും അനാഥക്കുട്ടികള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കുമുള്ളതാണ്. നിങ്ങളിലെ സമ്പന്നര്‍ക്കിടയില്‍ മാത്രം അതു വിനിമയംചെയ്യപ്പെടാതിരിക്കാനാണിത്. ഇസ്‌ലാമിന്റെ മൗലികമായ ഒരു സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണിത്. സമ്പത്ത് ഏതാനുംപേരുടെ കൈയ്യില്‍ മാത്രം കുന്നുകൂടുക എന്നത് അതിഷ്ടപ്പെടുന്നില്ല. സര്‍വ സാമ്പത്തിക അരാജകത്വങ്ങള്‍ക്കും അതു വഴിതെളിക്കും. ആധുനിക ലോകം അതിനു സാക്ഷിയാണ്. പ്രത്യുത, സകാത്തും സ്വദഖയും മറ്റു ദാനധര്‍മങ്ങളും സംഭാവനകളും വസ്വിയ്യത്തുകളും വഖ്ഫുകളും ട്രസ്റ്റുകളും മറ്റുമായി പാവങ്ങള്‍ക്കു വിതരണംചെയ്യപ്പെടേണ്ടതാണ്. സകാത്ത്, സ്വദഖ, ഹദിയ, അനന്തരവിഹിതം തുടങ്ങിയ മാര്‍ഗങ്ങള്‍ അവയില്‍ ചിലതാണ്. സ്വദഖ അഥവാ ദാനധര്‍മ്മത്തിനു വലിയ പ്രാധാന്യമാണ് ഇസ്‌ലാമിലുള്ളത്. മുത്തഖീങ്ങളെ വിശേഷിപ്പിച്ച് സൂറത്തുല്‍ബഖറയില്‍ പറഞ്ഞ ആദ്യ സൂക്തങ്ങളില്‍പോലും ഇക്കാര്യം കൃത്യമായി അല്ലാഹു പറയുന്നുണ്ട്. നാം നല്‍കിയതില്‍നിന്നു ചെലവഴിക്കുന്നവരാണവര്‍ എന്ന പരാമര്‍ശം ദാനധര്‍മത്തെ സൂചിപ്പിച്ചാണ്. അല്ലാഹുവിന്റെ വഴിയില്‍ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു; ഓരോന്നിലും നൂറുവീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി അല്ലാഹു നല്‍കും; അവന്‍ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രെ. (അല്‍ബഖറ: 261). പരലോക പ്രതിഫലം കൊതിച്ച് ആവശ്യക്കാരന് എന്തെങ്കിലും വസ്തു പകരമൊന്നും സ്വീകരിക്കാതെ ഉടമപ്പെടുത്തിക്കൊടുക്കുന്നതിനാണ് സ്വദഖ എന്നു പറയുന്നത്. എന്നാല്‍, ഈ വസ്തു ഒരു വ്യക്തിയെ ആദരിച്ചുകൊണ്ട് അയാള്‍ക്ക് അങ്ങോട്ട് ചെന്ന് ഉടമപ്പെടുത്തിനല്‍കുകയാണെങ്കില്‍ ഹദിയ്യ എന്നു പറയും. ഇവ രണ്ടും ഹിബത് തന്നെയാണ്. ഇവ്വിഷയത്തില്‍ നിരവധി സൂക്തങ്ങളും നബിവചനങ്ങളും നമുക്ക് കാണാവുന്നതാണ്. നന്മ ചെയ്യണമെന്ന് കൊതിക്കുന്ന ഏതൊരു വ്യക്തിയുടെയും ഒരുദിനവും സ്വദഖയില്‍നിന്ന് ഒഴിവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. ചോദിച്ചുവരുന്നവനെ ഒന്നും നല്‍കാതെ വിരട്ടിയോടിക്കരുതെന്ന് ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. സ്വദഖയായി നല്‍കുന്നത് ഭക്ഷണമോ, വസ്ത്രമോ, പണമോ, മറ്റു ജീവിതാവശ്യവസ്തുക്കളോ എന്തുമാവാം. മദീനയില്‍ എത്തി ആദ്യമായി നബി(സ്വ) പറഞ്ഞ ഹദീസ് ഇങ്ങനെയാണ്: നിങ്ങള്‍ സലാം പറയുന്നത് വ്യാപിപ്പിക്കുക, ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുക, സാധ്യമാകുന്നവിധം തുടര്‍ച്ചയായി നോമ്പെടുക്കുക, പാതിരാ സമയം ആളുകള്‍ ഉറങ്ങുമ്പോള്‍ നിസ്‌കരിക്കുക. എന്നാല്‍ സ്വര്‍ഗം നിങ്ങള്‍ക്കുറപ്പാണ്. സ്വദഖ നല്‍കുന്നതുവഴി നിരവധി ഇഹപര നേട്ടങ്ങള്‍ കൈവരിക്കാനാവും. സമ്പത്തില്‍ വര്‍ദ്ധനവും വിപത്തുകളില്‍നിന്ന് മോചനവും ജീവിതവിഭവങ്ങളില്‍ വിശാലതയും രോഗശമനവും ലഭിക്കുന്നതോടൊപ്പം സ്രഷ്ടാവിന്റെ കോപം ശമിപ്പിക്കുകയും സ്വര്‍ഗലബ്ധി ഉറപ്പുവരുത്തുകയും ചെയ്യും. പരലോക ജീവിതത്തിലെ വിവിധ കടമ്പകള്‍ വിട്ടുകടക്കുവാന്‍ അടിമ മോചനവും കുടുംബ ബന്ധുമിത്രാദികളിലെ അനാഥകള്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം കൊടുക്കലുമാണ് ഏറ്റവുംനല്ല മാര്‍ഗമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ആ ദുര്‍ഘടവഴി എന്താണെന്നു താങ്കള്‍ക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കലോ പട്ടിണിയുടെ നാളില്‍ ബന്ധുവായ അനാഥക്കോ പരമദരിദ്രനായ ഒരു സാധുവിനോ ഭക്ഷണം നല്‍കലോ ആണത്. (അല്‍ബലദ്: 12-16). മഹ്ശറിലെ എല്ലാ കടമ്പകളും വിട്ടുകിടന്ന് സ്വര്‍ഗത്തില്‍ എത്തുന്ന മുത്തഖീങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്ന ഭാഗം ദാനധര്‍മം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. 52ാം സൂറത്തില്‍ അല്ലാഹു പറയുന്നു: നിശ്ചയം, ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചിരുന്നവര്‍ അവരുടെ നാഥന്‍ കനിഞ്ഞേകിയ ഔദാര്യമേറ്റുവാങ്ങി സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. നേരത്തെ തന്നെ പുണ്യവാന്മാരായിരുന്നു അവര്‍; രാത്രിയില്‍നിന്ന് അല്‍പം മാത്രം ഉറങ്ങുകയും അതിന്റെ അന്തിമ യാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളിലാകട്ടെ, ചോദിക്കുന്നവനും ഉപജീവനം നിഷേധിക്കപ്പെട്ടവനും ഓഹരിയുണ്ടായിരിക്കും. (അദ്ദാരിയാത്: 15-19) അബൂഹുറൈറ(റ) നബിയില്‍നിന്ന് ഉദ്ധരിക്കുന്നു: ധര്‍മ്മിഷ്ഠന്‍ അല്ലാഹുവിനോടും ജനങ്ങളോടും സ്വര്‍ഗത്തിലേക്കും ഏറ്റവും അടുത്തവരും നരകത്തില്‍നിന്ന് വിദൂരത്തായവനുമാണ്. പിശുക്കന്‍ അല്ലാഹുവില്‍നിന്നും സ്വര്‍ഗത്തില്‍നിന്നും ജനങ്ങളില്‍നിന്നും അകന്നവനും നരകത്തോട് അടുത്തവനുമാണ്. (തിര്‍മുദി) സ്വദഖ കൊടുക്കുന്ന മേഖലകള്‍ക്കനുസരിച്ച് സ്വദഖയുടെ പ്രതിഫലം വ്യത്യാസപ്പെടുമെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നുണ്ട്. ഇമാം സുയൂഥി(റ) പറയുന്നു: ഒരു രൂപ ദാനമായി നല്‍കപ്പെടുന്നത് ആരോഗ്യമുള്ള വ്യക്തിക്കാണെങ്കില്‍ അത് 10 രൂപയും, രോഗമുള്ള വ്യക്തിക്കാണെങ്കില്‍ 90 രൂപയും, ആവശ്യക്കാരനായ കുടുംബക്കാരനാണെങ്കില്‍ 900 രൂപയും, മാതാപിതാക്കള്‍ക്കാണെങ്കില്‍ ഒരു ലക്ഷം രൂപയും, വിജ്ഞാന മാര്‍ഗത്തില്‍ സേവനംചെയ്യുന്ന പണ്ഡിതനാണെങ്കില്‍ ഒമ്പതു ലക്ഷം രൂപയുമായി പ്രതിഫലം പതിന്‍മടങ്ങായി പരിവര്‍ത്തിക്കപ്പെടുന്നതാണ്. അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നതിനും വിധവകളെ പരിരക്ഷിക്കുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനും അവര്‍ക്ക് സ്വദഖ നല്‍കുന്നതിന് വലിയ പ്രതിഫലമുണ്ട്. യത്തീമുകള്‍ക്ക് ദാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍തന്നെ നിരവധി സൂക്തങ്ങള്‍ കാണാന്‍ കഴിയും. 108ാം അധ്യായത്തില്‍ അല്ലാഹു പറയുന്നു: പുനരുത്ഥാനത്തെ നിഷേധിക്കുന്നവനെ അങ്ങ് കണ്ടിട്ടുണ്ടോ? അനാഥക്കുട്ടിയെ ആട്ടിയകറ്റുന്നവനും പാവപ്പെട്ടവന്റെ അന്നദാനക്കാര്യത്തില്‍ അന്യരോട് പ്രേരണചെലുത്താത്തവനുമാണവന്‍. ഞാനും യത്തീമിനെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ അടുത്ത ഇടങ്ങളില്‍ ഇരിക്കുന്നവര്‍ ആയിരിക്കും എന്ന് തന്റെ രണ്ടു വിരലുകള്‍ ചൂണ്ടി നബി(സ്വ) പറഞ്ഞ ഹദീസ് നമുക്കെല്ലാം സുപരിചിതമാണല്ലോ. അഗതികളുടെ കാര്യവും ഇതില്‍നിന്നു വ്യത്യസ്തമല്ല. മുന്‍പറഞ്ഞ ആയത്തുകളില്‍ യത്തീമുകളോടൊപ്പം മിസ്‌കീന്‍മാരെയും അല്ലാഹു ചേര്‍ത്തിപ്പറഞ്ഞിട്ടുണ്ട്-സഖര്‍ എന്ന നരകത്തില്‍ പ്രവേശിക്കുന്നവരോട് കാരണം തിരക്കുമ്പോള്‍ ഞങ്ങള്‍ നിസ്‌കരിക്കാത്തവര്‍ ആയിരുന്നു എന്നും, അഗതികള്‍ക്ക് ഭക്ഷണം നല്‍കാത്തവരായിരുന്നു എന്നും അവര്‍ പ്രതികരിക്കുന്നത് ഖുര്‍ആന്‍ പഠിപ്പിച്ചതു കാണാം. (അല്‍മുദ്ദസിര്‍: 43,44) വിധവയെയും അഗതിയെയും സഹായിക്കാന്‍ പാടുപെടുന്നവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവനെ പോലെയാണെന്ന് തിരുനബി(സ്വ)യുടെ ഹദീസില്‍ കാണാം. ഈ പറഞ്ഞവരില്‍ സ്വന്തം കുടുംബത്തില്‍ പെട്ടവരുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കുന്ന സ്വദഖക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതാണ്. അതോടൊപ്പം, കുടുംബബന്ധം ചാര്‍ത്തിയ നന്മയും ലഭിച്ചിരിക്കും. എന്താണ് ഞങ്ങള്‍ ചെിലവഴിക്കേണ്ടത് എന്ന് ചോദിച്ചവര്‍ക്ക്’എന്ത് ചെലവഴിക്കുകയാണെങ്കിലും ആര്‍ക്കാണതു നല്‍കേണ്ടതെന്ന മറുപടി അല്ലാഹു നല്‍കിയതില്‍നിന്നുതന്നെ നാം സ്വദഖ നല്‍കുമ്പോഴും മറ്റു സഹായങ്ങള്‍ കൊടുക്കുമ്പോഴും ആരെയാണ് പ്രഥമമായി പരിഗണിക്കേണ്ടതെന്ന് നമുക്ക് ബോധ്യമാകും. എന്താണു തങ്ങള്‍ ചെലവഴിക്കേണ്ടത് എന്ന് അവര്‍ താങ്കളോടു ചോദിക്കുന്നു. മറുപടി നല്‍കുക: എന്തു ധനം ചെലവഴിക്കുന്നുവെങ്കിലും മാതാപിതാക്കള്‍, അടുത്ത കുടുംബക്കാര്‍, ദരിദ്രര്‍, യാത്രക്കാര്‍ എന്നിവര്‍ക്കായിരിക്കണം. എന്തു നന്മ നിങ്ങളനുവര്‍ത്തിക്കുന്നുവെങ്കിലും അല്ലാഹു അതുസംബന്ധിച്ചു സൂക്ഷ്മജ്ഞാനിയായിരിക്കും. (അല്‍ബഖറ: 215) പ്രമുഖ പണ്ഡിതനും സൂഫിയും അതിലുപരി കച്ചവടക്കാരനുമായിരുന്ന അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്(റ) വലിയ ധര്‍മ്മിഷ്ഠനായിരുന്നു. തന്റെ കച്ചവടലാഭത്തില്‍നിന്ന് ഓരോ വര്‍ഷവും ഒരു ലക്ഷം വെള്ളിനാണയം വിജ്ഞാന മാര്‍ഗത്തില്‍ മാത്രം സ്വദഖ നല്‍കാന്‍ മാറ്റിവച്ചിരുന്ന അദ്ദേഹം ഏതെങ്കിലും വര്‍ഷം ലാഭം അത്രതന്നെ ലഭിച്ചില്ലെങ്കില്‍ മുടക്കുമുതലില്‍നിന്ന് അത്രയും വിഹിതം എടുത്ത് ധര്‍മ്മംചെയ്യാറുണ്ടായിരുന്നു. തന്റെ മുന്തിയ ഈത്തപ്പഴത്തോട്ടത്തില്‍നിന്ന് ഈത്തപ്പഴം ചാക്കുകളില്‍ കൊണ്ടുവന്നു നാട്ടില്‍ ഉണ്ടായിരുന്ന യതീംകുട്ടികളെയും പാവപ്പെട്ടവരെയും വിളിച്ചുവരുത്തി വയറു നിറയെ ഈത്തപ്പഴം കഴിക്കുവാന്‍ ആവശ്യപ്പെടുകയും കഴിച്ച ഈത്തപ്പഴങ്ങളുടെ എണ്ണമനുസരിച്ച് അവര്‍ക്ക് വെള്ളിനാണയം നല്‍കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഇഷ്ടഹോബിയായിരുന്നു. സകാത്ത് കൊടുക്കുന്നത് പരസ്യമായിട്ടാണെങ്കില്‍ സ്വദഖ വലതു കൈകൊടുക്കുന്നത് ഇടതുകൈ അറിയാത്ത വിധം വളരെ രഹസ്യമായാണു നല്‍കേണ്ടത്. നല്‍കിയ സ്വദഖ വിളിച്ചുപറഞ്ഞു പ്രതിഫലം നഷ്ടപ്പെടുത്തുന്നതും വലിയ പാതകമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, അല്ലാഹുവിലും ഖിയാമത്തിലും വിശ്വസിക്കാതെ ലോകമാന്യതക്കായി സ്വന്തം വ്യയംചെയ്തവനെപ്പോലെ, നല്‍കിയ ദാനം എടുത്തുപറഞ്ഞും അതു സ്വീകരിച്ചവരെ ബുദ്ധിമുട്ടിച്ചും നിങ്ങള്‍ സ്വന്തം ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കിക്കളയരുത്. അവന്റെ ഉപമ മിനുത്ത ഒരു പാറക്കല്ലിന്റേതാണ്. അതിന്റെ ഉപരിതലത്തില്‍ മണ്ണുണ്ട്. അങ്ങനെ അതിനു പേമാരി ഏല്‍ക്കുകയും മണ്ണുനീക്കി മിനുത്തതാക്കുകയുമുണ്ടായി. പ്രസ്തുതയാളുകള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍നിന്ന് യാതൊന്നും അനുഭവിക്കുവാനാകില്ല. സത്യനിഷേധികളെ അല്ലാഹു മാര്‍ഗദര്‍ശനം ചെയ്യുന്നതല്ല. അലിയ്യുന്‍ സൈനുല്‍ ആബിദീന്‍ (റ) എന്നവര്‍ നേരം ഇരുട്ടിയാല്‍ സ്വന്തം ചുമലില്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സ്വന്തം ചുമലില്‍ ചുമന്നുകൊണ്ട് വീട്ടുകാര്‍ പോലും അറിയാതെ എത്തിച്ചുകൊടുക്കാറുണ്ടായിരുന്നു. മഹാനവര്‍കള്‍ വിടപറഞ്ഞു സഹായം നിലച്ചപ്പോഴാണ് ആളുകള്‍ക്ക് അക്കാര്യം ബോധ്യമായത്. ചുരുക്കത്തില്‍, മനുഷ്യന്റെ കൈയ്യിലുള്ള പണം അവന്റെയും ആശ്രിതരുടെയും അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് ശേഷം മിച്ചമുള്ളതില്‍നിന്ന് നിര്‍ബന്ധമായും ഐച്ഛികമായും കൊടുക്കേണ്ട ദാനധര്‍മങ്ങള്‍ക്ക് നീക്കിവെക്കുകയും അതുവഴി കുടുംബത്തിലെയും സമൂഹത്തിലെയും പാവപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്യണം. തന്റെ കൈയ്യിലുള്ളത് അല്ലാഹുവിന്റെ സമ്പത്താണെന്നും താന്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണെന്നും മനസ്സിലാക്കുകയും തന്റെ കൈയ്യിലുള്ളത് ഏതു സമയത്തും മറ്റുള്ളവരിലേക്ക് എത്തിച്ചുതന്നെ പരമ ദരിദ്രനാക്കുവാന്‍ അല്ലാഹു കഴിവുള്ളവനാണെന്നും വിശ്വസിച്ച് വിശ്വാസി ജീവിക്കണം. ഇസ്‌ലാമിലെ സാമ്പത്തിക അച്ചടക്കവും വിനിമയ ക്രമ നടപടികളും കൃത്യമായി പാലിക്കുന്ന സമൂഹത്തില്‍ സാമ്പത്തിക സ്വസ്ഥതി ഉറപ്പുവരുത്താന്‍ സാധ്യമാകുമെന്നതില്‍ സന്ദേഹമില്ല.