Sunni Afkaar Weekly

Pages

Search

Search Previous Issue

ഈ സ്‌നേഹപ്പൊയ്കയില്‍ വിഷം കലരരുത്.!!

മുആവിയ മുഹമ്മദ് ഫൈസി
ഈ സ്‌നേഹപ്പൊയ്കയില്‍  വിഷം കലരരുത്.!!

വിനീതന്‍ ഒരിക്കല്‍ ഒരു യാത്രയിലായിരുന്നു. അസറിന്റെ സമയമായപ്പോള്‍ ഞങ്ങള്‍ ട്രെയ്‌നില്‍ വാങ്ക് കൊടുത്ത് നിസ്‌കരിച്ചു. നിസ്‌കാരം കഴിഞ്ഞപ്പോള്‍ എന്റെ അരികിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു: മൗലാനാ, വാങ്കിലും നിസ്‌കാരത്തിലും അക്ബര്‍ ചക്രവര്‍ത്തിയാണ് അല്ലാഹു എന്ന് നിങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നത് എന്തിനാണ്? ഇതു നാം ചിന്തിക്കേണ്ട വലിയൊരു വിഷയമാണ്. ഈ തെറ്റിദ്ധാരണയുടെ പിന്നില്‍ നമ്മുടെ നിഷ്‌ക്രിയത്വം ഉണ്ടോയെന്നു നാം ശാന്തമായി ചിന്തിക്കുക. തീര്‍ച്ചയായും ഇസ്‌ലാമിനെ കുറിച്ച് ധാരാളം പ്രഭാഷണങ്ങളും രചനകളും നടക്കുന്നുണ്ട്. പക്ഷേ, അമുസ്‌ലിം സഹോദരങ്ങളുടെ മാനസികാവസ്ഥയും ഭാഷയും നാം പൊതുവില്‍ പരിഗണിക്കുന്നില്ല. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ മൗലാനാ അലിമിയാന്‍ (അബുല്‍ ഹസന്‍ അലി അല്‍ ഹസനി അന്നദ്‌വി) തന്റെ വിദ്യാര്‍ഥികളോട് നടത്തിയ സംസാരത്തിലൊരു ഭാഗമാണ് ഉദ്ധരിച്ചത്. ഒന്നാമതായി നാം ചെയ്യേണ്ട കാര്യം, ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ പരിശ്രമിക്കലാണ്. ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കേണ്ട പോലെ പരിചയപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടില്ല എന്നുള്ളത് വലിയൊരു യാഥാര്‍ഥ്യമാണ്. തല്‍ഫലമായി ഇസ്‌ലാമിനെ കുറിച്ച് ശത്രുക്കളോ വിവരമില്ലാത്തവരോ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് പലരുടെയും മനസ്സില്‍ ശക്തിപ്രാപിച്ചിരിക്കുന്നത് എന്ന് പറഞ്ഞുവച്ചുകൊണ്ടാണ് പ്രസ്തുത സംഭവം അദ്ദേഹം അനുസ്മരിക്കുന്നത്. തൃശൂര്‍ എം.എല്‍.എ ആയ പി. ബാലചന്ദ്രന്‍ ഈയിടെ നിയമസഭയില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് ഈ സംഭവം ഒരിക്കല്‍കൂടി ഓര്‍മയില്‍ തെളിഞ്ഞത്. പ്രസംഗത്തിന്റെ പ്രധാന ഭാഗം ഇങ്ങനെയായിരുന്നു: ഖദറിന് ഖദര്‍ എന്ന പേര് എങ്ങനെ കിട്ടിയെന്ന് അറിയുന്ന ഒരു കോണ്‍ഗ്രസുകാരനെങ്കിലും സഭയിലുണ്ടോ? ആലി സഹോദരന്‍മാരുടെ വീട്ടില്‍ സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി പോകുമായിരുന്നു. അങ്ങനെ വലിയപെരുന്നാള്‍ ദിനത്തില്‍, ലൈലത്തുല്‍ ഖാദിര്‍ (ലൈലത്തുല്‍ ഖദ്ര്‍) ദിവസം, ആയിരം വെള്ളക്കുതിരകളെ പൂട്ടിയ തേരില്‍ സാക്ഷാല്‍ പൊന്നുതമ്പുരാന്‍ വന്ന് ഭക്തജനങ്ങളെ തൊടുന്ന ദിവസം, നൊയമ്പെടുത്ത ദിവസം, അതാണ് ലൈലത്തുല്‍ ഖാദിര്‍. ആ ദിവസം അലി സഹോദരന്‍മാരുടെ വീട്ടിലെത്തിയ ഗാന്ധിജിക്ക് അവിടുത്തെ ചര്‍ക്കയില്‍ നൂറ്റ ഒരു വസ്ത്രം അവരുടെ അമ്മ കൊടുത്തു. അതിന്റെ വിശേഷമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇന്ന് ലൈലത്തുല്‍ ഖാദിറാണ്. ഞങ്ങളുടെ പെരുന്നാള്‍ ദിവസത്തെ എറ്റവും പുണ്യപ്പെട്ട ദിവസമാണെന്ന് പറഞ്ഞു. ഗാന്ധിജി ആ വസ്ത്രം നെഞ്ചോട് ചേര്‍ത്ത് ഖാദിര്‍, ഖദര്‍ എന്ന് പേരിട്ടു. അങ്ങനെയാണ് ചരിത്രത്തില്‍ ഖദര്‍ എന്ന പേരുണ്ടായത്... രാഷ്ട്രീയക്കാരില്‍നിന്ന് ഇടക്കിടെയുണ്ടാകാറുള്ള പ്രഹസന ഭാഷണങ്ങളിലൊന്ന് എന്ന തരത്തില്‍ ട്രോളും മുമ്പ്, മികച്ച വായനാനുഭവങ്ങളും ചരിത്രബോധവുമുള്ള ഒരാളില്‍നിന്ന് ഉണ്ടായ ഈ സംസാരം ആവശ്യപ്പെടുന്ന ചില ആലോചനകളുണ്ട്- നമ്മുടെ സാമൂഹ്യാന്തരീക്ഷത്തില്‍ നിലച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരിക സാമൂഹിക ആദാന പ്രദാനങ്ങളെ കുറിച്ചുള്ള ഭീഷണമായ ചില പുനരാലോചനകള്‍. അപ്പോള്‍ മനസ്സിലാകും ഇത്തരം വാക്പിഴകള്‍ക്കും വ്യാകരണത്തെറ്റുകള്‍ക്കും നമ്മള്‍കൂടി ഉത്തരവാദികളാണെന്ന്. കേരളത്തിലെ സാമൂഹിക ജീവിതം മറ്റിടങ്ങളിലെ പോലെയല്ല, പരസ്പരം കൊണ്ടും കൊടുത്തും സമ്പന്നമായിത്തീര്‍ന്ന ഒരു സംസ്‌കാരമാണത്. അതുകൊണ്ടുതന്നെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ പരസ്പരം തിരിച്ചറിയാന്‍ കഴിയുന്നവരായിരുന്നു അടുത്ത കാലംവരെ മലയാളികള്‍. സമഗ്രമായ ഒരു ജീവിത വ്യവസ്ഥ എന്ന നിലയില്‍ ഇസ്‌ലാം സര്‍വാംഗീകൃതവും മുസല്‍മാന്‍ സര്‍വ്വസമ്മതനുമായിരുന്ന ഒരു കാലത്തിന്റെ ശേഷിപ്പാണ് നമ്മുടെ നാട്ടിലെ മാപ്പിള എന്ന മൗലികനാമം. ഭീതി പടര്‍ത്തുന്ന നിഗൂഢ വ്യക്തിത്വമായല്ല, ആകര്‍ഷണം തോന്നുന്ന സുതാര്യ സൗന്ദര്യമായാണ് വിശ്വാസി ജീവിതം പൊതുജനത്തെ സ്പര്‍ശിച്ചിരുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എഴുതി The idea of brotherhood in islam and the theoretical equality of its adherents made a powerful appeal especially to those in the fold who were denied any resemblance of equal treatment (ഇസ്‌ലാമിന്റെ സാഹോദര്യ കാഴ്ചപ്പാടും ആ മതത്തിന്റെ അനുയായികളുടെ സൈദ്ധാന്തികമായ സമത്വ വീക്ഷണവും തുല്യതയുള്ള പെരുമാറ്റത്തില്‍നിന്ന് ഒരല്പം പോലും ലഭ്യമാവാതിരുന്ന ഹിന്ദു സമൂഹത്തില്‍ പ്രത്യേകിച്ച് ശക്തമായ സ്വാധീനം സൃഷ്ടിച്ചു.) ( Discovery of India, P: 225) ഇതുകൊണ്ടൊക്കെയാണ് വേദങ്ങള്‍ ശ്രവിക്കുന്ന ശൂദ്രന്റെ കാതിലിയ്യം സാദരമൊഴിക്കേണമെന്നും മറ്റും കല്‍പ്പിച്ച ഹിന്ദുവിന്റെ ശ്രേഷ്ടമാം മനുസ്മൃതി കാട്ടിലേക്കെറിയുവിന്‍ അല്ലായ്കില്‍ കരിക്കുവിന്‍ എന്ന് പാടിയ കുമാരനാശാന്‍ ഹിന്ദുവിന്റെ ദുരവസ്ഥക്ക് ഇസ്‌ലാമാശ്ശേഷണം ഒരു പരിഹാരമായി വിലയിരുത്തിയത്. അദ്ദേഹമെഴുതി: കേരളത്തിങ്കല്‍ മുസല്‍മാന്‍മാര്‍ പശ്ചിമ പാരങ്ങളില്‍നിന്നു കടല്‍ ചീറും തിരകള്‍ കടന്നോ ഹിമാലയ മേറിയോ വന്നവരേറെയി. എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോരേഴച്ചറുമന്‍ പോയി തൊപ്പിയിട്ടാല്‍ ചിത്രഭവനത്തെ ചാരത്തടുത്തിടാം ചെറ്റും പേടിക്കേണ്ട തമ്പുരാനെ. (ദുരവസ്ഥ -കുമാരനാശാന്‍) ഇത്തരമൊരവസ്ഥാവിശേഷത്തെ വില്യം ലോഗന്‍ വിവരിച്ചത് കാണുക: 1871നും 1881നുമിടയില്‍ മലബാറില്‍ മുഹമ്മദന്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധന സംബന്ധിച്ച് പ്രസിഡന്‍സി കാനേഷുമാരി (1881) റിപ്പോര്‍ട്ടില്‍ ഖണ്ഡിക 151ല്‍ ഇങ്ങനെ കാണാം: അധഃസ്ഥിതിയും അപമാനകരമായ അവശതയും പ്രകടമായി അനുഭവിക്കുന്ന ഒരു വിഭാഗമാണ് ചെറുമര്‍. 1871ലെ കാനേഷുമാരിയില്‍ മലബാറില്‍ അവര്‍ 99,009 ആയിരുന്നു. പത്തു വര്‍ഷ ശേഷം 64,715 ആയി ചുരുങ്ങി. പൊതുജനസംഖ്യാ വര്‍ദ്ധന 5.7 ശതമാനം ഉണ്ടായിട്ടും ചെറുമര്‍ 34.63 ശതമാനം കുറയുകയാണുണ്ടായത്. ഇസ്‌ലം സ്വീകരിച്ച് സമൂഹമാന്യത നേടാന്‍ വേണ്ടി 50,000 അധികൃതര്‍ ജില്ലയില്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. (മലബാര്‍ മാന്വല്‍, പേ: 211) ലാറി കോളിന്‍സും ഫെഡറിക് ലാപിയറും ഈ വസ്തുത തുറന്നുസമ്മതിക്കുന്നത് ഇങ്ങനെയാണ്: ഉദാരവും ആരെയും സ്വാഗതംചെയ്യുന്നതുമായ വിശ്വാസമെന്ന നിലക്ക് ഇസ്‌ലാമിന്റെ സഹോദര നിര്‍വ്വിശേഷമായ ആലിംഗനം ഇന്ത്യയില്‍ മുഗള്‍ രാജാക്കന്മാര്‍ സ്ഥാപിച്ച പള്ളികളിലേക്കു മതംമാറ്റത്തിനായി ദശലക്ഷക്കണക്കിനാളുകളെ ആകര്‍ഷിച്ചു. അവരില്‍ ഭൂരിഭാഗവും അനിവാര്യമായും അയിത്തജാതിക്കാരായിരുന്നു. തങ്ങളുടെ മതം ഏതോ വിദൂരമായ ജന്മത്തില്‍ മാത്രം വാഗ്ദാനംചെയ്യുന്ന അംഗീകാരം ഇസ്‌ലാമിന്റെ സാഹോദര്യത്തില്‍ തേടിക്കൊണ്ടാണ് അവരത് ചെയ്തത്. (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, പേജ്: 35) എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ പഴയ പോലെയല്ല. ജനങ്ങള്‍ക്കിടയില്‍ പഴയപോലെയുള്ള ആദാനപ്രദാനങ്ങളോ ആശയകൈമാറ്റങ്ങളോ നടക്കുന്നില്ല. എല്ലാവരും അവരവരിടം സാധ്യമാക്കുന്ന തിരക്കിലാണ്. അതിനിടയിലേക്കാണ് വര്‍ഗീയ സൃഗാല ബുദ്ധികള്‍ ഇടക്കിടെ വിഷംവമിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമൊക്കെയായി രംഗം കൈയ്യടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാമല്ലോ. കേരളത്തില്‍ അടുത്തകാലത്തുണ്ടായ ഹലാല്‍ വിവാദങ്ങള്‍ മുതല്‍ ലൗ ജിഹാദ് സ്റ്റോറികള്‍ വരെ അവശേഷിപ്പിക്കുന്നത് അപകടകരമായ ഈ വര്‍ഗീയ ധ്രുവീകരണത്തെ കുറിച്ചുള്ള അതിഗൗരവതരമായ ആശങ്കകളാണ്. മതം വിട്ടുവീഴ്ചയില്ലാതെ ഉള്‍ക്കൊള്ളുകയും കണിശതയോടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴും സഹജീവികള്‍ക്കും സഹോദര സമുദായങ്ങള്‍ക്കുമിടയില്‍ നമ്മുടെ നാടും നാട്ടുകാരും ഇക്കാലംവരെ അതിരുകെട്ടി വേര്‍ത്തിരിച്ചിരുന്നില്ല. ആരും ഇറക്കുമതി ചെയ്ത സെക്കുലര്‍ നിയാമക നിയന്ത്രണമല്ല; മതത്തിന്റെ അപ്പുറവും ഇപ്പുറവുമിരുന്ന് പാരസ്പര്യംകൊണ്ട് പരിരക്ഷ തീര്‍ത്തപ്പോള്‍ സ്വയം രൂപപ്പെട്ടുവന്ന സംസ്‌കാരമാണ് ഇവിടുത്തെ മതേതരത്വം (Secularism). അന്യോന്യം ആശ്രയിച്ചും പരസ്പരം പൂരിപ്പിച്ചും മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നു വന്നപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത സമഭാവനയുടെയും അടിത്തട്ടില്‍ ജീവിച്ചുണ്ടാക്കിയ അനുഭവത്തിന്റെയും പേരാണ് ഇവിടെയത്. കേരളത്തില്‍ ഇസ്‌ലാമികാഗമന കാലംമുതല്‍ തന്നെ ദൃശ്യമായതും ഇസ്‌ലാമിന്റെ വ്യാപനത്തിനു കാരണമായതും ഈ പാരസ്പര്യംതന്നെയായിരുന്നു. അതിനു തുടര്‍ച്ചയുണ്ടാകണം, പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചും തുടര്‍ച്ചയുണ്ടാക്കണം. വ്രതനാളുകളില്‍ മലപ്പുറം ജില്ലയില്‍ അമുസ്‌ലിം ജീവിതം ദുസ്സഹമായിത്തീരുന്നു എന്ന വര്‍ഗീയച്ചുവയുള്ള ആരോപണത്തിന് മുഖമടച്ച് മറുപടി കൊടുക്കുന്ന പ്രമുഖ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്റെ ഒരു വീഡിയോ ഇക്കഴിഞ്ഞ റമളാനില്‍ പുറത്തുകാണാനിടയായി. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച പ്രസ്തുത അഭിമുഖത്തില്‍ അദ്ദേഹം എന്നെ സംബന്ധിച്ച് ഞാന്‍ ഇസ്‌ലാമിക തത്വശാസ്ത്രങ്ങളൊന്നും ഖുര്‍ആന്‍ വായിച്ചു പഠിച്ചതല്ല. എന്റെ ചുറ്റും ജീവിച്ച സത്യസന്ധരായ മുസല്‍മാന്‍മാരുടെ ജീവിതം കണ്ടുകൊണ്ട് പഠിച്ചെടുത്തതാണ് (h-ttp-s://fbwatch/j-YYHHCPjwl/) എന്ന് പറഞ്ഞുവെക്കുമ്പോള്‍ ചെറുതല്ലാത്ത ഒരു ഉത്തരവാദിത്തത്തെയാണ് അത് നമ്മളിലേക്ക് പകരുന്നത്. ആ ഉത്തരവാദിത്തബോധത്തോട് നാം പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയായിരിക്കും ഇനിമേല്‍ നമ്മുടെ നാടിന്റെ ഭാവി തീരുമാനിക്കുക.

Other Post