Sunni Afkaar Weekly

Pages

Search

Search Previous Issue

ദേശീയ തലത്തിലേക്ക് പടരുന്ന സമസ്തയുടെ വൈജ്ഞാനിക വസന്തം

അബ്ദുസ്സലാം ബാഖവി വടക്കേക്കാട്
ദേശീയ തലത്തിലേക്ക്  പടരുന്ന സമസ്തയുടെ  വൈജ്ഞാനിക വസന്തം

ദേശീയ തലത്തിലേക്കുള്ള സമസ്തയുടെ പ്രവര്‍ത്തന വ്യാപനമെന്നത് ഉലമാഇന്റെ കാലങ്ങളായുള്ള പ്രശോഭിത സ്വപ്‌നങ്ങളാണ്. പ്രവര്‍ത്തന ഗോഥയില്‍ ഒമ്പതരപ്പതിറ്റാണ്ട് പിന്നിട്ട് നൂറ്റാണ്ടിന്റെ നിറവിലേക്ക് സമസ്ത നടന്നടുക്കുകയാണല്ലോ..! കഴിഞ്ഞ ഒമ്പതരപ്പതിറ്റാണ്ടിന്റെ ജൈത്രയാത്രക്കിടയില്‍ കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ വൈജ്ഞാനിക സാംസ്‌കാരിക രംഗങ്ങളില്‍ സമസ്ത സാധിപ്പിച്ചെടുത്ത സുകൃത മാതൃകകളുടെ ചെറിയൊരു അംശമെങ്കിലും കേരളേതര സംസ്ഥാനങ്ങളിലും നിര്‍മാണാത്മക മുന്നേറ്റങ്ങള്‍ നടത്തണമെന്ന അതിയായ അഭിലാഷത്തിന്റെ സാക്ഷാത്കാരമാണ് സമസ്ത നാഷനല്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ (SNEC). അറിവിന്‍താളുകളിലെ മുന്നേറ്റങ്ങളും വസന്തങ്ങളുമെല്ലാം സാമൂഹിക പ്രതാപത്തിന്റെ നിമിത്തങ്ങളാണ്. വിശിഷ്യാ, സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് സഞ്ചരിച്ച് നിമിഷ നേരംകൊണ്ട് വൈജ്ഞാനിക വിസ്‌ഫോടനം തീര്‍ക്കുന്ന വര്‍ത്തമാനകാല പരിസരത്ത് മതഭൗതിക വിഷയങ്ങളില്‍ അവഗാഹമുള്ള വൈജ്ഞാനിക കുലപതികളെ വാര്‍ത്തെടുക്കുക എന്നത് സാമുദായിക പുരോഗതിയുടെയും വൈയക്തിക മുന്നേറ്റത്തിന്റെയും സുകൃതവര്‍ത്തമാനങ്ങളായി പരിണമിച്ചിരിക്കുകയാണ്. പൂര്‍വ്വികര്‍ പകര്‍ന്നേകിയ പാരമ്പര്യത്തിന്റെ പഴമ കൈവിടാതെയുള്ള ആഴത്തിലിറങ്ങിയുള്ള മത വൈജ്ഞാനിക സന്നിവേശിപ്പിനൊപ്പം കാലോചിതമായ രീതിയിലുള്ള ഭൗതിക വിദ്യയും പകര്‍ന്നുനല്‍കി ഭൗതികമറിയുന്ന മതപണ്ഡിതരെ നിര്‍മ്മിച്ചെടുക്കുന്ന ശരീഅ: സ്ട്രീം, മതകീയ സംസ്‌കാരത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും തണലിലായി ഭൗതിക വൈജ്ഞാനിക വ്യവഹാരങ്ങളില്‍ മികവ് പുലര്‍ത്താനുതകുന്ന ലൈഫ് സ്ട്രീം, മതകീയ വിജ്ഞാനത്തിന്റെ അടിത്തറയിലൂന്നി പെണ്‍മക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കുന്ന ഷീ: സ്ട്രീം തുടങ്ങിയുള്ള സാമൂഹിക ജീവിതവ്യവഹാരത്തിന്റെ വ്യത്യസ്ത തലങ്ങളിലെല്ലാം SNECന്റെ വിദ്യയുടെ വെളിച്ചം വസന്തമായി പെയ്തിറങ്ങുകയാണ്. കേവലം, ഉപരിസൂചിത പ്രാരംഭ പ്രയാണത്തിലെ മൂന്ന് സ്ട്രീമുകളില്‍ മാത്രം പരിമിതപ്പെട്ടതല്ല. കേരളീയ പരിസരത്തെ അതികായന്മാരായ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ കൃത്യമായ മേല്‍നോട്ടത്തിലായി നടപ്പിലാക്കാനിരിക്കുന്ന വിശാലമായ പദ്ധതിയാണ് സമസ്ത നാഷനല്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. നാളിതുവരെയുള്ള കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ഉത്ഥാനത്തിന്റെ ഉത്തരമായ സമസ്തയുടെ പുതിയ ദേശീയ വൈജ്ഞാനിക സമ്പ്രദായങ്ങളുടെ സഞ്ചാര രീതിശ്രാസ്ത്രങ്ങളും വിശദമായ വിവരങ്ങളും കൃത്യമായി സാമൂഹിക മധ്യേയിലെത്തിക്കുകയും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ സമസ്തയുടെ തണലിലുള്ള ഇത്തരം വൈജ്ഞാനിക സമ്പ്രദായങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുകയും അടുപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രവര്‍ത്തകരുടെ പ്രാഥമിക ദൗത്യം. വൈജ്ഞാനിക രംഗത്തെ പുതുചരിത്രമായി പെയ്തിറങ്ങിയ സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. നിഷ്‌കളങ്ക പണ്ഡിത സാത്വികരുടെ വിശുദ്ധവും നന്മനിറഞ്ഞതുമായ നിയ്യത്തിലൂടെ ശിലപാകിയ ഈയൊരു വൈജ്ഞാനിക വിപ്ലവസംരംഭങ്ങളെ വിജയിപ്പിച്ചെടുക്കാനായുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അനിവാര്യമാണ്. പടച്ച റബ്ബ് നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വീകരിക്കട്ടെ, ആമീന്‍.

Other Post