Sunni Afkaar Weekly

Pages

Search

Search Previous Issue

നോമ്പിലൂടെ നേടുന്ന തഖ്വ

പി.എം.ആര്‍ മഞ്ചേരി
നോമ്പിലൂടെ  നേടുന്ന തഖ്വ

പരിശുദ്ധ ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ പ്രധാന കര്‍മമായ വ്രതത്തിന്റെ ലക്ഷ്യം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് തഖ്‌വ നേടിയെടുക്കലാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരുടെമേല്‍ നോമ്പ് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങളുടെ മേലിലും നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍വേണ്ടി. (ബഖറ: 183). ഇരുലോക വിജയത്തിന് പ്രധാനമായും ഉണ്ടാവേണ്ടത് തഖ് വയാണ്. കര്‍മ്മങ്ങളില്‍ തഖ്‌വയില്ലാത്തവ സ്വീകാര്യമെല്ലന്ന് തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു. തഖ്‌വ എന്നതിനെ സൂക്ഷ്മതപുലര്‍ത്തല്‍ എന്ന് സാമാന്യമായി മലയാളത്തില്‍ പറയാമെങ്കിലും അതിനാല്‍ വിവക്ഷിക്കുന്ന നിര്‍വചനം വിശാലാര്‍ത്ഥമുള്ളതാണ്. തഖ്‌വയുടെ ഒന്നിലേറെ നിര്‍വചനങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. ഇമാം ഖുശൈരി(റ)യുടെ രിസാലയില്‍ പണ്ഡിതന്മാര്‍ തഖ്‌വക്ക് നല്‍കിയ നിര്‍വചനങ്ങള്‍ മഹാന്‍ കൊണ്ടുവരുന്നുണ്ട്. വിശ്വാസത്തിന്റെ ദൃഢതക്കനുസരിച്ച് തഖ്‌വയുടെ നിര്‍വചനങ്ങള്‍ മാറുന്നതിനാലാണ് പണ്ഡിതര്‍ക്ക് പല അഭിപ്രായങ്ങള്‍ വന്നതെന്ന് കാണാന്‍കഴിയും. അല്ലാഹു കല്‍പ്പിച്ചവ എടുക്കുകയും വിരോധിച്ചവ വെടിയുകയും പൂര്‍ണമായി സ്രഷ്ടാവിനു വഴിപ്പെട്ടവനായി ജീവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് തഖ്‌വ എന്ന് എല്ലാ മഹത്തുക്കളും സമ്മതിക്കുന്നുണ്ട്. മഹത്തുക്കള്‍ തഖ്‌വക്കു നല്‍കിയ എല്ലാ അര്‍ത്ഥങ്ങളും കൂടുതല്‍ സാധ്യമാകുന്ന കര്‍മം കൂടിയാണ് റമളാനിലെ വ്രതമെന്നു മനസ്സിലാക്കാന്‍ കഴിയും. ഇതര കര്‍മങ്ങളില്‍നിന്നും വ്രതം വ്യത്യസ്തമാകുന്നതും അതിന്റെ നിര്‍വഹണരീതിയും രൂപവും പ്രത്യേക സ്വഭാവത്തിലാകുന്നതും തഖ്‌വക്ക് കൂടുതല്‍ പ്രാധാന്യവും ആവശ്യവും വരുന്നതായി ബോധ്യപ്പെടുന്നതാണ്. അതുകൂടി പരിഗണിച്ചാവണം വിശുദ്ധ ഖുര്‍ആന്‍ നോമ്പിന്റെ നിര്‍ബന്ധംപറഞ്ഞിടത്തുതന്നെ അതിനാല്‍ ഉണ്ടാവേണ്ടത് തഖ്‌വയാണെന്ന് ചേര്‍ത്തു പറഞ്ഞത്. ഇസ്‌ലാമിലെ വ്രതമല്ലാത്ത എല്ലാ കര്‍മ്മങ്ങളുടെയും രീതിയും ചെയ്യാനുള്ള സമയവും ലളിതവും പരിമിത സമയവുമാണ്. എന്നാല്‍, നോമ്പിന്റെ സമയം ഇതില്‍നിന്നും പൂര്‍ണമായും വ്യത്യാസപ്പെടുന്നുണ്ട്. ഒരു പകല്‍ മുഴുവനുമാണ് വ്രതത്തിനു കണക്കാക്കിയ സമയം. അതിന്റെ ഉള്ളില്‍ നിബന്ധനക്ക് എതിരായ വല്ലതുമുണ്ടായാല്‍ അതോടെ വ്രതം മുറിയുന്നതാണ്. മനുഷ്യന്റെ സ്വാഭാവികജീവിതത്തില്‍ അനുവദനീയമായ പലതുമാണ് വ്രതത്തിന്റെ പകലില്‍ വെടിയാന്‍ ഇസ് ലാം കല്‍പ്പിക്കുന്നത്. അതില്‍ മനുഷ്യാവയവങ്ങളെ വരെ ബാധിക്കുന്നവയുണ്ട്. മുമ്പ് സൂചിപ്പിച്ചപോലെ വിശ്വാസത്തിന്റെ ശക്തിക്കനുസരിച്ച് തഖ്‌വയില്‍ വരുന്ന ഉയര്‍ച്ച നോമ്പുകാരന്റെ ആട്ട-അനക്കങ്ങളില്‍പോലും ശ്രദ്ധ വരേണ്ടതായ തഖ്‌വയും ഈ പകല്‍ സമയത്ത് ഉണ്ടാവേണ്ടതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. മനുഷ്യന്റെ സംസാരത്തിനും കേള്‍വിക്കും കാഴ്ച്ചക്കും ചിന്തക്ക് പോലും വ്രതം കാരണം ഉയര്‍ന്ന തഖ്‌വയില്‍ ശ്രദ്ധ അനിവാര്യമാകുന്നുണ്ട്. വ്രതത്തിന്റെ രീതി ചിന്തിച്ചാല്‍ വിശ്വാസിക്ക് ആരാധനാപൂര്‍ണ ജീവിതം നയിക്കാന്‍ കൂടുതല്‍ സാധ്യമാകുന്ന കര്‍മവും വ്രതമാണെന്നു ബോധ്യപ്പെടും. പകലിന്റെ ആരംഭംമുതല്‍ അസ്തമയം വരെയും അവന്‍ ഇബാദത്തിലാണ്. ഓരോ സെക്കന്റും ആ ബോധം അവനില്‍ നിറഞ്ഞുനില്‍ക്കുന്നു. കേവല ഭക്ഷണപാനീയങ്ങള്‍ വെടിയുന്നതിനപ്പുറം തന്നെക്കുറിച്ച് പൂര്‍ണ ബോധത്തോടെയാണ് വ്രതമെടുത്തവന്‍ ജീവിക്കുക. അതത്രയും അവനെ ആരാധനാ ജീവിതത്തിന്റെ ഉടമയാക്കുന്നുണ്ട്. തഖ്‌വയിലധിഷ്ടിതമായ ജീവിതത്തിന്റെ പരിശീലനം അതിലൂടെ നേടിയെടുക്കുകയാണ് വിശ്വാസി. വ്രതകാലം കഴിഞ്ഞാലും പൂര്‍ണ സൂക്ഷ്മാലുവായി ജീവിക്കാന്‍ അത് അവനെ പാകപ്പെടുത്തിയിട്ടുണ്ടാകും. ഈ പാകപ്പെടുത്തലിലേക്ക് സൂചിപ്പിക്കുന്ന തഖ്‌വയുടെ മൂന്നു ഘട്ടങ്ങളെ ഇമാം ഇസ്സുബ്‌നു അബ്ദിസ്സലാം(റ) വിവരിക്കുന്നുണ്ട്. ഒന്ന്, നന്മയില്‍ മാത്രമായി ജീവിക്കുന്ന ഒരാള്‍ അറിയാതെ വന്നുപോകുന്ന ചെറുദോഷങ്ങള്‍ തന്റെ തഖ്‌വയിലൂടെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നു. രണ്ട്, തിന്മകളോട് ഇണങ്ങിച്ചേര്‍ന്ന ഒരാള്‍ അതില്‍നിന്ന് അകലാനും പൈശാചിക പ്രേരണകളോട് പോരാടാനും നടത്തുന്ന തഖ്‌വ. മൂന്ന്, എല്ലാവിധ തിന്മകളും വരിഞ്ഞുമുറുക്കിയവന്‍. അവന്‍ ആരാധനകളില്‍ മാത്രം കഴിഞ്ഞുകൂടി തിന്മകളില്‍നിന്ന് അകലാന്‍ ശ്രമിക്കുന്ന തഖ്‌വ. മഹാന്‍ വിവരിച്ച തഖ്‌വയുടെ ഈ മൂന്നു ഘട്ടങ്ങളെയും വ്രതത്തിലൂടെ നേടിയെടുക്കുക സാധ്യമാണ്. തഖ്‌വ വളര്‍ത്തിയെടുക്കാന്‍ മഹത്തുക്കള്‍ പറഞ്ഞ മാര്‍ഗങ്ങള്‍ വ്രതത്തില്‍ പൂര്‍ണമായി വരുന്നുണ്ട്. ജീവിതം പൂര്‍ണമായും അല്ലാഹുവിനു സമര്‍പ്പിക്കുകയും തന്നെ എല്ലായ്‌പ്പോഴും അവന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യമുണ്ടാവുകയും ചെയ്യുക എന്നതാണ് അതില്‍ പ്രധാനമായ ഒന്ന്. വ്രതമെടുത്തവന്‍ നോമ്പിന് വിരുദ്ധമാകുന്ന ഒന്നും ചെയ്യാതിരിക്കുന്നത് അല്ലാഹുവിനെ ഭയന്നതുകൊണ്ട് മാത്രമാണ്. ഇതരരുടെ അസാന്നിധ്യത്തില്‍ വ്രതവിരുദ്ധമായവ ചെയ്യാന്‍ അവന് അവസരമുണ്ട്. പക്ഷേ, അതിലേക്ക് മുതിരാതെ അല്ലാഹുവിനു വേണ്ടി എല്ലാം വെടിഞ്ഞുനില്‍ക്കുന്നതിലൂടെ വിശ്വാസി ചെയ്യുന്ന തഖ്‌വ ഇതര മാസങ്ങളില്‍ തിന്മകള്‍ വെടിയുന്നതിലേക്കും പരിശീലനമാണ്. അതിലൂടെ പൂര്‍ണ തഖ്‌വ നേടിയെടുത്ത ജീവിതം നയിക്കാന്‍ അവനു പരിശീലനം സിദ്ധിക്കുന്നു. വ്രതത്തിലൂടെ മനുഷ്യന്റെ ശാരീരിക വികാരങ്ങള്‍ക്ക് നിയന്ത്രണംവരും. അതിലൂടെ അനാവശ്യ ചിന്തകളിലേക്ക് അവന്‍ പോകില്ല. അതുകൊണ്ടാണ് വിവാഹത്തോട് താല്‍പര്യമില്ലാത്തവന് വ്രതമെടുത്ത് വികാരശമനം നേടാന്‍ തിരുനബി(സ്വ) പഠിപ്പിച്ചത്. തഖ്‌വ വളര്‍ത്തിയെടുക്കാന്‍ മഹത്തുക്കള്‍ പറഞ്ഞ രണ്ടാമത്തെ കാര്യവും വ്രതത്തിലൂടെ ലഭിക്കുന്നുണ്ട്. അമിത ഭക്ഷണവും വെള്ളവുമാണ് മനുഷ്യനെ മതിമറന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. തഖ്‌വ ഉദ്ദേശിക്കുന്നവന്‍ ഭക്ഷണപാനീയങ്ങളിലെ നിയന്ത്രണം അനിവാര്യമാണെന്ന് മഹത്തുക്കള്‍ നിര്‍ദേശിക്കുന്നുണ്ട്. മൂന്നാമത്തെ ഈ വസ്തുതയും വ്രതത്തിലൂടെ ലഭ്യമാണ്. തഖ്‌വ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവന്‍ ആദ്യം ജീവിതം ചിട്ടപ്പെടുത്തണമെന്ന് പറയപ്പെട്ടിട്ടുണ്ട്. റമളാനിലെ വ്രതമെടുക്കുന്നവനില്‍ ജീവിതചിട്ടയെന്നുള്ളതും രൂപപ്പെടുമല്ലോ. അഥവാ, ഈ നാലാമത്തെ കാര്യവും റമളാന്‍ മാസത്തിലൂടെ ലഭിക്കുന്നുണ്ട്. ചുരുക്കത്തില്‍, പരിശുദ്ധ റമളാനിലെ വ്രതത്തിലൂടെ, വിശ്വാസിക്ക് അനിവാര്യമായ തഖ്‌വ കൈവരിക്കാന്‍ എല്ലാവിധ സാധ്യതകളും ലഭ്യമാകുന്നുണ്ട്. ആ സൗകര്യങ്ങളെ പൂര്‍ണതയില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ തഖ്‌വ നേടിയെടുക്കുകയും ആ സമ്പാദ്യത്തിലൂടെ സകല നേട്ടങ്ങളും പരലോകത്ത് കരസ്ഥമാക്കുകയും ചെയ്യാന്‍ റമളാന്‍ വലിയ അവസരമാണ്. റമളാനിലെ റഹ്മത്ത്, മഗ്ഫിറത്ത്, ഇത്ഖുംമിനന്നാര്‍ എന്നിങ്ങനെ മൂന്നു പത്തുകളായി നബി(സ്വ) വിഭജിച്ചു. അവയത്രയും നേടിയെടുക്കാനും തഖ്‌വ മുഖ്യഘടകമാണ്. ഓരോ പത്തിലും കരസ്ഥമാക്കേണ്ടവ തഖ്‌വയോടെ ചൊദിച്ചുവാങ്ങുന്നവനേ ലഭ്യമാവുകയുള്ളൂ. റമളാനിലെ ഖുര്‍ആന്‍ പാരായണം, തറാവീഹ് നിസ്‌കാരം, നോമ്പുതുറ, ദാനധര്‍മങ്ങള്‍ തുടങ്ങിയുള്ള സകല സല്‍കര്‍മങ്ങളും ആത്മീയമായ വളര്‍ച്ചക്ക് ഉപകരിക്കാനും പൂര്‍ണ പ്രതിഫലത്തിനു വിധേയമാക്കാനും സമ്പൂര്‍ണ തഖ്‌വ അനിവാര്യമാണെന്നകാര്യം മറക്കാതിരിക്കുക.

Other Post