ഏലസുംകെട്ടി നടന്നുപോയ മമ്മുട്ടി ഹാജി
പ്രമുഖ സുഫീ പണ്ഡിതനും സാഹിദുമാണ് ചെമ്പ്ര പോക്കര്‍ മുസലിയാര്‍. അനേകം കറാമത്തുകള്‍ കൊണ്ടും അഗാധമായ ജ്ഞാനസമ്പന്നതകൊണ്ടും പ്രശസ്തമായ ദര്‍സ് കൊണ്ടും കേളികേട്ട പോക്കര്‍ മുസ്‌ലിയാര്‍ 20ാം നൂറ്റാണ്ടിലെ അഗ്രേസരരായ ഉലമാക്കളില്‍ പ്രധാനിയാണ്. മലപ്പുറം ജില്ലയിലെ വൈലത്തൂര്‍ സ്വദേശിയായിരുന്ന പോക്കര്‍ മുസ്‌ലിയാര്‍ തിരൂര്‍ ചെമ്പ്ര ജുമാമസ്ജിദിലായിരുന്നു ദര്‍സ് നടത്തിയിരുന്നത്. മൂന്നു പതിറ്റാണ്ടിലധികം ച്രെമ്പയില്‍ ദര്‍സ് നടത്തിയതിനാല്‍ ചെമ്പ്ര പോക്കര്‍ മുസ്‌ലിയാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. വലിയ കിത്താബ് ശേഖരം ഉണ്ടായിരുന്ന മഹാന്‍ കിതാബുകള്‍ കൊണ്ടുവരുന്നതിനായി തന്റെ മുരീദന്മാരില്‍ ചിലരെ പല രാജ്യങ്ങളിലേക്കും പറഞ്ഞയച്ചിരുന്നു. യാത്രാവേളകളില്‍ മറ്റു പ്രയാസങ്ങള്‍ ഇല്ലാതിരിക്കാന്‍ അവര്‍ക്കെല്ലാം പോക്കര്‍ മുസ്‌ലിയാര്‍ നൂലും ഏലസ്സുമൊക്കെ മന്ത്രിച്ചുകൊടുത്തിരുന്നു. പോക്കര്‍ മുസ്‌ലിയാരുടെ പ്രധാന സേവകനും മുരീദുമായിരുന്നു ചെമ്പ്ര സ്വദേശിയും നാട്ടുപ്രമാണിയുമായിരുന്ന വടക്കേനിയേടത്ത് മമ്മുട്ടി ഹാജി. അദ്ദേഹം നിരവധി തവണ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചിട്ടുണ്ട്. അതിലധികവും കാല്‍നട യാത്രയായിട്ടാണ് നിര്‍വഹിച്ചത്. ഒന്നും രണ്ടും വര്‍ഷമെടുത്തായിരുന്നു അദ്ദേഹം മക്കയിലെത്തിയിരുന്നത്. യാത്രക്കിടയില്‍ പല സ്ഥലങ്ങളിലും താമസിച്ചും അവിടങ്ങളിലെ ഇസ്‌ലാമിക ചലനങ്ങള്‍ മനസ്സിലാക്കിയും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ സന്ദര്‍ശിച്ചുമായിരുന്നു യാത്ര. അവിടങ്ങളില്‍നിന്നെല്ലാം പോക്കര്‍ മുസ്‌ലിയാര്‍ക്കായി അദ്ദേഹം വലിയ കിതാബുകള്‍ വിലകൊടുത്തു വാങ്ങിയിരുന്നു. അക്കാലത്ത് കൊള്ളക്കാരുടെ ആക്രമണംകാരണം യാത്ര ദുഷ്‌കരമായിരുന്നെങ്കിലും ഹാജിക്ക് അത്തരത്തിലുള്ള പ്രയാസങ്ങളൊന്നും നേരിടേണ്ടിവന്നില്ല. കാരണം, തന്റെ വഴികാട്ടിയും ശൈഖുമായ പോക്കര്‍ മുസ്‌ലിയാരെ സമീപിച്ച് അദ്ദേഹം യാത്രയില്‍ പ്രയാസങ്ങളില്ലാതിരിക്കാന്‍ ദുആ ചെയ്യിപ്പിക്കുമായിരുന്നു. ഒരു ഹജ്ജ് യാത്രാവേളയില്‍ പോക്കര്‍ മുസ്‌ലിയാര്‍ സാധാരണയില്‍കവിഞ്ഞ വലിപ്പത്തിലുള്ള ഒരു ഏലസ്സ് തയ്യാറാക്കി മമ്മുട്ടി ഹാജിക്കു നല്‍കി. പ്രസ്തുത ഏലസ്സ് മരണംവരെ ഹാജി ശരീരത്തില്‍ അണിഞ്ഞിരുന്നു. മക്കയില്‍നിന്നും മദീനയിലേക്കുള്ള യാത്രയില്‍ ഹാജിയെ കൊള്ളസംഘം തടഞ്ഞുനിര്‍ത്തി. ശരീരത്തില്‍ പരിശോധിക്കുന്നതിനിടയില്‍ പോക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ ഏലസ്സ് കൊള്ളക്കാരന്റെ കയ്യില്‍ തട്ടി. എത്ര ശ്രമിച്ചിട്ടും കൊള്ളക്കാരന് കയ്യെടുക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഹാജിയോട് മാപ്പ് പറയുകയും അവരുടെ കുതിരപ്പുറത്തു കയറ്റി ഹാജിയെ മദീനയിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഹാജി പല യാത്രകളും കാല്‍നടയായും കപ്പല്‍ വഴിയുമായുമൊക്കെ നടത്തിയിട്ടുണ്ട്.