Sunni Afkaar Weekly

Pages

Search

Search Previous Issue

നോമ്പ് അര്‍ത്ഥമാക്കുന്ന ആശയവും ആത്മാവും

മുആവിയ മുഹമ്മദ് ഫൈസി
നോമ്പ് അര്‍ത്ഥമാക്കുന്ന  ആശയവും ആത്മാവും

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളി ല്‍ നാലാമത്തേതും ഹിജ്‌റ രണ്ടാംവര്‍ഷം ശഅ്ബാന്‍ മാസത്തില്‍ ഫര്‍ളാക്കപ്പെട്ടതുമായ ആരാധനയാണ് നോമ്പ്.ഓ... സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെമേലിലും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി.' (അല്‍ബഖറ: 183) എന്നാണ് നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പരിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം. നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയവരുടെമേല്‍ നിര്‍ബന്ധമാക്കപ്പെട്ടതു പോലെ എന്ന പ്രയോഗം ആദംനബി(അ) മുതലുള്ള മനുഷ്യസൂഹങ്ങള്‍ക്കെല്ലാം നോമ്പ് നിര്‍ബന്ധമായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത് എന്ന് പ്രധാന തഫ്‌സീര്‍ ഗ്രന്ഥങ്ങളെല്ലാം പറഞ്ഞുവെക്കുന്നുണ്ട്. ഇന്നു നിലവിലുള്ള മതസമൂഹങ്ങളൊക്കെയും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നോമ്പനുഷ്ഠിക്കുന്നവരാണ്. അവയെല്ലാം ഒരു പക്ഷേ, ആ മുന്‍കാല രീതികളുടെ വികലമോ വ്യത്യസ്തമോ ആയ തുടര്‍ച്ചകളായിരിക്കാം. എല്ലാം വര്‍ജ്ജിക്കുന്ന നോമ്പുകളും മാംസ-മത്സ്യാദികള്‍ മാത്രം വര്‍ജ്ജിക്കുന്ന നോമ്പുരീതികളും അവയിലുണ്ട്. ക്രിസ്തു മതത്തില്‍ ഒരു മാസം ദൈര്‍ഘ്യമുള്ള നോമ്പ് നിര്‍ബന്ധമായിരുന്നുവെന്നും പിന്നീടത് കാലാവസ്ഥക്കനുയോജ്യമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്തതിന്റെ ഫലമായി കൃത്യമായി നോമ്പനുഷ്ഠിക്കുന്ന പതിവ് ഇല്ലാതായെന്നും ചരിത്രത്തില്‍നിന്നു മനസ്സിലാക്കാം. ജൂതന്മാര്‍ക്കിടയിലും വിവിധ രൂപങ്ങളില്‍ നോമ്പ് നിലനില്‍ക്കുന്നുണ്ട്. 25 മണിക്കൂര്‍നേരം നീണ്ടുനില്‍ക്കുന്ന കഠിനവ്രതം മുതല്‍ പല സന്ദര്‍ഭങ്ങളിലായി പൂര്‍ത്തീകരിക്കാന്‍പറ്റുന്ന ലളിതവ്രതം വരെ അവര്‍ ആചരിച്ചുപോരുന്നുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള നോമ്പ്നമുക്ക് പരിചിതമാണ്. ശബരിമലയില്‍ പോക്ക് ഉള്‍പ്പെടെയുള്ള ചില പ്രത്യേക ആചാരങ്ങളുടെ ഭാഗമായും ഋതുഭേദങ്ങളുടെ ഭാഗമായും അവര്‍ നോമ്പെടുക്കാറുണ്ട്. മത്സ്യ-മാംസാദികള്‍ ഒഴിവാക്കുന്നതും ചെരിപ്പ് പോലും ധരിക്കാതെ കറുത്ത വേഷം മാത്രം ഉപയോഗിക്കുന്നതും അവരുടെ വ്രതാചരണത്തിന്റെ ഭാഗമാണ്. ഇസ്‌ലാമില്‍ പ്രഭാതം മുതല്‍ പ്രദോഷംവരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് സൂക്ഷിച്ചുനില്‍ക്കുന്നതിനാണ് സൗം അഥവാ നോമ്പ് എന്നുപറയുക. പിടിച്ചുനില്‍ക്കുക എന്നാണ് അറബിയില്‍ സൗം എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം. ശഅ്ബാന്‍ 30 പൂര്‍ത്തിയാവല്‍ കൊണ്ടോ 29ന് മാസദര്‍ശനം ഉണ്ടാകല്‍കൊണ്ടോ പ്രായപൂര്‍ത്തിയും ശുദ്ധിയും ബുദ്ധിയും ശാരീരികശേഷിയുമുള്ള എല്ലാവര്‍ക്കും (സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ)നോമ്പ് നിര്‍ബന്ധമാകും. നോമ്പിന് രണ്ടു ഫര്‍ളുകളുണ്ട്. ഒന്ന് നിയ്യത്ത്, രണ്ട് നോമ്പ് മുറിയുന്ന കാര്യങ്ങളെ സൂക്ഷിക്കല്‍. (1) നിയ്യത്ത്- കരുതുക എന്നാണ് നിയ്യത്ത് എന്ന വാക്കിന്റെ അര്‍ത്ഥം. ഈ കൊല്ലത്തെ അദാആയ ഫര്‍ളായ റമളാനിലെ നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി നോറ്റുവീട്ടുവാന്‍ ഞാന്‍ കരുതി’-ഇതാണ് നിയ്യത്തിന്റെ പൂര്‍ണ രൂപം. നിയ്യത്ത് മനസ്സില്‍ ഉറപ്പിച്ച് കരുതല്‍ നിര്‍ബന്ധവും നാവുകൊണ്ട് ഉച്ചരിക്കല്‍ സുന്നത്തുമാണ്. മനസ്സില്‍ കരുതാതെ നാവു കൊണ്ട് ഉച്ചരിച്ചതുകൊണ്ട് മാത്രം നിയ്യത്ത് സ്വഹീഹാവുകയില്ല. ഓരോ ദിവസത്തെ നോമ്പിനും വെവ്വേറെ നിയ്യത്ത് ചെയ്യണം. സൂര്യന്‍ അസ്തമിച്ചതു മുതല്‍ സുബ്ഹി വരെയാണ് നിയ്യത്ത് ചെയ്യേണ്ട സമയം. (2) നോമ്പു മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കുക. സംയോഗം ചെയ്യുക, ഇന്ദ്രിയം സ്ഖലിപ്പിക്കുക, ഉണ്ടാക്കി ഛര്‍ദ്ദിക്കുക, തടിയുള്ള വല്ലതും ഉള്ളിലേക്കു ചേരുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് നോമ്പ് മുറിയും. നോമ്പുകാരനാണെന്ന ബോധവും നിഷിദ്ധമാണെന്ന അറിവുമുള്ളതോടെ കരുതിക്കൂട്ടി ഛര്‍ദ്ദി ഉണ്ടാക്കിയാലും നോമ്പ് മുറിയും. ഇപ്രകാരം, പ്രഭാതം മുതല്‍ പ്രദോഷംവരെ അന്നപാനീയങ്ങളുപേക്ഷിച്ച് ഭോഗ-ഭോജനാദികളില്‍ നിന്നു മാറിനില്‍ക്കലാണ് ഇസ്‌ലാമിലെ നോമ്പിന്റെ ബാഹ്യവിവക്ഷ. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി എന്ന ലക്ഷ്യനിര്‍ണയമാണ് അതിന്റെ ആന്തരിക സത്ത. അതേപ്പറ്റി ഇമാം ഗസ്സാലി(റ) ഓര്‍മ്മപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'ആറു കാര്യങ്ങളിലൂടെയാണ് സജ്ജനങ്ങളുടെ നോമ്പിന്റെ പൂര്‍ണത. കണ്ണു ചിമ്മിക്കളയുകയും ഇസ്‌ലാമികമായി വിലക്കുള്ളതിലേക്കും ഇലാഹീ സ്മരണ ഇല്ലാതാക്കി ഭൗതിക താത്പര്യം ജനിപ്പിക്കുന്നതിലേക്കും അതുകൊണ്ട് നോക്കാതിരിക്കുകയും ചെയ്യലാണ് അതിലൊന്ന്.' തര്‍ക്കം, പാങ്ങച്ചം, വെറുപ്പ് പ്രകടിപ്പിക്കല്‍, തെമ്മാടിത്തം, ഏഷണി, പരദൂഷണം, കളവ്, അസത്യം പറയല്‍ എന്നിവയില്‍നിന്നു നാവിനെ സൂക്ഷിക്കലും, മൗനിയായും ദിക്‌റിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിച്ചുകൂട്ടലുമാണ് രണ്ടാമത്തേത്. അനഭിലഷണീയമായ കാര്യങ്ങളില്‍നിന്ന് കാതുകളെ തടയലാണ് മൂന്നാമത്തേത്. കൈകാലുകള്‍ ഉള്‍പ്പെടെയുള്ള മറ്റു അവയവങ്ങളെ തെറ്റുകളില്‍നിന്ന് തടയലും നോമ്പുതുറക്കുന്ന നേരത്ത് അനുവദനീയമെന്നുറപ്പില്ലാത്ത ഭക്ഷ്യവസ്തുക്കളില്‍നിന്ന് വയറിനെ സംരക്ഷിക്കലുമാണ് നാലാമത്തേത്. ഹലാലെന്നുറപ്പുള്ള ഭക്ഷണംതന്നെ വയറ് നിറഞ്ഞ് കവിയുവോളം കഴിക്കാതിരിക്കുകയാണ് അഞ്ചാമതായി വേണ്ടത്. ആറാമതായി നോമ്പുതുറക്കുന്ന വേളയില്‍ മനസ്സ് പേടിയും പ്രതീക്ഷയും കലര്‍ന്ന നിലയില്‍ അസ്വസ്ഥമായിരിക്കണമെന്നാണ്; കാരണം, അവനറിയില്ലല്ലോ അവന്റെ നോമ്പ് അല്ലാഹു സ്വീകരിക്കുമോ അതോ തിരസ്‌കരിക്കുമോ എന്ന്. (ഇഹ്‌യാ: 1457) പട്ടിണി പാവനവൃത്തിയായി മാറുന്നതിന്റെ പൊരുളാണ് ഇവിടെ അനാവൃതമാകുന്നത്. ഇതുസംബന്ധമായി അല്ലാമാ ശഅ്‌റാവി(റ)യുടെ ഒരു നിരീക്ഷണം ഇപ്രകാരം കാണാം: 'ജനങ്ങള്‍ തസ്ബീഹ് കൊണ്ടും ഖുര്‍ആന്‍കൊണ്ടും വ്രതമാസത്തെ വരവേല്‍ക്കുകയും അതു തീരുന്നതോടുകൂടി അവരതെല്ലാം കയ്യൊഴിയുകയും ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറില്ലേ. നമ്മുടെ മത സ്വത്വത്തിനു കാവല്‍നില്‍ക്കുകയോ കൊല്ലം മുഴുവന്‍ സംശുദ്ധ ജീവിതം നയിക്കാനായി നമ്മെ പാകപ്പെടുത്തുകയോ ചെയ്യുകയല്ലേ റമളാന്‍.'”(തഫ്‌സീര്‍ ശഅ്‌റാവി) ഇത്തരുണത്തില്‍, ആത്മാവും ശരീരവും ഒരുപോലെ പങ്കുചേരുന്ന വ്രതവിശുദ്ധിയാണ് മതം വിഭാവനചെയ്യുന്നത്. വ്രതകല്പനയിലെ യാ.. അയ്യുഹല്ലദീന ആമനൂ’എന്ന വിളിയുടെ വിശ്വാസഭൂമിക അതാണ്. ഈമാന്‍ കാര്യങ്ങളില്‍ ആറെണ്ണത്തിലും വിശ്വസിച്ചവരേ എന്നര്‍ത്ഥം. അഥവാ അല്ലാഹു, മലക്കുകള്‍, കിതാബുകള്‍, ഖിയാമം, പരലോകം, വിധിവിശ്വാസം തുടങ്ങിയവയില്‍ വിശ്വസിച്ചവരേ നിങ്ങളുടെമേല്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍! അപ്പോള്‍ ഈമാനുള്ളവരുടെ വ്രതംആറു കാര്യങ്ങളോട്ബന്ധപ്പെട്ടു കിടക്കുന്നതായിരിക്കണം. 1. അല്ലാഹുവിലുള്ള വിശ്വാസത്തെ വിമലീകരിക്കുന്ന വ്രതം. 2. മലക്കുകളുടെ സാന്നിധ്യബോധമുള്ള വ്രതം. 3. കിതാബുകള്‍/ഖുര്‍ആന്‍ പ്രകാരമുള്ള ഫലങ്ങളെ തേടുന്ന വ്രതം. 4. അവസാന നാളില്‍ കാവലാകുമെന്നത് ഉറപ്പുള്ളതിനാല്‍ സജീവമാകുന്ന വ്രതം. 5. പരലോക പ്രയാസങ്ങളില്‍നിന്നും വിമോചനം പ്രതീക്ഷിച്ചും ഉറപ്പിച്ചും ശക്തമാകുന്ന വ്രതം. 6. നന്മകളും അതിനെ നഷ്ടപ്പെടുത്തുന്ന തിന്മകളില്‍നിന്നുള്ള സംരക്ഷണവും അല്ലാഹുവിനോട് മാത്രം ചോദിച്ചുകൊണ്ടുള്ള വ്രതം. ഈമാനികമായ വ്രതാനുഷ്ഠാനം ഇങ്ങനെ ആറു വിശ്വാസ മാനങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഈയൊരു വിഭാഗത്തിനു നോമ്പ് ആചാരപരമല്ല. ചെറിയ അനുഷ്ഠാനങ്ങളിലും വലിയ വിശ്വാസ ദാര്‍ഢ്യതയെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മതാചരണമാണ്. മറ്റ് ആരാധനകളില്‍നിന്ന് വ്യത്യസ്തമായി ജനദൃഷ്ടിയില്‍ പെടാതെ രഹസ്യമായി നിര്‍വഹിക്കാനാവുമെന്ന ഒരു പ്രത്യേകതകൂടിയുണ്ട് നോമ്പിന്. അതുകൊണ്ടുതന്നെ അത്യുന്നത പദവിയും എണ്ണമറ്റ പ്രതിഫലവുമാണ് നോമ്പുകാരന് അല്ലാഹു നല്‍കുന്നത്. 'നോമ്പ് എനിക്കുള്ളതാണ്, അതിനു ഞാനാണ് പ്രതിഫലം നല്‍കുക.' (ബുഖാരി) എന്നാണ് അല്ലാഹുവിന്റെ പ്രഖ്യാപനം. നബി(സ്വ) പറയുകയുണ്ടായി: 'യഥാര്‍ത്ഥ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ഒരാള്‍ റമളാനിലെ നോമ്പനുഷ്ഠിച്ചാല്‍ അവനില്‍ വന്നുപോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടും.' (ബുഖാരി, മുസ്‌ലിം) അവിടുന്ന് അരുളി: 'തീര്‍ച്ചയായും സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കും, മറ്റാരും ആ കവാടത്തിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെ എന്ന വിളിയാളം ഉണ്ടാകും. അവര്‍ പ്രവേശിച്ചാല്‍ ആ കവാടം അടക്കപ്പെടും.' (ബുഖാരി, മുസ്‌ലിം) പ്രകടനപരതക്കും സാമുദായിക ഗതിഗമനങ്ങള്‍ക്കുമപ്പുറം ആത്മാവില്‍തൊട്ട ആരാധനാരീതികള്‍ക്കും അനുഷ്ഠാന കര്‍മങ്ങള്‍ക്കും വ്യക്തിജീവിതത്തില്‍ ഇടംനല്‍കാന്‍ കഴിയുമ്പോള്‍ മാത്രമേ ഇത്തരം പ്രതിഫലങ്ങള്‍ക്കു നാം അര്‍ഹരായിത്തീരുകയുള്ളൂ. അതിനു വലിയ ത്യാഗംതന്നെ വേണ്ടിവരും, പുതിയ കാലത്ത്. നിലവിലെ നമ്മുടെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രത്യേകിച്ചും. അല്ലാഹു അനുഗ്രഹിക്കട്ടെ.

Other Post