ആശയും പ്രതീക്ഷയും

അടിമ വിജയിക്കണമെന്നും ഉന്നതി പ്രാപിക്കണമെന്നും ആഗ്രഹിക്കുന്ന ഉടമയായ അല്ലാഹു അതിനാവശ്യമായ അവസരങ്ങളും ഏറെയേറെ സാഹചര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. ഇത് സത്യവും അനുഭവവുമാണ്. അല്ലാഹു അടിമയോട് കാണിക്കുന്ന കാരുണ്യം നാം മനസ്സിലാക്കുകയാണെങ്കില്‍ അതിശയിച്ചുപോകും. ദിവസത്തില്‍ പ്രത്യേക പ്രാധാന്യ സമയവും ആഴ്ച്ചയില്‍ സവിശേഷമായ രാവും പകലും മാസങ്ങളില്‍ മികവും തികവും ഏറിയ മാസവും അല്ലാഹു സംവിധാനിച്ചു. സ്ഥലങ്ങള്‍ക്കും അങ്ങനെ മറ്റുള്ളതിനേക്കാള്‍ ചിലതിന് പ്രാധാന്യം നല്‍കി. ഇതൊക്കെയും സൂചിപ്പിക്കുന്നത് അടിമയോട് ഉടമയായ അല്ലാഹുവിനുള്ള സ്‌നേഹവും താല്‍പര്യവുമാണ്. ഈ സമയവും സ്ഥലവും സുകൃതങ്ങള്‍ ചെയത് ഉപയോഗപ്പെടുത്തിയാല്‍ നേട്ടവും വിജയവും അടിമക്കു തന്നെ. അതാണ് അല്ലാഹുവിന്റെ ലക്ഷ്യവും. എങ്ങനെയെങ്കിലും മനുഷ്യന്‍ രക്ഷപ്പെടണമെന്ന് അല്ലാഹു അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് ഇവിടെ വൃക്തമായി. റമളാന്‍ കാലവും അങ്ങനെയുള്ള അമൂല്യ അവസരമാണ്. രണ്ടുമാസം മുമ്പേ വരവ് അറിയിച്ച് ഒരുക്കങ്ങള്‍ നടത്തി സ്വീകരിച്ചതാണ് ഈ പുണ്യമാസത്തെ. ഏറെ പ്രതീക്ഷയും ഊര്‍ജ്ജവും പകര്‍ന്നാണ് പിന്നിടുന്ന ഓരോ നിമിഷങ്ങളും ദിവസങ്ങളും കടന്നുപോയത്. റമളാന്‍ വന്നത്തിയപ്പോള്‍ സുന്നത്തുകള്‍ക്കുപോലും ഫര്‍ളിന്റെ ആവേശവും അഭിനിവേഷവും. രാവും പകലും എന്നല്ല ഓരോ നിമിഷവും വിലയേറിയതായി. ഒന്നും രണ്ടും മൂന്നും പത്ത് തിരിച്ച് കഴിഞ്ഞതിനേക്കാള്‍ വരാനുള്ളതിന് പ്രാധാന്യം നല്‍കിയതും വിശ്വാസിക്ക് പ്രതീക്ഷയും ആശയും പകരുന്നതാണ്. എല്ലാ അര്‍ത്ഥത്തിലും അല്ലാഹുവിന്റെ റഹ്മത്ത് അനുഭവിക്കുന്ന അസുല അവസരമാണ് റമളാന്‍. അകവും പുറവും എല്ലാ നിലക്കും പാപവും കറയും ഇല്ലാതാക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ...