സമസ്ത സാധ്യമാക്കിയ ഉമ്മത്തിന്റെ ഉണര്‍വുകള്‍

ഐതിഹാസിക ചരിത്രത്തിന്റെ കഥ പേറുന്ന കോഴിക്കോട് കടപ്പുറത്ത് പാരാവാരംപോലെ പരന്നുകിടക്കുന്ന ഈയൊരു ജനസഞ്ചയം കേരളീയ മുസ്‌ലിം സമൂഹം സ്വപ്‌നസമാന സാക്ഷാല്‍ക്കാരത്തിനായി കാത്തിരിക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ വ്യക്തമായൊരു മുന്നൊരുക്കമാണ്. കേരളീയ മുസ്‌ലിം മതകീയ പരിസരത്ത് ധൈഷണികവും പ്രായോഗികവുമായ ജീവിതത്തിനു ദിശ നിര്‍ണയിച്ച പ്രസ്ഥാനമാണ് സമസ്ത. കാലത്തിന്റെ അനിവാര്യതയായി പിറവിയെടുത്ത് വര്‍ത്തമാന പുരോഗമന കാലത്തും ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിച്ചതാണ് സമസ്ത നേടിയെടുത്ത ജനകീയതയുടെയും സ്വാധീനത്തിന്റെയും നിമിത്തം. മലബാര്‍ സമരാനന്തരം കേരളീയ മുസ്‌ലിം മതരംഗം വഷളായപ്പോള്‍ വിശ്വാസ വൈകല്യത്തിന്റെ പുത്തനാശയങ്ങളുമായി അല്‍പന്മാരായ ഉള്‍പതിഷ്ണുക്കള്‍ രംഗപ്രവേശം ചെയ്ത് ഉമ്മത്തിന്റെ ഈമാനികബോധം മോഷ്ടിച്ചു കൊണ്ടുപോകാന്‍ അരയും തലയും മുറുക്കി കടന്നുവന്ന് കിണഞ്ഞുശ്രമിച്ച സാഹചര്യങ്ങളില്‍ അക്ഷരത്തെറ്റില്ലാത്തവിധം പരിശുദ്ധ ദീനിനെ പരിചയപ്പെടുത്തുകയായിരുന്നു സമസ്തയുടെ പ്രാഥമിക ദൗത്യം. പതിറ്റാണ്ടുകളുടെ ക്രിയാത്മക സേവനങ്ങള്‍ക്ക് ശേഷം പ്രാഥമിക പോഷക ഘടകമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചാണു വിശാലമായ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാരംഭംകുറിക്കുന്നത്. എന്നാല്‍, കേവലം മദ്‌റസാ പ്രസ്ഥാനം കൊണ്ട് അവസാനിപ്പിക്കാതെ മതം വിരോധിക്കാത്ത, സാധ്യമായ മേഖലകളിലെല്ലാം വൈജ്ഞാനിക വിസ്‌ഫോടനത്തിന്റെ വിസ്മയങ്ങളാണ് വിദ്യാഭ്യാസ ബോര്‍ഡ് രചിച്ചുകൊണ്ടിരിക്കുന്നത്. വൈജ്ഞാനിക പുരോഗമനക്കാലം എന്നൊക്കെ വര്‍ത്തമാന സാഹചര്യങ്ങളെ വിശേഷിപ്പിക്കുമ്പോഴും ലോകത്തിനു പരിചിതമല്ലാത്ത സമന്വയ വിദ്യാഭ്യാസ രീതി പരീക്ഷിച്ചു വിജയിപ്പിച്ചെടുത്തതാണ് സമസ്തയുടെ പാരമ്പര്യവും വര്‍ത്തമാനവും. സമസ്തയുടെ തണലിലെ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങിയ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ വിശുദ്ധ ദീനിന്റെ വെളിച്ചക്കീറുകളുടെ വാഹകരായി പ്രബോധന പ്രചാരണ രംഗത്ത് സജീവമാണ്. കേരളീയ സംസ്‌കാരങ്ങള്‍ക്കപ്പുറത്ത് പ്രബോധിത ദേശത്തിന്റെ സംസ്‌കാരത്തിനും പ്രദേശത്തിന്റെ ഭാഷക്കുമനുസരിച്ച് സംവേദന നടത്തി അവരെല്ലാം പ്രബോധിത ജനതയുടെ ഹൃദയാന്തരങ്ങളില്‍ സ്ഥാനം പിടിക്കുകയായിരുന്നു. പ്രബോധിത സമൂഹത്തിന്റെ ശൈലിയും രീതിയുമനുസരിച്ച് പ്രബോധനം ചെയ്യുക എന്നുള്ളത് മുത്തുനബി(സ)യോടുള്ള ദൈവിക നിര്‍ദ്ദേശവും പാഠവുമാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും കളിയാടുന്ന ബഹുസ്വര രാജ്യമാണ് ഇന്ത്യ. മതകീയ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് പരസ്പര സ്‌നേഹസൗഹാര്‍ദ്ദത്തിലെ സമന്വയത്തിന്റെ സന്തോഷക്കഥകളാണ് ഭാരതീയ പാരമ്പര്യം. മുനിമാരും മഹര്‍ഷിമാരും സന്യാസിമാരും സൂഫികളും ചേര്‍ന്നുനിന്നതിന്റെ പരിണിതഫലമാണല്ലോ നമ്മുടെ രാജ്യസ്വാതന്ത്ര്യം തന്നെ..! മതകീയ മൗലികത അനുസരിച്ചുള്ള അഭിപ്രായാന്തരങ്ങള്‍ക്കപ്പുറം ജനകീയ പ്രശ്‌നങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്ന മതേതരത്വത്തിന്റെ മഹിതമായ കാഴ്ചപ്പാടും വീക്ഷണവും വര്‍ത്തമാനകാല ഇന്ത്യന്‍ മുസ്‌ലിമിനുണ്ടാവണം. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമാണെങ്കിലും ന്യൂനപക്ഷ വിഭാഗമാണെങ്കിലും ഭാരതാംബയുടെ അസ്തിത്വമായ മതേതരത്വത്തെ ബഹുമാനിക്കണം. കേരളീയ മുസ്‌ലിം മാനസാന്തരങ്ങളില്‍ ഇന്നും പ്രതീക്ഷയുടെ പ്രകാശം പൊഴിക്കുന്ന ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, വന്ദ്യപിതാവ് പൂക്കോയ തങ്ങള്‍, സ്‌നേഹ സഹോദരന്മാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ അവരെല്ലാം ചേര്‍ന്നുനിന്ന് കാഴ്ചവച്ച ബന്ധത്തിന്റെയും ത്യാഗത്തിന്റെയും പരിണിതഫലമാണ് കേരളീയ മുസ്‌ലിം പ്രതാപചരിത്രങ്ങള്‍. പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും വിമര്‍ശനങ്ങളുടെയും വേട്ടയാടലിന്റെയും ഭയാനക സാഹചര്യങ്ങളില്‍ വൈകാരികതക്കു പകരം വൈചാരികമായി വിഷയങ്ങളെ സമീപിച്ച് ശാന്തിയുടെ ശമനതീര്‍ത്ഥത്തിലേക്ക് സാമുദായിക നൗകയുടെ പങ്കായമേന്തിയത് അസ്വാരസ്യങ്ങളില്ലാത്ത നേതൃത്വവും ബന്ധവുമായിരുന്നു. കേരളീയ മുസ്‌ലിം മതകീയ പരിസരത്തു നിരാശയുടെ നാളുകളില്‍നിന്നും ഇസ്സത്തിന്റെ ഇന്നുകള്‍ തീര്‍ത്തത് സുദൃഢമായ ഇത്തരം ബന്ധത്തിലൂടെയാണ്. അസ്തിത്വവും അഭിമാനവും പകര്‍ന്ന സുകൃതബന്ധത്തിന്റെ കാത്തുസൂക്ഷിപ്പാണ് കാലം തേടുന്നത്. എന്നാല്‍, നമുക്കിടയില്‍ വിള്ളല്‍വരുത്തി സാമുദായിക മുന്നേറ്റത്തിനു വിഘാതം സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ശത്രുപക്ഷത്തിന്റെ എക്കാലത്തെയും പ്രതിലോമ നിലപാട്. ശാന്തി സമാധാനത്തിന്റെ കേരളീയ ചുറ്റുപാടില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പുകമറകള്‍ക്കുള്ളില്‍നിന്ന് പലരും സമുദായസമക്ഷം അംഗത്വത്തിനു യാചിച്ചെങ്കിലും അത്തരക്കാരെ കാലത്തിന്റെ കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിഞ്ഞതാണ് കേരളീയ മതകീയ ചരിത്രം. പുരോഗതിയുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍ നമുക്കും വിദ്യാഭ്യാസ പുരോഗതി വേണം, വികസനം വേണം, സാമൂഹിക സാഹോദര്യങ്ങള്‍ വേണം, സാമുദായിക സൗഹൃദങ്ങള്‍ തകര്‍ന്നടിയാതെ നിലനില്‍ക്കണം. ജനാധിപത്യരീതി പിന്തുടര്‍ന്നുപോരുന്ന ഇന്ത്യയില്‍ ഗവണ്‍മെന്റുകളില്‍നിന്നും നമുക്ക് നേടിയെടുക്കാനാകുന്ന നേട്ടങ്ങളും അവകാശങ്ങളും ഉദേ്യാഗങ്ങളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താനാകണം. സര്‍ക്കാര്‍ സംവിധാനങ്ങളിലടക്കമുള്ള സാമുദായിക പ്രാതിനിധ്യം കാലം തേടുന്ന അനിവാര്യതയാണ്. ജ്വലിച്ചുകത്തിയ സൂര്യന്റെ തീനാളങ്ങള്‍ക്കിടയിലെ ഇന്നലെകളില്‍ തണല്‍വിരിച്ചു നല്‍കിയ നേതൃത്വത്തിന്റെ തണലിലായി ഇനിയും നമ്മുക്ക് ദീര്‍ഘദൂരം സഞ്ചരിക്കണം; സയ്യിദുല്‍ ഉലമയും ശൈഖുല്‍ ജാമിഅ:യും സമസ്തയും മുന്നോട്ടുവെക്കുന്ന നിലപാടുകളെ ശക്തമായി പിന്തുണക്കണം. ശത്രുക്കളുടെയും വിമര്‍ശകരുടെയും വീക്ഷണ നിരീക്ഷണങ്ങള്‍ക്ക് നമ്മുടെ പ്രതാപ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മറുപടി പറയണം. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ!