കൂടെ വേണം ഈ മോഹം

എത്രയോ ചെറുപ്പത്തില്‍ കേള്‍ക്കുന്നതാണ് മക്കയും മദീനയും. അവിടേക്ക് എത്താനും കാണാനും കൊതിക്കാത്ത കണ്ണും ഖല്‍ബും ഉണ്ടാവില്ല. അവിടെ എത്താതെ, ഒരു നോക്ക് പോലും കാണാതെ ഓര്‍ത്തോര്‍ത്ത് കരയുന്നവര്‍ ധാരാളമാണ്. വിശ്വാസിയുടെ മനസ്സ് എപ്പോഴും ബന്ധപ്പെട്ടു കിടക്കുന്ന ലോകത്തെ മറ്റെവിടെത്തേക്കാളും മുഖ്യമായ അഭയ സ്ഥാനമാണ് ഈ രണ്ട് നാടും. അനുരാഗം ഖല്‍ബില്‍ നിറച്ച് തീരാത്ത കൊതിയും ഒഴിയാത്ത മോഹവുമായി മനസ്സില്‍ എപ്പോഴും കഅ്ബയും റൗളയും കൂടെ നിര്‍ത്താന്‍ സൗഭാഗ്യം കിട്ടിയവരും ലോകത്തുണ്ട്. ഏത് ഇല്ലാത്തവനും മനസ്സില്‍ കൂടികൂടി ഉണ്ടാവുന്ന ഒന്നാണ് എങ്ങനെയെങ്കിലും അവിടെ എത്തണമെന്നത് . സൗകര്യം എന്ന് നമ്മള്‍ ഇന്ന് മനസ്സിലാക്കിയ ഒന്നും ഇല്ലാത്ത കാലത്ത്, സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ജീവിത സാഹചര്യത്തില്‍ അങ്ങോട്ട് എത്താന്‍ ലക്ഷ്യം വച്ചവര്‍ കാണിച്ച ത്യാഗം സമാനതകളില്ലാത്തതാണ്. പല പ്രതിസന്ധികളും തടസങ്ങളും ഉറപ്പായി മുന്നിലെത്തുമെന്നായിട്ടും മനസ്സിന്റെ കരുത്തോടെ ഹജ്ജിലേക്ക് നടന്നിറങ്ങിയവര്‍ എത്രയോ ഉണ്ട് ചരിത്രത്തില്‍. നമ്മുടെ മലയാള നാട്ടില്‍ നിന്നും നടന്നുനടന്ന് ഹജ്ജിനെത്തിയവര്‍ ധാരാളമാണ്. അതിശയിപ്പിക്കുന്ന അവരുടെ യാത്രയും അനുഭവങ്ങളും നമ്മെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതാണ്. എങ്ങനെ എത്തിയവരാണെങ്കിലും ഒരേ ഒരു ലക്ഷ്യം മാത്രമാണ് അവരുടെ മനം നിറക്കുന്നത്. അല്ലാഹുവെ മാത്രം ഓര്‍ത്ത് അല്ലാഹുവിന്റെ അടയാളങ്ങളിലേക്ക് കണ്ണെടുക്കാതെ നോക്കുന്ന ഹാജി മനസ്സില്‍ നിറക്കുന്നത് വര്‍ണിക്കാനാവാത്ത ആത്മനിര്‍വൃതിയാണ്. ദിനേന ചെയ്യുന്ന ചില നന്മകള്‍ക്ക് പുണ്യവും പകരവുമായി ഹജ്ജും ഉംറയും പ്രതിഫലമായുണ്ടെന്ന് പ്രേരിപ്പിക്കുമ്പോള്‍ എത്രമാത്രം അത് നമുക്ക് ലക്ഷ്യമാവണമെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. ആയുസില്‍ ആഫിയത്തോടെ ഏറെയേറെ പ്രാവശ്യം അല്ലാഹു നമുക്കും തൗഫീഖ് ചെയ്യട്ടെ.