പട്ടിക്കാട് കരുതലും ജാഗ്രതയും

പഠനവും അന്വേഷണവും മനുഷ്യന്റെ ആരംഭകാലം മുതലേ ഉണ്ട്. അറിവ് കൊണ്ടാണ് മനുഷ്യന് അല്ലാഹു മഹത്വവും ഉന്നതിയും നല്‍കിയത്. ആദം നബി(അ)ന് അല്ലാഹു അറിവു നല്‍കി മലക്കുകളേക്കാള്‍ പവിത്രത കല്‍പിച്ചു. അറിവാണ് പിന്നീടുള്ള ഏത് സമൂഹത്തിന്റെയും ഉയര്‍ച്ചയും ഉന്നതിയും അടയാളപ്പെടുത്തിയത്. അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരാണോ എന്നത് കേവലം ഒരു ചോദ്യമല്ല, മനുഷ്യന്‍ അറിവിലൂടെ അല്ലാഹുവെ മനസ്സിലാക്കാന്‍ പ്രാപ്തി നേടണം എന്ന് തന്നെയാണ്. മുത്ത് റസൂല്‍(സ്വ) വായിക്കാനും അറിയാനും പ്രേരിപ്പിച്ചുകൊണ്ടാണ് ജീവിതം മുഴുക്കെയും നിലകൊണ്ടത്. ഇഖ്‌റഇന്റെ പ്രചോദനം അത്രമാത്രം വലുതാണ്. മദീനയില്‍നിന്ന് ആ വെളിച്ചം ലോകമാകെ വ്യാപിച്ചു. സ്‌പെയിനും സിസിലിയും സമര്‍ഖന്ദും ബുഖാറയും ബഗ്ദാദും കോര്‍ദോബയും അങ്ങനെ എത്രയെത്ര അറിവുണര്‍ന്ന നാടുകള്‍. എല്ലാം മുസ് ലിം ജ്ഞാനികളാല്‍ സമ്പന്നമായിരുന്നു. യൂറോപ്പിലും ആഫ്രിക്കയിലും ഇരുളൊഴിഞ്ഞ് അറിവിന്റെ പ്രകാശം വിരുന്നെത്തി. അധികാരത്തേയും ഭരണത്തേയും മികക്കുന്ന രീതിയില്‍ ഈ അറിവൊഴുക്ക് മനുഷ്യ കുലത്തിന് അഭിമാനം വളര്‍ത്തി മുന്നേറി. അറിവു പഠിക്കുന്ന ഇടങ്ങള്‍ കൂടുതല്‍ കരുതേണ്ട കാലമാണിത്. മതവും മൂല്യങ്ങളും വളര്‍ത്തി അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിക്കാന്‍ കാരണമാ കുന്നതാകണം അറിവും അറിവു പരിസരങ്ങളും. രാവിലെ കിട്ടുന്ന ധാര്‍മിക ബോധനത്തിനും മാനവിക ശീലങ്ങള്‍ക്കും എതിരാവത്തത് തന്നെയാണ് അത് കഴിഞ്ഞ് വൈകുന്നേരം വരേയും കുട്ടിക്കു ലഭിക്കുന്നതെന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്ക് ശ്രദ്ധ വേണം. നേരത്തെ കിട്ടിയതിന്റെ നേര്‍ വിപരീതമാണ് പിന്നീട് കിട്ടുന്നതെങ്കില്‍ തകരുന്നത് സമൂഹത്തില്‍ മൊത്തമായുള്ള നന്മകളാണ്. വര്‍ഷാവസാനമാകുമ്പോള്‍ പഠനവുമായോ പ്രവര്‍ത്തിപരിചയവുമായോ ഒരു ബന്ധവുമില്ലാത്ത പ്രോഗ്രാമുകള്‍ കായിക വിനോദത്തിന്റെ പേരില്‍ വന്നു കയറുന്നു. ഗെറ്റുഗതറും സെന്റോഫും അങ്ങനെ ഒരുപാടുണ്ട്. ഇവിടെ കരുതലും ജാഗ്രതയും കുട്ടിക്കും രക്ഷിതാവിനും ഒരുപോലെ ഉണ്ടാകുമ്പോഴാണ് സമൂഹത്തില്‍ ബാക്കിയുള്ള നന്മകളെങ്കിലും നശിക്കാതെ നിലനില്‍ക്കൂ. വ്യക്തിത്വവും അസ്ഥിത്വവും കൈമോശം വരാതെ സൂക്ഷിക്കല്‍ വ്യക്തിപരമായ കടമയാണെന്ന് ഏത് ഘട്ടത്തിലും തിരിച്ചറിയണം. അല്ലാഹു സഹായിക്കട്ടെ...