Sunni Afkaar Weekly

Pages

Search

Search Previous Issue

ഒരേയൊരു വെളിച്ചം

സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി
ഒരേയൊരു വെളിച്ചം

ലോകത്ത് മനുഷ്യ ആരംഭം മുതല്‍ കേട്ടും പറഞ്ഞും ആരാധിച്ചും നമിച്ചും പോരുന്നത് അല്ലാഹുവിനെയാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചും പ്രപഞ്ചത്തിലെ സംവിധാനങ്ങളെ കുറിച്ചും വിസ്മയമാറ്റങ്ങളെ കുറിച്ചും ഞാനാണെന്ന് സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പറയുന്ന ആരാധിക്കപ്പെടുന്ന ഒരേഒരാള്‍ അല്ലാഹുവാണെന്ന് പഠനങ്ങള്‍ കൊണ്ട് മനസ്സിലാകും. ആദം നബി(അ) മുതല്‍ മനുഷ്യര്‍ ആരാധിച്ചു പോരുന്നതും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതും ഈ അല്ലാഹുവിനെയാണ്. അല്ലാഹുവെ പോലെ ഒരാളും ഇല്ലെന്ന് ഖുര്‍ആന്‍ തന്നെ സൂറത്ത് ഇഖ്‌ലാസില്‍ വ്യക്തമാക്കി പറയുന്നുണ്ട്. ഏതൊക്കെ സ്വഭാവ ഗുണങ്ങളുേണ്ടാ അവയൊന്നിലും അല്ലാഹുവോട് സമാനമായി ആര്‍ക്കും യോഗ്യതയില്ലെന്ന് വ്യക്തമായ പരമാര്‍ത്ഥമാണ്. അല്ലാഹു സ്വയം തന്റെ കാര്യത്തില്‍ അവകാശമായി പറയുന്നതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ കഴിഞ്ഞിട്ടില്ല, കഴിയില്ല. ഇന്ന് മനുഷ്യന്‍ ആരാധിക്കുന്നതില്‍ ചിലത് മനുഷ്യരെ പോലെ ജനിച്ച് ജീവിച്ച് കടന്ന് പോയവരെയാവാം. പുണ്യപുരുഷന്മാരെന്ന് കരുതി അവരുടെ രൂപമെന്ന നിലയില്‍ മനുഷ്യര്‍ തന്നെ പടച്ചുണ്ടാക്കുന്നതുമുണ്ട്. ഇതിന് ധാരാളം കാലത്തെ പഴക്കവുമുണ്ട്. മനുഷ്യര്‍ ഉണ്ടാക്കുന്ന ആ രൂപങ്ങള്‍ കല്ലും കോണ്‍ക്രീറ്റും മണ്ണും മരവും അങ്ങനെ പലതും സ്വീകരിച്ച് നിര്‍മിക്കുന്നതാണ്. ഇവകള്‍ ഏതിനെ ആരാധിക്കുമ്പോഴും പൂര്‍ണത പോയിട്ട് സംതൃപ്തി ഏങ്ങനെ കൈവരിക്കാന്‍ പറ്റും. പൂജിക്കപ്പെടുന്ന വസ്തു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നവനെക്കാള്‍ എത്രയോ ദുര്‍ബലണ്. മൂക്കിന്മേലോ മുഖത്തോ ഒരു ഈച്ച വന്നിരുന്നാല്‍ പോലും സ്വയം അതിനെ ആട്ടിയകറ്റാനോ മാറ്റാനോ അതിന് കഴിവില്ല. പൂജാമുറിയില്‍ ആരാധിക്കാന്‍ ഒരുങ്ങവെ വീണുടഞ്ഞുപോയ ബിംബത്തിനു മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന മകനെ കണ്ട മാത്രയില്‍ അമ്മ പറഞ്ഞു: മോനേ ഉടഞ്ഞത് പുറത്തേക്ക് കളാ, മറ്റൊന്ന് അവിടെ വച്ച് നീ ആരാധിക്കൂ... അന്ന് മുതല്‍ ആ മകന്‍ താന്‍ യഥാര്‍ത്ഥത്തില്‍ ആരാധിക്കേണ്ടതിനെ അന്വേഷിച്ചിറങ്ങി... അവന്‍ ചെന്നെത്തിയതും ആ ഒരേയൊരു ഉത്തരത്തില്‍ തന്നെ, ഇന്നിപ്പോള്‍ അല്ലാഹ് എന്ന് പറയുമ്പോള്‍ തന്നെ കണ്ണ് നിറയുന്നത് അവനില്‍ കാണാന്‍ പറ്റും. കാണുന്നില്ലെങ്കിലും കാണാന്‍ കൊതിച്ചു ജീവിക്കുക എന്നതാണ് അല്ലാഹുവില്‍ ഒരാള്‍ സംതൃപ്തനാകുന്നതിന്റെ ആത്മരസം. കാണുന്ന ഒരു നാള്‍ വരും എന്ന പ്രതീക്ഷയില്‍... നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക; അവനെ നിങ്ങള്‍ കാണുന്നില്ലെങ്കിലും അവന്‍ നിങ്ങളെ കാണുന്നുണ്ട്..(ഹദീസ്) ഭൂമുഖത്ത് ഇത്രയധികം ആളുകള്‍ വിളിച്ച ഒരേയൊരു പേര് അല്ലാഹ് എന്നാണ്. കാലങ്ങളോ ദേശങ്ങളോ അതിരിടാതെ അത് ഇന്നും തുടര്‍ന്നു പോരുന്നു. തല്ലിക്കെടുത്താല്‍ ഓങ്ങിയവരുടെ നാവിലൂടെയും ഊതിക്കെടുത്താന്‍ ഒരുങ്ങിയവരുടെ അരമനയിലൂടെയും ഈ സത്യ വെളിച്ചം പുറത്തേക്ക് അതിശക്തം പ്രവഹിച്ച് ജ്വലിച്ചുനിന്നു. ഓരോ നിമിഷവും ഈ പ്രപഞ്ചത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നതും എത്രയോ നൂറ്റാണ്ടുകളായി അല്ലാഹ് എന്ന് വിളിച്ചു പറഞ്ഞ ഒരു ജനത ഏറ്റവും ആത്മധൈര്യത്തിലും സംതൃപ്തിയിലും ജീവിച്ചു മാതൃകയായതും വലിയ തെളിവാണ്. അല്ലാഹു നമ്മേയും ഹിദായത്ത് നിലനിര്‍ത്തി അനുഗ്രഹിക്കട്ടെ...

Other Post