Sunni Afkaar Weekly

Pages

Search

Search Previous Issue

പെരുന്നാളും കരുതലിന്റെതാക്കാം

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
പെരുന്നാളും  കരുതലിന്റെതാക്കാം

നോമ്പ് നിര്‍ബന്ധമായി അനുഷ്ടിച്ചിരുന്ന പ്രത്യേക കാലം അവസാനിക്കുമെന്നത് ശരിയാണ്. അഥവാ, റമളാന്‍ കഴിഞ്ഞ് ശവ്വാലും അത് കഴിഞ്ഞാല്‍ പിന്നെ മറ്റു മാസങ്ങളും മാറി മാറി വരുമെന്നത് പതിവുള്ള നമ്മുടെ അനുഭവമാണ്. എന്നാലും ഇവിടെ തിരിച്ചറിയാനും പിടിവിടാതെ പിന്തുടരാനും കൂടെ നിര്‍ത്താനും ഒരുപാടധികം നന്മകളും ശീലങ്ങളുമുണ്ട്. നോമ്പ് കാലം സത്യത്തില്‍ യഥാര്‍ത്ഥ മുസ്‌ലിമിനെ രൂപപ്പെടുത്തുന്ന പരിശീലന കാലമാണ്. പകലില്‍ പരിക്കേല്‍ക്കാതെ നോക്കണം, അത് നോമ്പിന്റെ പൂര്‍ണതക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. രാത്രി പുണ്യങ്ങള്‍ക്ക് വേണ്ടി കണ്ണുണര്‍ന്നും കരുതിവെക്കണം. കാരണം റമളാനില്‍ രാത്രിക്ക് പകലിനേക്കാള്‍ വെളിച്ചമുണ്ടെന്നാണ്. നോമ്പിന്റെ സ്വീകാര്യതക്ക് റമളാനില്‍ നാം ശീലിച്ചതിനെയും ശ്രദ്ധിച്ചതിനേയും കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. അവയൊക്കെയും റമളാന്‍ മാസം കഴിഞ്ഞാലും നമുക്ക് അത്യാവശ്യമുള്ളതാണ്. ഒന്ന് പോലും അതില്‍ ഒഴിവാക്കാനുള്ളതായി ഇല്ല. സ്വന്തം കാര്യത്തിലും മറ്റുള്ളവരോടുള്ള സമീപനത്തിലും ഈ ആശയം നമുക്ക് വിപുലപ്പെടുത്താന്‍ കഴിയും. നാവ്, കണ്ണ്, കാത്, കൈകാലുകള്‍ തുടങ്ങി എല്ലാം വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രം ഉപയോഗിച്ചു. അരുതാത്തതായി നിര്‍ദേശിക്കപ്പെട്ടവയെ വളരെ കരുതി മാത്രം കഴിഞ്ഞു. പ്രോത്സാഹിപ്പിക്കപ്പെട്ട പുണ്യങ്ങള്‍ വലിയ ജാഗ്രതയോടെ വര്‍ദ്ധിപ്പിച്ചു. ഇങ്ങനെ സമീപിക്കുമ്പോള്‍ മാസം മാറി മാറി വന്നാലും ആഴ്ച്ചകളോ ദിവസങ്ങളോ ഏത് തന്നെയായാലും എല്ലാ സമയവും തെളിഞ്ഞ മനസ്സുള്ള സത്യവിശ്വാസിയായി നമുക്ക് ബാക്കിയാവാന്‍ പറ്റും. നോമ്പില്‍ സൂക്ഷമത കാണിച്ച് അല്ലാഹുവില്‍ കൊതിച്ച വിശ്വാസിക്ക് പെരുന്നാളും കരുതലിന്റെതാവും. അന്നപാനീയങ്ങള്‍ക്ക് വിലക്ക് ഇല്ല എന്നേ ഉള്ളൂ. ബാക്കി നന്മകളും സുകൃതങ്ങളും അന്നും എന്നും നമുക്ക് സൂക്ഷിക്കണം. അപ്പോള്‍ പെരുന്നാളും പിറന്നനാള്‍ പോലെ പരിശുദ്ധ പ്രകൃതത്തോടെ നിലനിര്‍ത്താനാവും. ഇല്ലാത്തവന് ആശ്വാസം പകരാനും കുടുംബങ്ങളോട് ബന്ധം പുലര്‍ത്താനും രോഗികളെ സമാശ്വസിപ്പിക്കാനും തുടങ്ങി എത്രയെത്ര നന്മകളുണ്ട് പെരുന്നാളിലും അല്ലാഹുവിന് വലിയ സന്തോഷമാകുന്ന നമ്മുടെ കര്‍മങ്ങള്‍. തൗബക്കും പ്രാര്‍ത്ഥനക്കും അന്ന് വലിയ പുണ്യമുണ്ട്. പദവിയേറിയ അഞ്ച് രാവുകളിലെന്നാണല്ലെ പെരുന്നാള്‍ രാവ്. രാവിന്റെ മാഹാത്മൃം പകലിലേക്കും ബാക്കിയാകും. അങ്ങനെ പരിഗണിച്ച് ഒട്ടേറെ നന്മകള്‍ക്ക് വഴിയൊരുക്കാന്‍ നമുക്ക് കഴിയണം, അല്ലാഹു സഹായിക്കട്ടെ...

Other Post