ഉണര്‍വിന്റെ ഉലമാ ദൗത്യം

മതം മനുഷ്യന്റെ ജീവിതത്തെ നിലവാരമുള്ളതാക്കുന്നതാണെന്ന വാസ്തവത്തെ അനു‘വത്തിലൂടെ അടയാളപ്പെടുത്തിയവരാണ് ഉലമാക്കള്‍. പണ്ഡിതന്മാര്‍ വലിയ മാതൃക തീര്‍ത്ത് എല്ലാ കാലത്തും അത് ശ്രദ്ധിച്ചു പോന്നിട്ടുണ്ട്. അല്ലാഹുവിന്റെ റസൂല്‍(സ്വ) അഭിമാനത്തോടെ സ്വന്തത്തിലേക്ക് ചേര്‍ത്തു പിടിച്ച നാമം കൂടിയാണ് അധ്യാപകന്‍ എന്നത്. അല്ലാഹുവിന്റെ റസൂല്‍(സ്വ) എല്ലാ നന്മയിലും മുന്നില്‍ നിന്നു എന്നതും ഏതേത് കാര്യത്തിലും നിര്‍വഹിച്ചും നിര്‍ദേശിച്ചും മാതൃകയായി എന്നതും നിഷേധിക്കാന്‍ പഴുതില്ലാതെ സമ്മതിക്കേണ്ടി വരുന്ന പരമാര്‍ത്ഥമാണ്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ സ്പര്‍ഷിക്കാവുന്ന ഏത് വിഷയത്തിലും ഒന്നാമനായി ഏറ്റവും മതിയായ അളവില്‍ റസൂലുല്ലാഹ്(സ്വ)യെ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താന്‍ പറ്റും. ഏറ്റവും നല്ല പിതാവായ അതേ സമയം തന്നെ സമൂഹത്തിന് നേതാവുമായി. സമുദായത്തിന് രക്ഷകനായപ്പോള്‍ തന്നെ കുടുംബത്തിന് ആലംബമായി നിലകൊണ്ടു. പുരുഷന്റെ ഉത്തരവാദിത്തവും മേന്മയും വിളിച്ച് പറഞ്ഞ അതേ ആള്‍ സ്ത്രീയുടെ സുരക്ഷയും അഭിമാനവും ഉയര്‍ത്തി പിടിക്കാന്‍ മുന്നില്‍ നിന്നു. മാതാപിതാക്കളെ മാനിക്കാന്‍ സന്ദേശം നല്‍കിയ നബി(സ്വ) തന്നെ കുട്ടികളെ സ്‌നേഹിച്ചും പരിഗണിച്ചും ആവശ്യമായത് ചെയ്തു. പരിശുദ്ധ ജീവിതം സൂക്ഷിക്കുന്നവര്‍ക്ക് മുമ്പില്‍ ഏറ്റവും മേന്മയേറിയ വിശുദ്ധി നിഴലിക്കുന്ന ജീവിതം കാഴ്ച്ചവെച്ചു; അപ്പോഴും പാപികള്‍ക്കും ദുര്‍നടപ്പുകാര്‍ക്കും മാറി ചിന്തിക്കാനും നന്മയിലേക്ക് അടുക്കാനും അതിലൂടെ നടക്കാനും ഖേദ ബോധത്തോടെ പ്രതീക്ഷ പകര്‍ന്നു പുണ്യ റസൂല്‍(സ്വ).... ഇങ്ങനെ തിരുനബി ജീവിതം വായിക്കാനും മനനം ചെയ്യാനും ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ തീരില്ല ആ വര്‍ണനകളും പൂര്‍ണതകളും. നബി ജീവിതം കണ്ട സ്വഹാബത്തും അവരെ കണ്ട താബിഉകളും അവരെ തുടര്‍ന്നുവന്ന ഇമാമുമാര്‍ ഉള്‍പടെയുള്ള പില്‍കാല പണ്ഡിത മഹത്തുക്കളൊക്കെയും എന്ത് മാത്രം ത്യാഗം ചെയ്തവരാണെന്ന് നാം തിരിച്ചറിയണം. അവരൊക്കെയും അതാത് കാലത്തെ കേട്ട് ആവശ്യങ്ങളറിഞ്ഞ് തിരിച്ചറിവോടെ സമുദായത്തിന് മാതൃക പകര്‍ന്ന് മുന്നില്‍ നിന്നു. ഏത് കാലത്തും പണ്ഡിതന്മാര്‍ കാണിച്ച മാര്‍ഗരേഖയില്‍ സമുദായം ചലിച്ചപ്പോള്‍ നവോത്ഥാനവും ഉണര്‍വും സാധ്യമായിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടതിന് ശേഷം പ്രത്യേകിച്ച് കേരളത്തില്‍ അത് ഒന്നുകൂടെ വ്യവസ്ഥാപിതമായി എന്നതാണ് സത്യം. അല്ലാഹു എല്ലാ പണ്ഡിതമഹത്തുക്കള്‍ക്കും മാഹാത്മ്യം അധികരിപ്പിക്കട്ടെ...