സമ്പത്തിന്റെ ഉടമ

പാരത്രിക ലോകനന്മക്ക് പ്രാര്‍ത്ഥിക്കുന്നതിന് മുമ്പ് ഈ ലോകനന്മക്കു വേണ്ടി നബി(സ്വ) പ്രാര്‍ത്ഥിക്കുകയും അതിന് സമുദായത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്നതാണ് ചരിത്രം. അല്ലാഹുമ്മ റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറതി ഹസനതന്‍ വഖിനാ അദാബന്നാര്‍ എന്ന പ്രാര്‍ത്ഥന ഓര്‍മപ്പെടുത്തന്നത് ഇതാണ്. സമ്പത്തിനെ കുറിച്ച് ഇസ്‌ലാമിന് കൃത്യമായ നിലപാടുണ്ട്. സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അവന്‍ എല്ലാത്തിന്റെയും അധികാരിയാണെന്ന പോലെ സമ്പത്തിനും അധികാരിയും അതിന്റെ കൈകാര്യകര്‍തൃത്വം മനുഷ്യനെ ചുമതലപ്പെടുത്തിയവനുമാണ്. അഥവാ, മനുഷ്യന്‍ അല്ലാഹുവിന്റെ സമ്പത്തിന്റെ കൈകാര്യകര്‍ത്താവ് മാത്രം. സമ്പത്ത് എന്നും എല്ലാ കാലത്തും ഒരിടത്ത് മാത്രം കുമിഞ്ഞ് കൂടുമെന്ന് ആര്‍ക്കും ഒരു പ്രതീക്ഷയും നല്‍കുന്നില്ല. ചരിത്രമതാണ് ഓര്‍മപ്പെടുത്തുന്നതും സ്ഥിരപ്പെടുത്തുന്നതും. ഒരു കാലത്ത് നാട് ഭരിച്ചിരുന്നവരുടെ പിന്‍മുറക്കാര്‍ പിന്നീട് എത്തിപ്പെട്ട അവസ്ഥയും സാമൂഹിക സ്ഥിതിയും നാം എത്രയോ കണ്ടതും വായിച്ചതുമാണ്. പണക്കാരന്‍ എപ്പോഴും എന്നന്നേക്കും പണക്കാരന്‍ ആവുന്നില്ല, പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവനുമാവുന്നില്ല. സമ്പത്ത് എന്നാല്‍ നീങ്ങുന്ന നിഴലും തല്‍കാലം ആശ്വാസം പകരുന്ന തണലുമാണ്. നിഴലും തണലും എപ്പോഴും ഒരിടത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല എന്നത് നമ്മള്‍ കാണുന്നതാണ്. അത് നീങ്ങിയും മാറിയും തന്നെയുണ്ടാവും എപ്പോഴും. തല്‍കാലം തന്റെ കൈവശം വന്നത്തിയ സമ്പത്തില്‍ ഒരിക്കലും മതിമറന്ന് ആനന്ദിക്കാനോ ആഹ്ലാദിക്കാനോ എന്തുണ്ട് നമുക്ക് ന്യായം. തുര്‍ക്കിയിലും സിറിയയിലും നാം കണ്ടത് ഏറ്റവും പുതിയ കാഴച്ചയാണ്. നാലും അഞ്ചും ഫ്‌ലാറ്റുകളുടെ ഉടക്കാരായിരുന്നവര്‍ അര നിമിഷം പോലും വേണ്ടിവന്നില്ല ഒരു പിച്ച്ചപ്പാത്തിക്ക് പോലും ഉടമസ്ഥത പറയാന്‍ കഴിയാത്ത അവസ്ഥ വന്നു. അവിടെ പഠിക്കാന്‍ പാഠം പിന്നേയും പടച്ചവന്‍ ബാക്കി വച്ചു. തനിക്കായി കരുതിയിരുന്ന പലരും തന്റേതന്ന് വിചാരിച്ചിരുന്ന പലതും ആ പാവം മനുഷ്യര്‍ക്ക് വച്ച് നീട്ടുന്ന കാഴ്ച നാം കണ്ടു. ‘ക്ഷണവും വസ്ത്രവും മറ്റു അവശ്യവസ്തുക്കളുമായി അല്ലാഹുവിന്റെ കാരുണ്യം മനുഷ്യന്റെ നന്മ മനസ്സുകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അവിടെ എത്തി. പ്രളയവും കൊറോണയും പരന്നപ്പോള്‍ നമ്മുടെ നാട്ടിലും ആ കാഴ്ച്ച നാം നിറഞ്ഞ് കണ്ടു. കണ്ടാല്‍ കൊത്തിയകറ്റാന്‍ മാത്രം വെറുപ്പും വൈരവും കരുതിയവര്‍ പോലും രക്ഷയുടെ ആശ്വാസം ശ്വസിച്ചതും ജീവിതത്തിലേക്ക് തിരിച്ചു കയറിയതും ഒരു വിവേചനവുമില്ലാതെ മനുഷ്യമനസ്സില്‍ സമ്പന്നമായ നന്മയുടെ മൂല്യം ഉള്ളത് കൊണ്ടാണ്. ആരും ആരേയും ഒരു മുന്‍ വിധിയുമില്ലാതെ ചേര്‍ത്തു പിടിച്ചു. സകാത്തിന്റെ അവകാശികളെ എണ്ണുന്നിടത്ത് എട്ട് ആളെ പറഞ്ഞപ്പോള്‍ അതില്‍ സമ്പന്നരാണെങ്കിലും അവരും അവകാശികളാണെന്ന് ചിലരെ കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. പൊതുഗുണവും സാമൂഹിക നന്മയും അളവില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഇസ് ലാം മനുഷ്യന്റെ നിര്‍ബന്ധ ബാധ്യതയില്‍ പോലും ഇങ്ങനെ വിശാല തലം ഒരുക്കിവച്ചു. എന്റേത് എന്റേത് മാത്രമല്ല നമ്മുടെതാണെന്ന് സാമൂഹികമായി ചിന്തിപ്പിക്കുന്നതാണ് പൊതുവില്‍ ഇസ് ലാമിന്റെ സാമ്പത്തിക നയം. സകാത്ത് എന്നത് അവസാനം ഒഴിച്ച് കൂടാനാവാത്ത ബാധ്യതയായി ചെയ്യുന്നതാണ്. അതിന് മുമ്പ് എന്നും എപ്പോഴും എന്ന പോലെ ചെയ്യാനുള്ള ഐശ്ചിക ദാനം ഇസ് ലാം ഒട്ടേറെ പ്രോത്സാഹിപ്പിക്കുന്നു. ലോകത്ത് ഒഴുകി പരന്ന കരുണയുടെ നീരുറവ ഇന്നും വറ്റാതെ നിലനില്‍ക്കുന്നതിന്റെ സ്രോതസ് മനുഷ്യന്റെ കയ്യിലുള്ളതിലേറെ ഖല്‍ബ് സമൃദമാക്കി അല്ലാഹു നല്‍കിയ നന്മകളാണെന്ന് നാം തിരിച്ചറിയുക. അല്ലാഹു എന്നും നമ്മെ തുണച്ച് അനുഗ്രഹിക്കട്ടെ....