സ്വയം തകരുന്നതിന് മുമ്പ്...

മനുഷ്യന്റെ സ്വഭാവത്തിലും സമീപനത്തിലും വലിയ സ്വാധീനം വരുത്തുന്നതും അവന്റെ ജീവിതം ക്രമപ്പെടുത്തുന്നതില്‍ അറ്റമില്ലാത്ത പങ്ക് വഹിക്കുന്നതുമായ അനുഭവമാണ് കുടുംബജീവിതം നല്‍കുന്നത്. കുടുംബം ഇത്രയൊക്കെ തന്നെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും കാണും. സത്യത്തില്‍ അവര്‍ക്ക് കുടുംബത്തിന്റെ ആവശ്യകതയില്‍ തന്നെ സംശയമുള്ളത് കൊണ്ടാണ് അങ്ങനെയൊക്കെ. കുടുംബം എന്നാല്‍ ഒറ്റക്ക് സാധ്യമാകുന്ന ഒന്നല്ല. ചില അത്യാവശ്യ ഘടകങ്ങള്‍ കൂടുമ്പോഴാണ് കുടുംബമെന്നത് യാഥാര്‍ത്ഥ്യമാവുന്നത്. ഉപ്പയും ഉമ്മയും വല്യുമ്മയും വല്ല്യൂപ്പയും മക്കളും പേരമക്കളും അതില്‍ വന്നു ചേരുന്നു. ഇവരെല്ലാം കൂടിയാകുമ്പോള്‍ അവിടെ വന്നുകൂടുന്ന നന്മകള്‍ക്ക് കണക്കില്ല എന്ന് തന്നെ പറയാം. നോക്കലും കേള്‍ക്കലും പരിഗണിക്കലും സ്‌നേഹിക്കലും എല്ലാം അവിടെ അണമുറിയാതെ ഇടതടവില്ലാതെ നടന്നു കൊണ്ടിരിക്കും. ഉമ്മ, ഉപ്പ എന്നൊക്കെ പറഞ്ഞാല്‍ നാം അറിയാതെ നമുക്ക് ഒട്ടധികം സുകൃതം വരുത്തുന്ന മഹാസൗഭാഗ്യങ്ങളാണ്. പ്രായം മുതിര്‍ന്നവര്‍ വീട്ടിലും കുടുംബത്തിലും ഉണ്ടാകുന്നത് വലിയ ഐശര്യവും വെളിച്ചവുമാണ്. മനുഷ്യന്‍ നടക്കുന്നതും ജീവിക്കുന്നതും മുന്നോട്ട് നോക്കിയാണ് എങ്കിലും അവന്ന് പിന്നില്‍നിന്ന് ഒരു വെളിച്ചം അടിച്ചു കൊടുക്കുന്ന പോലെയാണ് വീട്ടിലെ തല മുതിര്‍ന്നവരുടെ സാന്നിധ്യം. അവര്‍ അപ്പപ്പോള്‍ നന്മയുടെ നിര്‍ദേശമായി അനുഭവത്തിന്റെ തെളിച്ചമുള്ള ഉപദേശമായി എപ്പോഴും കൂടെയുണ്ടാകും. അത് ഒരു ശല്ല്യമായിട്ട് ആര്‍ക്കെങ്കിലും തോന്നിയാല്‍ ആ മുതിര്‍ന്ന സാന്നിധ്യങ്ങള്‍ വിടപറഞ്ഞ് നഷ്ടമാവുമ്പോള്‍ തീര്‍ത്താല്‍ തീരാത്ത ഖേദമായി വന്നിട്ടുമുണ്ട്. മനുഷ്യന്‍ എല്ലാതരം അച്ചടക്കവും മാന്യതയും ഈ കുടുംബകത്തില്‍ നിന്നാണ് പഠിച്ചെടുക്കുന്നത്. ഏറ്റവും ക്ലാരിറ്റിയുള്ള അനുഭവസമ്പത്ത് കൂടിയാണത്. വാക്കും വര്‍ത്തമാനവും ഭക്ഷണം കഴിക്കലും സഹായം ചെയ്തു കൊടുക്കലും ഇങ്ങനെ തുടങ്ങി കരുണയും സ്‌നേഹവും നിറഞ്ഞൊഴുകുന്ന എത്രയോ നന്മയുടെ പെരുമാറ്റങ്ങള്‍ മനുഷ്യന്‍ കുടുംബ ജീവിതത്തിലൂടെ ശീലിച്ചെടുക്കുന്നു. ഇങ്ങനെയൊക്കെ ഇത്ര പറയാന്‍ പുതിയ കാരണങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട് ഈ കാലത്ത്. വിവാഹം വേണ്ടത്രെ, വേണ്ടത്ര ആസ്വദിച്ചും രസിച്ചും സുഖിച്ചും രമിച്ചും അങ്ങനെ ജീവിതം തീന്ന് തീര്‍ക്കണം എന്ന ഒരു മട്ടിലാണ് പുതിയ പരിഷ്‌കാരം. ലിവിങ് റ്റുഗതറും കാമ്പസ് പ്രണയ തീര്‍പ്പുകളും വിവാഹപൂര്‍വ ലൈംഗീകതയും ഇങ്ങനെയുള്ള എല്ലാം ഇതിന്റെ വകയാണ്. ഒരു കാര്യം ഇവിടെ ഉറപ്പിക്കാം, ഈ പരിഷ്‌കാരങ്ങള്‍ മുമ്പ് ഏറ്റുപിടിച്ച അമേരിക്കയും മറ്റു സമാന നാടുകളും വലിയ നിരാഷയിലാണിപ്പോള്‍. അവിടെ ഒരു ജനതയുടെ സംസ്‌കാരവും എല്ലാ ധാര്‍മി മൂല്യങ്ങളും ഈ പരിഷ്‌കാരത്തിലൂടെയാണ് തകര്‍ന്നു പോയത്. അവിരിപ്പോള്‍ പുനര്‍നിര്‍മിക്കുന്ന തിരക്കിലാണ്. പക്ഷെ കാലവും തലമുറകളും എത്രയോ ഈ കാലയളവില്‍ നശിച്ചു ഒന്നുമല്ലാതായി പോയി. എയ്ഡ്‌സ് എന്ന മാരക രോകം പോലും അവരെ പിടിച്ചൊതുക്കി. പക്ഷെ, ഇവിടെ നമ്മുടെ നാട്ടിലെ ചിലര്‍ക്ക് അതാണത്രെ ഇപ്പോള്‍ മാതൃക. എല്ലാം തകര്‍ന്നിട്ട് നേരം വെളുത്തിട്ട് എന്ത് കാര്യം. ഇസ്‌ലാം കുടുംബ ജീവിതത്തിന് വലിയ ഊന്നല്‍ നല്‍കുന്നത് അത് കൊണ്ടാണ്. മനുഷ്യ ജീവിതത്തില്‍ അവനറിയാതെ വിശുദ്ധിയും പവിത്രതയും വന്നുചേരുന്നു. കുടുംബ ജീവിതവും ബന്ധം ചേര്‍ക്കലും അത്ര മാത്രം പുണ്യവും പ്രസക്തവുമാണ് ഇസ്‌ലാമില്‍. അതില്‍ സന്തേഷവും ആശ്വാസവും മനുഷ്യനുണ്ടാവുന്നു. അതിന്റെ എല്ലാ അര്‍ത്ഥത്തിലും മാതൃക തീര്‍ത്തും മുഹമ്മദ് നബി(സ്വ).