Sunni Afkaar Weekly

Pages

Search

Search Previous Issue

ഈ ഉറവ മനുഷ്യനും മുമ്പ്...

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി
ഈ ഉറവ മനുഷ്യനും മുമ്പ്...

മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ റസൂലാണെന്നത് പിന്നെയും പിന്നെയും ചര്‍ച്ചക്കും ചിന്തക്കും പ്രസക്തി നല്‍കുന്നു. നബിമാരിലും മുര്‍സലുകളിലും മറ്റാര്‍ക്കുമില്ലാത്ത, ആര്‍ക്കും സ്വപരിശ്രമങ്ങള്‍ കൊണ്ടോ മറ്റോ എത്തിപ്പിടിക്കാനുമാവാത്ത വലിയ അത്ഭുതമാണ് ആ ജീവിതം. അല്ലാഹു എല്ലാ അര്‍ത്ഥത്തിലും തന്റെ കൂടെ തന്നെ നിര്‍ത്തുകയായിരുന്നു മുഹമ്മദ് നബി(സ്വ)യെ. പേരും പേരിന്റെ പൊരുളും അത് വിളിച്ചറിയിക്കുന്നുണ്ട്. മുമ്പൊന്നുമില്ലാത്ത ഒരു പേര് ഏറ്റവും അതിശയം പരത്തി നാമകരണം ചെയ്യപ്പെടുന്നതിന്റെ മുമ്പ് തന്നെ അതിന്റെ വലിയ സ്വാധീനം വ്യക്തമായിട്ടുണ്ട്. ആദം നബി(അ) തന്റെ തൗബ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നത് ഈ പേര് മുന്‍ നിര്‍ത്തിയാണ് എന്നത് വളരെ പ്രസക്തം. മനുഷ്യ ആരംഭം മുതല്‍ എന്നല്ല അതിനും മുമ്പ് ഈ പേരും പൊരുളും സ്വാധീനം സൃഷ്ടിച്ചു എന്ന് നാം തിരിച്ചറിയണം. അല്ലാഹു തന്റെ ഏകത്വം പ്രഖ്യാപിച്ചപ്പോഴെല്ലാം കൂടെ നിര്‍ത്തി തിരുനബി(സ്വ)യെ. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്... എന്നത് അതിന്റെ കാലാതിവര്‍ത്തിയായ സാക്ഷിയാണ്. അല്ലാഹു അര്‍ശിന്റെ തൂണില്‍ തന്റെ പേരിനൊപ്പം മുഹമ്മദ് നബി(സ്വ)യുടെ പേരും രേഖപ്പെടുത്തിയെന്ന മഹാഔന്നത്യം നിര്‍വചിച്ചാലും വായിച്ചാലും തീരാത്ത വിധമാണ്. സൃഷ്ടികളില്‍ അതിശ്രേഷ്ടര്‍ എന്ന മഹത്വം നാം എത്ര ആലോചിച്ചാലും അതിരില്ലാതെ പോവുന്നതാണ്. മുഹമ്മദ് എന്നത് പറയുന്നത് പോലെ തന്നെ എഴുതുന്നതും വാഴ്ത്തലാണ്. അപ്പോള്‍ മനുഷ്യനും മുമ്പ് ആ മഹാ ദൗത്യം അല്ലാഹു നിര്‍വഹിച്ചു എന്ന് വേണം കരുതാന്‍. ഇന്നല്ലാഹ വമലാഇകതഹു യുസ്വല്ലൂന അലന്നബീ... എന്നുതുടങ്ങുന്ന ഖുര്‍ആനിക പരാമര്‍ഷം അതിന്റെ അടയാളപ്പെടുത്തലാണ്. അല്ലാഹുവിന്റെ കലാം പണ്ടേക്കും പണ്ടേയുള്ളതാണ് എന്നാണല്ലൊ. അല്ലാഹുവും മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. വിശ്വാസികളെ നിങ്ങളും തിരുനബിയുടെമേല്‍ സ്വലാത്ത് ചൊല്ലുവീന്‍... ഇത് ഓര്‍മപ്പെടുത്തുന്നത് അല്ലാഹുവും മലാഇകത്തും എന്നോ തുടങ്ങി തുടര്‍ന്ന് വരുന്ന കാര്യമാണിതെന്നാന്ന്. അപ്പോള്‍ വിശ്വാസികളായ നമുക്ക് എത്രമാത്രം കരുതല്‍ ഈ കാര്യത്തില്‍ വേണമെന്ന് ജാഗ്രതയോടെ ചിന്തിക്കുക തന്നെ വേണം. അല്ലാഹു തന്റെ ഏറ്റവും വലിയ അടുപ്പം ഉറപ്പാക്കിയ മുത്ത് നബി(സ്വ)യോട് നമുക്ക് അടുപ്പം എത്രത്തോളം ഉണ്ട് എന്ന് ഇവിടെ ചിന്തിക്കണം. ജീവിതത്തിന്റെ ഓരോ അടക്ക അനക്കങ്ങളിലും ആ അടുപ്പവും ബന്ധവും നമുക്ക് ഉറപ്പാക്കണം. സ്‌നേഹം അണപൊട്ടി അതിരില്ലാതെ പ്രവഹിക്കുമ്പോള്‍ പിന്നെ എന്തിനും കണ്‍മുന്നില്‍ മുത്ത് നബി(സ്വ) വേണമെന്ന് വരും. അങ്ങനെയുള്ള സ്‌നേഹവും അതിലലിഞ്ഞ ജീവിത മരണവും മരണമില്ലാത്ത ജീവിതവും അല്ലാഹു നമുക്ക് കനിഞ്ഞേകട്ടെ...

Other Post