ജയിക്കാം ജാഗ്രതയോടെ...

നമ്മുടെ നാട് കൂടുതല്‍ ജാഗ്രതയില്‍ നീങ്ങുകയാണ്. നിലവിലെ ഭയവിശേഷങ്ങളില്‍നിന്ന് ആശ്വാസകരമായ അഭയം സാധ്യമാക്കാന്‍ ആവശ്യമായത് ചെയ്യുക നാം ഒരോരുത്തര്‍ക്കും കടമയാണ്. ഇന്ത്യ ഒരു ജനാധിപത്യ സമൂഹ്യ സുരക്ഷാ സ്വാതന്ത്ര്യം ഉറപ്പ് തരുന്ന രാജ്യമാണ്. ഇവിടെ എല്ലാവര്‍ക്കും ഒരേ പരിഗണനയും പരിരക്ഷയും ‘രണഘടന വാഗ്ദാനം ചെയ്യുന്നു. അതില്‍ മതമോ സമുദായമോ നോക്കി വേര്‍തിരിവോ വകതിരിവോ തീരേയില്ല. വിവേചനമില്ലാത്ത നീതിപൂര്‍ണമായ സമീപനം ഭരണാധികാരികളില്‍ നിന്ന് ജനങ്ങള്‍ക്ക് ഉറപ്പായും അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ സുരക്ഷ മാത്രമല്ല തുറന്ന് തരുന്നത്, ലോക രാജ്യങ്ങള്‍ക്കിടയില്‍ അതിന്റെ ശക്തമായ മേന്മയുള്ള മേല്‍വിലാസം കൂടി ഉറപ്പാക്കുകയാണ്. ഏത് കാര്യത്തിലും വ്യത്യസ്തതയും വൈവിധ്യവും സമാനതകളില്ലാത്ത സൗന്ദര്യമാണ്. നമ്മുടെ രാജ്യവും അത് കാത്ത് പോരുമ്പോഴാണ് ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാകുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ നമ്മുടെ രാജ്യത്തിന്റെ ചരിത്രവും ചരിത്രപുരുഷന്മാരും ഒരിക്കലും വിസ്മരിക്കപ്പെടരുത്. ചരിത്രത്തിലെ ശരി അടയാളപ്പെടുത്തിയ ഒരു വരിയാണെങ്കില്‍ പോലും അത് ഓര്‍മകളില്‍നിന്ന് തമസ്‌കരിക്കപ്പെട്ടുകൂടാ. അതിനുവേണ്ടി ആസൂത്രിതമോ അല്ലാത്തതോ ആയ ഏത് ശ്രമവും നമ്മുടെ നാടിന്റെ അഭിമാനകരമായ പാരമ്പര്യത്തിനും പ്രൗഢിക്കും ക്ഷതം വരുത്തും. അത്തരം അരുതായ്മകള്‍ വരാതെ കാത്തുകൊള്ളാന്‍ ജനങ്ങളും ഭരണകൂടങ്ങളും ഒരു പോലെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. തെരഞ്ഞെടുപ്പുകളില്‍ ആര് ജയിക്കുന്നു തോല്‍ക്കുന്നു എന്നതിനേക്കാള്‍ ഈ നാട് തോല്‍ക്കാതിരിക്കാന്‍ വേണ്ട പരിഗണനയും പ്രയത്‌നവും ഉണ്ടായേ പറ്റൂ. അതിന് ജാഗ്രതയോടെ മത, ജാതി, വേഷ, വിശ്വാസ വ്യത്യാസമില്ലാതെ കൈകോര്‍ത്ത് പിടിച്ച് ആത്മാര്‍ത്ഥമായ സൗഹൃദം തീര്‍ക്കണം, അതുവഴി നാടാകെ സമാധാനം വിരിയണം ഒരു പൂന്തോപ്പ് പോലെ സുഗന്ധം പരത്തി എല്ലാവര്‍ക്കും സന്തോഷം പകരണം. അതിന് അല്ലാഹു സഹായിക്കട്ടെ...