Sunni Afkaar Weekly

Pages

Search

Search Previous Issue

ഇന്നും ജീവിക്കുന്ന പോലെയാണ്

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
  ഇന്നും  ജീവിക്കുന്ന  പോലെയാണ്

അല്ലാഹുവിന്റെ റസൂല്‍ എന്ന വിളിയില്‍ തന്നെ ഒരുപാടധികം ആലോചിക്കാനും ഉള്‍കൊള്ളാനും ആശയങ്ങള്‍ ഉണ്ട്. നബിയായി നിയോഗിച്ചതും റസൂലായി അയച്ചതും അല്ലാഹുവാണെന്നതോടൊപ്പം അല്ലാഹുവിന് പെരുത്ത് ഇഷ്ടമായിരുന്നു ഈ അടിമയെ. എന്റെ റസൂല്‍ എന്നും എന്റെ അടിമ എന്നും അല്ലാഹു ഏറെയേറെ പിരിശത്തോടെ ചേര്‍ത്ത് പറയുമ്പോള്‍ എത്രമാത്രമാണ് അല്ലാഹു ഈ മുത്ത് നബി(സ്വ)യെ ഉയര്‍ത്തുന്നതെന്ന് നാം ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എന്ന് തുടങ്ങിയോ ഈ പ്രപഞ്ചത്തിലെ മനുഷ്യ പ്രയാണം, അന്നും അതിന് മുമ്പും അല്ലാഹുവിന് തന്റെ ഈ റസൂല്‍ വലിയ ലക്ഷ്യമായിരുന്നു. മനുഷ്യന്റെ ഭൂമി വാസത്തിന് സ്വര്‍ഗത്തില്‍ നിന്ന് വാതില്‍ തുറന്ന് കൊടുത്തത് പോലും അല്ലാഹുവിന്റെ റസൂലിനെ എല്ലാത്തിനുമുള്ള ഒതുങ്ങിയ പാകമായ ഏറ്റവും യോചിച്ച ഉത്തരമായി മനുഷ്യകുലത്തിന് ഉള്‍കൊള്ളാനും കണ്ടെത്താനും കൂടിയാണെന്ന് തിരിച്ചറിയാന്‍ പറ്റും. അല്ലാഹു നിശ്ചയിച്ചത് പ്രകാരം ഭൂമിയുടെ മധ്യഭാഗത്തായിരുന്നു അവിടുത്തെ പിറവി. അനുബന്ധ അത്ഭുതങ്ങളും തുടര്‍ന്നുള്ള അടയാളപ്പെടുത്തലുകളും ആകാശഭൂമിയോളവും അതിലപ്പുറവും വെളിച്ചമേകുന്ന തരത്തിലായിരുന്നു സംഭവിച്ചതെന്ന് ചരിത്രം നമുക്ക് കരുത്ത് പകരുന്നു. പിറവി സൂചിപ്പിക്കുന്നത് പോലെ ഭൂമിയുടെ മധ്യഭാഗത്ത് നിന്ന് ഒരു അച്ചുതണ്ട് പോലെ പ്രവര്‍ത്തിക്കുന്നതായാണ് ആ പുണ്യജീവിതം ലോകര്‍ക്ക് അനുഭവമായത്. അസംഖ്യം മനുഷ്യര്‍ കാലങ്ങള്‍ എത്രയോ പിന്നിട്ടിട്ടും ആ ജീവിതപുണ്യങ്ങളും ചര്യകളും ചേര്‍ത്തു പിടിക്കുന്നത് കാരണം ഇന്നും അവിടുന്ന് ജീവിക്കുന്ന പോലെയാണ്. സ്വഹാബികള്‍, താബിഉകള്‍, അവരെ തുടര്‍ന്നവര്‍, ഇമാമുമാര്‍, മശാഇഖുമാര്‍ അങ്ങനെ എണ്ണമറ്റ മാതൃകാ പുരുഷന്മാര്‍... അവരെല്ലാം അവര്‍ ജീവിച്ച കാലത്തും ലോകത്തും മാതൃകയായത് ഓരോ അനക്ക അടക്കങ്ങളിലും മുത്ത് റസൂല്‍(സ്വ)യെ മാര്‍ഗമായി മാതൃകയായി കൂടെ നിര്‍ത്തിയത് കൊണ്ടാണ്. ഒരു കാലത്ത് ഒരാള്‍ ജീവിച്ചു തീര്‍ത്ത തുല്ല്യതയില്ലാത്ത ഈ പൂര്‍ണത, മനുഷ്യര്‍ കാലദേശ അതിരുകളില്ലാതെ പ്രയത്‌നിക്കുകയാണ് പകര്‍ത്താനും പാഠമാക്കാനും. മാതൃകയാക്കി ഇപ്പോഴും മുത്ത് നബി(സ്വ)യെ ഒപ്പമാക്കാനാണ് വിശ്വാസിയുടെ അഭിലാഷവും അടങ്ങാത്ത അഭിനിവേഷവും. യാ അല്ലാഹ്, ഇപ്പോഴും എപ്പോഴും മുത്ത് നബി(സ്വ)യോടൊപ്പമാക്കി ഞങ്ങളെ നീ അനുഗ്രഹിക്കണേ...

Other Post