സമസ്തഃ പ്രവാചക താവഴിയിലെ സംഘടിത രൂപം
കേരളീയ മുസ്‌ലിം സഞ്ചയം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ നെഞ്ചേറ്റിയതിന്റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളെ സമൂഹത്തിനു സമര്‍പ്പിക്കുന്നതാണ് സമസ്ത ആദര്‍ശ സമ്മേളനത്തിലെ ജനബാഹുല്യം. പ്രവാചകര്‍(സ) തങ്ങളിലൂടെയും അവിടുത്തെ സംശുദ്ധരായ അനുചരവൃന്ദത്തിലൂടെയും താബിഉകളിലൂടെയും പകര്‍ന്നേകിയ യഥാര്‍ത്ഥ ദീനിന്റെ സുന്ദര ആശയങ്ങളെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അനുധാവനംചെയ്യുന്നത്. പരിശുദ്ധമായ ഇസ്‌ലാമിന്റെ തനിമയാര്‍ന്ന ഈ രൂപത്തെ മഹാഭൂരിഭാഗംവരുന്ന മുസ്‌ലിംകളും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു എന്നതാണ് വസ്തുത. എന്നാല്‍ വിശ്വാസത്തിന്റെ സുകൃതമായ ഈ പാതയെ വികൃതമാക്കാന്‍ ബിദഈ കക്ഷിക്കള്‍ നിരന്തരമായി ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി സ്‌റ്റേജുകളും പേജുകളും നിര്‍ലോഭം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ 2022 ഡിസംബര്‍ 29,30,31, 2023 ജനുവരി 1 ദിവസങ്ങളിലായി കോഴിക്കോട് സ്വപ്‌നനഗരിയില്‍ അരങ്ങേറിയ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ആഗ്രഹിച്ചതുപോലെ വിജയിക്കാതിരിക്കുകയും അതിഥികളെല്ലാം സ്റ്റേജിലിരിക്കുന്ന നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സമ്മേളന പരാജയകാരണമായി സമസ്തയെ അവരോധിക്കാനും അവതരിപ്പിക്കാനുമാണ് ഇവരുടെ ശ്രമം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നപോലെ സമസ്തയുടെ നേതാക്കളെ തെറിപറഞ്ഞും പരസ്യമായി അവഹേളിച്ചും മാനംകാക്കാന്‍ ശ്രമിക്കുന്ന ബിദഇകളുടെ ഈ അവസ്ഥ പരമഹാസ്യമാണ്. പുത്തനാശയക്കാരുടെ അശാസ്ത്രീയപരമായ ആശയാദര്‍ശങ്ങളോട് സമൂഹം വൈമനസ്യം പുലര്‍ത്തുന്നതിന്റെ നേര്‍ചിത്രമായിരുന്നു മുജാഹിദ് വിഭാഗത്തിന്റെ പത്താം സംസ്ഥാന സമ്മേളനത്തിലൂടെ സമൂഹം കണ്ടത്. പ്രപിതാക്കളെയും പൂര്‍വികരെയും മുശ്‌രിക്കുകളാക്കി ചിത്രീകരിച്ച ഇവര്‍ പാവനമായ ഇസ്‌ലാമിന്റെ സുന്ദരമായ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്താനാണ് കാലമിത്രയും പരിശ്രമിച്ചത്. മുജാഹിദ് സമ്മേളനത്തിലെ ഒരാളുടെ പ്രസംഗത്തില്‍ ഇങ്ങനെ കേള്‍ക്കാം: 'എന്നും വേറിട്ടു നടക്കാനാണ് മുജാഹിദ് പ്രസ്ഥാനം ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.' അദ്ദേഹത്തിന്റെ ആ പ്രയോഗത്തെ ഒറ്റനോട്ടത്തില്‍ തെറ്റാണെന്നു പറയാനാവില്ല. കാരണം, മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും സഞ്ചാരവുമെല്ലാം പാരമ്പര്യമായി മുസ്‌ലിം സമുദായം കാത്തുസൂക്ഷിച്ചുപോരുന്ന മൂല്യങ്ങളില്‍നിന്നും വ്യതിചലിച്ചും മുന്‍ഗാമികളുടെ ജീവിതപാഠങ്ങളില്‍നിന്ന് തെന്നിമാറിയും വേറിട്ട വഴികളിലൂടെ തന്നെയായിരുന്നു. എന്നാല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുന്ദരമായ ഇസ്‌ലാമിന്റെ സുകൃതമായ സന്ദേശത്തെ പൊതുസമൂഹത്തിനു പകര്‍ന്നുകൊടുക്കുന്നതിലാണ് കാലമിത്രയും ശ്രദ്ധ ചെലുത്തിയത്. ഇപ്പോഴും ആ ദൗത്യം അഭംഗുരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു; ഇന്‍ശാ അല്ലാഹ് ഇനിയും തുടരും. മറ്റൊരാളുടെ പ്രഭാഷണം ഏറെ തമാശ നിറഞ്ഞതായിരുന്നു: 'അതായത്, മുജാഹിദ് പ്രസ്ഥാനം ഇവിടെ ശക്തിപ്പെട്ടാല്‍ അതുകൊണ്ട് ഏറ്റവുംകൂടുതല്‍ ദുര്‍ബലത അനുഭവപ്പെടുക സമസ്തക്കായിരിക്കും.'’അസ്ഥാനത്തുള്ള ഈ വീരവാദത്തിലേക്കു സുന്നി മക്കള്‍ ശ്രദ്ധ തിരിക്കേണ്ടതേയില്ല. കാരണം, സമസ്തയുടെ ശക്തിയും ബലവും പൊതുസമൂഹവും പ്രബുദ്ധ ലോകവും തിരിച്ചറിഞ്ഞ നഗ്‌നസത്യമാണ്. മറ്റൊരുത്തന്റെ പ്രയോഗം സമസ്ത ദുര്‍വാശിയുടെയും പൗരാഹിത്യത്തിന്റെയും കൂട്ടായ്മയാെണന്നതായിരുന്നു. അതായത്, മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിലേക്കു ക്ഷണിക്കപ്പെട്ട പാണക്കാട് സാദാത്തീങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് സമസ്തയുടെ വിലക്കുണ്ടായതുകൊണ്ടാണ് പോലും. യഥാര്‍ത്ഥത്തില്‍, പാണക്കാട് കുടുംബത്തിന്റെ ചരിത്രം ബിദഈ കക്ഷികളോട് ആദര്‍ശപരമായി വ്യത്യാസം പുലര്‍ത്തുന്നതും അവരുടെ പരിപാടിയില്‍നിന്നു വേറിട്ടുനില്‍ക്കുന്നതുമാണെന്നത് ആര്‍ക്കും തിരസ്‌കരിക്കാനാകാത്ത സത്യമാണ്. ഇങ്ങനെ തുടങ്ങുന്ന പൊള്ളവാദങ്ങളിലൂടെ സമസ്തയെ പൊതു സമൂഹത്തിനു മുമ്പില്‍ താറടിച്ചു കാണിക്കാനാണ് ഇവര്‍ തിടുക്കം കൂട്ടുന്നത്. മുസ്‌ലിം ഉമ്മത്തിന്റെ കെട്ടുറപ്പിനും സംയമനത്തിനും വിരിപ്പൊരുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ബിദഈ കക്ഷികളോട് ആശയപരമായ വ്യത്യാസങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമപ്പുറം മറ്റൊരുവിധത്തിലും വിരോധം പുലര്‍ത്താനും പ്രകടിപ്പിക്കാനും ഇന്നുവരെ രംഗത്തുവന്നിട്ടില്ല. പൂര്‍വ്വികരായ പണ്ഡിതര്‍ പഠിപ്പിച്ചുതന്നതും ഇത്തരത്തില്‍ മഹോന്നതമായ പാഠങ്ങളാണ്. പരിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തൃപ്തിപ്പെട്ടുവെന്ന് പറയുന്ന മുന്‍ഗാമികളുടെ പാവനമായ പാതയെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അനുധാവനംചെയ്യുന്നത്. ഖുര്‍ആനും ഹദീസും വിഭാവനംചെയ്യുന്ന വഴികളാണ് ഈ പണ്ഡിതസംഘടനയുടെ മാര്‍ഗരേഖ. പരിശുദ്ധ ഖുര്‍ആനും ഹദീസും ഭാഷാ കഴിവുകളെ കൊണ്ട് വ്യാഖ്യാനിക്കാവുന്നതല്ല. പുത്തനാശയക്കാര്‍ക്കു പിഴച്ചത് ഇവിടെയാണ്. അതായത്, ഭാഷാപരമായ മികവുകളെ ഉപയോഗപ്പെടുത്തി, സന്ദര്‍ഭ- സാഹചര്യങ്ങളെ മനസ്സിലാക്കാതെ പരിശുദ്ധ ഖുര്‍ആനെയും ഹദീസിനെയും വ്യാഖ്യാനിച്ചു. പ്രവാചകര്‍ (സ) തങ്ങള്‍ ഉത്തമ നൂറ്റാണ്ടെന്നു വിശേഷിപ്പിച്ച ആദ്യ നൂറ്റാണ്ടുകളിലെ ഇമാമീങ്ങളുടെയും സാത്വികരുടെയും വ്യാഖ്യാനങ്ങളെയും വിശദീകരണങ്ങളെയും ഇവര്‍ വിലകുറച്ചു കാണാനും തിരസ്‌കരിക്കാനും തയ്യാറായി. പ്രവാചകര്‍(സ) തങ്ങളുടെ സന്തതസഹചാരികളായിരുന്ന സ്വഹാബത്തിനെ തൃണവല്‍ഗണിക്കാനും അവഗണിക്കാനും ഇവര്‍ രംഗത്തുവരികയുണ്ടായി. 2002ല്‍ പ്രകാശനം ചെയ്ത മുജാഹിദ് വിഭാഗത്തിന്റെ സുവനീറില്‍ കാണാം- 'ഖുര്‍ആനിക വിഷയങ്ങളില്‍ മാത്രമല്ല മറ്റു മതവിഷയങ്ങളിലും ഇസ്‌ലാഹീ പ്രസ്ഥാനം സ്വഹാബത്തിന്റെ അഭിപ്രായങ്ങളെ വലിച്ചെറിഞ്ഞിട്ടുണ്ട്.' എത്ര അബദ്ധജടിലമായ പ്രയോഗം. പുണ്യനബി(സ)യുടെ അനുചരസമൂഹത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത സമീപനം. പ്രാദേശിക ഭാഷയുടെ അടിസ്ഥാനത്തിലായിരിക്കണം ഖുതുബയെന്ന ബിദഈ നിലപാടിനെ സാധൂകരിക്കുന്ന എം. അബ്ദുല്ല മൗലവിയുടെ ഒരു ലേഖനം ഇങ്ങനെയാണ്: 'സ്വഹാബികള്‍ അനറബി നാടുകളില്‍ ചെന്ന് അറബി ഭാഷയില്‍ ഖുതുബ നിര്‍വഹിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് വസ്തുനിഷ്ഠമായി തെളിയിക്കപ്പെടേണ്ടതാണ്. ഇനി കേരളീയ മുസ്‌ലിയാക്കന്മാരെപ്പോലെ സ്വഹാബത്തും അറബേതര നാടുകളില്‍ അറബി ഭാഷയില്‍തന്നെ ഖുതുബ നിര്‍വഹിച്ചുവെന്ന് തെളിഞ്ഞാല്‍ ഞങ്ങളത് സമ്മതിക്കുകയുമില്ല.' സ്വഹാബത്തിനോടുള്ള മുജാഹിദ് വിഭാഗത്തിന്റെ കടുത്ത വിരോധമാണ് ഇതിലൂടെയെല്ലാം പ്രകടമാകുന്നത്. മറ്റൊരുത്തന്‍ തന്നില്‍ കുടികൊള്ളുന്ന സ്വഹാബാവിരോധത്തെ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ്: 'പുണ്യനബി(സ) ഒരു കാര്യം ചെയ്ത് മാതൃക കാട്ടിയാല്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇതിനെതിരേ സ്വഹാബത്തോ ശേഷമുള്ള ഇമാമീങ്ങളൊ വല്ലതും നിര്‍ദേശിച്ചാല്‍ അതിനെ അംഗീകരിക്കേണ്ടതില്ല.' അല്ലാഹുവിന്റെ റസൂലിന്റെ അനുചരന്മാര്‍ പ്രവാചകജീവിതത്തെ ശരിവെക്കുന്നവരും അംഗീകരിക്കുന്നവരും എതിരുചെയ്യാത്തവരുമാണെന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും അറിയാവുന്നതാണ്. ഇത്തരത്തിലുള്ള സച്ചരിതരായ സ്വഹാബാ ജീവിതത്തെ പ്രവാചക ചെയ്തികള്‍ക്കെതിരേ അവതരിപ്പിക്കാനാണ് ഇസ്‌ലാഹീ വിഭാഗം ശ്രമിക്കുന്നത്. ഇവരുടെ ചില സമീപനങ്ങള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളുടെ പുറത്താണ്. പ്രവാചകര്‍(സ) തങ്ങള്‍ ദൈനംദിനം എഴുപത് പ്രാവശ്യം പാപമോചനം തേടിയതായി ഒരു റിപ്പോര്‍ട്ടില്‍ കാണാം. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം നൂറു പ്രാവശ്യം പാപമോചനം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുജാഹിദ് നേതാവായ ഉമ്മര്‍ മൗലവി സല്‍സബീലില്‍ രേഖപ്പെടുത്തുന്നുണ്ട്: 'മുഹമ്മദ് നബി(സ) തങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയതുകൊണ്ടായിരുന്നു ദൈനംദിനം അല്ലാഹുവിനോട് മാപ്പപേക്ഷിച്ചത്.' അല്ലാഹുവിന്റെ പരിശുദ്ധസാന്നിധ്യത്തില്‍ ജീവിതം നയിക്കുന്നവരാണ് പ്രവാചകന്മാര്‍. അതുകൊണ്ടുതന്നെ അവരെല്ലാം തെറ്റില്‍നിന്നു മുക്തരാണുതാനും. എന്നാല്‍, പ്രവാചകരിലെ ഉന്നതരായ മുഹമ്മദ് നബി(സ)യെ കുറിച്ച് ബിദഇകള്‍ ഉന്നയിക്കുന്നതാവട്ടെ- മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ കല്പനക്കെതിരേ പ്രവര്‍ത്തിച്ചിരുന്നു. എത്രത്തോളം വിരോധാഭാസമാണിത്. ഇസ്‌ലാമിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്നു തെന്നിമാറിയുള്ള സഞ്ചാരം. ഇത്തരം ദുര്‍ചെയ്തികളാണ് വരുംകാലങ്ങളില്‍ ഹദീസ് നിഷേധങ്ങളില്‍ പര്യവസാനിക്കുന്നത്. ഉമ്മത്തിലെ ഉന്നതരായ സ്വഹാബാസമൂഹം പ്രവാചകനെ കുറിച്ച് നബി (സ) തങ്ങള്‍ പറഞ്ഞു, അതല്ലെങ്കില്‍ നബി തങ്ങളെതൊട്ട് റിപ്പോര്‍ട്ട് ചെയ്തു, അതല്ലെങ്കില്‍ കല്‍പ്പിക്കപ്പെട്ടു, വിരോധിക്കപ്പെട്ടു, നിര്‍ബന്ധിക്കപ്പെട്ടു ഇങ്ങനെ ഹദീസ് റിപ്പോര്‍ട്ട് ചെയ്താല്‍ അതുകൊണ്ട് ലക്ഷ്യംപിടിക്കപ്പെടാം എന്നതാണ് സച്ചരിതരായ ഇമാമീങ്ങളുടെ ഭാഷ്യം. കാരണം, അത്രത്തോളം നീതിനിഷ്ഠമായിരുന്നു സ്വഹാബാജീവിതം. സ്വഹാബത്തിന്റെ നീതിയെ കുറിച്ച് ചര്‍ച്ചചെയ്യുന്നത് തെറ്റാണെന്നതാണ് ഭൂരിപക്ഷംവരുന്ന പണ്ഡിതരുടെയും അഭിപ്രായം. പ്രവാചകര്‍ (സ) തങ്ങള്‍ പറഞ്ഞതും അങ്ങനെയാണല്ലോ: 'നക്ഷത്രതുല്യരായ എന്റെ അനുജരസമൂഹത്തെ നിങ്ങള്‍ പിന്‍പറ്റൂ...' അത്രത്തോളം മാതൃകാപരമായിരുന്നു സ്വഹാബാ ജീവിതം. ആ സ്വഹാബത്തിന്റെ വാക്കുകളെയാണ് മുജാഹിദ് വിഭാഗം വലിച്ചെറിയുമെന്ന് എഴുതിച്ചേര്‍ത്തത്. പുത്തനാശയക്കാരുടെ മറ്റൊരു പിന്തിരിപ്പന്‍ നയമാണ് മദ്ഹബ് നിഷേധം. അതായത്, മുജ്തഹിദീങ്ങളായ ഇമാമീങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതം. അറിവില്ലായെങ്കില്‍ അറിവുള്ളവരോട് ചോദിക്കണമെന്നാണ് ഖുര്‍ആന്റെ നിര്‍ദ്ദേശം. പരിശുദ്ധ ഖുര്‍ആനെയും തിരുസുന്നത്തിനെയും അടിസ്ഥാനപ്പെടുത്തി സച്ചരിതരായ ഇമാമീങ്ങള്‍ നടത്തിയ അന്വേഷണ ഗവേഷണങ്ങളില്‍നിന്നും ഉള്‍തിരിഞ്ഞ മാനദണ്ഡങ്ങളെയും മാര്‍ഗരേഖകളെയും ചേര്‍ത്തുപിടിക്കലാണ് വിവരമില്ലാത്തവര്‍ക്കും അല്പജ്ഞാനികള്‍ക്കുമുള്ള പോംവഴി. ഇമാമീങ്ങള്‍ക്കിടയില്‍ അവരവരുടെ നിരീക്ഷണ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശാഖാപരമായിട്ടുള്ള ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവരുടെ മാര്‍ഗരേഖയെ അനുധാവനംചെയ്യലാണ് യഥാര്‍ത്ഥ വിശ്വാസിക്ക് ഭൂഷണം. ഇമാം അബൂഹനീഫ(റ), ഇമാം ശാഫി(റ), ഇമാം മാലിക്(റ), ഇമാം ഹമ്പലി(റ) ഇവരില്‍ ആരുടെയെങ്കിലും ഗവേഷണപഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകത്തെ മഹാഭൂരിഭാഗംവരുന്ന മുസ്‌ലിംകളും ജീവിതം മുന്നോട്ടു നയിക്കുന്നത്. അതാണ് വിശ്വാസീ ജീവിതത്തിന് ഉപോല്‍ബലകവും. പുത്തനാശയക്കാരുടെ മറ്റൊരു പൊള്ളത്തരമാണ് സിയാറത്തിനോടുള്ള വിരോധം. അതായത്, മരണപ്പെട്ടവരുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്യുന്നത് അനിസ്‌ലാമികമാണെന്നാണ് ഇവരുടെ വിടുവായിത്തം. ഇമാം ദര്‍ക്കശിയെ പോലെയുള്ള പണ്ഡിതന്മാര്‍ സിയാറത്തിനു പല മാനങ്ങള്‍ പറയുന്നുണ്ട്. അതായത്, മരണപ്പെട്ടവരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതിലൂടെ പാരത്രിക ബോധങ്ങള്‍ക്ക് നിറംപകരാനാവും, മറ്റൊന്ന് മരണപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും മാപ്പപേക്ഷിക്കുവാനും ഇത് ഉപകാരപ്പെടും. അതുപോലെ സ്വാലിഹീങ്ങളുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതിലൂടെ തബറുക്ക് നേടാനാവും. മറ്റൊന്ന് ഉറ്റവരോടും ഉടയവരോടുമുള്ള കടപ്പാടുകളുടെ നിര്‍വഹണത്തിനു വേണ്ടിയും മഖ്ബറകള്‍ സിയാറത്ത് ചെയ്യാവുന്നതാണ്. പ്രവാചകര്‍(സ) തങ്ങള്‍ മഖ്ബറ സിയാറത്ത് ചെയ്തതായിട്ട് ഹദീസുകളില്‍ കാണാം. ആഴ്ചകളിലും മാസങ്ങളിലുമായി ഉഹ്ദ് ശുഹദാക്കളുടെ മഖ്ബറകള്‍ പ്രവാചകര്‍(സ) സന്ദര്‍ശിച്ചിരുന്നു. ഉഹ്ദ് ശുഹദാക്കളെ മറമാടിയതിന്റെ എട്ടു ദിവസങ്ങള്‍ക്കു ശേഷം പ്രവാചകര്‍ (സ) തങ്ങള്‍ അവരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതായിട്ട് ഇമാം ബുഖാരി തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഖബറാളികള്‍ക്ക് ഒന്നും കേള്‍ക്കാന്‍ കഴിയുകയില്ലെന്ന ബിദഇകളുടെ നിരര്‍ത്ഥക വാദത്തെ അവര്‍ തന്നെ നേതാവായി കെട്ടിഘോഷിക്കുന്ന ഇബ്‌നുഖയ്യൂം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ഖണ്ഡിക്കുന്നതായി കാണാന്‍ കഴിയും. മുജാഹിദ് വിഭാഗത്തിന്റെ മറ്റൊരു വിതണ്ഡവാദമാണ് മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ അറിയാന്‍ കഴിയുകയില്ലെന്നത്. എന്നാല്‍, മറഞ്ഞ കാര്യങ്ങളെ ഗ്രഹിച്ചെടുക്കാന്‍ സൃഷ്ടികളിലെ ശ്രേഷ്ഠര്‍ക്കും സാധിക്കും. പക്ഷേ, അല്ലാഹു മറഞ്ഞ കാര്യങ്ങളെ ദര്‍ശിക്കുന്നത് യാതൊരുവിധ മാധ്യമങ്ങളുടെയും പങ്കില്ലാതെയാണ്. പുണ്യ നബി(സ) തങ്ങള്‍ പറഞ്ഞു: 'ഞാനെന്റെ മുന്‍വശത്തിലൂടെയും പിന്‍വശത്തിലൂടെയും നിങ്ങളെ കാണുന്നുണ്ട്.' അതായത്, നിങ്ങള്‍ എന്റെ ദൃഷ്ടിയില്‍നിന്നു മറഞ്ഞ സമയത്തും എനിക്കു നിങ്ങളെ കാണാനാവും. അല്ലാഹുവിന്റെ ഔലിയാക്കള്‍ക്കും സ്വാലിഹീങ്ങള്‍ക്കും മറഞ്ഞ കാര്യങ്ങളെ കാണാനാവും. മഹാനായ അബൂബക്ര്‍ സിദ്ദീഖ്(റ) തന്റെ ഭാര്യയുടെ വയറ്റിലുള്ള കുഞ്ഞിനെ കുറിച്ച് പറഞ്ഞു- അത് പെണ്‍കുട്ടിയാണ്. ഭാര്യ പ്രസവിക്കുകയും സിദ്ദീഖ് തങ്ങളുടെ മറഞ്ഞ കാര്യങ്ങളെ ദര്‍ശിക്കാനുള്ള ഗ്രാഹ്യശക്തി ബോധ്യപ്പെടുകയും ചെയ്തു. മറ്റൊരു വേള സിദ്ദീഖ് തങ്ങള്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു- 'ഈ രോഗം എന്റെ മരണത്തിനിക്കുള്ള കാരണമാണ്.' ആ രോഗത്തിലൂടെ സിദ്ദീഖ്(റ) ഇഹലോകവാസം വെടിയുകയും ചെയ്തു. ഉമര്‍(റ) വിദൂര ദിക്കിലുള്ള തന്റെ സൈന്യത്തിന് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പകര്‍ന്നുകൊടുത്ത ചരിത്രം വളരെ പ്രസിദ്ധമാണ്. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)ന്റെ സദസ്സിലേക്ക് ഒരുത്തന്‍ കടന്നുവന്നു. വരുന്ന വഴിയില്‍വെച്ച് അവന്‍ ഒരു സ്ത്രീയെ കണ്ടു. വീണ്ടും ആ സ്ത്രീയിലേക്ക് അവന്‍ നോക്കുകയും ചെയ്തു. ഇതിന്റെ അടയാളങ്ങള്‍ അവന്റെ മുഖത്തു മനസ്സിലാക്കിയ ഉസ്മാന്‍(റ) പറഞ്ഞു. അവന്റെ കണ്ണില്‍ ഞാന്‍ വ്യഭിചാരത്തെ കാണുന്നു. ബഹുമാനപ്പെട്ട അലി(റ) കൂഫയില്‍ എത്തിയപ്പോള്‍ ചില സ്ഥലങ്ങളെ സൂചിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി: 'മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിലെ കുറച്ച് യുവാക്കള്‍ ഈ സ്ഥലത്ത് കൊല്ലപ്പെടും. ആ സ്ഥലത്തായിരിക്കും അവരെ മറമാടുക.' മാസങ്ങള്‍ക്കു ശേഷം ഈ സ്ഥലത്ത് ഇതേ യുവാക്കള്‍ മരണപ്പെടുകയും ചെയ്തു. മുഅ്തത് യുദ്ധക്കളത്തിലേക്കു മുസ്‌ലിം സൈന്യം നീങ്ങുന്ന സന്ദര്‍ഭത്തില്‍ നബി(സ) തങ്ങള്‍ പറഞ്ഞു: 'സൈദ്(റ) കൊല്ലപ്പെട്ടാല്‍ ജഅ്ഫര്‍(റ) സൈന്യാധിപനാവട്ടെ. ജഅ്ഫര്‍(റ) കൊല്ലപ്പെട്ടാല്‍ അബ്ദുല്ലാഹിബ്‌നു റവാഹ്(റ) സൈന്യാധിപനാകട്ടെ.' ശേഷം യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വിദൂര ദിക്കിലുള്ള പ്രവാചകര്‍(സ) അനുയായികളോട് പറഞ്ഞു: 'സൈദ് ശഹീദായിരിക്കുന്നു. ശേഷം ജഅ്ഫറും ശേഷം അബ്ദുല്ലാഹിബ്‌നു റവാഹും ശഹീദായിരിക്കുന്നു.' പ്രവാചകന്റെ കണ്ണകങ്ങളില്‍നിന്നും കിലോമീറ്ററകലെയുള്ള സംഭവങ്ങളായിരുന്നു ഇതെല്ലാം. പ്രവാചകര്‍(സ) തങ്ങള്‍ കാലാവസ്ഥാ നിരീക്ഷണം നടത്തിയതായിട്ട് ചരിത്രത്തില്‍ കാണാം. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകര്‍(സ) ആരും വീടിന്റെ പുറത്തേക്കിറങ്ങരുതെന്ന് പറഞ്ഞു. എല്ലാവരും ഒട്ടകങ്ങളെ ഭദ്രമായി കെട്ടിയിടുകയും വേണം. ഇതെല്ലാം കേട്ട ഒരുത്തന്‍ വിചാരിച്ചു പുറത്തിറങ്ങിയാല്‍ എന്ത് സംവിക്കുമെന്ന്. പ്രവാചകന്റെ വാക്കുകളെ ലംഘിച്ച് ധിക്കാരപൂര്‍വ്വം അവന്‍ പുറത്തിറങ്ങുകയും ചെയ്തു. ഇറങ്ങിയ ഉടനെ ശക്തമായ കാറ്റ് ജബലു ത്വയ്യിബ് പര്‍വ്വതത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയിട്ടു. പ്രവാചകന്റെ കാലാവസ്ഥാ പ്രവചനം അപ്പടി നടക്കുകയും ചെയ്തു. എന്നാല്‍, ആധുനിക കാലത്തെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണങ്ങള്‍ പലപ്പോഴും തെറ്റി പ്പോകുന്നു; പ്രവാചകന്റെ നിരീക്ഷണം തെറ്റിയതുമില്ല. കാരണം, പ്രവാചകന്റെ നിരീക്ഷണം ഇലാഹിയായ മാധ്യമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഇസ്തിഗാസയുടെ വിഷയത്തില്‍ സുന്നികളില്‍ ശിര്‍ക്ക് ആരോപിക്കല്‍ ബിദഇകളുടെ സ്ഥിര കുതന്ത്രമാണ്. ഖൈബര്‍ യുദ്ധത്തിന്റെ രണാങ്കളത്തിലേക്ക് പ്രവാചകരും അനുയായികളും നടന്നുനീങ്ങുന്ന സന്ദര്‍ഭത്തില്‍ മഹാനായ ഉമര്‍ (റ) കവിയായ ആമിര്‍(റ)വിനോട് പറഞ്ഞു: 'ആമിറേ, നീ നല്ല കവിയല്ലേ.... ഞങ്ങളുടെ നടത്തത്തിലും ആരോഗ്യത്തിലും ഉന്മേഷവും ഊര്‍ജവും കൈവരുന്നതിനു വേണ്ടി നീ പാട്ടുപാട്.' ഇതു കേട്ട് ഒട്ടകപ്പുറത്തു നിന്നിറങ്ങിയ ആമിര്‍(റ) പാട്ടുപാടി. ഈ അവസരത്തില്‍ പ്രവാചകര്‍(സ) തങ്ങള്‍ പറഞ്ഞു: 'ഖൈബറിന്റെ രണാങ്കണത്തില്‍ ആമിര്‍ ശഹീദാവും.' പ്രവാചകന്റെ ആ പ്രഖ്യാപനം കേട്ട ഉമര്‍(റ) നബി(സ)യോട് പറഞ്ഞു: 'നബിയേ, ആമിറിന്റെ പാട്ടു കേട്ട് ആസ്വദിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ആയുസ്സൊന്ന് ദീര്‍ഘിപ്പിച്ചുകൂടേ?' മഹാനായ ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിലൂടെ ഉമര്‍(റ) നബി(സ)യോട് ഇസ്തിഗാസ ചെയ്തുവെന്നത് സുതരാം വ്യക്തം. സ്വഹാബാക്കള്‍ ചെയ്ത ഇസ്തിഗാസ പിന്നെ എങ്ങനെയാണ് ഇസ്‌ലാമിന്റെ പടിക്കു പുറത്താവുന്നത്. മുജാഹിദ് വിഭാഗത്തിന്റെ മറ്റൊരു വാദമാണ് തറാവീഹ് എട്ട് റക്അത്താണെന്നുള്ളത്. മഹാനായ ഉമര്‍(റ) തറാവീഹ് ഇരുപത് റക്അത്ത് നിസ്‌കരിച്ചതായിട്ടും അതിന്റെമേല്‍ ആളുകളെ പ്രേരിപ്പിച്ചതായിട്ടും ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഇങ്ങനെ തുടങ്ങുന്ന അബദ്ധജടിലമായ ചെയ്തികളെ സമൂഹത്തില്‍ വിതറിവെച്ച് പാരമ്പര്യ ഇസ്‌ലാമിന്റെ തനിമയില്‍നിന്നും തെന്നിമാറി സമൂഹം സഞ്ചരിക്കാന്‍ തുടങ്ങിയപ്പോഴാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇവിടെ അസ്ഥിവാരമിടുന്നത്. ഔലിയാക്കളുടെ തൃക്കരങ്ങളാല്‍ പിറവികൊണ്ട ഈ സംഘശക്തി കേരളീയ മുസ്‌ലിം സമാജത്തിന്റെ ഹൃദയാന്തരങ്ങള്‍ക്കുള്ളില്‍ കുറഞ്ഞകാലം കൊണ്ട് തന്നെ വേരുറപ്പിച്ചു. പരിശുദ്ധമായ ഇസ്‌ലാമിനെ തനിമ ചോരാതെ ഇവിടെ സംസ്ഥാപിക്കുകയും ചെയ്തു. മലയാള മണ്ണിന്റെ നവോത്ഥാന വളര്‍ച്ചയ്ക്കും മതമൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും മുസ്‌ലിം ഉമ്മത്തിന്റെ കെട്ടുറപ്പിനായും ഈ സംഘശക്തി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹു പ്രവര്‍ത്തനങ്ങളെല്ലാം സ്വീകരിക്കട്ടെ!